സ്വര്‍ണ്ണം ചെമ്പാക്കുമ്പോള്‍

സ്വര്‍ണ്ണം ചെമ്പാക്കുമ്പോള്‍
Published on

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണമോഷണം ഏത് സമൂഹത്തെയും ബാധിക്കുന്ന ഒരു പൊതുപ്രശ്‌നമാണ്. ഇത് വെറും മോഷണ പ്രശ്‌നമല്ല; സ്വര്‍ണ്ണം സ്വര്‍ണ്ണമാക്കുന്ന പൊതുബോധം അംഗീകരിക്കാത്ത മറ്റൊരു പൊതുബോധ സൃഷ്ടിയുടെ അതീശത്വമാണ്. കാരണം ഇതു ചെയ്തവര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തുള്ള അധികാരികളാണ്. അവര്‍ ആധികാരികമായി എഴുതി, ''അത് ചെമ്പാണ്.'' കേരളത്തിലും ഭാരതത്തിലും സംഭവിക്കുന്ന അതിഗൗരവമായ ഒരു മാറ്റത്തിന്റെ അടയാളങ്ങളാണ് നാം കാണുന്നത്. വസ്തുനിഷ്ഠത അംഗീകരിക്കാത്ത ഒരു അധികാരവര്‍ഗം. സ്വര്‍ണം ചെമ്പാക്കാന്‍ അധികാരം ഉള്ളവര്‍! വസ്തുതകള്‍ അവര്‍ മാറ്റി നിര്‍വചിക്കുന്നു, സമൂഹത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കുന്നവര്‍ ഉണ്ടാക്കുന്നത് പുതിയ ഒരു ബോധമാണ്. ഓര്‍വെല്ലിന്റെ 1984 ല്‍ പറയുന്നു, ''കഴിഞ്ഞകാലം നിയന്ത്രിക്കുന്നവര്‍ ഭാവി നിശ്ചയിക്കും. വര്‍ത്തമാനം നിയന്ത്രിക്കുന്നവര്‍ ഭൂതം നിയന്ത്രിക്കുന്നു.'' വസ്തുത എന്താണ് എന്ന് പറയാനുള്ള അധികാരം പാര്‍ട്ടിക്കാണ്. പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഐഡിയോളജി.

ഇതേ പ്രശ്‌നമായിരുന്നില്ലേ സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി നടന്ന വിവാദം? ഭൂമി വിറ്റ പണം എവിടെ എന്ന് പറയാന്‍ അധികാരമുള്ളവര്‍ പറയുന്നു, അത് അംഗീകരിക്കാതെ കുറെ വൈദികരും ജനങ്ങളും. മെത്രാന്മാര്‍ ഒന്നിച്ചുനിന്നു സ്വര്‍ണ്ണം ചെമ്പായിരുന്നു എന്ന് പറയുന്നു! ഇതാണ് ശബരിമലയിലും സംഭവിച്ചത്. ഇവര്‍ കുറ്റങ്ങളെക്കുറിച്ച് അറിയാത്തവരല്ല. ഇതൊരു അധികാരത്തിന്റെ ചെമ്പാക്കല്‍ നടപടിയായിരുന്നു. ദേവസ്വം ബോര്‍ഡില്‍ അധികാരമുള്ളവര്‍ ചെമ്പാണ് എന്ന് പറഞ്ഞാല്‍ അതിനപ്പുറം ആര്‍ക്കും അധികാരമില്ല.

'ശരിയും തെറ്റും ഞങ്ങള്‍ നിശ്ചയിക്കും' എന്ന് നിര്‍ബന്ധം പിടിക്കുന്ന പ്രത്യയശാസ്ത്ര വിദഗ്ധന്മാര്‍. അവര്‍ അധികാരത്തിലാണ്. നിങ്ങളുടെ പഴയ തെറ്റ് ശരി നിര്‍വചനങ്ങള്‍ മാറ്റണം: ഇതാണ് പ്രത്യയശാസ്ത്രഭരണം. കേരളത്തിലെ ഒരു പ്രദേശത്തെ പാര്‍ട്ടി ഒരാളെ കൊല്ലുന്നു, കൊന്നവര്‍ പാര്‍ട്ടിയുടെ ആളുകളാണ്, പൊലീസിന് പാര്‍ട്ടി പ്രതികളെ കൊടുക്കും. അവര്‍ ആ പണി ചെയ്യുന്ന വിശ്വസ്തരാണ്. അവര്‍ കൊന്നവരല്ല; കൊന്നവര്‍ വേറെ പണിയുമായി നടക്കുന്നു. പ്രതികളായവരെ പാര്‍ട്ടി സംരക്ഷിക്കും. പാര്‍ട്ടിക്ക് കളകള്‍ ആയവരെ പറിച്ചു നീക്കേണ്ട ഒരു കടമയുണ്ട്! അവിടെ ശരിയും തെറ്റും നിശ്ചയിക്കുന്നത് പാര്‍ട്ടിയാണ്. ആ കൊലകള്‍ കൊലകള്‍ അല്ല; കള പറിക്കല്‍ മാത്രമാണ്. ഇത് ഒരു പ്രത്യയശാസ്ത്ര നടപടിയാണ്. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം ശൈലി അല്ല. വസ്തുനിഷ്ഠമായ ശരിയും തെറ്റുമില്ല; അത് നിശ്ചയിക്കുന്നത് അധികാരത്തില്‍ വരുന്നവരാണ്.

വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പശുമാംസവുമായി പോകുന്നവനെ കൊല്ലുന്നത് 'സുകൃത'മാണ്. അങ്ങനെ ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഒരു പൊതുബോധമുണ്ട്. അത് ആ വിധത്തില്‍ കുറ്റമല്ലാതായി മാറ്റിമറിക്കപ്പെടും. എന്താണ് ക്രിമിനല്‍ കുറ്റം എന്ന് നിശ്ചയിക്കുന്നത് ഒരു പൊതുബോധത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതിനു പേരുകള്‍ മാറിമാറി വരും.

2025 ആഗസ്റ്റില്‍ ഛത്തീസ്ഗഡിലെ സംസ്ഥാനത്തെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. എന്‍ ഐ എ യുടെ കീഴിലുള്ള വളരെ ഗൗരവമായ കുറ്റങ്ങള്‍ ചുമത്തി. അവര്‍ ആ കുറ്റങ്ങള്‍ ചെയ്തു എന്നു പറഞ്ഞത് അവിടത്തെ മുഖ്യമന്ത്രിയാണ്. അവിടുത്തെ പൊതുബോധമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ കന്യാസ്ത്രീകള്‍ കുറ്റക്കാരായി.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി ഉണ്ടാക്കിയ നിയമമനുസരിച്ച് ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്ത് മാത്രം രൂപയും സംഭാവന ചെയ്യാം. നിശ്ചിത ബാങ്കില്‍ നിന്ന് ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങി കൊടുത്താല്‍ മതി. ഇത് അഴിമതി നിയമാനുസൃതമാക്കലായിരുന്നു. അധികാരമുള്ളവര്‍ക്ക് അത് ചെയ്യാം. ശരിയും തെറ്റും അഴിമതിയും എല്ലാം നിര്‍വചിക്കുന്നത് അധികാരമാണ്. ഈ നിയമമാണ് 2024 ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയത്. ഇങ്ങനെ നിയമമുണ്ടാക്കിയവര്‍ ഈ നാട് ഭരിക്കുന്നവരായിരുന്നു. നിങ്ങള്‍ അഴിമതി എന്ന് പറയുന്നത് ഞങ്ങള്‍ നിയമമാക്കുന്നു. ഏത് സ്വര്‍ണ്ണവും ചെമ്പ് ആക്കും.

''ശരി തെറ്റുകള്‍ക്ക് വസ്തുനിഷ്ഠമായ അടിസ്ഥാനങ്ങള്‍ ഇല്ല എന്ന ആധിപത്യത്തിന്റെ അധികാരം ഭരിക്കുമ്പോള്‍ എവിടെയും സ്വര്‍ണ്ണം ചെമ്പാവും.''

ജര്‍മ്മനിയില്‍ നാസികള്‍ ഭരിച്ചപ്പോള്‍ യഹൂദരെ കൊല്ലുന്നത് തെറ്റായിരുന്നില്ല. അവര്‍ മുമ്പുണ്ടായിരുന്ന ധര്‍മ്മത്തിന്റെ ലോകത്തിനു പുറത്തുകടന്നു. അത് ശരിയാണെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി അവരെ സംരക്ഷിക്കും. അതവര്‍ക്ക് ഉറപ്പായ കാര്യമാണ്.

ശരി തെറ്റുകള്‍ക്ക് വസ്തുനിഷ്ഠമായ അടിസ്ഥാനങ്ങള്‍ ഇല്ല എന്ന ആധിപത്യത്തിന്റെ അധികാരം ഭരിക്കുമ്പോള്‍ എവിടെയും സ്വര്‍ണ്ണം ചെമ്പാവും. ഭൗതികത 'ഞങ്ങള്‍ നിയന്ത്രിക്കുന്നു'; മനസ്സ് നിയന്ത്രിച്ചുകൊണ്ട്. മറ്റുള്ളവരുടെ നന്മയില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല; ഞങ്ങള്‍ക്ക് താല്‍പര്യം അധികാരത്തില്‍ മാത്രം. നാസിസവും ഫാസിസവും പൊതുബോധത്തിന് പൂര്‍ണ്ണ നിരാകരണമാണ്. വര്‍ഗീയതയും തീവ്രദേശീയതയും ധാര്‍മ്മികതയായി മാറും. സാമൂഹികജീവിതത്തിന്റെ നിയമങ്ങള്‍ അടിച്ചുമാറ്റും; വിമര്‍ശന ബോധം അപ്രത്യക്ഷമാകും. ''വിധിക്കാന്‍ ഞാന്‍ ആര്?'' എന്ന് പലരൂം സ്വയം നിലപാട് എടുക്കാതെ നേതാവിനെ വിധി ഏല്‍പ്പിച്ചു അനുസരണം വിധിയാക്കുന്ന ജനതയ്ക്ക് വന്നു ഭവിക്കുന്ന ദുരന്തം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org