സഭാധ്യക്ഷന്റെ വിളി

സഭാധ്യക്ഷന്റെ വിളി

സീറോ മലബാര്‍ സഭയുടെ സിനഡ് മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുത്തത് ഒരലങ്കാര സ്ഥാനമാണ് എന്നു തെറ്റിദ്ധരിക്കുന്നില്ല എന്ന വിശ്വാസത്തിലാണ് ഒരു ഉപദേശത്തിന്റെ അവിവേകത്തിന് അനാഹൂതനായി ശ്രമിക്കുന്നത്. വി. അഗസ്റ്റിന്‍ തന്റെ ദൈവനഗരമെന്ന പുസ്തകത്തില്‍ എഴുതി, 'Initum ergo ut esset, creatus est homo'' (12.21). ''ആരംഭം ഉണ്ടാക്കാന്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു.'' പുതിയ ആരംഭങ്ങള്‍ ഉണ്ടാക്കാനാണ് മാര്‍പാപ്പ ഒരു പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കാന്‍ സാഹചര്യം ഉണ്ടാക്കിയത്. അത് അന്ത്യവിധികളും വിശുദ്ധിയുടെ നാമകരണങ്ങളും നടത്താനല്ല. അതിനു നിയുക്തരായവര്‍ അതു നടത്തിയിട്ടുണ്ട്. പഴമ ആവര്‍ത്തിക്കാനോ പഴമയെ വിധിക്കാനോ അല്ല പുതിയ തിരഞ്ഞെടുപ്പ്. മാര്‍പാപ്പയുടെ തീരുമാനത്തിന്റെ ലക്ഷ്യം, മറക്കരുത്.

മനുഷ്യര്‍ എല്ലാവരും മരിക്കണം, മരിക്കാന്‍ ജനിച്ചവരല്ല മനുഷ്യര്‍; തുടങ്ങാന്‍ ജനിച്ചവരാണ്. പുതിയ തുടക്കങ്ങള്‍ ആരംഭിക്കാനാണ് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ തുടക്കങ്ങള്‍ എന്നാല്‍ വ്യത്യാസങ്ങളാണ് ഉണ്ടാക്കേണ്ടത്. ഇന്നലത്തെപ്പോലെ എല്ലാവരും ലോകാവസാനം വരെ തുടരണമെന്നു ചിന്തിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ അര്‍ത്ഥമറിയില്ല. ചരിത്രം തിരുത്താനും ചരിത്രത്തില്‍ പുതുമ സൃഷ്ടിക്കാനും മനുഷ്യനു കഴിയും, മനുഷ്യനേ കഴിയൂ.

ഇങ്ങനെ പുതിയ തുടക്കങ്ങളും വ്യത്യാസങ്ങളും ഭാഷയിലാണ് ആരംഭിക്കുക. സുഖിപ്പിക്കുന്ന ഭാഷയുമായി ഊരുചുറ്റാനല്ല അത് ആവശ്യപ്പെടുക. ചരിത്രമാണ് സൃഷ്ടിക്കപ്പെടേണ്ടത്. ധര്‍മ്മചരിത്രത്തിന്റെ വ്യാപനമാണ് രാഷ്ട്രീയം. സത്യത്തിന്റെ ഭാഷ ജനം പ്രതീക്ഷിക്കുന്നു. സത്യം മാത്രമേ സ്വാതന്ത്ര്യം നല്കൂ. നുണയുടെ ആവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ജനങ്ങള്‍ പിതാക്കന്മാരെ ആദരിക്കുന്നുണ്ട്. പക്ഷെ, അത് അവര്‍ സ്വതന്ത്രമായി നല്കുന്ന ദാനമാണ്. അവര്‍ക്കു മാന്യമായ പ്രതീക്ഷകളുണ്ട്. അത്യുക്തിയും പൊള്ളയായ വാചോടപങ്ങളും നിരന്തരം വിളമ്പിയാല്‍ അതില്‍ അവര്‍ സുഖിക്കില്ല. മാത്രമല്ല സ്വതന്ത്രമായി നല്കിയ ആദരവ് തിരിച്ചെടുത്ത് വല്ലാതെ ചിരിക്കും. ആ ചിരി നല്ലതല്ല. അടിയി ന്തരമായി പുതിയ തുടക്കങ്ങളും വ്യത്യാസങ്ങളും ഉണ്ടാക്കേണ്ട മണ്ഡലങ്ങളും വിഷയങ്ങളും ഇനിയും മനസ്സിലാക്കിയില്ല എന്നു വരുമോ?

ഐകരൂപ്യം (uniformity) ആരും ഗൗരവമായി പരിഗണിക്കുന്ന ഒരു മൂല്യമല്ല. ഈ വിചിത്ര ലക്ഷ്യത്തിനുവേണ്ടി സിനഡ് ഉണ്ടാക്കിയ പ്രശ്‌നം പരിഹാരമില്ലാതെ നീളുന്നു. എന്തുകൊണ്ട് എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് സഭയുടെ ഈ കാലത്തിന്റെ കണ്ണില്ലായ്മ. ഇതില്‍ നുരഞ്ഞുപൊങ്ങുന്ന വൈരം സത്യസന്ധമായി അഭിമുഖീകരിക്കാന്‍ ആരും തയ്യാറല്ല. ഫലമായി ഭൂതത്തിന്റെ ആവര്‍ത്തനത്തില്‍ ആണിയടിച്ച് ചില സ്ഥാനമാനങ്ങള്‍ അപ്രസക്തമാകുന്നതു കാണുന്നില്ല.

കവിയെക്കുറിച്ച് രണ്ട് ഗൗരവ പരിചിന്തകള്‍ സാഹിത്യമണ്ഡലത്തിലുണ്ട്. അതിലൊന്ന് കവി ദൈവങ്ങള്‍ക്കു പേരു കൊടുക്കുന്നു എന്നതാണ്. ദൈവികതയ്ക്കു പേരും ഭാഷയും കൊടുക്കുന്നവരാണ് കവികള്‍. ഇവരാണ് നമ്മുടെ ഭാഷാഭവനം ഉണ്ടാക്കുന്നത്. വിശുദ്ധമായ ഭാഷ ഉണ്ടാക്കുന്നവരാണ് മതാചാര്യന്മാര്‍. പക്ഷെ, വിശുദ്ധമായ ഭാഷയല്ല നാം നമ്മുടെ സമൂഹത്തില്‍ കാണുന്നത്. വെറുപ്പും വിദ്വേഷവും ബോധപൂര്‍വം സൃഷ്ടിക്കുന്നവരുണ്ട്. സമൂഹങ്ങളും സമുദായങ്ങളും മതങ്ങളും പരസ്പരം മത്സരിക്കാം. ഇത് അപകടകരമായി മാറിയ പശ്ചാത്തലത്തിലാണ് നാം ഈ നാട്ടില്‍. വെറുപ്പ് വില്ക്കുന്നവരുടെ പാളയത്തില്‍ ചേരുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. കുരിശുയുദ്ധ ഭാഷയുമായി നാം നീങ്ങുന്നതിന്റെ അപകടം തിരിച്ചറിയുന്നുണ്ടോ? അധികാരവും പണവും അവിവേകികളെ ഉണ്ടാക്കും. കൗശലത്തിന്റെ ഭാഷയല്ല പിതാക്കന്മാര്‍ പിന്‍തുടരേണ്ടത്. മാര്‍പാപ്പയടക്കമുള്ളവരെ കൗശലത്തിന്റെ കെണിയില്‍ വീഴിക്കുന്നത് ആത്മഹത്യാപരമാകും.

കവിയെക്കുറിച്ച് രണ്ടാമത്തെ പരാമര്‍ശം ഭാരത്തിന്റെ തനിമയാര്‍ന്നതായി പറയുന്ന വാല്മീകിയെക്കുറിച്ചു രഘുവംശത്തില്‍ കാളിദാസന്‍ പറയുന്നതാണ്. 'രുദിതാനുസാരി കവി' - കരച്ചിലിന്റെ പിന്നാലെ പോകുന്നവന്‍. ഈ കാവ്യാംശം വൈദികരിലും സന്യസ്തരിലും വൈദികമേലധ്യക്ഷന്മാരിലും ഉണ്ടാകണം. കരച്ചിലടങ്ങാത്ത പ്രതിസന്ധികള്‍ ഈ സഭയില്‍ത്തന്നെയുണ്ട്. ഈ നിലവിളികള്‍ കേള്‍ക്കില്ല എന്ന ശാഠ്യത്തിലാണല്ലോ സഭാ നേതൃത്വം. ചരിത്രത്തിലേക്കു തിരിഞ്ഞു ജീവിക്കുമ്പോള്‍ ശ്രദ്ധിക്കുക, ശ്രവിക്കുക എന്നതു ബോധപൂര്‍വം വര്‍ജിക്കപ്പെട്ടില്ലേ? ഈയുള്ളവനു ശ്രദ്ധയും ശ്രവണവുമാണു പ്രാര്‍ത്ഥന. പഴയ വഴികള്‍ തഴമ്പിച്ച് അതില്‍ പിടിവാശിയുള്ളവരെ സഹകാരികളാക്കി ഒരു പുതുമയും ഈ സഭയില്‍ സൃഷ്ടിക്കാനാവില്ല. പഴമയെ ഓര്‍മ്മിച്ച്, ഭാവിയിലേക് സ്വതന്ത്രമായി നോക്കി വര്‍ത്തമാനത്തെ ദൈവപ്രസാദത്തില്‍ സൃഷ്ടിക്കാന്‍ സഹകാരികളെ തേടിയാല്‍ ഒരു കുറവുമില്ലാതെ കിട്ടുന്നതാണീ സഭ. വൈദികാധിപത്യത്തിന്റെയും സ്ത്രീകളെ അടുക്കളപ്പണിക്കാരാക്കുന്ന ആധിപത്യത്തിന്റെയും ജീര്‍ണ്ണിച്ച പാതകള്‍ വെടിഞ്ഞ് എല്ലാവരെയും ദൈവമക്കളാക്കുവാന്‍ സന്നദ്ധമാകുക. പഴയ ബ്രഹ്മണ്യം പറയുന്ന ആധിപത്യമോഹികളെ യഥാര്‍ത്ഥ ക്രൈസ്തവരാക്കാന്‍ എത്ര നൂറ്റാണ്ടു കഴിഞ്ഞിട്ടും നടന്നില്ല എന്നതു ദുഃഖസത്യമായി നില്‍ക്കുന്നു. ജാതീയതയും വര്‍ഗീയതയും ഭാരതത്തിന്റെ ശാപവും ഭാരതസഭയുടെ വലിയ ഭാരവുമാക്കി മാറുകയാണ്.

ഈ സഭയുടെ തനിമ പടച്ചുണ്ടാക്കുന്നവരാണ് എന്നു കരുതുന്ന കുറെ പണ്ഡിതന്മാര്‍ വ്യഗ്രമായ ആ പണിയിലാണ്. ഈ തനിമാവാദം മൗലികവാദമായി മാറുന്നതു കാണുന്നുണ്ടോ? ഇന്നു കേരളീയ കുടുംബങ്ങള്‍ തനിമയുടെ പലമയുടെ വേദികളാണ്. ഒരാള്‍ക്കോ ഒരു സമുദായത്തിനോ ഒരു തനിമയേ ഉള്ളോ? ഒന്നിലധികം തനിമകള്‍ നമുക്കുണ്ട്. ജീവിതത്തിന്റെ ആയിത്തീരലില്‍ വിവിധങ്ങളായ സ്ഥലകാല സാഹചര്യങ്ങളിലൂടെ കടന്നുവരുന്ന തനിമകളുടെ പലമയുമായി നാം ജീവിക്കുന്നു. മനുഷ്യജീവിതയാത്ര ഹോമറിന്റെ യുളീസീസ് കാവ്യംപോലെ നാട്ടിലേക്കും വീട്ടിലേക്കുമുള്ള മടക്കയാത്രയാണോ? അതോ ബൈബിളിലെ അബ്രാഹത്തിന്റേതുപോലെ നാടുകളിലേക്കും ഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും ദേശങ്ങളിലേക്കുമുള്ള നിരന്തരമായ പുറപ്പാട് യാത്രയാണോ? വീടു കണ്ടെത്തുന്നതു സ്വദേശത്താണ്? അതു സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മകളിലല്ലേ? എല്ലാറ്റിലൂടെയും കടന്നുപോകുന്ന പുറപ്പാടിന്റെ ജീവിതം നയിക്കാന്‍ മോസ്സസിനെപ്പോലെയുള്ള ആചാര്യന്മാരെയാണ് നമുക്കാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org