

പോൾ തേലക്കാട്ട്
ഗ്രീസിലെ സ്റ്റോയിക് ചിന്തകന്‍ സ്വേനോ ഒരിക്കല്‍ ഡല്‍ഫി ക്ഷേത്രത്തില്‍ പോയി ഏറ്റവം നല്ല ജീവിതം നയിക്കാന്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അന്വേഷിച്ചു. ക്ഷേത്രത്തില്‍ നിന്നുണ്ടായ മറുപടി, ''മരണത്തിന്റെ നിറമെടുക്കുക'' എന്നതായിരുന്നു. എന്താണത്? ലോകത്തില്‍ നിന്നു വിടപറഞ്ഞു പോയതായി കാണുക. മരണം കൊണ്ടുപോകുന്നതു കാണുക. പൊതുബോധത്തില്‍ നിന്നകന്നതു കാണാന്‍ കഴിയുന്നതു നിസ്സാരകാര്യമല്ലല്ലോ.
''മനുഷ്യരുടെ പൊതുബോധത്തിനുള്ളില്‍ ജീവിക്കുമ്പോള്‍ ജീവിക്കാന്‍ അറിവിനെക്കാള്‍ പ്രധാനം അര്‍ഥമൂല്യങ്ങളാണ്.''
ഗ്രീക്ക് ദൈവങ്ങള്‍ വളരെ അനുഗ്രഹിച്ച കവിയായിട്ടാണു ഹോമര്‍ കരുതപ്പെടുന്നത്. ദൃശ്യലോകം കാണാതിരിക്കാനുള്ള അന്ധതയായിരുന്നോ ആ അനുഗ്രഹം? പക്ഷെ, ആ അന്ധത ലോകത്തിനു പിന്നിലെ അദൃശ്യലോകം കാണാനുള്ള കണ്ണ് അദ്ദേഹത്തിനു നല്കി. അദൃശ്യലോകം കാണുന്ന വിസ്മയങ്ങളുടെ കാഴ്ചയുടെ മഹത്വം അദ്ദേഹത്തിന്റെ കവിതകളില്‍ ഉടനീളമുണ്ട്. പ്ലേറ്റോയുടെ തത്വദര്‍ശനത്തില്‍ മരണത്തിന്റെ നിറം ധരിച്ചവര്‍ക്കു മാത്രം അദൃശ്യത കാണാന്‍ കഴിയുന്നു എന്നു വ്യക്തമാക്കുന്നു. ചിന്തിക്കുക എന്നാല്‍ ഗ്രീക്കു പാരമ്പര്യത്തില്‍ ഇത്താക്കയുടെ രാജകുമാരിയായ പെനലോപ്പിയുടെ വിശ്വസ്തത മുഖാവരണം മാറ്റി കാണുകയാണ്. എന്നാല്‍ ചിന്ത കുറച്ചുപേര്‍ക്കു മാത്രമുള്ള പ്രത്യേക കഴിവാണോ? തിന്മയകറ്റാന്‍ ചിന്തിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കും. നന്മതിന്മകള്‍ വേര്‍തിരിക്കാനുള്ള തത്വങ്ങള്‍ പോലും അന്ധമായി അംഗീകരിക്കണമെന്ന കാഴ്ചപ്പാടു വീണ്ടും ചിന്തിക്കപ്പെടണം.
യഥാര്‍ഥ ചിന്ത അദൃശ്യമായതു കാണുന്നതാണ്. ഇവിടെ ചിന്തയുടെ രണ്ടു സഹായികളുമായി സഹയാത്രികരാകുന്നതു - ഓര്‍മ്മയും സങ്കല്പവുമാണ്. ഓര്‍മ്മ പഴയതു വീണ്ടും ബോധത്തിലേക്കു കൊണ്ടുവരുന്നു. ഇന്നലെകളില്‍ ഉണ്ടായിരുന്നതും ഇന്നില്ലാത്തതും എന്തൊക്കെ എന്ന അന്വേഷണമാണ് ചിന്തയില്‍ നടക്കുന്നത്. ഇന്നിവിടെയില്ലാത്തതു സങ്കല്പിച്ചുണ്ടാക്കാന്‍ മനുഷ്യനു കഴിയും. മനുഷ്യരുടെ ഇടയില്‍ സംഭവിക്കുന്നതു കാണാം. പക്ഷെ, എന്തുകൊണ്ട് അത് സംഭവിച്ചു എന്ന് എല്ലാവരും കാണുന്നില്ല. അതൊക്കെ കാണാന്‍ കഴിയുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കു നമ്മെക്കാള്‍ കൂടുതല്‍ കണ്ണുണ്ട്.
ശാസ്ത്രം അന്വേഷിക്കുന്നതു അറിവാണ്. എന്നാല്‍ മനുഷ്യര്‍ സാധാരണ മനുഷ്യരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അന്വേഷിക്കുന്നതു അറിവല്ല - അര്‍ഥങ്ങളാണ്, മൂല്യങ്ങളാണ്. കാഴ്ചയ്ക്കു വച്ചിരിക്കുന്നതു വസ്തുവകകളാണ്, കാണാന്‍ കിട്ടാത്തതാണ് അര്‍ഥങ്ങളും മൂല്യങ്ങളും. മനുഷ്യരുടെ പൊതുബോധത്തിനുള്ളില്‍ ജീവിക്കുമ്പോള്‍ ജീവിക്കാന്‍ അറിവിനെക്കാള്‍ പ്രധാനം അര്‍ഥമൂല്യങ്ങളാണ്.
നീതി, സ്‌നേഹം, പരിഗണന, ബഹുമാനം എന്നീ ജീവിതലക്ഷ്യങ്ങള്‍ ഇന്ദ്രിയ വിഷയങ്ങളല്ല. ഇന്ദ്രിയങ്ങള്‍ അവ കാണുന്നില്ല. അവ കാണാന്‍ കണ്ണു വേറെ വേണം. ഈ കാഴ്ചയാണ് കാണുന്നതിനപ്പുറം കാണല്‍. പ്രപഞ്ചകേളിക്കു പിന്നില്‍ അസ്തിത്വകേളി കാണുന്നത് അസന്നിഹതമായതു കാണലാണ്. പ്രപഞ്ച വിലാസത്തിനു പിന്നില്‍ പിന്‍വാങ്ങി നില്‍ക്കുന്ന കളിയച്ഛനെ കാണുന്നതു കവിയാണ്. നിത്യമായ സത്യങ്ങളെ കാണുന്നതു കാഴ്ചയ്ക്ക് പിന്നിലേക്കു നോക്കിയുള്ള കാഴ്ചയാണ്.
'വാഴക്കുല'യില്‍ ചങ്ങമ്പുഴ കാണിക്കുന്നതു ഒരു സാധാരണ മനുഷ്യനു നിഷേധിക്കപ്പെട്ട അവന്റെ അടിസ്ഥാന അവകാശങ്ങളാണ്. തകഴിയുടെ 'തോട്ടിയുടെ മകന്‍' അവതരിപ്പിക്കുന്നത് ഒരു മനുഷ്യനു നിഷേധിക്കപ്പെടുന്ന അന്തസ്സിന്റേയും അഭിമാനത്തിന്റെയും വിഷയങ്ങളാണ്.
സോഫോക്ലീസ് എഴുതിയ ഈഡിപ്പസ് നാടകം ഈ കാഴ്ചയില്ലായ്മയുടെ കഥയാണ്. ഈഡിപ്പസ് ശരിക്കും ഒരു കണ്ണ് കൂടുതലുണ്ടായിരുന്നവനാണ്. തേബസ് രാജ്യത്തിലേക്ക് ഓടിയെത്തുന്നത് ആ നാട് നേരിടുന്ന വസന്തയുണ്ടാക്കുന്ന യക്ഷി (Sphinx) ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ നാട്ടില്‍ ആരുമില്ലാതായപ്പോഴാണ്. എന്നാല്‍ അവരുടെ ചോദ്യത്തിനു അനായാസം സ്വന്തം ബുദ്ധികൊണ്ടു ഉത്തരം പറയുന്ന ഈഡിപ്പസ് മൂന്നാം കണ്ണുള്ളവനാണ്. അയാള്‍ കോറിന്തില്‍ രാജകൊട്ടാരത്തില്‍ നിന്ന് ഓടിയെത്തുന്നതു 'പിതാവിനെ കൊല്ലും മാതാവിനെ വേളി ചെയ്യും' എന്ന ക്ഷേത്രപ്രവചനമെന്ന അതിനിന്ദ്യമായ കാര്യങ്ങളില്‍ നിന്നാണ് എന്നു നാം കരുതുന്നു. അതിഗര്‍ഹണീയമായതില്‍ നിന്ന് ഓടിയവന്‍ വഴി തടഞ്ഞവനെ കൊന്നാണ് ഇവിടെ എത്തിയത്. അത് ഒരു കൊലപാതകമായിരുന്നു. ചിന്താരഹിതമായ ഒരു സംഭവം. അനുദിന ജീവിതത്തിലെ സാധാരണമായി നടത്തേണ്ട ചിന്ത മറന്നവനും മനുഷ്യരുടെ ഇടയില്‍ മനുഷ്യനായി ജീവിക്കാന്‍ മറന്നവനും ഒരു അന്ധനുമായിരുന്നു. താന്‍ മനുഷ്യനാണ് എന്നതു മറന്ന അന്ധത.
നാട് നേരിട്ട രണ്ടാമത്തെ വസന്തയകറ്റാന്‍ രാജാവ് നിര്‍ബന്ധിതനായി. നാടിന്റെ രാജാവ് കൊല്ലപ്പെട്ടിരിക്കുന്നു. രാജഘാതകനെ കണ്ടുപിടിച്ച് നാട്ടില്‍ നിന്നു പുറത്താക്കാതെ വസന്തയ്ക്കു ശമനമില്ല. ''നീ തേടുന്ന കൊലപാതകി നീ തന്നെ'' എന്ന പരുഷ സത്യത്തിന്റെ അനാവരണത്തിലാണ് അയാള്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് നാടുവിടുന്നത്. ഈ നാടകം അന്ധതയുടെ നാടകമാണ്. സ്വന്തം ജീവിതം കാണാന്‍ കഴിയാത്തവന്‍. തന്നെത്തന്നെ അറിയുക എന്ന ക്ഷേത്രത്തിന്റെ സന്ദേശം കേള്‍ക്കാത്തവന്‍. സ്വയം മറന്നവര്‍. മനുഷ്യത്വം മറന്നു മനുഷ്യനല്ലാത്ത രാജാവായി- 'മനുഷ്യന്റെ മുഖം മൂടി വച്ച കുറുക്കന്‍'. തന്നില്‍ നിന്നു നിരന്തരം ഓടിക്കൊണ്ടിരുന്നവന്‍ - ഓടിയതു അന്ധതയിലാണ്. ആ അന്ധതയാണ് അയാള്‍ നാടകീയമായി കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചുണ്ടാക്കിയത്. അയാള്‍ അന്ധനായിരുന്നു എന്ന തിരിച്ചറിവിന്റെ നടപടി. അതു ധാര്‍മ്മികമായ അന്ധതയാണ് - അതാണ് മനുഷ്യനെ മൃഗമാക്കുന്നത്. ജീവിതം ദുരന്തമായി എന്ന അറിവിലുള്ള ഒരു സ്വയം കൊല്ലല്‍. ഈ നാടകത്തിന്റെ സത്ത ഈഡിപ്പസ് കോംപ്ലക്‌സല്ല. ജീവിതത്തിനു ധര്‍മ്മം നഷ്ടപ്പെട്ട കഥ. ആന്തരിക ജീവിതത്തില്‍ നിന്ന് ഓടിയവരുടെ ദുരന്തം അനാവരണം ചെയ്യുന്ന രൂപകം.