അടിമയുടെ അരിശവും ഉടമയുടെ ഉള്ളിലിരിപ്പും

അടിമയുടെ അരിശവും ഉടമയുടെ ഉള്ളിലിരിപ്പും
സീറോ മലബാര്‍ സഭയുടെ പ്രതിസന്ധിയില്‍ പഴയ അടിമ-ഉടമ വ്യവസ്ഥിതിയുടെ വെറുപ്പും വിരോധവും ഒളിഞ്ഞിരിപ്പില്ലേ എന്ന് ചിന്തിക്കാന്‍ കാലഘട്ടം പ്രേരിപ്പിക്കുന്നു. കാരണം, നിസ്സാരമായി പരിഹരിക്കാമായിരുന്ന ഒരു പ്രശ്‌നം അന്തമില്ലാത്ത വിവാദമാക്കി കേരള സമൂഹത്തില്‍ കത്തിപുകയുന്നു. പ്രതികാരചിന്ത വൈദിക ലോകത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നു പറയാം. നുണ അച്ചന്മാരും പിതാക്കന്മാരും പറയില്ല എന്നതിന് എന്തുപറ്റി എന്ന് എല്ലാവര്‍ക്കും അറിയാം.

ജര്‍മ്മനിയില്‍ ലൂഥറന്‍ പാസ്റ്ററുടെ മകനായ നീത്‌ഷേ ഒരുവന്റെ വ്യക്തിവികാസത്തിന്റെ ഏറ്റവും വലിയ തടസ്സം വെറുപ്പിന്റെയാണ് എന്ന് പറയുന്നു. വെറുപ്പില്‍ നിന്ന് മുക്തി നേടാന്‍ ധാര്‍മ്മികമായ ശിക്ഷണം തന്നെ വേണമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ ക്രൈസ്തവ സഭയുടെ ധര്‍മ്മശാസ്ത്രം അടിമകളുടെ ധാര്‍മ്മികതയുടേതായി മാറി എന്ന ഗൗരവമായ വിമര്‍ശനം നടത്തുന്നു. ബലഹീനരുടെയും അടിമയുടെയും പ്രകടമായ നടപടികളെ ക്രൈസ്തവികത ധാര്‍മ്മിക ആധാരങ്ങള്‍ ആക്കുന്നു എന്നതാണ് വിമര്‍ശനം. മറ്റുള്ളവരുടെ കാലുപിടിച്ച് ഇഴയുന്നത് അടിമയുടെ സ്വഭാവമാണ്. അതേ നടപടി വിനയത്തിന്റെയും പശ്ചാത്താപത്തിന്റെയുമായി കാണാം. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു മറ്റുള്ളവരെ എന്നെക്കാള്‍ ശ്രേഷ്ഠരായി കാണുന്നതിന്റെ പ്രത്യക്ഷങ്ങളായും ഇവയെ മനസ്സിലാക്കാം. പക്ഷേ രണ്ടും സാധ്യതയാണ്. ഏതാണ് യാഥാര്‍ത്ഥ്യം എന്നത് അത് ചെയ്യുന്ന വ്യക്തിയുടെ ആന്തരിക രഹസ്യമാണ്. എന്ത് ചെയ്യുന്നു എന്നതല്ല അത് എന്തുകൊണ്ടു ചെയ്യുന്നു എന്നതാണ് പ്രധാനം. അവിടെയാണ് പുണ്യം ഉണ്ടാകുന്നതും പുണ്യത്തിന്റെ അഭിനയമുണ്ടാകുന്നതും. രണ്ടും സാധ്യമാണ്, സംഭവിക്കാവുന്നതാണ്.

മനുഷ്യസമൂഹത്തില്‍ ആദരവും അംഗീകാരവും ഏതൊരുവനും ആഗ്രഹിക്കുന്നു. ഒരുവന്റെ ആത്മാവബോധത്തിലാണ് ഒരുവന്‍ അര്‍ത്ഥവും പ്രസക്തിയും കാണുന്നത്. ഞാന്‍ അത് കാണുന്നത് എന്നെ നോക്കിയല്ല; മറ്റുള്ളവരുടെ കണ്ണില്‍ എങ്ങനെ ഞാന്‍ കാണപ്പെടുന്നു എന്നതിനനുസരിച്ചാണ്. വസ്തുനിഷ്ഠമായ ഒന്നല്ല ആദരവ്, അംഗീകാരം. മറ്റുള്ളവര്‍ സ്വതന്ത്രമായി നല്‍കുന്ന ദാനമാണ്. ഈ ദാനം സ്വതന്ത്രമായി അവര്‍ നല്‍കുന്നു. അധികാരസ്ഥാനങ്ങള്‍ ഒരുവന് ലഭിക്കുന്ന അംഗീകാരത്തിന്റെ ലക്ഷണങ്ങളാണ്. അധികാരത്തിലേക്ക് വരുന്നത് എങ്ങനെ ആത്മാര്‍ത്ഥമായി ജീവിച്ച് മറ്റുള്ളവരെ സത്യസന്ധമായി ആദരിച്ചും സ്‌നേഹിച്ചു മാകാം. അധികാരത്തിലേക്കുള്ള വഴി അടിമത്വത്തിന്റെയും ആകാം. അടിമയായി അഭിനയിക്കുക, കാലുപിടിക്കുക അപരന്റെ മുമ്പില്‍ പഞ്ചാരവാക്കുകള്‍ പറയുക, അങ്ങനെ വിശുദ്ധ പൗലോസ് പറയുന്നതുപോലെ പിശാച് മാലാഖയായി വേഷം കെട്ടുന്നു. ഇവരാരും അടിമ-ഉടമ വ്യവസ്ഥിതി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. അടിമകള്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടണമെന്നല്ല; തങ്ങള്‍ക്ക് ഉടമകള്‍ ആകണം എന്നാണ്. ഇതാണ് ഹേഗല്‍ വ്യക്തമായി പറയുന്നത്: അടിമകളായി മാറ്റപ്പെടുന്നവര്‍ കാത്തിരിക്കാന്‍ പഠിച്ചവരാണ്. ഉടമയ്ക്ക് കിട്ടുന്ന ആദരവും അംഗീകാരവും അതുപോലെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ ഇവര്‍ മുകളിലുള്ളവര്‍ക്ക് അടിമകളും താഴെയുള്ളവര്‍ക്ക് ഉടമകളുമായി ജീവിക്കുന്നു. അടിമത്തം ഇവിടെ പാലിക്കുന്നത് ഇഷ്ടമായിട്ടല്ല; നിവര്‍ത്തികേടു കൊണ്ട് മാത്രം. അത് അവരില്‍ വലിയതോതില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ഉടമയുടെ മുന്‍പില്‍ അവര്‍ വിധേയരാകുകയല്ല വിധേയത്വത്തിന്റെ കര്‍മ്മങ്ങള്‍ നിരന്തരം അനുഷ്ഠിക്കുകയാണ്. ഏറ്റവും ആദരണീയമായി അനുഷ്ഠിക്കാനും യാതൊരു അപ്രീതിയും കാണിക്കാതിരിക്കാനും അവന്‍ പഠിക്കുന്നു. പുറത്തു മനോഹരമായി ചിരിക്കുമ്പോഴും അകത്ത് അരിശവും അതിന്റെ മുറിവുകളും മറക്കാതെ സൂക്ഷിക്കാനും അവര്‍ പഠിക്കുന്നു. അടിമത്തം ഒരു കാത്തിരിപ്പു കാലമാണ്. തന്റെ കാലം പിറന്നാല്‍ പഴയ ശത്രുക്കളെയെല്ലാം മുട്ടുകുത്തിക്കാനും അടിമകളാക്കാനും അറിയാം. മാത്രമല്ല ഉടമ എന്നത് തന്റെ കുടുംബത്തിന്റെയും തന്റെ ബുദ്ധിയുടെയും തന്റെ ജാതിയുടെയും വര്‍ഗത്തിന്റെയും മഹിമയാണെന്നും വ്യക്തമായി ബോധമുള്ളവരും അതില്‍ രഹസ്യമായി ഊറ്റം കൊള്ളുന്നവരുമാണ്. പരിക്കുകള്‍ നക്കി ജീവിക്കുന്നവര്‍ വെറുപ്പില്‍നിന്ന് ജീവിക്കുന്നു - അതു തന്റെ മഹത്വപൂര്‍ണ്ണമായ ജീനിയോളജിയുടെ കാര്യമായി കരുതുന്നു. ഉള്ളില്‍ കൊണ്ടുനടക്കുന്ന വെറുപ്പിന്റെ ചൂട് താഴെയുള്ളവര്‍ അനുഭവിക്കുന്നതില്‍ ആനന്ദിക്കുന്നു. നീറോ റോമാ നഗരം കത്തിച്ചതുപോലെ എന്തും കത്തിക്കാനുള്ള അഗ്‌നിയായി അവരുടെ വെറുപ്പ് മാറുന്നു. ഈ വെറുപ്പിന്റെ വ്യക്തി എല്ലാം കണ്ട് കണ്ണിറുക്കുന്നു. അയാള്‍ തന്റെ അധീശത്വത്തിന്റെ രഹസ്യവഴിയിലൂടെ നടക്കുന്നു. നീറോയും സ്റ്റാലിനും ഹിറ്റ്‌ലറും എല്ലാം ഉദാഹരണങ്ങളാണ്. വെറുപ്പില്‍ ആണിവെച്ച ഇവര്‍ക്ക് മുക്തിയും മോചനവുമില്ല എന്നാണ് നീത്‌ഷേ എഴുതിയത്. സ്വന്തം മൂല്യങ്ങളെ മുഴുവന്‍ പുനഃപരിശോധനയിലൂടെ വീണ്ടു വിചാരപ്പെട്ട് രൂപാന്തരീകരണത്തിനു വിധേയമാകാതെ ഇവര്‍ക്ക് വ്യക്തിത്വം ഉണ്ടാകില്ല എന്ന് നീത്‌ഷേ എഴുതി. ഭൂതകാലത്തില്‍ അനുഭവിച്ച അടിമത്വത്തിന്റെ കണക്കു തീര്‍ക്കുന്ന ഉടമകളായി ഇവര്‍ മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org