''തിന്മയുടെ ശക്തികള്‍ അധികാരം പിടിച്ചെടുത്തു''

''തിന്മയുടെ ശക്തികള്‍ അധികാരം പിടിച്ചെടുത്തു''

1917 ഒക്‌ടോബറില്‍ റഷ്യയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഈ വിപ്ലവത്തില്‍ പങ്കെടുത്ത കമ്മ്യൂണിസ്റ്റുകാരനായിരുന്ന നിക്കോളായ് ബര്‍ഡിയേവ് എഴുതിയ പുസ്തകത്തില്‍ വിപ്ലവ പൂര്‍വ റഷ്യയില്‍ നടന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ റഷ്യയില്‍ വൈദികരില്ലാ ത്ത ബുദ്ധിജീവികളുടെ ഇടതുപക്ഷ ചിന്തകര്‍ വ്യക്തമായി എടുത്ത ഒരു തീരുമാനവും പ്രസ്താവനയുമാണ് ബര്‍ഡിയേവ് എഴുതിയത്. ''തിന്മയുടെ ശക്തികള്‍ അധികാരം പിടിച്ചെടുത്തു.'' ഇവിടെ വ്യക്തമായി പ്രതികൂട്ടിലാക്കപ്പെടുന്നത് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അധികാരികളാണ്. സാര്‍ ചക്രവര്‍ത്തി ഇവന്‍ മൂന്നാമന്‍ അന്ന് നടത്തിയ ഒരു പ്രസ്താവം ബര്‍ഡിയേവ് ഉദ്ധരിക്കുന്നു, ''രണ്ടു റോമകളും തകര്‍ന്നു, മൂന്നാമത്തേതു നിലനില്‍ക്കുന്നു. നാലാമത് ഒരു റോമ ഉണ്ടാകില്ല. ഈ ക്രൈസ്തവസാമ്രാജ്യം നാലമതൊന്നി നു വഴി മാറിക്കൂട.'' ഇവിടെ തകര്‍ന്നു എന്നു പറയുന്നതു വത്തിക്കാന്റെ റോമ യും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ റോമയുമാണ്. പാശ്ചാത്യ സഭയുടെ റോമും പൗരസ്ത്യസഭകളുടെ റോമും തകര്‍ന്നു നശിച്ചു എന്നാണ് അവര്‍ പറയുന്ന ത്. നിലനില്ക്കുന്നതു റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമാണ്.

റഷ്യന്‍ ക്രൈസ്തവീകത കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ബൈസന്റയിന്‍ ക്രൈസ്തവീകതയായിരുന്നു. എന്നാല്‍ റഷ്യന്‍ പാത്രിയാര്‍ക്കീസ് നിക്കോണിന്റെ കാലത്തു റഷ്യന്‍ സഭ ബൈസന്റയിന്‍ സഭയുടെ ആരാധനക്രമ പുസ്തകത്തിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചു. അതു വലിയ വിവാദവും ശീശ്മയുമായി മാറി. അതേ തുടര്‍ന്നുണ്ടായ ആരാധനാക്രമ വിവാദങ്ങളെക്കുറിച്ചു ബര്‍ഡിയേവ് വിവരിക്കുന്നു. അതിലൊരു വിവാദമായിരുന്നു ദീര്‍ഘകാലം നിലനിന്ന കുരിശുവരയ്‌ക്കേണ്ടത് രണ്ടു വിരലുകള്‍ കൊണ്ടോ മൂന്നു വിരലുകള്‍ കൊണ്ടോ എന്നത്. ഈ കാലഘട്ടം നിരക്ഷരതയും അന്ധവിശ്വാസങ്ങളും വളരെ വര്‍ധിച്ച ഒരു കാലവുമായിരുന്നു. ഇവിടെ ഏറെ പ്രധാനം അപ്രസക്തവും ഒട്ടും ഗൗരവമല്ലാത്ത ചില്ലറ പ്രശ്‌നങ്ങള്‍ വലിയ പ്രശ്‌നങ്ങളാക്കി വിവാദത്തില്‍ ഏര്‍പ്പെട്ട് അന്തസ്സാര ശൂന്യതയുടെ കാലമായിരുന്നു എന്നതാണ്. തീര്‍ത്തും വൈകാരികവും ക്ഷുദ്രവുമായി പ്രശ്‌നങ്ങളില്‍ സഭാജീവിതം കലുഷമാക്കിയത് അതിന്റെ മരണകരമായ പ്രതിസന്ധിയിലേക്കു നീക്കി എന്നതാണ്. തുടര്‍ന്നു വന്ന കാലഘട്ടം ക്രൈസ്തവ വിശ്വാസത്തിന്റെ ഉപേക്ഷയുടെ കാലമായി മാറി. ഇവിടെയാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സജീവമായി പ്രവര്‍ത്തിച്ച ബര്‍ഡിയേവ് എഴുതിയത് സഭാധികാരം അന്തിക്രിസ്തുവിന്റെ വാഴ്ചയിലായി എന്ന്. ഓര്‍ത്തഡോക്‌സ് സഭ വിരമിച്ച് ഭൂഗര്‍ഭത്തിലായിപ്പോയി എന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ പിന്നെ വന്ന പീറ്ററിന്റെ പരിഷ്‌ക്കാരങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളും ഫലിക്കാതെപോയി. കാരണം അതൊക്കെ പാശ്ചാത്യ യൂറോപ്പിലെ നവോത്ഥാനത്തിന്റെ ചുവടുപിടിച്ചുള്ള പ്രൊട്ടസ്റ്റന്റ് നവീകരണങ്ങളായിരുന്നു. റഷ്യന്‍ സഭയുടെ റഷ്യന്‍ തനിമ നഷ്ടമാകാന്‍ ജനങ്ങള്‍ സന്നധമായില്ല. മാത്രമല്ല ഈ നവീകരണ നടപടികള്‍ സഭയുടെ മുകളിലെ വിഭാഗങ്ങളില്‍ മാത്രമായിരുന്നു നടപ്പിലായത്. പീറ്ററിനെ അന്തിക്രിസ്തു എന്ന് ആക്ഷേപിച്ചു. മാത്രമല്ല പീറ്ററിന്റെ അധികാര വിനിയോഗത്തില്‍ ജനങ്ങള്‍ പൂര്‍ണ്ണമായി അടിമത്തത്തിലായി മാറി. ഇതു തീര്‍ത്ത ഭീകരമായ അഴിച്ചിലിലാണ് കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്നത്. പീറ്ററിനെ റഷ്യക്കാര്‍ ലെനിനോടാണ് താരതമ്യപ്പെടുത്തിയത്. റഷ്യന്‍ സഭയുടെ ഭീകരമായ പരാജയത്തിലാണ് കമ്മ്യൂണിസം അധികാരത്തിലേറിയത്. ഇതു വ്യക്തമാക്കിക്കൊണ്ട് ബര്‍ഡിയേവ് എഴുതി, ''കമ്മ്യൂണിസത്തിന് ക്രൈസ്തവവും യഹൂദവുമായ ഉത്ഭവങ്ങളുടെ അടിസഥാനങ്ങള്‍ ഉണ്ടെന്നു പറയാം. എന്നാല്‍ വളരെ പെട്ടെന്ന് ക്രൈസ്തവീകത ആനുകാലിക സീസറിന്റെ സാമ്രാജ്യത്തെ സ്വീകരിച്ചു.'' ഇതു സഭാധികാരത്തില്‍ വന്ന വ്യക്തമായ മാറ്റത്തെയാണ് അദ്ദേഹം വിവരിക്കുന്നത്. സീസറിന്റെ അധികാരം സഭാധികാരത്തിലക്കു പ്രവേശിച്ചു.

ഈ പശ്ചത്തലത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസം വ്യക്തമായ ക്രൈസ്തവ വിരോധം ശക്തമായി പ്രകടിപ്പിച്ചു. ക്രൈസ്തവ വൈരം നേതാക്കളില്‍ മാത്രമല്ല, സമൂഹത്തിലും വ്യാപിച്ചു. റഷ്യന്‍ സഭയെ വെറുത്തതു റഷ്യന്‍ സഭയുമായി ബന്ധത്തില്‍ കഴിഞ്ഞ പഴയ ക്രൈസ്തവര്‍ തന്നെയാണ്. ആദ്യകാല ക്രൈസ്തവര്‍ സീസര്‍മാരുടെ അതികഠിനമായ പീഡനത്തിന് ഇരയായതു റഷ്യയില്‍ ആവര്‍ത്തിക്കപ്പെട്ടു. അത് സഭയെ പരിപൂര്‍ണ്ണമായി തകര്‍ത്തു. റഷ്യന്‍ സഭയുടെ ചരിത്രം വിളിച്ചുവരുത്തിയ വലിയ വിപത്തായി ഇതു മാറി.

ചരിത്രം ഏതു സമൂഹവും വഹിക്കേണ്ട ഭാരവും ശാപവുമാകാം. ചരിത്രം പാഠമാകണം. ചരിത്രത്തില്‍ നിന്നു പഠിക്കാത്തവര്‍ ചരിത്രം ആവര്‍ത്തിക്കുന്ന ദുരന്തമുണ്ടാക്കും. സീറോ മലബാര്‍ സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍, അതിന്റെ അധികാരത്തിന്റെ കെടുകാര്യസ്ഥതയുടെ തന്നെ വ്യക്തമായ തെളിവുകളാണ്. തെറ്റിനെ ശരിയാക്കാന്‍ മാര്‍ക്‌സിസ്റ്റ് തന്ത്രം പയറ്റി ഇളിഭ്യരാകുന്നത് സഭാധികാരമാണ്. തെറ്റ് തിരുത്താനും തെറ്റിയാല്‍ തെറ്റി എന്നു സമ്മതിക്കാനും കഴിയാത്ത ഒരു സഭയുണ്ടായി. ആരാധനക്രമ വിവാദം. സഭയുടെ നന്മയ്ക്കായുണ്ടാക്കിയ തീരുമാനമായിരുന്നോ? അതൊ, വൈകാരികമായി വെറുപ്പ് ഉണ്ടാക്കിയ സംഘാതതീരുമാനമായിരുന്നില്ലേ? ഈ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ഉന്നതാധികാരികളും പരാജയപ്പെട്ടു.

സഭാധികാരികളില്‍ ചിലര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റി സമ്മേളനത്തില്‍ പങ്കെടുത്തു. അവരില്‍ ഒരാള്‍ പറഞ്ഞു എന്നു കേട്ടതു ''ഇതൊക്കെ ഞങ്ങള്‍ ചെയ്യുന്നതാണ്'' എന്നാണ്. ഒന്നും പഠിക്കാനില്ലാത്തവരുടെ പല്ലവിയാണ്. തങ്ങളുടെ തലകളില്‍ സീസര്‍ വാഴുന്നതു മനസ്സിലാക്കാന്‍ പോലും സന്നദ്ധമല്ലാത്ത സഭ അതിന്റെ ഭാവിയാണ് തുലയ്ക്കുന്നത്.

ബര്‍ഡിയേവ് ''കമ്മ്യൂണിസവും ക്രൈസ്തവീകതയും'' എന്ന പഠനപുസ്തകത്തിന്റെ അവസാനത്തില്‍ പറഞ്ഞു വയ്ക്കുന്നു, ''ക്രൈസ്തവീകത ലോകത്തില്‍ പ്രത്യക്ഷമായപ്പോള്‍ അതു മനുഷ്യനെ പൈശാചികതയുടെ അപകടത്തില്‍ നിന്നു സംരക്ഷിച്ചു. മനുഷ്യന്‍ പിശാചിന്റെയും പ്രകൃതിശക്തികളുടെയും ശക്തികള്‍ക്കു വിധേയമായി മനുഷ്യനെ പീഡിപ്പിച്ചു. ക്രൈസ്തവീകത മനുഷ്യന്റെ ആത്മീയതയില്‍ കേന്ദ്രീകരിച്ചു; അവനെ ദൈവത്തിന്റെ വിധിക്കു വിധേയനാക്കി. മനുഷ്യനെ പ്രകൃതിശക്തികളുടെ മേലുള്ള അധികാരത്തിന് ഒരുക്കി. ഈ വര്‍ത്തമാനകാലത്തും ക്രൈസ്തവീകത പൈശാചീകതയുടെ പീഡനശക്തികളില്‍ നിന്നു മനുഷ്യനെ സംരക്ഷിക്കാന്‍ വിളിക്കപ്പെടുന്നു. പ്രാപഞ്ചിക ശക്തികളുടെയും സാങ്കേതിക വിദ്യകളുടെ ശക്തിയില്‍ നിന്നും രക്ഷിക്കാന്‍. ഇതു സാധിക്കുന്നതു നവീകരിക്കപ്പെട്ട ക്രൈസ്തീവകതയ്ക്കു മാത്രമാണ്. ശരിയായ പ്രവാചക വരത്താലും ദൈവരാജ്യത്തിലേക്കുള്ള തിരിച്ചിലിലും നവീകരിക്കപ്പെട്ട സഭയ്ക്കു മാത്രം.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org