കാലത്തിന്റെ അടയാളങ്ങള്‍

കാലത്തിന്റെ അടയാളങ്ങള്‍

ജര്‍മ്മന്‍ കത്തോലിക്കാ സഭ സിനഡിന്റെ വഴിയുടെ നിര്‍ദേശങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. സഭയുടെ ചര്‍ച്ചാവേദികളില്‍ വിശ്വാസജീവിതത്തിന്റെ ഉറവിടങ്ങളായി പറയാറുള്ളതും വേദഗ്രന്ഥവും അതു ജീവിച്ച പാരമ്പര്യവുമാണ്. എന്നാല്‍ ജര്‍മ്മനിയിലെ കത്തോലിക്കാ സഭ ഈ സെപ്തംബറില്‍ അവസാനിച്ച സിനഡ് സമ്മേളനത്തില്‍ വിശ്വാസത്തിന്റെ ശ്രോതസ്സുകളായി പറയുന്നതു മൂന്നു കാര്യങ്ങളാണ്. ബൈബിള്‍, പാരമ്പര്യം, കാലത്തിന്റെ അടയാളങ്ങള്‍. കാലത്തിന്റെ അടയാളങ്ങള്‍ എന്ന തു മത്തായിയുടെ സുവിശേഷത്തിലെ 16:4 ലെ വാക്കുകളാണ്. ''സഭ ആധുനിക ലോകത്തില്‍'' എന്ന വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമണരേഖയിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് (നമ്പര്‍ 4). മറ്റു മൂന്നു രേഖകളില്‍ കൂടി ഈ പ്രയോഗമുണ്ട്. ദൈവത്തിന്റെ രക്ഷാകരവും വിമോചനപരവുമായ സാന്നിധ്യത്തിന്റെ അടയാളമായി കാലത്തിന്റെ അടയാളങ്ങള്‍ മാറുന്നു. വത്തിക്കാന്‍ സൂനഹദോസ് ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്ന പ്രയോഗമായിരുന്നു vox temporis, vox dei - കാലത്തിന്റെ ശബ്ദം ദൈവശബ്ദം. കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചും വാഖ്യാനിച്ചും ദൈവത്തിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയണം.

ഈ പശ്ചാത്തലത്തില്‍ത്തന്നെയാണ് ജര്‍മ്മന്‍ സഭ വിശ്വാസികളുടെ വിശ്വാസബോധത്തെക്കുറിച്ചു പറയുന്നത്. ഈ നൂറ്റാണ്ടിലെ വളരെ പ്രസക്തമായ പഠനങ്ങള്‍ മനുഷ്യന്റെ ആന്തരികതയെക്കുറിച്ചായിരുന്നു. മനുഷ്യന്‍ ചരിത്രത്തിലൂടെ നിരന്തരം അര്‍ ത്ഥപ്രസക്തികളുടെ സംഭവങ്ങളും പ്രതികരണങ്ങളും പ്രത്യക്ഷങ്ങളുമാണ് ഉണ്ടാക്കുന്നത്. ഓരോ മനുഷ്യനും സ്വന്തം കഥ ഉണ്ടാക്കുന്നു - അതാണ് അവരുടെ ജീവിതസാക്ഷ്യങ്ങള്‍. ഈ സാക്ഷ്യങ്ങള്‍ സംഭവങ്ങളാണ്. ഇവ കര്‍മ്മങ്ങളോ പ്രതികരണങ്ങളോ നിലപാടുകളോ സംഭവങ്ങളോ ആകാം. അവ എഴുതപ്പെട്ട കൃതിപോ ലെയാണ്. ഇവ വായിച്ച് വ്യാഖ്യാനിക്കണം. ഇവിടെ ചരിത്രമാകുന്നതു ദൈവത്തിന്റെ പ്രസാദമാണ്. മനുഷ്യന്റെ ആന്തരികതയില്‍ ദൈവത്തിന്റെ സാന്നിധ്യമനുഭവിച്ചവര്‍ അതു സംഭവങ്ങളായി മാറ്റുന്നു ചരിത്രത്തില്‍. ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ കാള്‍റാനര്‍ എഴുതി ''ഭാവിയില്‍ നിങ്ങള്‍ ഒന്നുകില്‍ ഒരു മിസ്റ്റിക് അല്ലെങ്കില്‍ ഒന്നുമല്ലാത്തവന്‍.'' മിസ്റ്റിക് ദൈവാനുഭവത്തില്‍നിന്നു ജീവിക്കുന്നവനാണ്; അയാള്‍ ചരിത്രം സൃഷ്ടിക്കുന്നു.

ദാനിയേലിന്റെ പുസ്തകത്തില്‍ രാജകൊട്ടാരത്തിന്റെ മിനുത്ത ഭിത്തിയില്‍ മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷമായി എഴുതുന്നു. എഴുതിയതു വായിക്കാനാണ് ദാനിയേല്‍ ക്ഷണിക്കപ്പെടുന്നത്. അതൊരു ചുവരെഴുത്തു വായനയായിരുന്നു. രാജാവിനുള്ള സന്ദേശമായി അതു ദാനിയേല്‍ വായിച്ചു. എ.ഡി. 70-നു ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടു. യഹൂദര്‍ അതു പിന്നെ പണിതില്ല. അവര്‍ ബലിയും പൗരോഹിത്യവും അവസാനിപ്പിച്ചു. സിനഗോഗുകളും റാബിമാരുടെയും പാരമ്പര്യം തുടങ്ങി. ജറുസലേം സൂനഹദോസില്‍ പത്രോസിനെ പൗലോസ് എതിര്‍ത്തു. അതു കാലത്തിന്റെ അടയാളമായി വിശ്വാസികള്‍ വ്യാഖ്യാനിച്ചു. ഛേദനാചാരം ക്രൈസ്തവര്‍ക്ക് വേണ്ട എന്നു തീരുമാനിച്ചു.

ഈ പശ്ചാത്തലത്തില്‍ ജര്‍മ്മന്‍സഭ സഭയില്‍ ഉണ്ടാകുന്ന എതിര്‍പ്പുകളെക്കുറിച്ചും സംസാരിക്കുന്നു. എതിര്‍പ്പിനെയും കാലത്തിന്റെ അടയാളമായി അവര്‍ വായിക്കുന്നു. ഈ പശ്ചാത്തല ത്തിലാണ് ഉത്തരവാദിത്വപൂര്‍ണ്ണമായ പങ്കാളിത്തത്തിലൂടെ എല്ലാ വിശ്വാസികളെയും സഭയുടെ ദൗത്യത്തില്‍ പങ്കുകാരാക്കുന്നതിനെക്കുറിച്ച് അവര്‍ ഗൗരവമായി ചിന്തിക്കുന്നത്. എതിര്‍പ്പിന്റെയും വിഘടനത്തിന്റെയും നിലപാടുകള്‍ പലപ്പോഴും സഭയില്‍ ഉണ്ടായിട്ടുണ്ട്. മാര്‍പാപ്പ അപ്രമാദിത്വത്തോടെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാതെ കത്തോലിക്കനാകാന്‍ കഴിയുമെന്നു തോന്നുന്നുണ്ട്. എന്നാല്‍ തോമസ് അക്വിനാസ് (1225-1274) കന്യകാമാതാവിന്റെ അമലോത്ഭവത്തെ എതിര്‍ത്ത ദൈവശാസ്ത്രജ്ഞനാണ്. മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത് 19-ാം നൂറ്റാണ്ടിലാണ്. എന്നാല്‍ അക്വിനാസ് അരിസ്‌റ്റോട്ടിലിന്റെ പ്രബോധനങ്ങള്‍ ഉപയോഗിച്ച് ക്രൈസ്തവ വിശ്വാസത്തെ വിശദീകരിച്ചു. പാരീസിലെ മെത്രാപ്പോലീത്ത എറ്റിയേല്‍ ടെംപിയര്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തമാരായ റോബര്‍ട്ട് കില്‍വാര്‍ ഡ്ബി, ജോണ്‍ പെക്കാം എന്നിവരെ എതിര്‍ക്കുകയും ശപിക്കുകയും ചെയ്തു. 1713-ല്‍ ക്ലെമന്റ് XI മാര്‍പാപ്പ ഫ്രഞ്ച് വൈദികന് (Parquier quesnel) എഴുതിയ പുതിയ നിയമത്തിന്റെ വ്യാഖ്യാനത്തിലെ 101 പ്രസ്താവങ്ങളെ ശപിച്ചു. എന്നാല്‍ unigenitus എന്ന ആ കല്പനയ്ക്ക് എതിരായ അതിശക്തമായ എതിര്‍പ്പാണ് ഫ്രാന്‍സില്‍ ഉടനീളമുണ്ടായത്. ഈ എതിര്‍പ്പിനെ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ''മനുഷ്യജീവന്‍'' എന്ന ചാക്രികലേഖനത്തോടുണ്ടായ എതിര്‍പ്പിനോടാണ് താരതമ്യം ചെയ്യുന്ന്. ഈ പ്രബോധന രേഖയെ അമേരിക്കയിലേയും കാനഡയിലേയും ജര്‍മ്മനിയിലേയും ഹോളണ്ടിലേയും മെത്രാന്മാര്‍ എതിര്‍ത്തു. 1967-ല്‍ മെത്രാന്മാരോട് ഇതു സംബന്ധിച്ച അഭിപ്രായമറിയിക്കാന്‍ പോള്‍ ആറാമന്‍ ആവശ്യപെട്ടിരുന്നു. പോള്‍ ആറാമന്‍ മെത്രാന്മാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെയാണ് ചാക്രികലേഖനം എഴുതിയത് എന്നു പറയുന്നു.

എതിര്‍പ്പുകള്‍ സഭയുടെ ആന്തരികതയില്‍ ഉണ്ടാകാം. എല്ലാ എതിര്‍പ്പും അപകടകരമാണ് എന്നു വരുന്നില്ല. ഭാവിയുടെ വഴികളെക്കുറിച്ച് അവ്യക്തതകള്‍ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങളും. സഭയുടെ കാര്യം കുറച്ച് മെത്രാന്മാരുടെ മാത്രം പ്രശ്‌നമല്ല എന്നതാണ് ജര്‍മ്മന്‍ സിനഡുവഴിയുടെ വലിയ കണ്ടെത്തല്‍. എല്ലാവരേയും കേള്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ് എന്നു വിശ്വസിക്കാത്തവര്‍ക്ക് ക്രിസ്തുവിന്റെ സുവിശേഷം അന്യമാകാം. വചനം മാംസം ധരിച്ചതാണ് യേശു. അവന്റെ വചനങ്ങള്‍ ദൈവത്തിന്റെ വചനങ്ങളാണ്. ''വചനം ദൈവമായിരുന്നു'' എന്നതു സു വിശേഷ വാചകമാണ്. വചനം ദൈവമായിരുന്നെങ്കില്‍ ദൈവം വചനമാണ്. ക്രൈസ്തവീകത വചനമാകുന്ന ദൈവത്തിലുള്ള വിശ്വാസമാണ്. വചനത്തോടുള്ള അലര്‍ജി പ്രകടമാകുമ്പോള്‍ എന്താണ് അത് അര്‍ത്ഥമാക്കുന്നത്? വളര്‍ച്ചയുടെ പാതയില്‍ അഭിപ്രായ സംഘട്ടനങ്ങളും വിയോഗങ്ങളും ഉണ്ടാകും. തോമസ് അക്വിനാസ് പല അഭിപ്രായങ്ങളുമായി വിയോജിച്ചത്. ധാരാളം സഭാധികാരികള്‍ അദ്ദേഹത്തോടും വിയോജിച്ചു. അവരാരും സഭാ ശത്രുക്കളായിരുന്നില്ല. പോള്‍ ആറാമനും അദ്ദേഹത്തെ എതിര്‍ ത്ത മെത്രാന്മാരും സഭയുടെ നന്മയാണ് ദൗത്യമാണ് ലക്ഷ്യമാക്കിയത്. ന്യായമായ പ്രതിപക്ഷ സാന്നിധ്യമില്ലാത്ത സമൂഹഘടന ശരിയല്ല എന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org