അനുസരണത്തിന്റെ അന്തമില്ലാത്ത ഉപജാപം

അനുസരണത്തിന്റെ അന്തമില്ലാത്ത ഉപജാപം

അനുസരണത്തെക്കുറിച്ച് അധികാരികള്‍ക്ക് എന്നും ആവലാതിയാണ്. അനുസരിക്കണം ആര്, ആരെ? എല്ലാവരേയുംകാള്‍ ആര്‍ക്കാണ് മുന്‍ഗണന? നിനക്കു മുമ്പില്‍ ഞാനോ, എനിക്കു മുമ്പില്‍ നീയോ? ആരു നിശ്ചയിക്കും? അനുസരണവും അനുസരണക്കേടും മനുഷ്യവ്യക്തിയുടെ ആന്തരികതയിലെ അന്തമില്ലാത്ത ഉപജാപവും രഹസ്യവുമാണ്. ഹൈഡഗര്‍ എഴുതി, ''എല്ലാം ആത്മാര്‍ത്ഥതയാണ്'' കാപട്യരഹതിമായ സുതാര്യ നടപടി. ആന്തരികബോധത്തിന്റെ സുതാര്യമായ തര്‍ജമയാണ് നടക്കുന്നത്. ഭാഷണം ആന്തരികതയുടെ ഭാഷാന്തരമാണ്. എനിക്കുള്ളിലുള്ളതു ഞാനാണ് തര്‍ജമ ചെയ്യുന്നത്. ആന്തരികതയിലെ അനുഭവം എന്ന വിദേശഭാഷ മാതൃഭാഷയിലേക്കു ഭാഷാന്തരം ചെയ്യുന്നു. ആത്മജ്ഞാനം അകത്തുസംഭവിക്കുകയാണ്, അതിന്റെ ആഖ്യാനമാണ് നിര്‍വഹിക്കുന്നത്.

ആന്തരികതയുടെ കേള്‍വിയും മറുപടിയുമാണ് സംഭവിക്കുന്നത്. ആത്മാര്‍ത്ഥത ശ്രദ്ധയിലും ശ്രവണത്തിലുമാണ്. ആന്തരികതയുടെ കേള്‍വിയനുസരിച്ചാണ് പറയലും കര്‍മ്മവും. ഈ കേള്‍വിയാണ് അനുസരണം. ചെവിയാണ് ഏറ്റവും ധാര്‍മ്മികമായ ഇന്ദ്രിയം. ഇവിടെ ആര് ആരെ കേള്‍ക്കുന്നു? എന്നെക്കാള്‍ എനിക്ക് അടുപ്പമുള്ള എന്റെ ആന്തരികത അതാണ് ശ്രദ്ധയുടേയും ശ്രവണത്തിന്റേയും അടിസ്ഥാനം.

ലോക അസ്തിത്വങ്ങളില്‍ ഒന്നു മാത്രമായ ഞാന്‍ കേള്‍ക്കുന്നത് അസ്തിത്വ അടിസ്ഥാനത്തെയാണ്. എന്റെ മൗലികമായ അനുസരണം. അതു ഞാന്‍ എന്നെ ഉറപ്പിക്കുന്നതല്ല. എന്നെ അവഗണിച്ച് ആന്തരികതയിലെ ഞാനല്ലാത്തതിനെ ഉറപ്പിക്കുന്നതാണ്. അത് എന്നെ ഏറ്റുപറയുന്നതല്ല, നിന്നെ ഏറ്റുപറയുന്നതാണ്. ഞാനല്ലാത്തത് എന്നിലുണ്ട് എന്ന തിരിച്ചറിവാണിത്. എന്റെ സുരക്ഷിതത്വ പ്രശ്‌നമല്ലിത്. ഇതിനു ദൈവഭയം എന്നു പറയുന്നവരുണ്ട്. അതൊരു ശിക്ഷയെ ഭയപ്പെടുന്നില്ല. എന്നിലെ ദൈവികമായതിനെ ആദരിക്കലും പിന്‍ചെല്ലലുമാണ്. ഇവിടെ കുറ്റബോധവും പാപബോധവും ആത്മാര്‍ത്ഥയില്ലാത്തതു മാത്രമല്ല. ഞാന്‍ എന്നിലെ ആന്തരികതയെ തര്‍ജമ ചെയ്തതു തെറ്റിയോ എന്ന അങ്കലാപ്പുമാണ്.

ഇടിമുഴക്കത്തില്‍ സംസാരിച്ച ദൈവത്തിന്റെ ഭാഷ മോസ്സസ് തര്‍ജമ ചെയ്തതു പത്തു കല്പനകളായിട്ടാണ് (പുറപ്പാട് 19:19). ബ്രഹത്ദാര ണിക ഉപനിഷദ്കാരന്‍ ദാനം ചെയ്യുക, ദയ കാണിക്കുക, സംയമനം ചെയ്യുക എന്നാണ് അതിന്റെ തന്നെ തര്‍ജമ. ഇവിടെ യോജിപ്പും വിയോജിപ്പും കാണാം.

തര്‍ജമ ശരിയോ തെറ്റോ എന്നറിയാനാണ് മറ്റുള്ളവരെ കേള്‍ക്കുന്നത്. അതു പരിധിയില്ലാത്ത കേള്‍വിയാണ്, സംഭാഷണമാണ്. സ്വയം വ്യാഖ്യാനിക്കുമ്പോള്‍ പാളിപ്പോകാം, കണക്കാക്കലിന്റെ കണക്കുകൂട്ടലുകള്‍ കടന്നുവരാം. അവിടെയൊക്കെ തെറ്റുകള്‍ പറ്റാതിരിക്കാന്‍ വേണ്ടത്ര ശ്രദ്ധയും ശ്രവണവുമാണ് അനിവാര്യം. നിരാമയമായ സംഭാഷണങ്ങള്‍ അത് പരിഹരിക്കാനാണ്. അവിടെയും അനുസരണം കേള്‍വിയാണ്. അകത്തുവന്നു വീഴുന്നത് ആലിപ്പഴം പോലെയാണ്; മഴ പെയ്യു ന്നതു പോലെയാണ്. ആര് പെയ്യുന്നു എന്നു ചോദിക്കാറില്ല. അതു ദാനങ്ങളുടെ നിതാന്ത വര്‍ഷമാണ്. കൂട്ടായ ചിന്തയും കേള്‍വിയും തര്‍ജമകളുടെ കാര്യത്തില്‍ പൊതുസമ്മതം ഉണ്ടാക്കല്‍ അനിവാര്യമാണ്. ഉത്തരവാണ് വരുന്നത്. അതിന് ഉത്തരം കൊടുക്കുന്നതാണ് ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വം ഒരു ആത്മാര്‍ത്ഥതയാണ് സുതാര്യതയാണ്. എത്ര ശ്രദ്ധിച്ചാലും ശ്രവിച്ചാലും അന്യമായ ആന്തരികതയെ കൃത്യമായി ആഖ്യാനിച്ചു എന്നു പറയാനാവില്ല. പലതരത്തില്‍ ഇവിടെ വഴിതെറ്റാം.

''ഇസ്രയേലേ കേള്‍ക്കുക'' എന്നതു യഹൂദരുടെ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന കേള്‍വിയാണ്, ശ്രദ്ധയാണ്, ശ്രവണമാണ്. ഈ പ്രാര്‍ത്ഥന ആന്തരികമായ ശബ്ദത്തോടു മാത്രമല്ല; മറ്റുള്ളവരുടെ ഈ വിഷയത്തിലുള്ള തര്‍ജമകളുടെ ശ്രവണത്തിലേക്കുമാണ്. എന്റെ വായന എന്റെ അഹങ്കാര വായനയോ എന്നതു അപരവായനകളിലൂടെ മാത്രമേ ഉറപ്പാക്കാനാകൂ. എന്നിലെ തോന്നിപ്പുകള്‍ ഞാന്‍ മനസ്സിലാക്കിയതു തെറ്റാതിരിക്കാന്‍ ഞാന്‍ നിരന്തരമായി അപരസ്വരങ്ങളിലേക്കു കാതുകൂര്‍പ്പിക്കണം. ഉള്ളിലും പുറത്തും കേള്‍ക്കുന്നതിനോടുള്ള കരുണയില്ലാത്ത ഉപജാപത്തിന്റെ കേള്‍വിയാണ് അനുസരണത്തിന്റെ രഹസ്യം.

സത്യത്തില്‍ ഇതു ആതിഥ്യമാണ്; ആന്തരികതയിലേ അന്യതയോടു കാണിക്കുന്ന ആതിഥ്യം. എന്നെക്കാള്‍ പ്രാമുഖ്യം അപരശബ്ദത്തിനു കൊടുക്കുന്ന ധര്‍മ്മബോധം. ഈ ആത്മാര്‍ത്ഥതയാണ് പരാര്‍ത്ഥത. അധികാരം അട്ടിമറിക്കപ്പെടുന്നു മൗലികമായി ആത്മാര്‍ത്ഥതയില്ലാതെയാണ്. ആന്തരികതയോടു വിശ്വസ്തത പുലര്‍ത്താതെ അഹം ആധിപത്യം പുലര്‍ത്തുന്നു. എന്നിലുള്ള അധികാരശബ്ദത്തോട് ബധിരമാകന്നു. അതാണ് മനസ്സാക്ഷിയുടെ വഞ്ചന. എന്നെക്കാള്‍ എന്നോട് അടുപ്പമുള്ളതു അവഗണിക്കുന്ന അടിസ്ഥാന പാപം. അഗസ്റ്റിന്‍ എഴുതി ''നീ എന്നിലായിരുന്നു, ഞാന്‍ പുറത്തായിപ്പോയി.'' പുറത്തു കടക്കുന്ന അഹം. അധികാരിയാകുമ്പോള്‍ ആധിപത്യജ്വരമാണ് പുറത്തേക്ക് പ്രവഹിക്കുന്തന്. ഭാരത പാരമ്പര്യത്തിലെ അശ്വമേധയാഗം ഇതാണ്. എന്റെ അഹത്തിന്റെ കുതിരയെ പിടിച്ചുകെട്ടുന്നവര്‍ക്കെതിരെ യുദ്ധം ചെയ്തു ഞാന്‍ ബലി കഴിക്കുന്നതു അപരരെയാണ്. ഇവിടെ ധര്‍മ്മ ബുദ്ധിയാണ് വികലമാകുന്നത്. അതു വക്രബുദ്ധിയായി മാറുന്നു; തെറ്റായ ലക്ഷ്യങ്ങള്‍ക്കായി ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന അന്ത്യപ്രലോഭനത്തില്‍ വീഴുന്നു. പിന്നെ പ്രലോഭനങ്ങളില്ല. ഈ അന്ത്യപ്രലോഭനത്തില്‍ വീഴുന്നവര്‍ക്ക് അധികാരം ലക്ഷ്യമാണ്; മാര്‍ഗമല്ല. അവര്‍ അനുസരിക്കാതെ അനുസരിപ്പിക്കുന്ന സ്വഗതക്കാരാണ്. അവര്‍ക്ക് ഭാഷണം ആധിപത്യഭാഷണമാണ്.

രണ്ടു വിധത്തില്‍ മനുഷ്യന്റെ ധര്‍മ്മ ചിന്ത എന്ന ആന്തരികതയുടെ ശ്രവണം അട്ടിമറിക്കപ്പെടാം. ചിന്ത വെടിഞ്ഞവര്‍ അധികാരം നഷ്ടപ്പെടുത്തുന്നവരാണ്. ഇവര്‍ നല്ല ബുദ്ധിയുള്ളവരാകാം. പക്ഷേ, ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കില്ല, വിലയിരുത്തില്ല. 60 ലക്ഷം യഹൂദരെ കൊല്ലാന്‍ എത്തിച്ചുകൊടുത്ത റുഡോള്‍ഫ് ഐക്മാന്‍ ''ചിന്തയില്ലാത്ത'' മനുഷ്യനായിരുന്നു എന്ന് അദ്ദേഹത്തിന്റെ വിസ്താര സാക്ഷിയായ ഹന്ന അരന്റ് എഴുതി. ചിന്തയില്ലാത്ത വ്യക്തികള്‍ ഭീകരതകളും പൈശാചികതകളും ചെയ്യുന്നവരാകും. ചിന്ത വെടിയുന്നതു ലാഭകരമായി കാണുന്നവരാണ് ഇവര്‍. ഈ ചിന്ത വെടിഞ്ഞ കൂട്ടരില്‍പ്പെടുന്നവരാണ് ശാസ്ത്രീയ ചിന്തകര്‍. അവര്‍ ചിന്തിക്കുന്നു പക്ഷേ, ചിന്ത അവര്‍ക്കു കണക്കുകൂട്ടലാണ്; കച്ചവടത്തിന്റെ കണക്കുകൂട്ടല്‍. ഇവര്‍ക്ക് സാമാന്യബോധമില്ല. ചിന്തയും ശ്രവണവും മരവിച്ച ഒരു കാലഘട്ടത്തിലാണ് നാം. സാങ്കേതിക ചിന്ത ധാരാളമുണ്ട്. ധര്‍മ്മചിന്ത നാടുവിടുന്നു. ഈ സാഹചര്യത്തില്‍ അധികാരത്തിന്റെ സ്വരം മുക്തമാകുകയും ആധിപത്യത്തിന്റെ കീഴില്‍ മനുഷ്യര്‍ ഇരുകാലികളായി മാറുകയും സ്വാഭാവികമാണ്. ആധിപത്യത്തോടുള്ള ചെറുത്തുനില്പിലാണ് അധികാരം പ്രത്യക്ഷമാകുന്നത്. യോഫാം പറഞ്ഞ മരങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥയുടെ സത്യം ഇതാണ് (ന്യായാധിപന്മാര്‍ 9:8-15).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org