പോള്‍ തേലക്കാട്ട്
"അധഃപതനത്തിനെതിരായ മനുഷ്യസംഘര്‍ഷത്തിന്റെ ശ്രമങ്ങള്‍ക്കിടയില്‍ അതിലംഘിക്കപ്പെടാതെയും എന്നാല്‍ ചിന്തിക്കപ്പെടാതെയും ക്രൈസ്തവീകത ഏറ്റവും മഹത്തരമായി നിലകൊള്ളുന്നു." ഇതെഴുതിയതു പ്രാഗ് വസന്തത്തിന്റെ ചെക്ക് ചിന്തകനായ യാന്‍ പട്ടാക്കയാണ്. മതവും പൈശാചികതയും ബന്ധപ്പെട്ടു കിടക്കുന്നതായി അദ്ദേഹം കാണുന്നു. മതം ഭീതികരവും അത്ഭുതാവഹവുമായ രഹസ്യത്തിന്റെ ഉന്മാദത്തില്‍ നിരന്തരം മുഴുകുന്നു. ഈ ഉന്മാദമാണ് മതമെന്നു വരുന്നു. ബലിയാടുകളെ ഉണ്ടാക്കുന്ന ബലിയിലേക്കു അതു നിരന്തരം കൂപ്പുകുത്തുന്നു. അദ്ദേഹം എഴുതി "മതം അതിഭൗതികമല്ല; അതിഭൗതിക ഉന്മാദങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്ന അനുഭവങ്ങളില്‍ നിന്നുമല്ല മതം. മറിച്ച് അതിഭൗതികമായ പൈശാചികത വ്യക്തമായി അതിംഘിക്കുന്നതിലാണ്." അത് അതിലംഘിക്കുന്നത് ഉന്മാദത്തില്‍ ഉത്തരവാദിത്വം സന്നിവേശിപ്പിച്ച് ഈ ഉന്മാദങ്ങളെ നിയന്ത്രിച്ചുകൊണ്ടാണ്. പൈശാചിക ഉന്മാദങ്ങളെ ഉത്തരവാദിത്വമായി മാറ്റുന്നിടത്താണ് മതം നിലകൊള്ളുന്നത്.
അദ്ദേഹം തന്റെ പാഷണ്ഡ ലേഖനങ്ങളിലാണ് ഇത് എഴുതു ന്നത്. അദ്ദേഹത്തിന്റെ ലേഖനങ്ങളെ "പാഷണ്ഡ" എന്നു വിശേഷിപ്പിക്കുന്നതു രണ്ട് അര്‍ത്ഥത്തിലാണ്. ക്രൈസ്തവികത ചിന്തയ്ക്കു വിധേയമാകുന്നതു ക്രൈസ്തവസാമ്രാജ്യത്തിനു ശേഷമാണ്. ക്രൈ സ്തവസാമ്രാജ്യം കിര്‍ക്കെഗോര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ സീസറിന്റെ അധികാരഘടനയ്ക്ക് വിധേയമായ കാലഘട്ടമാണ്. സീസറിന്റെ അധികാരഘടനയിലാണ് യേശു ക്രൂശിക്കപ്പെടുന്നത്. ക്രൈസ്തവീകത സാമ്രാജ്യത്വത്തിനു പുറത്തു കടക്കണം. രണ്ടാമതായി ക്രൈസ്തവീകതയില്‍ ചിന്ത മരവിച്ച അവസ്ഥയില്‍നിന്നു പുറത്തുകടക്കണം. ചിന്ത മരവിക്കാന്‍ കാരണം സത്യം അറിഞ്ഞു, സത്യം കണ്ടെത്തി ഇനിയതു മലിനമാകാതെ കാത്തുസൂക്ഷിക്കുക മാത്രമാണ് ചെയ്യേണ്ടത് എന്ന നിഗമനത്തിലാണ്. സത്യത്തെ പാഷണ്ഡതകളില്‍ നിന്നു സംരക്ഷിക്കുന്ന ജാഗ്രതയാണ് ഇനിയുള്ള കാലം. പാഷണ്ഡതകളെ തിരഞ്ഞുപിടിച്ച് പുറത്താക്കുക. ഇവിടെ തെറ്റ് കണ്ടെത്തി അതിനെ നിഹനിക്കലായി സഭയിലെ കാവലിന്റെ പ്രശ്‌നം. പക്ഷെ, സത്യം കണ്ടെത്തിയതു മാത്രമാണോ? ആ കണ്ടെ ത്തല്‍ എന്നന്നേക്കുമായി കഴിഞ്ഞോ? ഈ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും നടത്തേണ്ടതുണ്ട്. എല്ലാ കണ്ടെത്തലും കാലികമാണ്, കണ്ടെത്തല്‍ അവസാനിക്കുന്നില്ല, അന്വേഷണവും അവസാനിക്കുന്നില്ല. വിശ്വാസം എപ്പോഴും അന്വേഷിക്കുന്നു; വിശ്വസിക്കുന്നവര്‍ അനന്തമായി ചോദിക്കുന്നു. പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ആ വഴി നീണ്ടു കിടക്കുന്നു.
പ്ലേറ്റോയുടെ പദം കടമെടുത്താല്‍ ആത്മപരിപാലനത്തിന്റെ സത്യം എന്നന്നേക്കുമായി നല്കപ്പെട്ടിട്ടില്ല. അതു ജീവിതാവസാനം വരെയുള്ള അന്വേഷണവും ആത്മനിയന്ത്രണവും എല്ലാം ഒന്നിപ്പിക്കുകയും ചെയ്യുന്ന ജീവത്തായ ദൈവികതയുടെ അന്വേഷണമാണ്. ആത്മപരിപാലനം നിരന്തരമായ പ്രക്രിയയാണ്. നിരന്തരമായ അന്വേഷണം നിരാമയമായ ചോദ്യം ചെയ്യലും അധഃപതനത്തിനെതിരായ നടപടിയുമാണ്. അത് ഉത്തരവാദിത്വമൊഴിഞ്ഞ ഉന്മാദത്തിലേക്കു വഴുതിവീഴുമ്പോഴാണ് അധഃപതനം. ഉന്മാദം ഒരുവന്‍ തന്നില്‍ നിന്നു ഇറങ്ങിപ്പോകുന്നതാണ്. അത് ഒരുതരം ഒളിച്ചോട്ടമാണ്. അതു ധര്‍മ്മവും അതിന്റെ ഉത്തരവാദിത്വപരമായ തലവും വെടിഞ്ഞ് ചരിത്രത്തില്‍നിന്നു മാറിനില്‍ക്കലാണ്. കള്ള് കുടിച്ചു കോഴിവെട്ടി നടത്തുന്ന മന്ത്രവാദവും അതിലെ ഉറഞ്ഞുതുള്ളലും ദൈവിക ഉന്മാദമായി തെറ്റിദ്ധരിക്കുമ്പോള്‍ മതം പൈശാചികതയിലേക്കും കൂപ്പുകുത്തുന്നു. മതം മനുഷ്യനെ ഉത്തരവാദിത്വത്തിന്റെ ചരിത്ര നിര്‍മ്മാതാക്കുന്നതിനു പകരം മതം മനുഷ്യനെ മയക്കി ചരിത്രത്തിനു പുറത്താക്കുന്ന മയക്കുമരുന്നായി മാറുന്നു.
പ്രേതബാധയകറ്റലും രോഗശാന്തി ശുശ്രൂഷയും കൂട്ടായ ഉറഞ്ഞു തുള്ളുന്ന കൂത്താട്ടങ്ങളും മതാനുഷ്ഠാനങ്ങളായി മാറുമ്പോള്‍ ഉച്ചത്തിലുള്ള പാട്ടിന്റെ ഉച്ചസ്ഥായിയിലുള്ള അറമാദിക്കലുകള്‍ ആത്മീയതയല്ല പൈശാചിക ഉന്മാദങ്ങളാണ്. മതം മനുഷ്യനെ ഉന്മാദിയാക്കാനല്ല ഉത്തരവാദിയാക്കി ചരിത്രം സൃഷ്ടിക്കാനാണ് എന്നതു മറക്കുന്നു. ഉന്മാദരഹസ്യം ക്രൈസ്തവരഹസ്യമല്ല. ഭീതികരവും അത്ഭുതകരവുമായ ഉന്മാദദൈവികതയില്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവില്ല. ക്രൈസ്തവീകതയുടെ നിരന്തരമായ പ്രലോഭനം ബലിയാടുകളെ ഉണ്ടാക്കുന്ന ബലിയുെട നിരുത്തരവാദപരമായ ചരിത്രമാണ്. അപരനെ ബലിയാടാക്കുന്ന ബലിയുടെ സാധൂകരണത്തിലേക്ക് സുവിശേഷത്തെ ഒതുക്കുന്നു എന്ന വിപത്താണ് ക്രൈസ്തവികത നേരിടുന്നത്.
മതത്തെ ഉത്തരവാദിത്വത്തിലാണ് നിര്‍വ്വചിക്കുന്നത്. മതം ചരിത്രത്തില്‍ ഉത്തരവാദിത്വ രഹിതമായി ജീവിക്കാനല്ല പഠിപ്പിക്കേണ്ടത്. ഉത്തരവദിത്വത്തില്‍നിന്ന് ഒഴിഞ്ഞ് പരലോക പാറ്റകളാകുകയല്ല മതത്തിന്റെ ധര്‍മ്മം. അതു പൈശാചികമായ ഒളിച്ചോട്ടമാണ്. മതം ശുദ്ധ വെളിപാടോ ശുദ്ധ സ്ഥാപനമോ അല്ല. മറിച്ച് വിശുദ്ധി ഉത്തരവാദിത്വമായി ചരിത്രത്തില്‍ ഇടപെടുന്നതാണ്. മതം തിരിച്ചുവരുന്നതു മാന്ത്രീകതയിലേക്കല്ല, ധര്‍മ്മത്തിലേക്കും, രാഷ്ട്രീയത്തിലേക്കുമാണ്. അതു ചരിത്രത്തില്‍നിന്നു ഒഴിവാകലല്ല; മറിച്ച് ചരിത്രത്തിനുള്ളില്‍ വിശുദ്ധമായ ദൗത്യം നിര്‍വഹിക്കുന്ന കടമയാണ്.
ഷാക് ദരീദ 1992-ല്‍ വിയന്നയില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ പട്ടാക്കയെ അനുസ്മരിച്ചായിരുന്നു. ആ പ്രഭാഷണപരമ്പരയ്ക്ക് അദ്ദേഹം കൊടുത്ത പേര് "മരണദാനം" എന്നാണ്. മതജീവിതം ബലിയല്ല, അതു ഒരു മൃഗത്തെയോ മനുഷ്യനെയോ ബലി ചെയ്യലല്ല. മറിച്ച് മതം മരണത്തിന്റെ സമര്‍പ്പണമാണ്. മതം ഉത്തരവാദിത്വമാകാതെ മനുഷ്യബലിയുടെ ഉന്മാദത്തിലേക്കു തരംതാഴുന്നതു നാം കാണുന്നു. പശുമാംസത്തിന്റെ പേരിലുള്ള തല്ലിക്കൊലകള്‍ പശുവിന്റെ ജീവനുവേണ്ടിയുള്ള നരബലികളാണ്. ദൈവനാമത്തില്‍ വിമാനം ബോംബുവയ്ക്കുന്നതും നാം കണ്ടു. ഇതാണ് മതത്തിന്റെ പൈശാചികത. ഈ പൈശാചികതയുടെ നിര്‍ദോഷരൂപങ്ങളും തീവ്രരൂപങ്ങളും കാണാം. അപരനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ഉത്തരവാദിത്വത്തിലേക്കാണ് മതം വളരേണ്ടത്. ജീവന്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ഉത്തരവാദിത്വവുമില്ല.