ദേവാലയമില്ലാത്തവന്റെ ബലി

ദേവാലയമില്ലാത്തവന്റെ ബലി
Published on

യഹൂദരുടെ ആരാധനക്രമം അനുഷ്ഠാന പ്രതിസന്ധിയുടേതാണ്. ഇതു നമ്മോട് പറയുന്നത് ഇന്നത്തെ പ്രസിദ്ധ ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ ലൂയി മാരി ഷൊവെയാണ് (Louis Marie Chauvet). മറ്റു മതങ്ങളില്‍നിന്നു ഭിന്നമായി ഇസ്രാ യേല്‍ അനുഷ്ഠാനബന്ധിയാകുന്നതില്‍ സുരക്ഷിതത്വമോ അഭയമോ കണ്ടെത്തുന്നില്ല. ''പ്രഭാഷകന്‍'' എന്ന പേരിലുള്ള പഴയ നിയമഗ്രന്ഥം സിറാക്കിന്റെ മകന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരില്‍ ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു. അതില്‍ പറയുന്നു, ''നിയമം പാലിക്കുന്നതു നിരവധി ബലികള്‍ അനുഷ്ഠിക്കുന്നതിനു തുല്യമാണ്. ...അനീതി വര്‍ജ്ജിക്കുന്നതു പാപപരിഹാരബലിയാണ് (പ്രഭാഷകന്‍ 35:1-5). ദേവാലയത്തി ലെ ബലി വെറും അധരസേവയാണ് എന്ന വിധത്തില്‍ കുറ്റപ്പെടുത്തുന്ന പ്രവാചകരെ നാം കാണുന്നു. എന്നാല്‍ ഈ പുസ്തകത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ബലിയായി മാറുന്നു.

''ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കുന്നു.'' ഇവിടെ ഗൗരവമായ മാറ്റം വ്യക്തമാണ്. ദേവാലയത്തിലെ അള്‍ ത്താരയ്ക്കു പകരം അയല്‍ക്കാരന്‍ ബലിവേദിയായി മാറുന്നു. ''സുഭാഷിതങ്ങള്‍'' പറയുന്നു, ആവശ്യക്കാരനോട് കരുണ കാണിക്കുന്നതും പരോപകാരം ചെയ്യുന്നതും ദൈവത്തിനു വേണ്ടി അര്‍ പ്പണമായി മാറുന്നു. ദരിദ്രനെ ചൂഷണം ചെയ്യുകയോ അപഹസിക്കുകയോ ചെയ്യുന്നവന്‍ സ്രഷ്ടാവനെ അവഹേളിക്കുന്നു. ദരിദ്രരോട് കരുണ കാണിക്കുന്നവന്‍ ദൈവസ്തുതി നടത്തുന്നു (സുഭാഷിതങ്ങള്‍ 14:31; 19:17). ദാനിയേലിന്റെ പുസ്തകത്തില്‍ നീതി നിര്‍വഹിക്കാതിരിക്കുകയോ അടിച്ചമര്‍ത്തപ്പെട്ടവനോട് കരുണ കാണിക്കാതിരിക്കുകയോ ചെയ്താല്‍ ദൈവം ശിക്ഷി ക്കും എന്നു നബുക്കനാസര്‍ രാജാവിനോട് ദാനിയേല്‍ പറയുന്നു (ദാനിയേല്‍ 4:27).

അസ്സീറിയന്‍ അടിമത്തത്തില്‍ ജീവിച്ച തോബിത്തിന്റെ കഥ പറയുന്ന പുസ്തകത്തില്‍ ദേവാലയത്തില്‍ ഒരനുഷ്ഠാനവും നടത്താനാവില്ലായിരുന്നു. പക്ഷെ, തോബിത്ത് അവിടെ സത്യത്തിന്റെയും നീതിയുടെയും വഴിയില്‍ ചരിക്കുന്നു. പരോപകാര പ്രവൃത്തികള്‍ ചെയ്യുന്നു (തോബിത് 1:3). അയാള്‍ ദേവാലയത്തില്‍ അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നവനാണ് (1:5-9). അയാള്‍ മകനോട് പറയുന്നത് ദേവാലയത്തില്‍ പോയി ബലിയും അനുഷ്ഠനങ്ങളും നടത്താനല്ല. വിശക്കുന്നവനു ആഹാരം കൊടുക്കാനും നഗ്നനെ ഉടുപ്പിക്കാനും ദാനധര്‍മ്മങ്ങള്‍ നടത്താനുമാണ്. ''പാവപ്പട്ടവനില്‍ നിന്നു മുഖം മറയ്ക്കരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്നു മു ഖം മറയ്ക്കുകയില്ല (4:7). തോബിത്ത് പറയുന്നതനുസരിച്ച് ദേവാലയത്തിലെ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുന്നതിനു തുല്യമാണ് ഒരു യാചകന്റെ കയ്യില്‍ നാണയം വയ്ക്കുന്നത്. തോബിത്തിന്റെ ദാനധര്‍മ്മം ദൈവഭക്തിയായി മനസ്സിലാക്കി. യഹൂദ പാരമ്പര്യത്തില്‍ ബലി ദൈവത്തോടടുപ്പിക്കുന്നു. കാരുണ്യപ്ര വര്‍ത്തി ''പ്രഭാഷക'' പുസ്തകത്തില്‍ ബലിക്കു തുല്യമാണ്. (പ്രഭാഷകന്‍ 7:31-35). ദരിദ്രസേവനം ആ പുസ്തകപ്രകാരം ദേവപൂജയുടെ വിശിഷ്ഠ നടപടിയായി. ദൈവശാസ്ത്രജ്ഞനായ ഷൊവേ എഴുതി ''മനുഷ്യനന്മയുടെ പ്രവൃത്തികള്‍ ബലിയുടെ പകരമായി.''

യഹൂദ ചിന്തയിലെ ഈ മാറ്റം ആരാധന ക്രമ ചിന്തയുടെ ഭാഗമാകും. അപ്പോള്‍ ദേവാലയത്തിലെ ബലിപീഠം അപരനും തമ്മിലുള്ള ബന്ധം അനിവാര്യമാക്കുന്നു. ഈ മാറ്റത്തിന്റെ പിന്നില്‍ ക്രിസ്തുവര്‍ഷം 70-ല്‍ ജറുസലേം ദേവാലയത്തിന്റെ നാശം നിലനില്‍ക്കുന്നു. പിന്നീട് അവര്‍ ദേവാലയമോ പൗരോഹിത്യമോ പുനരുദ്ധരിച്ചില്ല. മാത്രമല്ല പകരം അവര്‍ സിനഗോഗുകള്‍ ഉണ്ടാക്കുകയും പ്രബോധകരുടെ റാബ്ബി വ്യവസ്ഥിതി സൃഷ്ടിക്കുകയും ചെയ്തു. ഈ മാറ്റം ദേവാലയ കേന്ദ്രീകൃതമായ അനുഷ്ഠാനങ്ങള്‍ അവസാനിപ്പിച്ചു. പകരം വേദഗ്രന്ഥ വായനയും സങ്കീര്‍ത്തനാലാപനവും വേദഗ്രന്ഥ പ്രഭാഷണവും വന്നു. ഈ മാറ്റം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള ലെവീനാസ് എഴുതി ''അപരന്, എന്റെ അയല്‍ക്കാരന് നീതി നിര്‍വ്വഹിക്കുന്നത് എനിക്ക് അതിലംഘിക്കാനാവാത്ത അടുപ്പം ദൈവത്തോട് ഉണ്ടാക്കുന്നു. ഇതാണ് ഹൃദ്യമായ പ്രാര്‍ത്ഥനയും ആരാധന ക്രമങ്ങളും. നീതിയില്ലാതെ അവ അര്‍ത്ഥശൂന്യമാണ്.'' അതനുസരിച്ച് ആരാധനയുടെ ഇടം അപരനാണ് - ദൈവത്തോട് അടുക്കാന്‍ അപരനോട് അടുക്കണം.

ആരാധനാക്രമ ആഘോഷങ്ങള്‍ ഒരു സഭയുടെ സംഘാതമായ അഭിമാനബോധത്തിന്റെ നടന പ്രക്രിയയല്ല. അതിന് അ തില്‍ത്തന്നെ ഒരു ധാര്‍മ്മിക ശ്രേഷ്ഠതയുമില്ല, ക്രൈസ്തവന്റെ അനുദിനജീവിതം ദൈവത്തിന്റെ കഥയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനുവേണ്ട പ്രസാദമാകുന്നില്ലെങ്കില്‍. ''അയല്‍ക്കാരന്റെ ആരാധന''യാണ് സജീവ ആരാധനയാകേണ്ടത്. അപരനെ കേന്ദ്രീകരിച്ചുള്ള ധര്‍മ്മ നടപടിയിലേക്ക് അതു മാറുന്നില്ലെങ്കില്‍ അനുഷ്ഠാനങ്ങള്‍ അര്‍ത്ഥരഹിതമാകാം. ആരാധനാക്രമ നടപടികള്‍ നാം ദൈവത്തിലേക്ക് കയറാന്‍ സൃഷ്ടിക്കുന്ന കോവണിയാണോ? ദൈവം നമ്മിലേക്കു വന്നു കഴിഞ്ഞു. ആരാധനാക്രമം ആത്മീയമായ അര്‍പ്പണമാണ്. അത് അയല്‍ക്കാരനോടാണ്. ആരാധനയുടെ ഇടം ജീവിതപരിസരമാണ്. അനുഷ്ഠാനങ്ങള്‍ അനിവാര്യമായി സൃഷ്ടിക്കുന്നതു ധര്‍മ്മമണ്ഡലമാണ്. ആരാധനാക്രമ ധര്‍മ്മമില്ലാതെ ആരാധന എന്താണ്? അതില്‍ സംബന്ധിക്കുന്നവര്‍ക്കു ക്രൈസ്തവജീവിതവ്യാകരണം നല്കണം.

അപരനെ ആരാധന എന്റെ അയല്‍ക്കാരനാക്കുന്നു. ആ മുഖം എന്നെ വിളിക്കുന്നു. എന്നെ ചോദ്യം ചെയ്യുന്നു. എന്നോട് പ്രാര്‍ത്ഥിക്കുന്നു. അപരന്റെ വിധി എന്റെ ഉത്തരവാദിത്വമാകുന്നു. ഈ മുഖാമുഖത്തിലാണ് ധര്‍മ്മം ആരംഭിക്കുന്നത്. അപരന്റെ മുഖമാണ് എന്നെ ദൈവത്തോട് അടുപ്പിക്കുന്നത്. അപരന്റെ മുഖം ദൈവത്തെക്കുറിച്ച് ഒരറിവും നല്കുന്നില്ല, അതു ധര്‍മ്മമാണ്. ഏശയ്യ എഴുതി, ''നുകത്തിന്റെ കയറുകള്‍ അഴിക്കു ന്നതും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?'' (ഏശയ്യ 58:6). അപരന്‍ ദൈവമല്ല. പക്ഷെ, അപരന്റെ മുഖത്തു നിന്നാണ് ഞാന്‍ ദൈവവചനം കേള്‍ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org