
കത്തോലിക്കാ സഭയുടെ ഇരുണ്ട കാലഘട്ടത്തിലാണ് ആരും അറിയാത്ത ഒരു സന്യാസി പുതിയ വെളിപാടുമായി പുറത്തു വന്നത്. ഫിയൊരെയിലെ ജൊവാക്കിം (1135-1202) ലോകാവസാനമാണ് പ്രവചിച്ചത്. 1260-ല്‍ ലോകം അവസാനിക്കും എന്നതായിരുന്നു ആ പ്രവചനം. അന്നു മുതല്‍ പുതിയയുഗം ആരംഭിക്കുന്നു. പരിശുദ്ധാത്മാവിന്റെ യുഗം. അതു പിതാവിന്റെയും പുത്രന്റെയും യുഗങ്ങളും അവസാനിച്ചതിനുശേഷമുള്ള യുഗം. പുത്തന്‍പ്രതീക്ഷയുടെ കാലമാണ്. ഈ യുഗം തികച്ചും ആത്മീയമാണ്. സമ്പത്തില്ലാത്ത സന്യാസികളാണ് ഈ യുഗനേതാക്കള്‍. ദൈവികജ്ഞാനതിന്റെ യുഗത്തില്‍ മാര്‍പാപ്പയോ മെത്രാനോ വൈദികരോ ഇല്ല. ഇതു പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണമായ സ്‌നേഹയുഗമാണ്. നിയമങ്ങളുടെ കാലമല്ല; ഉതപ്പുകളില്ലാത്ത കാലം, ഭീകരതകള്‍ ഇല്ലാത്ത കാലം. വെളിപാട് പുസ്തകം (14:6) പറയുന്നു, 'സനാതന സുവിശേഷം' സുവിശേഷങ്ങളെ ഭരിക്കുന്ന കാലം. കത്തോലിക്കാ സഭ സെക്കുലര്‍ സമൂഹത്തിലേക്ക് അഴിഞ്ഞുപോകുന്നു. ഇതു പ്രസംഗിച്ച ജോവാക്കിമിനെ പാഷണ്ഡിയായി സഭ ശിക്ഷിച്ചില്ല. അദ്ദേഹം നല്ലവനായി അറിയപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പാഷണ്ഡതയായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാവി പ്രവചനങ്ങള്‍ എല്ലാക്കാലത്തേയും ചിന്തകരെ സ്വാധീനിച്ചിട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, ദൈവശാസ്ത്രജ്ഞരായ ഡി ലുബാക്, ബല്‍ത്താസ്സര്‍ എന്നിവര്‍ ഈ സന്യാസിയുടെ വെളിപാടുകളെ പുനരാഖ്യാനം നടത്തുന്നു.
വല്ലാത്ത മലിനീകരണത്തിന്റെ അന്ധകാരത്തിനുള്ളില്‍ നിന്നാണ് ഈ പ്രവചനങ്ങള്‍ ഉണ്ടായത്. പരിധിയില്‍ നില്‍ക്കുന്നവന്‍ അപ്പുറത്തേക്കു നോക്കി നടത്തുന്ന കാവ്യാത്മകമായ ഭാഷണമാണിത്. അതു നാളെയുടെ ഭൂപടം ഉണ്ടാക്കലല്ല, നാളെയെ വിശദീകരിക്കുകയുമല്ല. നാളെയെ സങ്കല്പിക്കുകയാണ്. വിശദീകരണക്ഷമമല്ലാത്തതിനെ സങ്കല്പത്തില്‍ അടുപ്പിക്കുന്നു. സ്വന്തം ധാര്‍മ്മിക നിലപാട് മുറിവേറ്റതാണ് കാരണം അധികാരത്തിന്റെ ''ധര്‍മ്മം'' മുറിവേല്പിക്കുന്നതായി മാറുന്നു.
ഈ സന്യാസിയുടെ പ്രവചനങ്ങളുടെ കാതല്‍ ഒരു പ്രതീക്ഷയാണ് - സഭയുടെ നവീകരണവും അതിന്റെ ആത്മീയശക്തിയുമാണ്. പത്രോസിന്റെ അധികാരവും അതിന്റെ വൈദികശ്രേണികളും കൊഴിഞ്ഞുപോയി യോഹന്നാന്റെ സ്‌നേഹത്തിന്റെ സഭ ഉണ്ടാകും എന്നതും ''ക്രൈസ്തവീകതയുടെ തത്ത്വശാസ്ത്രം'' ഭരിക്കും എന്നുള്ളതുമായ വിശദാംശങ്ങള്‍ ഒരു സാത്വികമാറ്റത്തിന്റെ ലക്ഷ്യം മാത്രം കാണിക്കുന്നതായി കണ്ടാല്‍ മതി. ക്രൈസ്തവീകത ആത്മീയമാക്കണമെന്നതാണ് ജൊവാക്കിമിന്റെ പ്രതീക്ഷ. സഭയില്ലാതെ ക്രിസ്തു പ്രഘോഷിതമാകില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. മനുഷ്യജീവിതം പാപപുണ്യങ്ങളുടെ വൈരുദ്ധ്യം പേറുന്നു. പുണ്യം എന്നതു പാപം ഒളിച്ചുവച്ചുണ്ടാക്കുന്ന മിഥ്യയായി മാറിയതിലുള്ള വലിയ വിലാപത്തില്‍ നിന്നാണ് യുഗാന്ത്യദര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. ഈ സ്വപ്നാടനക്കാര്‍ ലോകാവസാനത്തിന്റെ പ്രവാചകരായി വീക്ഷിക്കപ്പെടുന്നു. ലോകം അവസാനിക്കുന്നതു പുതിയൊരു ലോകം ഉണ്ടാകാനാണ്. പഴയതും പുതിയതും തമ്മിലുള്ള സത്യസന്ധമായ ബലാബലത്തിന്റെ ബോധം ഉണ്ടാക്കുന്ന വെളിവുകളാണ് പ്രവാചകദൗത്യമായി മാറുന്നത്. മനുഷ്യന്‍ കണ്ണുതുറക്കുന്നത് അസ്തിത്വ സന്തോഷത്തിലാണ്. അതിന്റെ പരിമിതാവസ്ഥ ശോകം സൃഷ്ടിക്കുമ്പോഴും അതിനപ്പുറത്തേക്കു നോക്കാനും പ്രവചിക്കാനും അവനു കഴിയുന്നു. പക്ഷേ, അവന്‍ അറിയുന്നത് അവന്‍ വിളിച്ചുണര്‍ത്തപ്പെട്ടു എന്നാണ്. അതുണ്ടാക്കുന്നത് ഒരു ദൗത്യബോധമാണ് ജീവിതത്തിനു നല്കുന്നത്. ഒരുവന്റെ ജീവിതം ദൈവവിളിയായി മാറുന്നു. ആ ധര്‍മ്മ നിര്‍വഹണത്തിന്റെ ചരിത്രനിയോഗത്തിലാണവന്‍. പ്രതിസന്ധികളും പ്രശ്‌നങ്ങളുമുണ്ട്. അതില്‍ ലഭിക്കുന്ന മുറിവുകള്‍ക്ക് ഒരു ആശ്വാസം മാത്രമേയുള്ളൂ. അവന്റെ മുറിവില്‍ തൊട്ടുള്ള അനുഭവത്തിന്റെ ഉള്‍ക്കരുത്ത് - അവിശ്വാസിയാകാതെ വിശ്വസിക്കുക.
നീറുന്ന വ്രണങ്ങളുമായാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദികരും ജനങ്ങളും ജീവിക്കുന്നത്. അവിടെ അവര്‍ക്കു പ്രതീക്ഷയുണ്ട്, സ്വപ്നങ്ങളുണ്ട്; വിശ്വാസമുണ്ട്. എന്തുകൊണ്ട് പ്രതിരോധിക്കുന്നു? ഇത് ഒരു വ്യത്യാസത്തിന്റെ പ്രതിരോധമാണ്. വസ്തുകച്ചോടത്തില്‍ വൈദികര്‍ വ്യാജം പറഞ്ഞു സഭാധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി എന്ന നിലപാടുകാര്‍ അപ്പുറത്തു നില്‍ക്കുന്നു. അവര്‍ അധികാരത്തെ സംരക്ഷിക്കുന്നു - എപ്പിസ്‌ക്കോപ്പല്‍ സഭയെ സംരക്ഷിക്കുന്നു. നടന്നതിലെല്ലാം ''അധാര്‍മ്മികമായ ഒന്നുമില്ല, എല്ലാവരും ചെയ്യുന്നതു മാത്രം'' എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നു. അവര്‍ വളരെ വിദഗ്ദ്ധമായി ഉണ്ടാക്കിയ പ്രശ്‌നമാണ് ലിറ്റര്‍ജി വിവാദം. അതു വസ്തു കച്ചവടപ്രശ്‌നം മറയ്ക്കാനായിരുന്നു, ഒളിപ്പിക്കാന്‍. അതില്‍ തീര്‍ച്ചയായും വിജയിച്ചു. പരാതി പറഞ്ഞവര്‍ ഒറ്റപ്പെട്ടു, ഒറ്റപ്പെടുത്തി. ബാക്കി എല്ലാവരും ഒരു കക്ഷിയായി. ഈ വിദഗ്ദ്ധ തട്ടിപ്പാണ് ചരിത്രത്തില്‍ നടന്നത്. അതു വിദഗ്ദ്ധമായ ഒളിക്കലുമായിരുന്നു.
ഈ സാഹചര്യത്തിലാണ് 2021 ആഗസ്റ്റില്‍ ഇടിവെട്ടുപോലെ കേരള ഹൈക്കോടതിയില്‍ നിന്നു ഒരു വിധിയുണ്ടായത്. ജസ്റ്റിസ് പി. സോമരാജന്‍ വിധിച്ചു ''കുറ്റകരമായ ഗൂഢാലോചന നടന്നു.'' ഈ വിധിയെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. ഗൗരവമായ തെറ്റുകള്‍ നടന്നു എന്നതാണ് ഇവിടെ ഏറെ ശ്രദ്ധേയം. അതിവിടെ മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചിരുന്നില്ല. അതു കുത്തിപ്പൊക്കിയവരെ ശിക്ഷിക്കാനും പിന്‍തുണ വര്‍ദ്ധിപ്പിക്കാനുമാണ് പഴയ ഒരു ലിറ്റര്‍ജി പ്രശ്‌നം സിനഡ് പൊക്കിയെടുത്തു പ്രയോഗിച്ചത്. പാക്ഷികവും ആധിപത്യത്തിന്റെയും ഈ നിലപാടിനോടാണ് പ്രതിരോധിച്ചത്. ആ പ്രതിരോധം സഭയില്‍ ഒരു വ്യത്യാസത്തിനുവേണ്ടിയാണ്. ആ വ്യത്യാസമില്ലാതെ സഭയ്ക്കു മുന്നോട്ട് പോകാനാവില്ല. ഒരു നിലപാടുമായി ഞങ്ങള്‍ ചക്രവാളത്തിലുണ്ട്, പക്ഷേ, അതു പ്രതിരോധമായിരിക്കുന്നു. നീതി വരാനിരിക്കുന്നു എന്നതാണ് നിയമത്തിന്റെ അടിസഥാനം. അസ്തിത്വ ഭവനത്തിലേക്കുള്ള പ്രവേശനക്ഷേത്രം ഭാഷയാണ്.