
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തി നും കൊടുക്കാന്‍ യേശു എന്തുകൊണ്ട് പറഞ്ഞു? കാരണം സീസര്‍ ആഗ്രഹിക്കുന്നതു ഭൗതികതയുടെ ഭരണമല്ല, ചിന്തയുടെയും ആത്മാവിന്റെയും ഭരണമാണ്. അതുകൊണ്ടുതന്നെ സീസര്‍മാര്‍ കടുത്ത മതമര്‍ദകരായിരുന്നു. ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതു സീസര്‍മാര്‍ കാരണമാണ്. അവര്‍ മനുഷ്യരുടെ മനസ്സാക്ഷി യെ ഭരിക്കുന്നവരായിരുന്നു. ഭിന്നമായ മനസ്സാക്ഷിയുമായി ജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല.
മനുഷ്യന്റെ മനസ്സിനെയും അയാളുടെ സ്വകാര്യ ചിന്തകളെയും ഭരിക്കണമെന്നു നിര്‍ബന്ധം പിടിച്ചവര്‍ സീസര്‍മാര്‍ മാത്രമായിരുന്നില്ല. മാര്‍ക്‌സ് എഴുതി, ''മനസ്സാക്ഷി സ്വാതന്ത്ര്യമല്ല; മതത്തിന്റെ അന്ധവിശ്വാസത്തില്‍ നിന്നുള്ള മനസ്സാക്ഷി സ്വാതന്ത്ര്യ''മായിരുന്നു ലക്ഷ്യം. ഈ കാഴ്ചപ്പാടാണ് മാര്‍ക്‌സിന്റെ സംസ്‌കാരത്തില്‍ മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ അതിഗൗരവമായ പ്രതിസന്ധികള്‍ ഉണ്ടാക്കിയത്. മതസ്വാതന്ത്ര്യം അനുവദിക്കാതിരിക്കാനുള്ള കാരണവും ഇതാണ്, റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിന്തയുടെ നിയന്ത്രണം തന്നെയായിരുന്നു. വ്യക്തി സ്വാതന്ത്ര്യം എന്നത്, എന്തും ചിന്തിക്കാനുള്ള അവകാശമല്ല. കമ്മ്യൂണിസ്റ്റ് ''വേദപാഠം'' അനുസരിച്ച് ചിന്തിക്കാന്‍ എല്ലാവരും കമ്മ്യൂണിസത്തില്‍ കടപ്പെട്ടവരാണ്. ഈ ''വേദപാഠ''ത്തെക്കുറിച്ചു പറയുന്നതു കമ്മ്യൂണിസ്റ്റുകാരനായി പിന്നീട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസയായ നിക്കൊളായ് ബര്‍ഡികേവ് ആണ്. ഇദ്ദേഹം റഷ്യന്‍ ഒക്‌ടോബര്‍ വിപ്ലവത്തില്‍ പങ്കെടുത്തവനാണ്. പക്ഷെ, മാര്‍ക്‌സിസത്തില്‍ നിരാശനായി വിശ്വാസത്തിലേക്കു മടങ്ങി.
അദ്ദേഹം ലെനിനെ ദുഷ്ടനായ മനുഷ്യനായി കാണുന്നില്ല. എന്നാല്‍ ലെനിന്‍ മനുഷ്യന്റെ പ്രകൃതിയില്‍ വിശ്വസിച്ചില്ല. മനുഷ്യനില്‍ ഉന്നതമായ ശക്തിയുള്ളതായി അദ്ദേഹം പരിഗണിച്ചില്ല. എന്നാല്‍ തൊഴിലാളിവര്‍ഗത്തിന്റെ വിജയത്തില്‍ അദ്ദഹം വിശ്വസിച്ചു. അതിനുവേണ്ടി പ്രവര്‍ത്തിച്ചു. ഈ വിജയമാണ് പുതിയ ''ഇസ്രയേല്‍'' എന്നദ്ദേഹം കരുതി. കമ്മ്യൂണിസ്റ്റ് സമൂഹം ഉണ്ടാക്കുന്നതു മനുഷ്യന്റെ നല്ല കഴിവുകള്‍ വളര്‍ത്തി വികസിപ്പിച്ചല്ല. മറിച്ച് മനുഷ്യനെ ബലത്തിന്റെ നിര്‍ബന്ധത്തിലും അതിന്റെ സംഘട്ടനത്തിലും പട്ടാളചിട്ടയിലുമാണ് നിര്‍വഹിക്കേണ്ടത്. ബര്‍ഡികേവ് വളരെ വിചി ത്രമായ സാധര്‍മ്മ്യം നടത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സിനഡിന്റെ പ്രൊക്കുറേറ്ററും അലക്‌സാണ്ടര്‍ രണ്ടാമന്റെ ഭരണാധികാരിയുമായ കൊണ്‍സ്റ്റന്റയിന്‍ വൊസ് നോസ്റ്റെയുടെ രണ്ടാം ഊഴമായിരുന്നു ലെനിന്‍ എന്നാണ്. സഭയും രാജ്യവും ഭരിച്ച ഇദ്ദേഹം സാധാരണക്കാരന് വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചവനായിരുന്നില്ല. ടൊള്‍സ്റ്റോയിയെ റഷ്യന്‍ സഭയില്‍ നിന്നു പുറത്താക്കിയത് ഇദ്ദേഹമാണ്. ഈ രണ്ട് അധികാരികളേയും തമ്മില്‍ സാധര്‍മ്മ്യപ്പെടുത്തുന്ന ബര്‍ഡികേവ് റഷ്യന്‍ കമ്മ്യൂണിസ വും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും മനസ്സാക്ഷി സ്വാതന്ത്ര്യത്തി ന്റെ കാര്യത്തില്‍ സമാന ചിന്താഗതി പുലര്‍ത്തി എന്നാണ് പറയുന്നത്. ''വൃത്തിക്കെട്ട ആള്‍ക്കൂട്ടത്തിന്റെ സര്‍വാധിപത്യമായി'' ജനാധിപത്യത്തെ കോണ്‍സ്റ്റന്റയിനും ലെനിനും നിഷേധിച്ചു. റഷ്യയില്‍ ലെനിനെ ളോഹ ധരിക്കാത്ത വൈദികനായി കണ്ടിരുന്നു എന്നും ബര്‍ഡികേവ് പറയുന്നു. കമ്മ്യൂണിസം റഷ്യയില്‍ കരുണയില്ലാത്ത മതപീഡനം നടത്തിയതിന്റെ പിന്നില്‍ ''മതം ബ്രാണ്ടിയാണ്, അതില്‍ മുതലാളിത്ത അടിമകള്‍ മുങ്ങി മരിക്കും.'' അതുകൊണ്ട് ഈ ബ്രാണ്ടി ഭക്തരെ ജീവിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമുണ്ടായിരുന്നില്ല. വിശ്വാ സം പുലര്‍ത്തുന്നതും ഭിന്നമായി അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നതും മാര്‍ക്‌സിയന്‍ വേദപാഠ ലംഘനമായിരുന്നു. അതു രക്തസാക്ഷിത്വത്തിനുള്ള സന്നധതയുടെ പ്രകടനമായിരുന്നു. മനഷ്യനെ തല്ലി നന്നാക്കുക എന്നതില്‍ കമ്മ്യൂണിസം വിശ്വസിച്ചു. ഈ വിശ്വാസം തന്നെ റഷ്യന്‍ ഓര്‍ത്തഡോക്‌സിയും പുലര്‍ത്തി എന്നാണ് ബര്‍ഡികേവ് സമര്‍ത്ഥിക്കുന്നത്. സമഗ്രാധിപത്യമാണ് രണ്ടിടത്തും പ്രകടമായത്. അതു സാമ്പത്തിക വ്യവസ്ഥിതിയുടെയോ തൊഴില്‍ സം സ്‌കാരത്തിന്റെയോ മാത്രം ഭരണമല്ല. മനുഷ്യന്റെ മനസ്സിനെ ഭരിക്കണം എന്നതാണ് ഇവിടെ പ്രധാനം. ഈ ക്രൂരമായ മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ നിഷേധം മതമണ്ഡലത്തിലും വ്യാപകമായി നടന്നു. ആ വിധത്തില്‍ റഷ്യന്‍ കമ്മ്യൂണിസം ഒരു മതമായിരുന്നു എന്ന് ബര്‍ഡികേവ് പറയുന്നു. അത് ഒരു ഓര്‍ത്തഡോക്‌സിയായിരുന്നു. അതിനു വിരുദ്ധമായി നിലപാട് ഹെരസിയായിരുന്നു - പാഷണ്ഡത. മധ്യശതകങ്ങളില്‍ പാശ്ചാത്യസഭയില്‍ നടന്ന പിശാചുവേട്ടയും പാഷണ്ഡികളെ കത്തിക്കലും മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രകടനങ്ങളായിരുന്നില്ല.
റഷ്യന്‍ സിനഡിന്റെ സഭ ''തീപോലെ ആത്മീയജീവിതത്തെ ഭയപ്പെട്ടു. ആത്മാവിന്റെ അഗ്നിയെ കെടുത്താന്‍ വര്‍ഗീയമാര്‍ഗങ്ങള്‍
അത് അന്വേഷിക്കുന്നു.'' സിനഡ് സഭ ആത്മാവുകളെ ഭരിക്കാന്‍ അവരുടെ പാപങ്ങളിലും സഹനങ്ങളിലും ഭരണം നടത്താന്‍ ആഗ്രഹിക്കുന്നു. ആത്മീയമായി ഉയരുന്നതിനേക്കാള്‍ പാപം ചെയ്യുന്നതാണ് നല്ലത്. വിജ്ഞാന വഴി തേടാതിരിക്കുക; ഔന്നത്യത്തിനു ശ്രമിക്കാതിരിക്കുക. ''ഔദ്യോഗിക ഓര്‍ത്തഡോക്‌സി ഉന്നതത്തിലേക്കുള്ള ഉയര്‍ച്ചയെ എതിര്‍ക്കുന്നു, ഒരു വളര്‍ച്ചയും വേണ്ട. ശവപ്പറമ്പിലെ സമാധാനത്തിനും ആത്മീയമായ ഇഴചേരലിനും അതു ആശീര്‍വാദം നല്കുന്നു.'' എളിമ എന്നതു പണ്ട് സ്വാഭാവിക പ്രകൃതി യോടുള്ള പ്രതിരോധമായിരുന്നു, പേഗന്‍ വികാരങ്ങളോടുള്ള എതിര്‍ പ്പ്, പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റല്‍. ഈ എളിമയെ ആത്മീയ ജീവിതത്തിന്റെ നിരാകരണവും അടിമയുടെ വിധേയത്വവുമായി എന്നാണ് ബര്‍ഡികേവ് വിമര്‍ശിക്കുന്നത്. പൊലീസ് അകമ്പടിയില്‍ കുര്‍ബാന പ്രദക്ഷിണവും പൊലീസ് അകത്തും പുറത്തുമായുള്ള കുര്‍ബാനയര്‍പ്പണവും എത്തിക്കുന്നത് ഈ പഴയ സഭാ പാരമ്പര്യത്തിലേക്കാണ്. മനസ്സാക്ഷി സ്വാതന്ത്ര്യത്തിന്റെ നിഷേധം ദൈവനിഷേധവും സര്‍ഗാത്മകതയുടെ നിഷേധവുമായി ബര്‍ഡികേവ് കരുതി.