മതവിമര്‍ശകനായ യേശു

മതവിമര്‍ശകനായ യേശു

യഹൂദ മതത്തിന്റെ മൂര്‍ത്തമായ പ്രതീകമായിരുന്ന ജറുസലേം ദേവാലയം. വചനം മാംസം ധരിച്ച് നമ്മുടെ ഇടയില്‍ വസിച്ച യേശു ശക്തനായ ഒരു വിമര്‍ശകനായിരുന്നു. നസ്രത്ത് എന്ന സ്ഥലപ്പേര് പഴയ നിയമപുസ്തകത്തില്‍ ഇല്ല. അങ്ങനെ വേദഗ്രന്ഥത്തില്‍ ഇല്ലാത്ത ഒരു നാട്ടില്‍ നിന്ന് ഒരു നന്മയും വരില്ല എന്ന് വിശ്വസിച്ച നാട്ടില്‍ നിന്നു വന്നവന്‍ ലോകത്തെ അമ്പരപ്പിച്ചു. അവന്‍ യഹൂദ മതത്തിന്റെ വലിയ ഭീഷണിയായി. ജറുസലേം ദേവാലയത്തെയും അതിന്റെ നടത്തിപ്പുകാരനെയും ഒരു ദാക്ഷിണ്യവുമില്ലാതെ വിമര്‍ശിച്ചു. ദേവാലയവുമായുണ്ടായ ഏറ്റുമുട്ടല്‍ യേശുവിന്റെ കര്‍മ്മങ്ങളുടെയും ഭാഷണത്തിന്റെയും ഭാഗമായി.

അടിച്ചുപുറത്താക്കല്‍ യേശു നടത്തിയതു ദേവാലയത്തിലാണ്. അവസാനം എഴുതപ്പെട്ട യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭത്തില്‍ യേശുവിനെ ലോകത്തില്‍ അവതരിപ്പിക്കുന്നതു ജറുസലേം ദേവാലയത്തിന്റെ ശുദ്ധീകരണത്തിലൂടെയാണ്. യോഹന്നാന്‍ സുവിശേഷം എഴുതുമ്പോഴേക്കും ഈ ദേവാലയം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ''എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്'' എന്നത് ഉറച്ച വാക്കുകളായിരുന്നു. ദേവാലയത്തെ അശുദ്ധമാക്കുന്ന കച്ചവടം അതിരു കടന്നിരിക്കുന്നു എന്നതു സെന്‍ ഹെന്‍ദ്രിന്‍ സംഘവുമായുള്ള ഏറ്റുമുട്ടലായി മാറി. ഇതാണ് യേശുവിന്റെ അറസ്റ്റിനും തുടര്‍ന്നുള്ള കുരിശുമരണത്തിനും കാരണമായത്. ദൈവത്തിന്റെ അവതാരമായവന്‍ ദേവാലയത്തെ ഇത്ര കഠിനമായി വിമര്‍ശിച്ചതു ദേവാലയത്തില്‍ ഇടപെടുന്നതും വളരെ ചിന്തനീയമായ കര്‍മ്മമാണ്. മറ്റു മൂന്നു സുവിശേഷങ്ങളും ദേവാലയ വിമര്‍ശനത്തില്‍ നിന്നു ഒഴിവായിട്ടില്ല. ഇതു ശക്തവും തീവ്രവുമായ ഒരു വിമര്‍ശനത്തിന്റെ ഭാഗമായിരുന്നു.

മാര്‍ക്‌സിനു വിമര്‍ശനം പ്രധാനമായി മതവിമര്‍ശനമാണ്. മാര്‍ക്‌സ് യഹൂദ ക്രൈസ്തവ പാരമ്പര്യക്കാരനായിരുന്നു. മാര്‍ക്‌സിന്റെ മതവിമര്‍ശനം മതനിഷേധമായിരുന്നോ? മതാധികാരികള്‍ മതത്തെ മനുഷ്യസത്തയുടെ അന്യവല്‍ക്കരണമാക്കുന്നുവെന്നതായിരുന്നു മതവിമര്‍ശനത്തിന്റെ മൗലികമാനം. മാര്‍ക്‌സിന്റെ 1844-ലെ സാമ്പത്തികവും ദാര്‍ശനികവുമായ കയ്യെഴുത്തുപ്രതി സൂക്ഷ്മമായി വായിച്ചാല്‍ മതം മനുഷ്യസത്തയെ അന്യവല്‍ക്കരിച്ച് സ്വകാര്യസ്വത്താക്കുന്നതാണ് മാര്‍ക്‌സ് എതിര്‍ക്കുന്നത്. എന്നാല്‍ മനുഷ്യന് ഒരു മതസത്തയുണ്ട് എന്നതു മാര്‍ക്‌സ് പറയുന്ന കാര്യം തന്നെയാണ്. മനുഷ്യസത്ത ആത്മീയമാണ് എന്നും മനുഷ്യന്‍ പ്രകൃതിയുടെ പുനരുത്ഥാനമാകണമെന്നും മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. എന്നാല്‍ മാര്‍ക്‌സിസം മതവിമര്‍ശനം മാത്രമല്ല മതനിഷേധവുമാണ്. മാര്‍ക്‌സിസം മനുഷ്യന്റെ ആന്തരികമായ മനുഷ്യസത്തപോലും നിഷേധിച്ചു. യേശു കൊല്ലപ്പെട്ടതു യഹൂദ മതനേതാക്കളുടെ സംഘാതമായ എതിര്‍പ്പിന്റെയും വൈരത്തിന്റെയും ഫലമായിട്ടായിരുന്നു. യേശുവിനെ വെട്ടിനീക്കാനാണ് അവര്‍ റോമാസാമ്രാജ്യത്തിന്റെ സഹായം തേടിയത്.

ജറുസലേം ദേവാലയത്തിനെതിരെ വിമര്‍ശിച്ചതു യേശു മാത്രമല്ല. യഹൂദരുടെ വേദഗ്രന്ഥത്തിലെ പ്രവാചകര്‍ അതിശക്തമായി ദേവാലയ വിമര്‍ശകരായി. ''എന്റെ ആലയം എല്ലാ ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനയുടെ ആലയം എന്നു വിളിക്കപ്പെടും'' (ഏശയ്യ 56:7) എന്നു പറയുമ്പോള്‍ അതിന്റെ മതക്കാര്‍ അതിനെ ''കള്ളന്മാരുടെ ഗുഹ''യാക്കി എന്നു ജെറമിയ പ്രവാചകന്‍ വിമര്‍ശിച്ചു (7:15). ''എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കി'' എന്ന് സക്കറിയ പ്രവാചകന്‍ എഴുതി (2:16). ദേവാലയത്തിന്റെ അനുഷ്ഠാനങ്ങളില്‍ അസംതൃപ്തനാണ് ഏശയ്യയും ജെറമിയായും ഹോസിയായും മിക്കയും (ഏശയ്യ. 1:1-17, ജെറമിയ 3:5; 31; 33, മിക്ക. 6:6-8, ഹോസിയ 6:6-7). ദൈവമഹത്വം ദേവാലയത്തില്‍ നിന്നിറങ്ങി പോകുന്നതാണ് എസക്കിയേല്‍ പ്രവചകന്‍ കാണുന്നത് (10:18, 19, 11:23) ദേവാലയം അശുദ്ധമാക്കി ദൈവം അത് ഉപേക്ഷിക്കുന്നതു പ്രവാചകന്‍ കാണുന്നു.

ചാവുകടലിന്റെ തീരത്തു ഖും-റാന്‍ മലയിടുക്കുകളിലെ 11 ഗുഹകളില്‍ രണ്ടാമത്തെ ദേവാലയത്തിന്റെ ബി സി രണ്ടാം നൂറ്റാണ്ടിനും എ ഡി 70 നും ഇടയില്‍ യഹൂദ മതത്തില്‍ നിന്നു വേര്‍പ്പെട്ട സന്യാസ സമൂഹത്തെപ്പോലെ ലോകം ഉപേക്ഷിച്ച് ഈ ഗുഹകളില്‍ താമസിച്ചിരുന്ന എസ്സീന്‍ സമൂഹം ജെറുസലേം ദേവാലയവും അതിന്റെ എല്ലാവിധ അനുഷ്ഠാനങ്ങളും ഉപേക്ഷിച്ചവരായിരുന്നു. അവര്‍ക്ക് മാമ്മോദീസ പോലുള്ള അനുതാപത്തിന്റെയും ശുദ്ധീകരണത്തിന്റെയും അനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധി ലക്ഷ്യമാക്കി ജീവിച്ച ഇവര്‍ എസ്സീന്‍ എന്ന പേരില്‍ അറിയപ്പെട്ടതു വിശുദ്ധ ജീവിതക്കാരായിട്ടാണ്. ഇവര്‍ വായന, പഠനം, എഴുത്ത് എന്നിവയില്‍ മുഴുകി. സ്വകാര്യസ്വത്ത് ഉപേക്ഷിച്ച് കൂട്ടായ്മയില്‍ ജീവിച്ചവരായിരുന്നു. മരുഭൂമിയിലേക്കു പോയി ലോക പരിത്യാഗികളായവര്‍ ഉന്നതമായ ചിന്തയും മനനവുമായി കഴിഞ്ഞു. ഇവരില്‍ ഒരുവനായിരുന്നു സ്‌നാപകയോഹന്നാന്‍ എന്നാണ് കരുതുന്നത്. ഇവര്‍ മക്കബായക്കാരില്‍ നിന്ന് യുദ്ധം ആത്മീയയുദ്ധമായി മനസ്സിലാക്കി വേര്‍തിരിഞ്ഞവരായിരുന്നു. സമ്പത്തും കാമവും ദേവാലയത്തെ മലിനമാക്കിയെന്നു കരുതിയ ഇവര്‍ എല്ലാത്തരം ബലികളും ഉപേക്ഷിച്ചു. മൃഗബലി ഉപേക്ഷിച്ചവര്‍ വിശുദ്ധ ജീവിതം നയിക്കാന്‍ മനസ്സിന്റെ ശുദ്ധീകരണത്തിന്റെയും ഭക്തിയുടെയും പാതയില്‍ ജീവിക്കാന്‍ ശ്രമിച്ചു. ഇവരില്‍ ഒരുവനായിരുന്നു യേശു എന്നു വരുന്നില്ല.

യേശുവും അവന്റെ സുവിശേഷങ്ങളും ദേവാലയം യേശുവാണ് എന്നുപറയുന്നു. സമരിയാക്കാരിയുടെ എവിടെ ആരാധിക്കണം എന്ന ചോദ്യത്തിനു യേശു നല്കുന്ന ഉത്തരം ''സത്യത്തിലും ആത്മാവിലും'' (യോഹ. 4:23-24) എന്നതാണ്. ഇതു ദേവാലയം എന്ന സ്ഥാപനത്തെ അപ്രസക്തമാക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ആലയമാണ് എന്നാണ് സെന്റ് പോള്‍ പഠിപ്പിക്കുന്നത് (1 കൊറി. 3:16). മനുഷ്യന്റെ ആന്തരികതയില്‍ പിതാവിനെ കണ്ടെത്തി പിതാവുമായി ഐക്യത്തില്‍ കഴിയുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്. എല്ലാ മിസ്റ്റിക്കുകളും ദൈവത്തെ സ്വന്തം ആന്തരികതയില്‍ കണ്ടെത്തുന്നവരാണ്. ജറുസലേം ദേവാലയം എ.ഡി. 70 ല്‍ നശിപ്പിക്കപ്പെട്ടതിനു ശേഷം ആ ദേവാലയം യഹൂദര്‍ക്ക് രാജ്യം ഉണ്ടായിട്ടും അവര്‍ പുനസ്ഥാപിച്ചിട്ടില്ല. മാത്രമല്ല യഹൂദമതം ബലികളും പൗരോഹിത്യവും ഉപേക്ഷിച്ച് എല്ലാ ദേവാലയാനുഷ്ഠാനങ്ങളും ഇല്ലാതാക്കി. പകരം അവര്‍ ഉണ്ടാക്കിയത് വായനയുടെ സിനഗോഗുകളും അവിടെ റാബ്ബിമാരായ പ്രബോധകരുമാണ്. സിനഗോഗുകള്‍ വേദവായനയുടെയും പ്രാര്‍ത്ഥനയുടെയും വേദികളാകുന്നു. ദേവാലയത്തിന്റെ പ്രസക്തി മാനവവംശത്തിന്റെ പ്രതീകമായിട്ടാണ് യഹൂദ ചിന്തകനായ ലെവിനാസ് കാണുന്നത്. മനുഷ്യവര്‍ഗത്തിന്റെ വിധിയുടെ അടയാളമാണത്. ലെവിനാസ്സിനെ സംബന്ധിച്ചിടത്തോളം അപരനു പകരമാകുന്നതാണ് ബലി. യേശുവിനെ ക്രൂശിക്കാന്‍ കാരണമായതു ദേവാലയ വിമര്‍ശനമാണ്. സോക്രട്ടീസ് മാമൂലുകളെ വിമര്‍ശിച്ചതിനു കൊല്ലപ്പെട്ടവനാണ്. മനുഷ്യബോധമാണ് വിമര്‍ശനബോധം. ബോധമണ്ഡലത്തിലാണ് വിമര്‍ശനവും അതിന്റെ അടിസ്ഥാനത്തിലാണ് ദൈവസാന്നിധ്യവും ആധുനികചിന്ത കാണുന്നത്. മനുഷ്യനാണ് ദേവാലയം, അതില്‍ ഈശ്വരനെ കണ്ടെത്തി ജീവിക്കുന്നതാണ് ആത്മീയത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org