പ്രതികാരത്തില്‍ ആണിയടിച്ചു കഴിയുമ്പോള്‍

പ്രതികാരത്തില്‍ ആണിയടിച്ചു കഴിയുമ്പോള്‍

പ്രതികാര ചിന്തയില്‍ ബന്ധിതരായി കഴിയുന്നവരുണ്ട്. അവരുടെ എല്ലാ ചിന്തയും എല്ലാ നിശ്ചയങ്ങളും പ്രതികാരത്തിന്റെയാണ്. എല്ലാം പഴയ ഏതോ സംഭവത്തില്‍ അവര്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞുപോയ ഒരു സംഭവം, അത് ഒരു പരാജയമാകാം, ഒരു ദുഃഖസംഭവമാകാം. ''ആയിരുന്നു'' എന്ന ഏതോ ഒരു കാര്യത്തിന്റെ പഴയ സംഭവത്തില്‍ അവര്‍ ആണിയടിച്ചു കഴിയുകയാണ്. എല്ലായ്‌പ്പോഴും ആ സംഭവമാണ് ബോധമണ്ഡലത്തില്‍. അസ്തമിക്കാത്ത സൂര്യനെപ്പോലെ നിലകൊള്ളുന്ന പഴയ പല്ലവി അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. അവരുടെ എല്ലാ തീരുമാനങ്ങളേയും നിശ്ചയിക്കുന്നതു അതു മാത്രമാണ്. യൂദാസിനെക്കുറിച്ച് ഉമ്പര്‍ത്തോ എക്കോ എഴുതിയത് അതാണ്. അയാള്‍ ഒരു ദ്വീപിന്റെ ഉച്ചിയില്‍ പാറയില്‍ ബന്ധിതനാണ്. ഒരു ദിവസത്തില്‍ കെട്ടപ്പെട്ടവര്‍. ദുഃഖവെള്ളിയുടെ ഉച്ചകഴിഞ്ഞ നേരം, അവന്‍ യേശുവിനെ ഒറ്റിയ സംഭവം. അതില്‍ അയാള്‍ ബന്ധിതനാണ്. അയാള്‍ക്കു സമയം ചലിക്കുന്നില്ല ആ ദിവസത്തിന്റെ ദുഃഖത്തില്‍ നിരാശയില്‍ അയാള്‍ ബന്ധിതനാണ്. അയാള്‍ക്ക് ഒരു ദിവസവും പുതിയതായി ജനിക്കുന്നില്ല. അയാള്‍ക്കു ശാപഗ്രസ്ഥമായ ഒരു ദിവസം അസ്തമിക്കുന്നുമില്ല. ചലനമില്ലാതെ കാലം അയാളില്‍ ഒരു മരണമില്ലാതെ നില്‍ക്കുന്നു. ഇതാണ് നിരാശ, ഇതാണ് പ്രതികാരം. തന്നോടുതന്നെ നടത്തുന്ന ശിക്ഷ.

ഇങ്ങനെയുള്ള പ്രതികാരത്തില്‍നിന്നു രക്ഷപ്പെടുന്നതിനെക്കുറിച്ച് എഴുതിയതു ഫെഡറിക് നിഷേയാണ്. 'സരാത്തുസ്ര ഇങ്ങനെ പറഞ്ഞു' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം എഴുതി ''പ്രതികാരത്തില്‍ നിന്നു മനുഷ്യനു വിമോചിതനാകാന്‍ വേണ്ടിയുള്ള എന്റെ ഏറ്റവും ഔന്നത്യമുള്ള പ്രതീക്ഷ പാലമാണ് - ദീര്‍ഘമായ കൊടുങ്കാറ്റിനു ശേഷമുള്ള മഴവില്ല്.'' അദ്ദേഹത്തിന്റെ പ്രതികാരത്തില്‍ നിന്നു പുറത്തു കടക്കാനുള്ള മാര്‍ഗ്ഗം പാലം പണിയുകയാണ്. ഇതു ചെയ്യാനും കഴയുന്നവനാണ് അതിമാനുഷന്‍ (saper man) അയാളെ നിഷേ വിശേഷിപ്പിക്കുന്നത് ക്രിസ്തുവിന്റെ ''ആത്മാവുള്ള സീസര്‍'' എന്നാണ്. ഇവിടെ സീസര്‍ അധികാര ത്തിന്റെ വൈരമുള്ളവനാണ്. ലോകത്തോട് വൈരമേറിയവന്‍, ലോകം കാല്‍ക്കീഴിലാക്കിയാലും അടങ്ങാത്ത അധികാരവെറി. ഇയാള്‍ക്ക് അതിമാനുഷനാകാന്‍ കഴിയുന്നതു ക്രിസ്തുവിന്റെ ആത്മാവ് സ്വീകരിച്ചാണ്. അതു സാധ്യമോ?

ഈ സീസര്‍ തിരിച്ചറിയേണ്ടതു താന്‍ സ്വതന്ത്രനല്ല എന്നതാണ്. അയാള്‍ കെട്ടപ്പെടുന്നവനാണ്. സ്വാതന്ത്ര്യത്തിന്റെ ചോര അയാളിലില്ല. പ്രതികാരത്തില്‍ പിടിക്കപ്പെട്ടവന്റെ മനഃസാക്ഷി മുറിവേറ്റതാണ്. ഇവിടെ മോചനം സ്വാതന്ത്ര്യത്തിന്റെ വഴിയാണ്. അതു കടന്നുപോകാന്‍ കഴിയുന്നതാണ്. അത് അതിഭൗതികചിന്തയാണ്. ''അതി'' എന്ന അതിക്രമമാണ്, അതിലംഘനമാണ്, കടന്നുപോക്കാണ്. ചലനമാണ്, നില്ക്കില്ല, മാറലാണ്. അയാള്‍ കാലത്തില്‍ പീഡിപ്പിക്കപ്പെടുകയാണ്. ഫലമായി കാലം അയാള്‍ക്ക് ഒഴുകുന്നില്ല. അവനു സമയമില്ലാതായിരിക്കുന്നു. അഗസ്റ്റിന്‍ 38-ാം സങ്കീര്‍ ത്തനത്തിനു വ്യാഖ്യാനമെഴുതിക്കൊണ്ട് പറയുന്നു, 'കടന്നുപോയ തൊന്നും കടന്നുവരികയില്ല; പ്രതീക്ഷിക്കുന്നതൊന്നും കടന്നുപോകാതിരിക്കുകയുമില്ല.' ഫലമായി ''ആയിരിക്കുന്ന'' അതു ''അല്ലാതാകുന്നു.'' ചിന്തിച്ചതു ചിന്തയില്‍ നിന്നു വിട്ടുകളയുന്നതാണ്. ചിന്തയുടെ ആധാരം ചിന്തയില്‍ നിന്നു വിട്ടുകളഞ്ഞു.

പ്രപഞ്ചത്തിലെ അസ്തിത്വങ്ങള്‍ ആയിരുന്ന - അവ അല്ലതായിത്തീര്‍ന്നു. പഴമ കടന്നുപോയി. അതിനെ പിടിച്ചു നിറുത്തരുത്. അതില്‍ സ്വയം കെട്ടിക്കിടക്കുന്നതു ധാര്‍മ്മിക പാപമല്ല, ദൈവത്തിനെതിരായ പാപമാണ്. വിശ്വാസരാഹിത്യം. പാലമാണിവിടെ രക്ഷ. പാലം കടന്നുപോകാനാണ്. എങ്ങോട്ട്, മണ്ഡലം വിട്ടുപോകുന്നു. പ്രതികാരത്തിനു പ്രസക്തിയില്ലാത്ത മണ്ഡലത്തിലേക്കു കടക്കുന്നു. അപ്പോഴാണ് കടക്കുന്നവന്‍ അതിഭൗതികനാകും. പ്രത്യക്ഷങ്ങളുടെ ലീലയുടെ മണ്ഡലം വിട്ട് ഈ കേളിയുടെ പിന്നിലെ കേളി നടത്തുന്ന അസ്തിത്വവുമായി ബന്ധപ്പെടുക. സന്നിഹിതമാകുന്നതു കാണാതെ സന്നിഹിതമാക്കുന്നതു കാണുക. കാലത്തിലേക്കു കടന്നു വരുന്നതു കാണുന്നു, പക്ഷെ, കാലത്തിലേക്ക് കടത്തിവിടുന്നതു കാണാതെ പോകുന്നു. ഇതു മാത്രമാണ് പ്രതികാരം, കാലത്തിനെതിരായ വിഘടനം. പ്രതികാരം ഒരു ശിക്ഷയാണ്. അതു സ്വയം ശിക്ഷിക്കലാണ്.

അതു കാലത്തിനെതിരായ നടപടിയാണ്. കാലത്തെ ഒഴുകാന്‍ സമ്മതിക്കുന്നില്ല. കാലത്തിന്റെ സ്വഭാവം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് പാലം. മോചനത്തിന്റെ പ്രതിരൂപം. പാലം പ്രതികാരം ആവശ്യമില്ലാത്തിടത്തേക്കാണ്. അതു അതിക്രമമാണ്, അതിലംഘനമാണ്. ഈ നടപടി നിഷേയെ സംബന്ധിച്ചിടത്തോളം ഒരു മനഃശാസ്ത്ര പ്രശ്‌നമോ ധാര്‍മ്മിക പ്രശ്‌നമോ അല്ല. ഇത് അതിഭൗതിക പ്രശ്‌നമാണ്. ലെസ്സിംഗ് എഴുതിയതു പോലെ ഇച്ഛ ''ഏറ്റവും ഖനമുള്ള ചിന്ത ഉണ്ടാക്കി. നമുക്ക് ഇപ്പോള്‍ ഭാരമില്ലാത്തതും ആനന്ദദായകവുമായതു നല്കുന്നു, ഓരോ സൃഷ്ടിക്കും. ...ഭൂതമല്ല, ഭാവി ആഘോഷിക്കാന്‍, ഭാവിയുടെ സങ്കല്പങ്ങള്‍ (Myths) എഴുതാം.'' അരിസ്റ്റോട്ടല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് പറഞ്ഞു, ''അസ്തിത്വങ്ങളുടെ അസ്തിത്വം ഏറ്റവും പ്രകടമാണ്. എന്നിട്ടും സാധാരണമായി നാം അതു കാണുന്നില്ല. അതു കാണുന്നെങ്കില്‍ തന്നെ വളരെ വിഷമകരമായി മാത്രം.''

പാലത്തെക്കുറിച്ചു നിഷേ പറഞ്ഞതു നമുക്കു മറക്കാനാവില്ല. ജീവിതത്തിന്റെ പഴമയ്ക്കു മീതെ നിനക്കു മാത്രം കടക്കാനായി ആരും പാലം പണിയില്ല. എണ്ണമില്ലാത്ത തൂക്കു പാലങ്ങളും പാലങ്ങളും പകുതി ദൈവങ്ങളും നിന്നെ സന്തോഷത്തോടെ അക്കരയ്ക്കു കൊണ്ടുപോകും. പക്ഷെ, നിന്നെ പണയപ്പെടുത്തണം, നിന്നെ നഷ്ടപ്പെടുത്തണം. മറ്റൊരാള്‍ക്കു നടക്കനാവാത്ത ഒരു വഴിയുണ്ട്, നിനക്കു മാത്രം നടക്കാനാകുന്നത്. അതു എങ്ങോട്ടാണ്? ചോദ്യം ചോദിക്കരുത്; നടക്കുക. ഇടയന്‍ നടക്കുന്നു; ഇടയന്റെ ദാരിദ്ര്യത്തിന് ഉന്നതമായ മഹത്വമുണ്ട്. അസ്തിത്വത്തിന്റെ അയല്‍ക്കാരനായി നടക്കുക. ചുറ്റുപാടുകളിലും നടക്കുന്ന അത്ഭുതം കണ്ട് ആശ്ചര്യത്തോടെ നടക്കുന്നവനു നന്ദിയുടെ കൈകൂപ്പലുകള്‍ മാത്രം. ആരോടും പരിഭവമില്ലാതെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org