
''ആരെങ്കിലും ചിലപ്പോള്‍ പറയാം. ക്രിസ്തുസഭയില്‍ മതകാര്യങ്ങളില്‍ പുരോഗതിയില്ലേ? തീര്‍ച്ചയായും പുരോഗതിയുണ്ട്; വര്‍ദ്ധിച്ച തോതില്‍ മഹത്തായ പുരോഗതിയുണ്ട്. അതു തടയാന്‍ സ്പര്‍ദ്ദയും ദൈവവിരോധവുമുള്ളത് ആര്‍ക്കാണ്? എന്നാല്‍ അതു വിശ്വാസത്തിന്റെ മാറ്റമല്ല, ശരിയായ പുരോഗതി, ആ വാക്കിന്റെ കൃത്യമായ അര്‍ത്ഥത്തില്‍. കാരണം പുരോഗതി എന്നാല്‍ അതിനുള്ളില്‍ത്തന്നെയുള്ള വ്യാപനമാണ്. എന്നാല്‍ മാറ്റം അര്‍ത്ഥമാക്കുന്നത് ഒരു സാധനം മറ്റൊന്നായി രൂപാന്തരപ്പെടുന്നതാണ്. വ്യക്തികളിലും സമൂഹത്തിലും പുരോഗതി ഊര്‍ജ്ജസ്വലമായി മനസ്സിലാക്കലിലും അറിവിലും വിജ്ഞാനത്തിലും വളരണം. വ്യക്തിയിലും സഭ മുഴുവനിലും ഇതു യുഗങ്ങളിലൂടെയും നൂറ്റാണ്ടുകളിലൂടെയും വളരണം. ഈ പുരോഗതി അതിന്റേതായ വിധത്തിലായിരിക്കണം. ''ഒരേ പ്രബോധനം, ഒരേ അര്‍ത്ഥം, ഒരേ ധാരണ.'' അഞ്ചാം നൂറ്റാണ്ടിലെ ഫ്രാന്‍ സിലെ ലെറിന്‍സ് എന്ന ദ്വീപില്‍ താമസിച്ചിരുന്ന വിന്‍സെന്റ് (434) എന്ന സന്യാസിയുടേതാണീ വാക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ഉദ്ധരിക്കുന്നത് ഇദ്ദേഹത്തെയാണ്. കാര്‍ഡിനല്‍ ന്യൂമാന്റെ ''വിശ്വാസസത്യത്തിന്റെ വളര്‍ച്ച''യെ സ്വാധീനിച്ചത് ഇദ്ദേഹത്തിന്റെ communitorium, നാളാഗമക്കാരന്‍ എന്ന പുസ്തകമാണ്. വിശ്വാസകാര്യങ്ങളിലെ പുരോഗതിയെ അദ്ദേഹം ശരീരത്തിന്റെ വളര്‍ച്ചയോടാണ് ഉപമിക്കുന്നത്.
ഈ ഗ്രന്ഥത്തില്‍ പത്തു പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കുന്ന ഒരു പദമാണ് ''സമ്മതം'' (concent) എപ്പോഴും എല്ലായിടത്തും എല്ലാവരും അംഗീകരിച്ചതാണ് വിശുദ്ധമായ പാരമ്പര്യം. ''നീ പഠിച്ച സത്യങ്ങള്‍ പുതിയ വിധത്തില്‍ പറയാം, പറയുന്നതു പുതിയ കാര്യമായിരിക്കരുത്.'' യഥാര്‍ ത്ഥ പുരോഗതിയുടെ അനിവാര്യമാനമായി സമ്മതത്തെ അദ്ദേഹം കാണു ന്നു. ഹെന്റി ഡി ലുബായ എഴുതിയതുപോലെ പാരമ്പര്യം പഴമയുടെ ഭാരമല്ല. പാരമ്പര്യത്തിന്റെ ഉദ്ദേശ്യം വീണ്ടെടുക്കുന്നതാണ് പുരോഗതി. പാരമ്പര്യം വ്യാഖ്യാനിക്കുന്നവര്‍ ലോകമില്ലാത്തവരോ പാരമ്പര്യമില്ലാത്ത വരോ അല്ല. ഗാഡ്മര്‍ എഴുതിയതുപോലെ വ്യാഖ്യാനിക്കുന്നവന്‍ വാക്കുകളേയും പ്രയോഗങ്ങളേയും തന്റേതായ വിധത്തില്‍ വായിക്കുന്നു. പാരമ്പര്യകൃതിയുടെ ചക്രവാളവും വ്യാഖ്യാനക്കാരന്റെ ചക്രവാളവും തമ്മില്‍ ബന്ധിക്കുന്നു. അവിടെ ഒരേ അര്‍ത്ഥത്തിന്റെ തുടര്‍ച്ച എന്നതു കുരങ്ങ് നടത്തുന്ന അനുകരണത്തിന്റെ മിമിക്രിയല്ല. പുതിയതല്ല പഠിപ്പിക്കേണ്ടതു പുതിയ വിധത്തിലാണ്. ലുത്തനിയ പോലെ ആവര്‍ത്തിക്കുകയല്ല. ആവര്‍ ത്തനം ഭിന്നമായ രൂപവും പശ്ചാത്തലവും ഉപയോഗിച്ചാണ്. ഗാഡമര്‍ എഴുതിയതുപോലെ മനസ്സിലാക്കല്‍ വെറും പതിപ്പുണ്ടാക്കലല്ല സര്‍ഗ്ഗാത്മകമായി ഭാഷണ വൈവിധ്യങ്ങള്‍ ഉണ്ടാക്കലാണ്. ഒന്നിന് പല വ്യാഖ്യാനങ്ങള്‍, ഭാഷണരൂപങ്ങള്‍ ഉണ്ടാകാം. ഇതാണ് വൈവിധ്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. അഞ്ചാം നൂറ്റാണ്ടില്‍ ലത്തീനില്‍ പറഞ്ഞതു 21-ാം നൂറ്റാണ്ടില്‍ പറയുമ്പോള്‍ അതു പല ഭാഷകളില്‍ പല വിധത്തിലാകും. ന്യൂമാന്റെ അഭിപ്രായത്തില്‍ മതത്തിന്റെ മലിനീകരണം അതിന്റെ പ്രബോധനങ്ങളുടെ വളര്‍ച്ചയില്ലാതെ പഴമയോടു കാണിക്കുന്ന ശാഠ്യമാണ്. കാലികമല്ലാത്ത ദൈവശാസ്ത്രം വ്യാജദൈവശാസ്ത്രമാണ് എന്നു കരുതുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്.
ഇത് കേരളത്തിലെ സീറോ മലബാര്‍ സഭയുടെ വിവാദങ്ങളിലേക്ക് വെളിച്ചം പകരും. അനുസരണത്തിന്റെ ലളിതപ്രശ്‌നമായി ഇതിനെ കാണാനാവില്ല. ''ഒരുമിച്ച് നടക്കുന്നതില്‍നിന്ന് ആരെങ്കിലും ഒരാള്‍ തന്റേതായ നിര്‍ബന്ധബുദ്ധിമൂലം പിരിഞ്ഞാല്‍ അയാള്‍ക്കുവേണ്ടി മറ്റുള്ളവരെല്ലാം. മുന്നോട്ടു നടപ്പ് ഉപേക്ഷിക്കണം'' എന്ന് ആരും പറയുന്നില്ല. ''നിര്‍ബന്ധ ബുദ്ധിക്കാരോട്'' എന്തു സമീപനമാണ് സിനഡാലിറ്റി ആവശ്യപ്പെടുന്നത്? ഇവിടെ ആരും ഒരിടത്തുനിന്നും പിരിഞ്ഞിട്ടില്ല. പിരിയുന്ന പ്രശ്‌നമല്ല ഇതു വിശ്വാസത്തിന്റേയും സന്മാര്‍ഗ്ഗത്തിന്റേയോ പ്രശ്‌നമല്ലല്ലോ. വെറും അനുഷ്ഠാനപ്രശ്‌നമാണ്. അക്കാര്യത്തില്‍ ഒരു സമവായം സ്വീകരിക്കാന്‍ പറ്റില്ല എന്ന നിര്‍ബന്ധബുദ്ധി ആധിപത്യത്തിന്റേതാകില്ലേ? വ്യത്യസ്തമായി വീക്ഷണമുള്ളവരെ കേള്‍ക്കണോ; പരിഗണിക്കണോ? ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പറയാനുള്ള സാധ്യത പോലും നാം നിഷേധിക്ക ണോ?
ഏത് സമൂഹത്തിലേയും മാറ്റത്തിന്റെയും സങ്കുചിത്വത്തിന്റെയും പിന്നില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ്. ഏറ്റവും പ്രസക്തമായ ചോദ്യം ഒരു ചെറിയ വിഭാഗം എന്തുകൊണ്ട് ഭിന്നമായി ഒരു അനുഷ്ഠാനപ്രശ്ത്തില്‍ ചിന്തിക്കുന്നു? സഭയില്‍ എല്ലാവര്‍ക്കും ബുദ്ധിയും ചിന്താശക്തിയുമുണ്ട്. അതില്‍ നേതൃത്വത്തിലേക്ക് അതിന്റെ വ്യത്യസ്തമായ പ്രബോധനതലത്തിലേക്കും വരുന്നവര്‍ വൈദികരാണ് മെത്രാന്മാരാണ്. ഇവരുടെ നേതൃത്വം പരമ്പരാഗതമാകാം. നമ്മുടെ പരമ്പരാഗതമായ അധികാരം അതിമാത്രം ഗ്രാമീണവും ഭൂമിയുമായി ബന്ധപ്പെട്ടതുമാണ്. അതു കൃഷിയുടേതും അതോടൊപ്പം ഭൂമിയെ ധനമായി കാണുന്നതുമാണ്. സമ്പ ത്ത് ഭൂമിയാണ്, ജീവിതം മണ്ണിന്റെയും പ്രകൃതിയുെടയും ഭാവഭേദങ്ങള്‍ അനുസരിച്ചുമാണ്. ഇവിടെ ദിക്കുകള്‍ പ്രധാനമാണ് സൂര്യോദയം അസ്തമയം അവഗണിക്കാനാവില്ല.
എന്നാല്‍ ഈ പരമ്പരാഗതമായ നേതൃത്വത്തിന്റെ വീക്ഷണങ്ങള്‍ മാറുകയാണ്. പുതിയ ലോകത്തിന്റെ നാഗരീകതയില്‍ ജീവിതം നഗരസംസ്‌കാരത്തിലാണ്. സമ്പത്തു ഭൂമിയല്ല വൈദഗ്ദ്ധ്യമാണ്. അതു ആര്‍ജ്ജിതമായിട്ടുള്ളവന്റെ പരമ്പരാഗത സമൂഹത്തില്‍നിന്നു നഗരത്തിലേക്കുള്ള മാറ്റത്തില്‍ മാറ്റപ്പെട്ട് ജീവിക്കുമ്പോള്‍ ദിക്കുകള്‍ അപ്രസക്തമായ ലോകത്തി ലാണ്. മനുഷ്യബന്ധങ്ങള്‍ക്കു സ്ഥലവുമായി ബന്ധമില്ലാതാകുന്നു. ജീവിതത്തിന്റെ താളം എല്ലാ മതവിഭാഗങ്ങളുമായി നിരന്തരമായ ബന്ധത്തിലാണ്. ഇവിടെ സാമൂഹികത പലമയുടെ കൂട്ടായ്മയാണ്. ഇവിടെ അനുഷ്ഠാനങ്ങള്‍ ചിലത് അപ്രസക്തമാകും മറ്റു ചിലതു നൂതനമായി പ്രസക്ത മാകും. ഈ സാഹചര്യത്തില്‍ അതു മനസ്സിലാക്കുന്ന നേതൃത്വവും ഭിന്നമായി ചിന്തിക്കും പ്രവര്‍ത്തിക്കും.
ഇവിടെയൊക്കെ ഒരു വിധത്തിലേ പാടുള്ളൂ എന്ന വാശി എന്തിന്? ഒരേ കുര്‍ബാന, അതിന്റെ ക്രമവും കൃതിയും ഒന്നു തന്നെ. അത് അനുഷ്ഠിക്കുന്നതില്‍ പുലര്‍ത്തുന്ന നിലപാടില്‍ വൈവിധ്യം ആകാന്‍ അനുവാദം ഇല്ലാതാക്കുന്നത് എന്തു നേടാന്‍? വടക്കേ ഇന്ത്യയില്‍ പല ഇടങ്ങളിലും ഇരുന്നാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ആരും അതിന് അനുവാദം ചോദിച്ചില്ല. സംസ്‌കാരത്തിന്റെ ഒരാവശ്യം. അതും ഒരു നിലപാടല്ലേ? ജോസഫ് അഡ്ഡിസണ്‍ (1713) എഴുതിയ ''സീസറിന്റെ ആഭ്യന്തര യുദ്ധം'' അമേരിക്കന്‍ ജനതയെ ഉത്തേജിപ്പിച്ച നാടകമാണ്. അതു സീസറും റോമന്‍ സെനറ്റും തമ്മിലായിരുന്നു. സെനറ്റിന്റെ നേതാവായിരുന്ന കാറ്റോ യുദ്ധ പരാജയത്തില്‍ ഇങ്ങനെ പറയുന്നു. ''വിജയിക്കുന്ന ലക്ഷ്യം ദൈവ ത്തെ പ്രീതിപ്പെടുത്തുന്നു; എന്നാല്‍ തോറ്റ ലക്ഷ്യം കാറ്റോയെ സന്തോഷിപ്പിക്കുന്നു.'' (victrix causa deis placuit, sed victa Catoni) ക്രിസ്തു ആരുടെ കൂട്ടായിരിക്കും? സീസറിന്റെ വിജയത്തിലോ കാറ്റോയുടെ പരാജയത്തിലോ?