ശ്രദ്ധയെന്ന വായന

ശ്രദ്ധയെന്ന വായന
Published on

“ഇപ്പോൾ വിശക്കുമ്പോൾ മാത്രമാണ് ഞാൻ ഭക്ഷിക്കുന്നത്. എനിക്കു വിശപ്പുള്ളപ്പോൾ ഞാൻ വായിക്കുകയല്ല, ഭക്ഷിക്കുകയാണ്.” വായന എന്നതു ഭാവനയാണ് എന്നു പറയുന്നതു സിമോൺ വൈൽ എന്ന ഫ്രഞ്ച് യഹൂദസ്ത്രീയാണ്. അവർ യേശുവിനെ അഗാധമായി സ്നേഹിച്ചവളാണ്. ശരീരത്തിന്റെ വിശപ്പിനു നാം ആഹാരം കഴിക്കുന്നു. മനസ്സിന്റെ വിശപ്പിനു നാം വായിക്കുന്നു. വായന ആഹാരം കഴിക്കുന്നതുപോലെ തന്നിലേക്ക് എടുക്കുന്നതാണ്. വായിക്കുന്നതു സ്വന്തം മനസ്സിലേക്കു പ്രവേശിക്കത്തക്കവിധം നാം സ്വീകരിക്കണം. മുണ്ടക ഉപനിഷത്തിൽ രണ്ടു കിളികളിൽ, ഒന്നു പഴം കൊത്തിത്തിന്നുന്നു; മറ്റേതു അതു നോക്കിയിരിക്കുന്നു. ആഹരിക്കലും നോക്കിയിരിക്കുന്ന ശ്രദ്ധയും രണ്ടും നമുക്കു വേണം. ജീവൻ നിലനിർത്താൻ ബോധപൂർവം ജീവിക്കണം. ശ്രദ്ധ പതറിയാൽ വഴിതെറ്റും.

രണ്ടു സ്ത്രീകൾക്കു ഒരേ കത്തു കൊടുക്കുക - അവളുടെ മകൻ മരിച്ചു എന്ന കത്ത്. ഒരാൾ കത്തുകണ്ട് ബോധം കെട്ടുവീഴുന്നു. അവർ ഒരിക്കലും പഴയ അവസ്ഥയിലേക്കു തിരിച്ചുവരില്ല. രണ്ടാമത്തെ സ്ത്രീക്ക് ഒന്നും സംഭവിക്കുന്നില്ല. അവർക്ക് വായിക്കാൻ അറിയില്ല. എഴുത്ത് തീയായിരുന്നില്ല. അത് ഉണ്ടാക്കുന്നത് പൊള്ളലല്ല. എഴുത്ത് ഇന്ദ്രിയ ക്ഷോഭം ഉണ്ടാക്കണമെന്നില്ല. ഇന്ദ്രിയക്ഷോഭവും അതുണ്ടാക്കുന്ന അർഥവും രണ്ടാണ്. ഒരു സ്ത്രീയുടെ ബോധം പോയത് അത് അവരെ ഉലച്ചതുകൊണ്ടാണ്. ലോകം മിഥ്യയാണ് എന്നു പറയാം, ലോകം യാഥാർത്ഥ്യവുമാണ്. നമ്മൾ വായിക്കുന്നതു മാത്രമാണ് നല്കപ്പെടുന്നത്. മനസ്സിനു ഗ്രഹിക്കാൻ കഴിയുന്നതു മാത്രമേ നമ്മുടെ കണ്ണുകൾ കാണുകയുള്ളൂ. ജീവിക്കുക എന്നതു സഹിക്കലാണ്. നിലനില്ക്കുക എന്നതു സഹിക്കുന്നതിൽ അർഥം കണ്ടെത്തുകയാണ്. അർഥം കാണുമ്പോൾ അക്ഷരങ്ങൾ കാണാതെ പോകാം. അർഥങ്ങൾ ചുറ്റിലുമുണ്ട്. ലളിതമായ ചിന്തകൾ നമുക്കു ചുറ്റുമുണ്ട്. അവ നമ്മിലേക്കു വരുന്നു, അവ നമ്മെ ബാധിക്കുന്നു. അർഥങ്ങൾ മൂല്യങ്ങളാകാം നന്മയാകാം സൗന്ദര്യമാകാം. അവ വേർതിരിക്കാനാവാത്ത രഹസ്യമാണ്. അവ കടന്നുവരാൻ വായിക്കണം. അശ്രദ്ധമായി പോയാൽ ഒന്നും വരണമെന്നില്ല. ശ്രദ്ധയിലാണ് ശ്രവണമുണ്ടാകുന്നത്.

അപരന്റെ നിലവിളിയും വിലാപവും കേൾക്കാനുമുള്ള നല്ല മനസ്സിന്റെ സന്നദ്ധതയാണ് ശ്രദ്ധയുടെ വായന.

നാം എഴുത്തിന്റെ കാലത്ത് എന്നതിനേക്കാൾ ചിത്രങ്ങളുടെ കാലത്താണ് ജീവിക്കുക. നാം ഭക്ഷിക്കുന്നത് എഴുത്തല്ല, പടങ്ങളാണ്. തൽഫലമായി ശ്രദ്ധ കുറഞ്ഞ ഒരു കാലഘട്ടത്തിലുമാണ്. ക്ലാസിലെ കുട്ടികളുടെ ശ്രദ്ധയുടെ സമയം വളരെ കുറച്ച് മിനിറ്റുകളാണ് എന്ന പരാതി കേൾക്കുന്നു. ഒന്നിൽ നിന്നു ക്ഷിപ്രവേഗത്തിൽ മനസ്സ് തെന്നിമാറുന്നു. കുരങ്ങിനെപ്പോലെ നിരന്തരമായ ശാഖാചംക്രമണത്തിലാണ്.

പെട്ടെന്നു കാര്യങ്ങൾ നിശ്ചയിക്കണമെന്നതിൽ നിർബന്ധമുള്ള നാം പിരിമുറുക്കത്തിലാണ്. ഈ പിരിമുറുക്കം വലിയ അഹന്തയുടെ ഫലമത്രേ. ശ്രദ്ധയെന്നത് എല്ലാ ചിന്തകളും റദ്ദാക്കി സ്വയം ശൂന്യമാക്കി ശ്രദ്ധയുടെ വിഷയത്തിന് ആതിഥ്യം നല്കി കാത്തിരിക്കുകയാണ്. അതിനുവേണ്ടി മനസ്സിനെ പിടിച്ചു നിറുത്തുന്ന ഒരു പരിശീലനം അനിവാര്യമാണ്. മറ്റു ചിന്തകളില്ലാതെ ചിന്താമണ്ഡലത്തിന്റെ ബോധം ഒന്നിനുവേണ്ടി മാത്രം ശൂന്യമാക്കുകയാണ്. ശ്രദ്ധയെന്നത് മറ്റെല്ലാത്തിനേയും പ്രതിരോധിച്ച ബോധത്തെ സ്ഥിതപ്രജ്ഞയിൽ നിലനിർത്തുന്നതാണ്. ബോധം എപ്പോഴും ശകലിതമാണ്. ഇങ്ങനെ ശകലിതമാകാതെ ബോധത്തെ ഉറപ്പിച്ചു നിർത്താൻ നടത്തുന്ന പരിശീലനം ആത്മീയ നടപടിയാണ്, വലിയ പ്രത്യാഘാതങ്ങളുള്ള ധാർമ്മിക പ്രവൃത്തിയുമാണ്. ശ്രദ്ധ വിരളവും ശുദ്ധവുമായ ഔദാര്യ രൂപമാണ്. മനസ്സ് സ്വിച്ചിട്ട് തുറന്ന് വിഷയത്തിനെ അകത്തേക്ക് സ്വീകരിച്ചു കാത്തിരിക്കുന്ന ഉദാരതയുമാണ് ശ്രദ്ധ.

ശ്രദ്ധ സ്വീകാര്യതയുടെ ഉത്തമഭാവമാണ്. ശ്രദ്ധയുടെ വിഷയം ഒരു പ്രതിസന്ധിയാകാം, പ്രശ്നമാകാം, വ്യക്തിയാകാം. മനസ്സിന്റെ വ്യതിചലനമോ ചാഞ്ചാട്ടമോ സ്വാർഥചിന്തകളോ ഇല്ലാതെ നിഷ്ക്കാമമായി വിഷയത്തിൽ പിടിച്ചുനിർത്തുന്നതാണ്. ശ്രദ്ധയുടെ വിഷയത്തെ സ്വന്തമാക്കാനോ, വിധിക്കാതെയും ഉത്തരം പറയാതെയും സ്വയം വിനീതനായും ആധിപത്യമില്ലാതെയും കേൾക്കുകയാണ്. ആധിപത്യമോഹത്തോടെ വ്യാഖ്യാനിക്കാനോ ഏതെങ്കിലും വ്യാഖ്യാനത്തിൽ കാര്യങ്ങൾ ഒതുക്കാതെ വിഷയം പൂർണ്ണമായ ബോധത്തിലേക്ക് സ്വീകരിക്കണം. ഇതു വേദനാജനകമായ പരിശീലനമാണ്.

സംസാരിക്കുന്നവരുടെ നിശ്ശബ്ദതയും പറയുന്നതിലെ ശബ്ദവ്യത്യാസങ്ങളും പറയുന്നതിൽ പറയാതെ വിടുന്ന അസാന്നിധ്യങ്ങളും പറയാതെ പറയുന്നതും ശ്രദ്ധിക്കണം. ശ്രദ്ധ മാത്രമാണ് സ്നേഹിക്കാനും മനസ്സിലാക്കാനുമുള്ള ഏകവഴി, അതു ബോധപൂർവകവും ധീരവും ആഴമാർന്ന വിധം ധാർമ്മികവുമായ നടപടിയാണ്. നിസ്വാർത്ഥവും ആഴമാർന്നതുമായ ശ്രദ്ധ സംഘാതമായ മാനവികതയിൽ പങ്കുകൊണ്ട് മനസ്സിലാക്കാൻ അനിവാര്യമാണ്. അപരന്റെ നിലവിളിയും വിലാപവും കേൾക്കാനുമുള്ള നല്ല മനസ്സിന്റെ സന്നദ്ധതയാണ് ശ്രദ്ധയുടെ വായന. അതു പ്രാർഥനയാണ്, പ്രാർഥന കേൾവിയുമാണ്. അതു വിശ്വാസവും സ്നേഹവും ഉൾക്കൊള്ളുന്നു. തിന്മയുടെ വിജയത്തിനുവേണ്ടതു നല്ല മനുഷ്യരുടെ നിസ്സംഗതയാണ്.

“ഒരു പുസ്തകവുമായി ഒരു മൂലയിൽ ഇരുന്നപ്പോൾ മാത്രമാണ് സമാധാനം കണ്ടെത്തിയത്” എന്നു ക്രിസ്താനുകരണ കർത്താവ് എഴുതി. വായനയും പഠനവും ആരും നിറുത്തരുത്. പഠനം നിറുത്തി തിരിച്ചു വരുന്നു എന്നത് ഒരു വൈരുദ്ധ്യമാണ്. പഠനം ജീവിതം മുഴുവൻ നീണ്ടു നിൽക്കണം. പഠനകാലം സ്വയം പഠിക്കാൻ പഠിക്കുന്ന കാലമാണ്. വായന വിശു ദ്ധമായ അനുഷ്ഠാനമാക്കി മറ്റെല്ലാം അനുഷ്ഠാനങ്ങളും അവസാനിപ്പിച്ചതു യഹൂദരാണ്. ക്രൈസ്തവ ജീവിതത്തിലും വായനയുടെ അനുഷ്ഠാനമുണ്ട്. ഇന്നിവിടെയിരുന്നു പിന്നോട്ടും മുന്നോട്ടും നോക്കി വായിക്കാം. ലോകമെന്ന പുസ്തകം വായിക്കാം, പുസ്തകമെന്ന ലോകവും വായിക്കാം. വായനയുടെ ലോകത്തിൽ മരിച്ചവരും അവരുടെ കൃതികളിലൂടെ ജീവിക്കുന്നു. എല്ലാ വായനയും വ്യാഖ്യാനമാണ്. എല്ലാ വ്യാഖ്യാനങ്ങളും ജീവിതത്തിന്റെ വ്യാഖ്യാനമാണ്. ജീവിതം പറയുന്നവർ കഥ പറയുന്നു. കഥയിലാണ് കാര്യം, കാര്യം കണ്ടെത്താൻ കഥകൾ വായിക്കണം. ദുരന്തകഥകൾ ദുരന്തമായി ജീവിക്കാതിരിക്കാനാണ് വായിക്കുന്നത്. ലോകം ഒരു പുസ്തക ശാലയാണ്. അകത്തിരുട്ടകറ്റുവാൻ അക്ഷരം വായിക്കണം.

logo
Sathyadeepam Online
www.sathyadeepam.org