
ആത്മീയമണ്ഡലത്തിലെ ഏത് വിവാദവും കുറെക്കഴിയുമ്പോള്‍ അത് ആത്മീയതയുമായി ഒരു ബന്ധവുമില്ലാത്ത വെറും ലൗകികഭാഷയായി അധഃപതിക്കും. ഇതു വളരെ മനോഹരമായി നമ്മോടു പറയുന്ന ഒരു നോവലാണ് സെര്‍വാന്റസ് (1547-1616) എഴുതിയ ഡോം ക്വിക്‌സോട്ട്. അതു സ്പാനിഷ് ക്രിസ്തുവിനെയാണ് അവതരിപ്പിക്കുന്നത് എന്നു ഉനാമൂനോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ നോവല്‍ വളരെ ഭിന്നമായ ഒരു കാര്യമാണ് അവതരിപ്പിക്കുന്നത് എന്നാണ് മിഷേല്‍ ഫുക്കോ എന്ന ഫ്രഞ്ച് ചിന്തകന്‍ കരുതുന്നത്. ഇതിലെ കഥാനായകനാണ് വിവാദ വിഷയം. വായിച്ച് വായിച്ച് പുസ്തകപ്പുഴുവായ ഒരുവന്‍ വായിച്ചറിഞ്ഞ മാടമ്പിയായി വേഷം കെട്ടി നാടു നന്നാക്കാന്‍ ഇറങ്ങുകയാണ്. അയാള്‍ കാണുന്നതും കൂടെ ഇറങ്ങിയ അയാളുടെ സഹായി സാന്‍ചോ പാന്‍സ എന്ന വ്യക്തി കാണുന്നതും വളരെ വിപരീതമാണ്. യാഥാര്‍ത്ഥ്യമാണ് ഈ സഹായി കാണുന്നത് എന്നു നാം കരുതും. ഡോം ക്വിക്‌സോട്ടിനു ഭ്രാന്താണ് എന്നു പൊതുവേ കരുതപ്പെടും. ക്വിക്‌സോട്ട് ലോകം ഭിന്നമായി കാണുന്നു. അതാണ് ഈ നോവലിന്റെ ഗൗരവമായ പ്രമേയം.
ഈ നോവലിന്റെ കഥാനായകന്‍ സ്വന്തം വേലികള്‍ക്കുള്ളിലൂടെ മാത്രമാണ് യാത്ര ചെയ്യുന്നത് എന്നതാണ് ഫുക്കോയുടെ വലിയ കണ്ടെത്തല്‍. സ്വന്തം തനിമയുടെ ഉള്ളില്‍ മാത്രം യാത്ര ചെയ്യുന്നവന്‍. അന്യമായതോ വന്യമായതോ സ്പര്‍ശിക്കാതെ പോകുന്ന പ്രതിസന്ധിയാണ് നോവല്‍ അവതരിപ്പിക്കുന്നത്. 16-17 നൂറ്റാണ്ടുകളില്‍ സ്‌പെയിന്‍ നടത്തുന്ന യാത്രകളും ആ സംസ്‌കാരത്തിന്റെ സവിശേഷതകളുടെ അനന്യത വേറൊന്നു കണ്ടുമുട്ടാതെ സ്വന്തത്തില്‍ മാത്രം വ്യാപരിക്കുന്നു. അപരനെ കണ്ടുമുട്ടാത്ത യാത്രയുണ്ടാക്കുന്ന പ്രശ്‌നം. അപരന്‍ കടന്നു വരാത്ത ഭാഷയുടെ പ്രതിസന്ധി. കാണു ന്നതെല്ലാം കണ്ടിട്ടുള്ളതു മാത്രമാകുന്ന വലിയ പ്രശ്‌നം. അന്യമായതിലേക്കു കടന്നുചെല്ലാത്ത തനിമയുടെ ആവര്‍ത്തനം സൃഷ്ടിക്കുന്ന ഭീകരതയാണ് ക്വിക്‌സോട്ട് കാണുന്നത്. ഈ വിധമുള്ള യാത്ര അഹത്തിന്റെ നിഴലുകളെ മാത്രം കാണുന്ന ആധിപത്യയാത്രയാകും. ഒരിടത്തും അപരന്‍ ഇല്ലാതാകുമ്പോള്‍ അതുണ്ടാക്കുന്ന ഒരു ഭീകരത, അഹാധിപത്യത്തിന്റെ ഭീകരതയാണ്. അവിടെ മതം ധാര്‍മ്മികത എല്ലാം അപകടത്തിലാകും. അതാണ് സെര്‍വാന്റസ് വരച്ചുകാണിക്കുന്നത്. അതാണ് അയാളുടെ ഭ്രാന്തിന്റെ അര്‍ത്ഥം.
ഇവിടെ നടക്കുന്നത് ഒരു സാഹിത്യപ്രശ്‌നമല്ല. അയാള്‍ കാണു ന്നതും കാണാന്‍ ആഗ്രഹിക്കുന്നതും തമ്മിലുള്ള സംഘട്ടനമല്ല. ലോ കം കാണിക്കുന്നത് അഥവാ സമൂഹം കാണിക്കുന്നത് എന്താണ്? അതു മുഖംമൂടി വച്ച കാണിക്കലാണ്. കാണിക്കുന്നതു മുഴുവന്‍ അഹത്തിന്റെ ആധിപത്യമാണ്. പക്ഷെ, അതു മുഖംമൂടി കാണിക്കുന്ന വേറെ എന്തൊക്കെയോ ആയി പ്രത്യക്ഷമാകുന്നു. ഇവിടെ യാണ് കാഴ്ചയുടെ പ്രശ്‌നം. ശരിക്കും കാണുന്നതു ക്വിക്‌സോട്ടാണ്. കൂടെ നടക്കുന്നവന്‍ കാണുന്നതു കാണിക്കുന്നതല്ല, അതിന്റെ മുഖംമൂടി മാത്രമാണ്. ഇവിടെ ഒരു സമൂഹത്തിനു മുഴുവന്‍ ബാധിച്ചിരിക്കുന്ന അഹംബോധത്തിന്റെയും സമാനതകളാണ് യാഥാര്‍ ത്ഥ്യം എന്ന ചിന്തയുടെയും ഒരു ഭ്രാന്താണ്. ഈ ഭ്രാന്തിനെ കാണുന്നവനാണ് ക്വിക്‌സോട്ട് - അയാളാണ് സത്യം കാണുന്നത്. ആ സത്യം കാണാന്‍ ലോകം തയ്യാറാകുന്നില്ല.
ലോകം നന്നാക്കാന്‍ നടക്കുന്ന ക്വിക്‌സോട്ട് ഒരു സംഘം ആളുകളെ തടയുന്നു. പക്ഷെ, സഹായി പറയുന്നു. അതു പള്ളിയുടെ ഒരു പ്രദക്ഷിണമാണ് എന്ന്. ആ കാലഘട്ടത്തില്‍ അനുതാപികള്‍ സ്വയം ചാട്ടയടിച്ച് മാതാവിന്റെ തിരുസ്വരൂപവുമായി നടത്തുന്ന പ്രദ ക്ഷിണം. പക്ഷെ, ക്വിക്‌സോട്ട് കണ്ടത് അതല്ല. ഒരു പെണ്ണിനെ ഒരു സംഘം അക്രമികള്‍ ബന്ധിയാക്കി കൊണ്ടുപോകുന്നതാണ്. ഇതാ ണ് ക്വിക്‌സോട്ടിന്റെ കാഴ്ച. അതാണ് യാഥാര്‍ത്ഥ്യം അയാള്‍ക്കറിയാം. ഇതു വളരെ വ്യക്തമാക്കുന്നതാണ് ഗ്രഹം ഗ്രാന്‍ എന്ന കത്തോലിക്ക നോവലിസ്റ്റ് മോണ്‍സിഞ്ഞോര്‍ ക്വിക്‌സോട്ട് എന്ന നോവലില്‍ വരച്ചുകാണിക്കുന്നു. മെക്‌സിക്കോയിലെ ഒരു ഗ്രാമീണ ഇടവകയില്‍ മാതാവിന്റെ പ്രദക്ഷിണം. കന്യകാമാതാവിന്റെ കഴുത്തില്‍ നോട്ടുമാല. ഒരിടത്തു മാതാവിന്റെ വിശുദ്ധ സ്ഥലത്തേക്കുള്ള ടിക്കറ്റ് ലേലം ചെയ്യുന്നു. മോണ്‍. ക്വിക്‌സോട്ട് മാതാവിന്റെ കഴുത്തിലെ മാലയൂരി വലിച്ചെറിഞ്ഞ് ഇടപെടുന്നു. മതത്തിന്റെ രഹസ്യമാണ് വെളിവാകുന്നത്. അത് അധികാരകാമത്തിന്റെ പ്രകാശനമാണ്. പുതിയ മതം അധികാരത്തിന്റെയാണ്. അതാണ് കാണാവുന്നതും. ഇവിടെ മതം ബിംബങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പ്രതിനിധാനം ചെയ്യുന്നതു പുറത്തുള്ള ഒന്നുമല്ല, അതിഭൗതികതയുടെ ബിംബങ്ങളേയല്ല. ഭൗതികതയുടെ തന്നെ സമാനതകളുടെ ബിംബങ്ങള്‍ അതിനു പുറത്തേക്ക് ഒന്നും കാണിക്കുന്നില്ല. കാണിക്കുന്നത് അധികാരത്തിന്റെ കാമനകള്‍ മാത്രം.
ഇവിടെ ശ്രദ്ധേയമായത് അതിഭൗതിക മാനങ്ങള്‍ നഷ്ടപ്പെട്ട ഒരു ഭാഷണ ബിംബന ലോകത്തില്‍ സംഭവിക്കുന്ന ദുരന്തമാണ്. ഒന്നും തങ്ങള്‍ക്കുള്ളതിന് അതീതമായി സൂചിപ്പിക്കാനോ കാണിക്കാനോ ഒരു അനുഷ്ഠാനത്തിനും കഴിയാതെ വരുന്ന ഒരു ഫാസിസം സംസ്‌കാരത്തേയും ഭാഷയേയും ഗ്രസിച്ചത് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്, കഥാപാത്രത്തിന്റെ പേരും ഡോം ക്വിക്‌സോട്ട് ദെ ല മാഞ്ചു എന്നാണ്. അത് ക്രിസ്തുവിന്റെ പാലും വെണ്ണയും അര്‍ത്ഥമാക്കുന്നുണ്ട്. പക്ഷെ, ഈ പാല് പുളിച്ചുപോയി എന്ന സത്യമാണ് നോവല്‍ നമ്മോട് പറയുന്നത്. സുവിശേഷത്തിന്റെ പാല് സഭയുടെ കൈകളില്‍ പുളിച്ച കഥ. അദ്ദേഹം നോവല്‍ എഴുതിയത് സ്പാനിഷ് ഇംങ്കിസിഷന്‍ നടക്കുന്ന കാലഘട്ടത്തിലാണ്. സ്‌നേഹത്തിന്റെ നല്ല വാര്‍ത്ത ശിക്ഷയുടെ മരണവാര്‍ത്തയായി മാറുന്ന അപകടത്തിന്റെ കഥ. പീഡനം പ്രത്യേക തരം എഴുത്തുണ്ടാക്കുന്നു. അതിഗൗരവമായ സത്യം ഒരിടത്തും നേരേ പറയുന്നില്ല. അതു വരികള്‍ക്കിടയിലും പദവിന്യാസത്തിന്റെ ഓരങ്ങളിലും പറഞ്ഞുവയ്ക്കുന്നു - മരണശിക്ഷ ഒഴിവാക്കാന്‍. അവസാനം കഥാനായകന്‍ തന്റെ കൂടെ കൂടിയവനോട് പറയുന്നു. 'നിന്റെ സമയം മുഴുവന്‍ ഞാന്‍ നഷ്ടമാക്കിയതിനു ക്ഷമ ചോദിക്കുന്നു. ഭ്രാന്തന്‍ ഞാനായിരുന്നു. ഇത് തമ്മില്‍ ഒരു ബന്ധവുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു'' ഭ്രാന്തനായി ജീവിച്ചു സുബോധത്തോടെ മരിച്ചു. ആര്‍ക്കായിരുന്നു ശരിക്കും ഭ്രാന്ത്?