മുറിവുകളുണ്ടാക്കുന്ന സാധ്യതകള്‍

മുറിവുകളുണ്ടാക്കുന്ന സാധ്യതകള്‍
Published on
  • പോള്‍ തേലക്കാട്ട്

എറണാകുളം-അങ്കമാലി അതിരൂപത ഏഴു വര്‍ഷങ്ങളായി മുറിവേല്‍ക്കുകയായിരുന്നു. അധികാരത്തിലിരുന്നവര്‍ സത്യധര്‍മ്മങ്ങളെ അവഗണിച്ചുണ്ടാക്കിയ മുറിവുകള്‍. അവര്‍ സത്യം തിരിച്ചറിഞ്ഞോ? അതോ പൊതുസമൂഹത്തിന്റെയും ഇതര കത്തോലിക്ക സഭാധികാരത്തിന്റെയും സമ്മര്‍ദത്തിനു വഴങ്ങാതിരിക്കാന്‍ പറ്റാതായതോ? പുതിയ പ്രഭാതങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു.

കഷ്ടകാലം ചിന്തയ്ക്കും വിശകലനത്തിനും വിധേയമാക്കണം. മുറിവുകളുടെ കണ്ണീര് പുതിയ സാധ്യതകള്‍ പൊട്ടിമുളപ്പിക്കാന്‍ ഇടയാക്കാനാണ്. വൈദികര്‍ക്കും സന്യസ്തര്‍ ക്കുംവേണ്ടി എന്നും പ്രാര്‍ഥിക്കുന്നു, ''തിന്മയെ ചെറുക്കാന്‍'' അവര്‍ക്കു സാധിക്കാന്‍വേണ്ടി. വിശുദ്ധരാണ് എന്ന വ്യാജബോധത്തില്‍ വസിക്കാനല്ല. എങ്കിലും ഈ സഭയ്ക്കു പൊതുസമൂഹത്തോട് എന്തെങ്കിലും നിര്‍വഹിക്കാനുണ്ടെങ്കില്‍ അതു സത്യധര്‍മ്മങ്ങളുടെ മനുഷ്യബോധത്തിലായിരിക്കും.

അല്ലാത്തതു വെറും മിഥ്യയാണ്. കാര്യങ്ങള്‍ എങ്ങനെ ആയാലും മതി, എല്ലാവരും അനുസരിച്ചാല്‍ മതി എന്ന വളരെ പ്രകടമായ ഒരു പൊതുബോധം വ്യാജമാണ്, പൊള്ളയായ വെറും ഒഴുക്കാണ്. ആന്തരികബോധത്തിന്റെ നിലപാടുകളില്‍ നിന്നു ജീവിക്കുന്നത് കുറ്റകരമാകുമ്പോള്‍ ആ ജീവിതശൈലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതാണ് ധാര്‍മ്മിക ധീരത.

നടന്നതു ദുരന്തമായിരുന്നു. എന്തുകൊണ്ട് ഇത് ഉണ്ടായി? ഇതാണ് നാം കൃത്യമായി മനസ്സിലാക്കേണ്ടത്. അധികാരസ്ഥാനങ്ങളില്‍ നിന്നു ദൈവാരൂപി ഒഴിഞ്ഞതിന്റെ പ്രശ്‌നമാണ്. അതുണ്ടാക്കിയത് ഒരു ഗ്രഹണമാണ്. തത് ഫലമായി ഗ്രീക്ക് പുരാണങ്ങളുടെ ഭാഷയില്‍ ഡയനീഷ്യന്‍ ഭ്രാന്തായിരുന്നു ഉണ്ടായത്. ദുരന്തചേതന നിറഞ്ഞാടി. തുറന്നുവിട്ട വര്‍ഗസമര ഹെഗേലിയന്‍ യുദ്ധം അവസാനിച്ചില്ല. മധ്യശതകത്തിലെ പിശാചുവേട്ടയിവിടെ നടമാടി.

ഇതിന്റെ മറ്റൊരു പതിപ്പായി ഇവിടെ അരങ്ങേറിയതു പാപ്പയുടെ പ്രതിനിധിയുടെ അവിവേകത്തിന്റെ പ്രവര്‍ത്തികളായിരുന്നു. മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചവരും തുടര്‍ന്നു. സമവായ ചിന്തകളെ തുരങ്കം വച്ചവരും ജയിച്ചേ അടങ്ങൂ എന്ന പിടിവാശിക്കാരും സഭയിലുണ്ടായി. പുതിയ അധികാരികള്‍ വത്തിക്കാനിലും ഇവിടെയും ഉണ്ടായി. എന്നാല്‍ സമരം നടത്തിയവരും സമരം ഉണ്ടാക്കിയവരും വലിയ വിഭജനങ്ങളും മുറിവുകളും ഉണ്ടാക്കിയിട്ടുണ്ട്. വൈദികരോടൊത്തു നിന്നവന്‍ പോലും ഇത് ഏറ്റു പറയുന്നു.

ഈ പൊതുവേദികളില്‍ നിന്നുയരുന്ന ഒരു ചോദ്യമുണ്ട്. വിവാദ വിഷയം കുര്‍ബാനയാണല്ലോ. ദിനംപ്രതി പതിനായിരക്കണക്കിനു കുര്‍ബാനകള്‍ ജനാഭിമുഖമോ അല്ലാതെയോ ചൊല്ലിക്കൂട്ടിയിട്ട് എന്തുഫലം? സമൂഹത്തില്‍ അല്‍പം പോലും സത്യനിഷ്ഠയും നീതിബോധവും ഉണ്ടാക്കാന്‍ അതുപകരിക്കുന്നുണ്ടോ? അതില്ലാതെ രണ്ടു കൂട്ടര്‍ തമ്മില്‍ സമൂഹത്തില്‍ ഗൗരവമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ പള്ളികള്‍ തോറും ഉണ്ടാക്കുമ്പോള്‍ നടക്കുന്നത് അര്‍ഥശൂന്യമായ അനര്‍ഥനാടകമല്ലേ എന്ന ചോദ്യം സഭ ചര്‍ച്ച ചെയ്യുമോ? കുര്‍ബാനയ്ക്ക് എന്തു സാമൂഹിക പ്രസക്തി എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇവിടെ ജനങ്ങള്‍ കോവിഡ് വസന്തയില്‍ വീടുകള്‍ അടച്ചു മരണഭീതിയില്‍ വിറകൊണ്ട കാലത്താണ് നമ്മുടെ ''പിതാക്കന്മാര്‍'' അന്ത്യകൂദാശയുടെ അടിയന്തര സ്വഭാവത്തില്‍ ഓണ്‍ലൈനായി ഏകീകൃത കുര്‍ബാനയര്‍പ്പണ തീരുമാനം കൈക്കൊണ്ടത്. സിനഡിനു പുറത്തുള്ള ലോകം അവര്‍ മറന്നു! റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം നടക്കുമ്പോള്‍ അവിടത്തെ ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ച ചെയ്ത ആരാധനക്രമ വിഷയവും ഇവിടെ വൈദികര്‍ ഉയര്‍ത്തിയ പ്രതിഷേധവും തമ്മില്‍ എന്തായിരുന്നു വ്യത്യാസം? ദൈവം ഒഴിഞ്ഞു പോയിടത്തു സഭയും നിലനില്‍ക്കില്ല എന്നതിന്റെ സൂചനകളായിരുന്നു.

റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ പങ്കെടുക്കുകയും പിന്നീട് കമ്മ്യൂണിസം വിടുകയും ചെയ്ത നിക്കോളായി ബര്‍ഡിയേവ് കുര്‍ബാനയെക്കുറിച്ച് പറഞ്ഞതു അനുസ്മരിക്കുന്നു. ''എന്റെ വിശപ്പ് ഒരു ഭൗതിക പ്രശ്‌നമാണ്; പക്ഷെ, നിന്റെ വിശപ്പ് അത് എന്റെ ആത്മീയ പ്രശ്‌നമാക്കുന്നതാണ് കുര്‍ബാന.'' അപരന്റെ വിശപ്പിനു പല അര്‍ഥഭേദങ്ങളുണ്ട്. ആഹാരത്തിനുവേണ്ടി മാത്രമല്ല, അറിവിനും നെറിവിനും സത്യത്തിനും നീതിക്കും സമാധാനത്തിനും സ്‌നേഹത്തിനുംവേണ്ടി മനുഷ്യന്‍ വിശക്കുന്നു.

കുര്‍ബാനയെ നാം വിഗ്രഹമാക്കിയോ? കുര്‍ബാന ഒരു അടയാളമാണ്. അടയാളം ചിന്തിപ്പിക്കുന്നു. ആ ചിന്തയാണ് സര്‍ഗാത്മകമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കുന്നത്. കുര്‍ബാനയര്‍പ്പിക്കുന്നവരുടെ ബോധമണ്ഡലത്തില്‍ നിന്നു കുര്‍ബാനയുടെ അനുഭവത്തിന്റെ സാക്ഷ്യങ്ങളുടെ ഏറ്റുപറച്ചിലിന്റെ ഭാഷണം ഉണ്ടാക്കണം. അത് പ്രസാദത്തിന്റെ ജീവിത പരിവര്‍ത്തന കഥകളുണ്ടാക്കുന്ന ജീവിതസ്പര്‍ശിയാകാതെ അതു വിഗ്രഹമാക്കി മാറ്റുന്ന അപകടം തിരിച്ചറിയണം.

ഈ സമരാവസാനത്തില്‍ തിരിഞ്ഞുനോക്കി കുറ്റബോധത്തോടെ പിഴയിടിക്കണം. തോറ്റതു സിനഡല്ല, അതിരൂപതയല്ല - സഭയാണ്. അതു വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും മുറിവുണ്ടാക്കി. സഭയുണ്ടാക്കിയ സ്വയംകൃതാനര്‍ഥം. എല്ലാവരും അതില്‍ പങ്കുചേര്‍ന്നു. മുറിവില്‍ നിന്നുണ്ടാകുന്ന ചോരയുടെ കണ്ണീര്‍ പുതിയ പൊടിപ്പുകള്‍, സംരംഭങ്ങള്‍ ഉണ്ടാക്കും. പുതിയ വളര്‍ച്ചകള്‍ ഉണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org