
ക്രൈസ്തവ പൗരോഹിത്യം പുരുഷന്മാര്‍ക്കുവേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണോ? ദൈവവെളിപാട് കാലാനുസൃതമായി മനുഷ്യബുദ്ധിയില്‍ വ്യാഖ്യാനിക്കാമോ? സ്വര്‍ഗാനുരാഗികളുടെ കല്യാണം ആശിര്‍വദിക്കാമോ? മെത്രാന്മാരുടെ സിനഡില്‍ അല്‍മായര്‍ എങ്ങനെ പങ്കാളികളാകും? സ്ത്രീകള്‍ക്ക് പട്ടം കൊടുക്കാത്ത പാരമ്പര്യം സഭ പൊളിച്ചെഴുതുമോ? ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ അധികാര വിനിയോഗ ശൈലി അഴിച്ചുപണിയാനുള്ള ശ്രമത്തിന്റെ ഭാഗമായി വത്തിക്കാനില്‍ ഈ ഒക്‌ടോബറില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡ് സമ്മേളനം ലോകശ്രദ്ധയുടെ വിഷയമാണ്. ഒക്‌ടോബര്‍ 4 നു തുടങ്ങിയ ഈ സമ്മേളനത്തില്‍ 363 അംഗങ്ങള്‍ പങ്കെടുക്കുന്നു വിവിധ ദേശങ്ങളില്‍ നിന്നും. അതു മെത്രാന്‍മാരുടെ സിനഡ് എന്നാണ് അറിയപ്പെടുന്നത്. പക്ഷെ, അതിലേക്ക് 70 അല്‍മായരെ ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ വോട്ടവകാശത്തോടെ നിയമിച്ചിട്ടുണ്ട്. 54 വനിതകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു
എന്നാല്‍ ഈ സമ്മേളനം തുടങ്ങുന്നതിനു മുമ്പേ വിരമിച്ച അഞ്ച് കര്‍ദിനാള്‍മാര്‍ സംഘടിതമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികളെ വിമര്‍ശിച്ചു ചോദ്യങ്ങള്‍ ഉന്നയിച്ചു മാര്‍പാപ്പയ്ക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ ഉന്നയിച്ച ചില പ്രശ്‌നങ്ങളാണ് ആരംഭത്തില്‍ ചൂണ്ടി കാണിച്ചത്. മാര്‍പാപ്പയുടെ പുരോഗമനപരമായ ഈ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ ഈ അഞ്ചുപേരുടെ പിന്നിലുമുണ്ട്. സിനഡ് സംഭാഷണത്തെപ്പറ്റിയാണ് - അതു തെറ്റായ വഴിയല്ലേ എന്ന ആശങ്കയിലാണ് സഭയിലെ ചിലര്‍. അതു സഭയുടെ പ്രബോധനത്തെയും പാരമ്പര്യത്തെയും അട്ടിമറിക്കുന്നു എന്ന ആരോപണവുമുണ്ട്. കത്തോലിക്കാ സഭയുടെ പരമാധികാരി മാര്‍പാപ്പയാണ് - അതിനെ സിനഡാക്കുന്നു എന്ന വിമര്‍ശനവുമുണ്ട്. എന്നാല്‍ കത്തോലിക്കാ സഭയിലെ പൗരസ്ത്യസഭകളുടെ പരമാധികാരി ഒരു വ്യക്തിയല്ല, മെത്രാന്മാരുടെ സിനഡാണ്. ഈ സാഹചര്യത്തില്‍ സിനഡ് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ച് കര്‍ദിനാള്‍മാര്‍ ഉന്നയിച്ചു സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി എഴുതി പ്രസിദ്ധീകരിച്ചു.
കത്തോലിക്കാ സഭയുടെ പരമാധികാരി സിനഡാണോ എന്ന ചോദ്യത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ (ഘൗാലി ഏലിശtuാ) ഉദ്ധരിച്ചുകൊണ്ട് ഉത്തരം പറയുന്നു. കത്തോലിക്കാ സഭയുടെ പരമാധികാരം വിനിയോഗിക്കുന്നത് മാര്‍പാപ്പയിലൂടെയും അദ്ദേഹം അധ്യക്ഷനായ മെത്രാന്മാരുടെ സംഘത്തിലൂടെയുമാണ്. അതേസമയം ഈ ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും പങ്കുചേരാനും അഭിപ്രായങ്ങള്‍ അറിയിക്കാനും ആഗ്രഹിക്കുന്നു എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഈ ചോദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ചോദ്യം മെത്രാന്മാരുടെ മാത്രം സിനഡിലേക്ക് എല്ലാ വോട്ടവകാശവുമായി 70 അല്‍മായരെ നിശ്ചയിച്ചത് എന്ത് അധികാരത്തിലാണ് എന്നതാണ്. ഇവിടെ പട്ടമൊന്നുമില്ലാത്തവരെ സഭയുടെ തീരുമാനവേദിയില്‍ അംഗമാക്കിയതാണ് പ്രശ്‌നമാകുന്നത്. വൈദികപട്ടം സത്താപരമായി ഭിന്നമാണ് എന്ന കൗണ്‍സില്‍ പഠിപ്പിക്കുന്നു. എന്നാല്‍ വൈദികപട്ടം മാമ്മോദീസാ സ്വീകരിച്ചവര്‍ക്കു ശുശ്രൂഷ ചെയ്യാനാണ്. മാമ്മോദീസായുടെ രാജകീയ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും ഉണ്ടാക്കുന്നതു വിശ്വാസത്തിന്റെ സമത്വമാണ്. വിവിധ വിധങ്ങളില്‍ ദൈവജനത്തിന് അവരുടെ ശബ്ദം കേള്‍ക്കപ്പെടാനുള്ള സ്വാതന്ത്ര്യം പട്ടം കിട്ടയവര്‍ക്കു മാത്രമല്ല വിശ്വാസം സ്വീകരിച്ച എല്ലാവര്‍ക്കുമുണ്ട് എന്നു മാര്‍പാപ്പ വ്യക്തമാക്കുന്നു.
''സഭയുടെ ദൈവശാസ്ത്രം മാറിയോ?'' എന്നതാണ് അവര്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. നിലനില്‍ക്കുന്ന ദൈവശാസ്ത്രമനുസരിച്ച് സ്ത്രീകള്‍ക്കു പട്ടം കൊടുക്കാന്‍ സാധിക്കില്ല. കാരണം യേശുക്രിസ്തുവിന്റെ 12 അപ്പസ്‌തോലന്മാരില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പട്ടം സ്വീകരിച്ചവരും സ്വീകരിക്കാത്ത വിശ്വാസികളും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രശ്‌നം. പട്ടം സ്വീകരിച്ചവര്‍ ഒന്നാം തരം വിശ്വാസികളും അതില്ലാത്തവര്‍ രണ്ടാം തരം വിശ്വാസികളുമല്ല എന്ന് മാര്‍പാപ്പ എടുത്തു പറയുന്നു. മാര്‍പാപ്പ വ്യക്തമായി എഴുതി. ''പൗരോഹിത്യം പുരുഷന്മാര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടു എന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്.'' എന്നിരുന്നാലും സ്ത്രീകള്‍ക്കു പട്ടം കൊടുക്കാന്‍ തീരുമാനമായിട്ടില്ല. സ്ത്രീകള്‍ക്ക് കുര്‍ബാനയ്ക്കിടയില്‍ വായിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്. പഴയ പാരമ്പര്യത്തില്‍ ആദ്യമായി ലഭിക്കുന്ന പട്ടം കുര്‍ബാനയ്ക്കിടയില്‍ വായിക്കാനുള്ള അധികാരത്തിന്റെ പട്ടമാണ്. പക്ഷെ ഇപ്പോള്‍ പള്ളികളില്‍ സ്ത്രീകളും പുരുഷന്മാരുമാണ് കുര്‍ബനയ്ക്കിടയില്‍ വായനകള്‍ നടത്തുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കണമെന്നും അവരെ സഭയുടെ നേതൃത്വത്തില്‍ പങ്കുകാരാക്കണമെന്നും മാര്‍പാപ്പ എഴുതി. ഈ വിഷയത്തില്‍ ആധികാരികമായ നിര്‍വചനം നടന്നിട്ടില്ല എന്നും വ്യക്തമാക്കി. ആംഗ്ലിക്കന്‍ സഭയുടെ ''പട്ടത്തിന്റെ സാധുത ആരും നിഷേധിച്ചിട്ടില്ല. അത് പഠന വിഷയമാക്കാവുന്നതു''മാണ് എന്നും ഫ്രാന്‍സിസ് പാപ്പ എഴുതി.
സഭയുടെ പ്രബോധനങ്ങള്‍ കാലമനുസരിച്ചു മാറുമോ? സഭയുടെ പ്രബോധന രേഖകളും വെളിപാടിന്റെ വേദവും വ്യാഖ്യാനിക്കുന്ന പ്രശ്‌നമാണിത്. പൈതൃകമായി ലഭിച്ച വിശ്വാസത്തെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയുമാണ്. ദൈവവചനത്തെക്കുറിച്ചു സൂനഹദോസ് പ്രമാണ രേഖ (ഉലശ ഢലൃയൗാ) ''സഭയുടെ വിധി പക്വതയാര്‍ജിക്കാം'' എന്നാണ് എഴുതിയത്. ഇതിനര്‍ത്ഥം അതു മനസ്സിലാക്കുന്നഹില്‍ പുരോഗതി കൈവരിക്കാം എന്നാണ്. ഒരു കാലത്തു സഭ അടിമത്തം അംഗീകരിച്ചിരുന്നു. സ്ത്രീകളോട് മനോഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ദൈവവചനത്തിന്റെ ലക്ഷ്യം മനുഷ്യന്റെ രക്ഷയാണ്. ദൈവികവെളിപാടിന്റെ സത്തയും വെളിപാട് പ്രകടിതമായ ഭാഷയുടെ സാംസ്‌കാരിക സ്വഭാവവും വേര്‍തിരിച്ചു കാണണം എന്നു മാര്‍പാപ്പ എഴുതി.
സ്വവര്‍ഗവിവാഹം ആശീര്‍വദിക്കാന്‍ ജര്‍മ്മന്‍ സഭ അനുവദിച്ചിട്ടുണ്ട്. ഈ ചോദ്യത്തിന് ഉത്തരമെഴുതിയപ്പോള്‍ ''ആദിയില്‍ സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു'' എന്നതില്‍ നിന്നു സഭയ്ക്കു വ്യതിചലിക്കാനാവുമോ? എന്ന് മാര്‍പാപ്പ ചോദിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലാണ് വിവാഹം, മറ്റൊന്നും വിവാഹമല്ല. പക്ഷെ, മറ്റു ബന്ധങ്ങളെ എങ്ങനെ വിധിക്കും? അവിടെ അനുകമ്പയും പരിഗണനയും പുലര്‍ത്തേണ്ടതല്ലേ, പുറത്താക്കുന്നതും പാപമാരോപിക്കുന്നതുമായ മനോഭാവങ്ങള്‍ പുലര്‍ത്തണോ എന്നു മാര്‍പാപ്പ ചോദിക്കുന്നു. അവരുടെ കല്യാണം വിവാഹമായി ആശീര്‍വദിക്കുന്നതല്ല, അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതു വിലക്കണോ എന്നതാണ് പ്രശ്‌നം.
അവസാനത്തെ ചോദ്യം ചരിത്രത്തിലേക്കു തിരിഞ്ഞു തെറ്റുകള്‍ ക്ഷമിക്കുന്നതിനെക്കുറിച്ചായിരുന്നു. അതു സഭയുടെ ഒരു തിരുത്തല്‍ മനോഭാവത്തിന്റെ പ്രകടനം മാത്രമായി മനസ്സിലാക്കേണ്ടതാണ് എന്നാണ് മാര്‍പാപ്പ സൂചിപ്പിച്ചത്. പാരമ്പര്യം പഴമയുടെ തുടര്‍ച്ചയാണോ? അതു മാറുമോ എന്നതാണ് മുഖ്യപ്രശ്‌നം. കാര്‍ഡിനല്‍ ന്യൂമാന്‍ എഴുതി ''വിശ്വാസം യുക്തിയുടെ ഒരു നടപടിയാണ് - മുന്‍ ധാരണകളെക്കുറിച്ച് ചിന്തിക്കാന്‍.'' ചിന്ത ധാരണകളെ മാറ്റാം. വിശ്വാസം ചിന്തയുടെ മരണമല്ല.