സീറോ മലബാര്‍ സഭയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം

സീറോ മലബാര്‍ സഭയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം
2024 മെയ് 13-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ അവിടെയുള്ള സീറോ മലബാര്‍ കത്തോലിക്കരെ വിളിച്ചുകൂട്ടി നടത്തിയ പ്രഭാഷണം സഭാംഗങ്ങള്‍ പഠിക്കേണ്ടതാണ്. അതിനെക്കുറിച്ച് പിറ്റേ ദിവസം വന്ന വാര്‍ത്തകള്‍ വായിച്ചാല്‍ അന്ധന്മാര്‍ ആനയെ കാണാന്‍ പോയ കഥ പോലെയാണ് തോന്നുക. ഈ പ്രസംഗം വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്.

1) എന്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോ മലബാര്‍ സഭയുടെ ചെറിയ ഒരു സമൂഹത്തെ വിളിച്ചുകൂട്ടി അവരോട് ഈ പ്രസംഗം പറഞ്ഞത്? സിനഡാലിറ്റിയില്‍ വിശ്വസിക്കുന്ന മാര്‍പാപ്പയുടെ ബോധപൂര്‍വകമായ നടപടിയാണ്. സഭയിലെ ഏതെങ്കിലും ഒരു വിഭാഗത്തോടല്ല സംസാരിക്കുന്നത്. പ്രബോധനാധികാരം സഭയില്‍ നിന്നാണ്. അവരോട് പറയുന്നതുപോലെ അവരെ കേള്‍ക്കാനും അധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇത് സഭയ്ക്കു മുഴുവനുമായ സന്ദേശമാണ്.

2) ഇത് ഒരു രൂപതയ്ക്കുള്ള സന്ദേശമല്ല. എല്ലാവരേയും ബാധിക്കുന്ന സന്ദേശമാണ്. ആരുടെയും പേരു പറഞ്ഞിട്ടില്ല. ഈ സഭ നേരിടുന്ന പ്രശ്‌നത്തെപ്പറ്റിയുമാണ് സംസാരിക്കുന്നത്. അത് എന്താണ്? ''കുര്‍ബാന അനുഷ്ഠിക്കുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ച് വാഗ്‌വാദം.'' മാര്‍പാപ്പ തുടര്‍ന്നു പറയുന്നു ''ഇതു ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടില്ല.'' ഇങ്ങനെ വിശ്വാസവുമായി പൊരുത്തപ്പെടാത്ത ഒരു വിശദാംശം വിവാദമാക്കിയത് ആരാണ്? ഇവിടെ മാര്‍പാപ്പ വ്യക്തമാക്കുന്നതു 50:50 ഫോര്‍മുലയാണ്. അത് അടിച്ചേല്പിച്ച് ഒരു വിവാദമാക്കിയത് ആരാണ്? അതു മറ്റാരുമല്ല, സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ സിനഡാണ്. ഇതു നിസ്സാരമായ ഒരു അനുഷ്ഠാനപ്രശ്‌നമാണ്. ഇത് അടിച്ചേല്പിക്കേണ്ട ഒരു വിഷയമല്ല എന്ന് ഇവിടെ എത്രവട്ടം ആളുകള്‍ ചൂണ്ടിക്കാണിച്ചതാണ്.

3) സീറോ മലബാര്‍ സഭയോട് മാര്‍പാപ്പ പറയുന്നു: ''അനുസരണക്കേടുള്ളിടത്ത് ശീശ്മയുണ്ട്'' തുടര്‍ന്നു മാര്‍പാപ്പ പറയുന്നു, ''നിങ്ങള്‍ അനുസരണമുള്ളവരാണ്, നിങ്ങളുടെ മഹത്തായ വിശേഷണങ്ങളിലൊന്നാണ് അനുസരണം. അനുസരണം വെറും ഭക്തിപൂര്‍വകമായ പ്രബോധനമല്ല മറിച്ച് കര്‍ത്തവ്യമാണ്. പ്രത്യേകിച്ചും അനുസരണം വാഗ്ദാനം ചെയ്തിട്ടുള്ള വൈദികരെ സംബന്ധിക്കുമ്പോള്‍''. മാര്‍പാപ്പ ഇതു പറയന്നത് എല്ലാവരേയും അഭിസംബോധന ചെയ്താണ്. എല്ലാ അനുസരണക്കേടും കൂട്ടായ്മാലംഘനമാകുമോ? 'ഹ്യുമാനേ വീത്തേ' എന്ന ചാക്രിക ലേഖനത്തിലെ കൃത്രിമ ഗര്‍ഭധാരണ ഉപാധികളെക്കുറിച്ചു മെത്രാന്മാര്‍ നടത്തിയ എതിര്‍പ്പും, ഈ അടുത്തകാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളുടെ ''കല്യാണ''ത്തിന്റെ ആരാധനക്രമ പരമല്ലാത്ത ആശീര്‍വാദം നല്കാം എന്നതിനെ എതിര്‍ത്ത മെത്രാന്മാരുടെ അനുസരണക്കേടും ശീശ്മയ്ക്കു കാരണമായിട്ടില്ല.

4) സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരു വീഡിയോ സന്ദേശമയച്ച കാര്യം മാര്‍പാപ്പ അനുസ്മരിക്കുന്നു. അത് പരോക്ഷമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കാണ്. അതേ മാര്‍പാപ്പ ആ വിഷയം എല്ലാവരോടും പറയുന്നത് എന്തുകൊണ്ട്? ഈ സന്ദേശം ഒരു മെത്രാന്‍ നല്കിയ അപേക്ഷയനുസരിച്ചായിരുന്നു. അദ്ദേഹം ഈ അതിരൂപത അനുസരണക്കേടിന്റെ പാരമ്പര്യം പേറുന്നു എന്നു പറഞ്ഞിരുന്നല്ലോ. മാര്‍പാപ്പ അനുസരണത്തെക്കുറിച്ച് എല്ലാവരോടും പറയുന്നു. എല്ലാവരും സത്യം പറയണം. എല്ലാവരും അധികാരത്തെ അനുസരിക്കണം.

ഇത് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്‌നമായി ചിലര്‍ ചിത്രീകരിക്കുന്നു കണ്ടു. എറണാകുളം-അങ്കമാലി അതിരൂപതയെക്കുറിച്ച് പ്രത്യേകമായി മാര്‍പാപ്പ ഒന്നും പറഞ്ഞിട്ടില്ല. ഇത് എല്ലാവരുടെയും പ്രശ്‌നമാണ്. ആ അതിരൂപതയുടെ മാത്രം പ്രശ്‌നമല്ല എന്നു മാര്‍പാപ്പ വ്യക്തമാക്കുന്നു.

5) കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്‌നം സിനഡുണ്ടാക്കി അടിച്ചേല്പിച്ചതാണ്. അതു തെറ്റായിപ്പോയി എന്നു മാര്‍പാപ്പ സംശയമില്ലാതെ വ്യക്തമാക്കി. ''ഐകരൂപ്യം കാതോലിക്കമല്ല, അത് ക്രൈസ്തവം പോലുമല്ല. മറിച്ച് വൈവിധ്യത്തില്‍ ഏകത്വം'' എന്ന് 2018 ഒക്‌ടോബറില്‍ മാര്‍പാപ്പ പറഞ്ഞതല്ലേ? അത് നടപ്പിലാക്കാന്‍ ശ്രമിച്ച് ഐക്യം അപകടപ്പെടുത്തരുത് എന്ന് മാര്‍പാപ്പയുടെ പ്രതിനിധി ഇതു തീരുമാനിച്ച സിനഡില്‍ പറഞ്ഞതല്ലേ? അതു കേട്ടില്ല എന്നു മാത്രമല്ല വത്തിക്കാന്‍ പ്രതിനിധിക്കെതിരെ പരാതി അയച്ചില്ലേ? അതുകൊണ്ട് അര്‍ത്ഥശങ്കയില്ലാതെ മാര്‍പാപ്പ പറയുന്നു, ''ഇതു നമ്മോട് നമ്മുടെ ഐക്യത്തിനായുള്ളതും നമ്മുടെ വിശ്വാസികളോടുള്ളതുമായ സമര്‍പ്പണത്തെക്കുറിച്ച് ആത്മശോധന ചെയ്യണം.'' ഇതാണ് പാപ്പയുടെ പ്രസംഗത്തിന്റെ കാതല്‍. ആരാണ് അനുസരണക്കേട് കാണിച്ചത്?

6) ''നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറികടന്നു പ്രവര്‍ത്തിക്കാനാവില്ല (supersede) കാരണം, നിങ്ങള്‍ സ്വയം ഭരണാവകാശമുള്ള സഭയാണ്.'' മാര്‍പാപ്പ സഹായിച്ചു. പഴയ അധികാരികളെ മാറ്റി, പേപ്പല്‍ ഡെലഗേറ്റ് ചര്‍ച്ച ചെയ്തു സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചു. അപ്രസക്തമായ കാര്യം തീരുമാനിച്ച് നിര്‍ബന്ധിച്ചപ്പോള്‍ ഭിന്നമായ സമീപനം സ്വീകരിച്ചവരെ ഈ സഭയുടെ മക്കളായി അധികാരികള്‍ പരിഗണിച്ചോ? പേപ്പല്‍ ഡെലഗേറ്റിനെക്കൊണ്ട് ശിക്ഷിപ്പിക്കാനല്ലേ ചിലര്‍ ശ്രമിച്ചത്?

7) സിനഡ് തീരുമാനത്തോടു വിയോജിച്ചത് എറണാകുളം-അങ്കമാലി അതിരൂപത മാത്രമായിരുന്നോ? കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് അതിരൂപതയിലുണ്ടായ ബുദ്ധിമുട്ടുകളുടെ വിശദാംശങ്ങള്‍ മാര്‍പാപ്പയെ ധരിപ്പിക്കാന്‍ സാധിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫിനെപ്പോലുള്ളവരെ കേള്‍ക്കാന്‍ മാര്‍പാപ്പ സന്നദ്ധനായപ്പോള്‍ സംഭവിച്ചതതാണ്. പക്ഷെ, ആരേയും കേള്‍ക്കില്ല എന്ന വാശി പിടിച്ചതു ആരാണ്? മാര്‍പാപ്പയോട് സത്യം പറയാതെ കെട്ടുകഥകള്‍ വസ്തുതകളായി പറഞ്ഞത് ആരാണ്? അധികാരത്തിലിരിക്കുന്നവര്‍ സത്യത്തിന്റെ സാക്ഷികളായോ?

മുകളില്‍ പറഞ്ഞതെല്ലാം സീറോ മലബാര്‍ സഭയുടെ പൊതുപ്രശ്‌നങ്ങളാണ്. ഇത് എറണാകുളത്ത് ചിലരുടെ മര്‍ക്കടമുഷ്ടി മാത്രമാണോ? ഇവിടെ കുറെ വൈദികരേയും വിശ്വാസികളെയും പാഷണ്ഡികളായി മുദ്രകുത്തി കത്തിക്കണമെന്ന് ചിലര്‍ക്കു വല്ലാത്ത നിര്‍ബന്ധം പോലെ! സഭാ പ്രശ്‌നങ്ങള്‍ അങ്ങനെയാണോ പരിഹരിക്കേണ്ടത്. അതാണോ മാര്‍പാപ്പ ആവശ്യപ്പെടുന്നത്? ആത്മശോധന ചെയ്തും ചര്‍ച്ച ചെയ്തും തീരുമാനിക്കുവാനാണ്. പഴയ പല്ലവി പാടാതെ മെത്രാന്മാരോടും വൈദികരോടും ജനങ്ങളോടും മാര്‍പാപ്പ പറയുന്നത് പുതിയ തീരുമാനങ്ങള്‍ എടുക്കാനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org