ചരിത്രം സൃഷ്ടിക്കുന്ന ഫ്രാന്‍സിസ് പാപ്പ

ചരിത്രം സൃഷ്ടിക്കുന്ന ഫ്രാന്‍സിസ് പാപ്പ
Published on

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കത്തോലിക്കാ സഭയില്‍ വളരെ ഗൗരവമായ നവീകരണം സൃഷ്ടിച്ചതു പാപ്പ സ്ഥാനത്തില്‍ തന്നെയാണ്. അതു കത്തോലിക്കര്‍ എന്ന ഒരു വിഭാഗം വിശ്വാസികളുടെ തലവന്‍ എന്നതിനെക്കാള്‍ മനുഷ്യവംശത്തിന്റെ ധാര്‍മ്മികശബ്ദമായി പാപ്പ സ്ഥാനം മാറി എന്നതാണ്. ഇത്ര മനോഹരമായ ഒരു മാറ്റം സഭയുടെ മെത്രാന്മാരിലോ വൈദികരിലോ, സന്ന്യസ്തരിലോ ഉണ്ടായില്ല. മാര്‍പാപ്പ മനുഷ്യന്റെ ആഗോള ചരിത്രത്തില്‍ ദൈവത്തിനുവേണ്ടി ഇടപെടുന്നവനായി എന്നതാ ണ് ഏറെ ശ്രദ്ധേയം. യുദ്ധങ്ങളുടെ ചരിത്രമായി മനുഷ്യചരിത്രം മാറുന്ന തു നിസ്സഹായരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് സാധാരണ ജനങ്ങള്‍. ആരൊക്കെയോ സാധാരണ മനുഷ്യരുടെ മരണവിധി എവിടെയോ ഇരുന്നു തീരുമാനിക്കുന്നു; സാധാരണക്കാര്‍ നിരന്തരമായി വേട്ടയാടപ്പെടുന്നു, പലതരം പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ സ്വാതന്ത്ര്യം മരീചികയായി മാറുന്നു. ശാസ്ത്രസാങ്കേതിക വിദ്യകള്‍ പുരോഗമിക്കുന്നതു യുദ്ധത്തിന്റെ ആഗോളനശീകരണത്തിന്റെ തീവ്രതയിലാണ്. മനുഷ്യചരിത്രം നിരന്തരമായ കൊലയുടെ ചരിത്രമായി മാറുന്നതു നിസ്സഹായരായി നാം നോക്കി നില്‍ക്കേണ്ടി വരുന്നു.

ഈ ചരിത്രത്തിലേക്കാണ് മാര്‍പാപ്പമാര്‍ ആധുനികകാലത്തു മനുഷ്യനുവേണ്ടി ഇടപെടുന്നത്. ഈ ആധുനിക കാലഘട്ടത്തില്‍ ഏറ്റവും ദീര്‍ഘകാലം ഭരണത്തിലിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പോളണ്ടിന്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നിന്നു വരുന്ന വ്യക്തിയാണ്. 1979-1998 കാലഘട്ടത്തില്‍ അദ്ദേഹം പോളണ്ടിലേക്കു അഞ്ചുതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൊത്തത്തില്‍ 9 തവണകളിലും. ഈ സന്ദര്‍ശനങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ നിലപാടുകൂടെയായിരുന്നു. സോവ്യറ്റ് യൂണിയന്റെ നേൃത്വത്തിലുള്ള കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് അതു പ്രതിസന്ധികള്‍ സൃഷ്ടിച്ചു. 1989-ലാണ് ആകസ്മികമായി ഒരു പ്രതിരോധവുമില്ലാതെ ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടത്. സര്‍വ്വശക്തവും അതിഭീകരവുമായ ആയുധപ്പുരകളുടെ ഈ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ആധിപത്യങ്ങള്‍ ഓരോന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. ഒരു പോലീസും പട്ടാളവും അതിനെ സംരക്ഷി ക്കാന്‍ ഇറങ്ങിയില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യം നിലംപൊത്തി. ഈ തകര്‍ച്ചയുടെ പിന്നില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ സാന്നിദ്ധ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ പോലും ഈ തകര്‍ച്ചയെ വ്യാഖ്യാനിക്കാന്‍ കൂട്ടാക്കാറില്ല. കിഴക്കന്‍ യൂറോപ്പിന്റെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള ചിന്തകനായ സ്ലാവോജ് ജിജെക്ക് (Zizek) ഇതിന് ഒരു വിശദീകരണം നല്കി. അതിന് അദ്ദേഹം ആശ്രയിച്ച തു കത്തോലിക്കാ ചിന്തകനായ ജി.കെ. ചെസ്റ്റര്‍ട്ടനെയാണ്: ധാര്‍മ്മികതയുടെ ഗൂഢാലോചന. ധര്‍മ്മബോധത്തിന്റെ മനുഷ്യമനസ്സുകളിലെ രഹസ്യമായ ഗൂഢാലോചനയില്‍ അതു തകര്‍ന്നു എന്നതാണ് നിഗമനം. മനുഷ്യന്റെ ധര്‍മ്മബോധമാണ്, നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം. ധാര്‍മ്മികമായ മനുഷ്യന്റെ അടിസ്ഥാനത്തിന്റെ ശബ്ദമായി മാര്‍ പാപ്പ മാറിയതിന്റെ പ്രതികരണവും പ്രത്യാഘാതവുമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാന സംഭവമായ കമ്മ്യൂണിസത്തിന്റെ പതനം.

ഇതേ പാരമ്പര്യത്തില്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന മറ്റൊരു ആഗോള വിപ്ലവത്തിനാണ് നാം സാക്ഷികളാകുന്നത്. അതു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലോക മുസ്‌ലിം ജനതയുമായുള്ള സാഹോദര്യത്തിന്റെ ബന്ധമാണ്. ഈ മാര്‍പാപ്പയ്ക്കു ചരിത്രം സൃഷ്ടിച്ച സന്ദര്‍ശനമായി മാറിയതു ഈ മാര്‍ച്ച് 5-8 തീയതികളില്‍ യുദ്ധത്തിന്റെ തകര്‍ച്ചകള്‍ കണ്‍മുമ്പില്‍ ഭീകരമായി നിലകൊള്ളുന്ന അറബി സംസ്‌കാരത്തിലെ ഇറാക്കിലേക്കുള്ള യാത്രയായിരുന്നു. ഈ ഇറാക്കാണ് അതിപുരാതനമായ കല്‍ദായ കത്തോലിക്കാ സമൂഹത്തിന്റെ നാട്. രണ്ടാം കുരിശുയുദ്ധം ഉണ്ടാകാനുള്ള കാരണം ഈ ക്രൈസ്തവസമൂഹത്തിന്റെ കല്‍ദായപ്രദേശം മുസ്‌ലീങ്ങള്‍ അക്രമിച്ചു കീഴടക്കിയതാണ്. അതോടൊ പ്പം ഇസ്‌ലാമിക ഖലിഫേറ്റ് സ്ഥാപിക്കാനുള്ള ഇസ്‌ലാമിക സ്‌റ്റേറ്റിന്റെ അതിഭീകരമായ തീവ്രവാദ യുദ്ധത്തിന്റെ അക്രമങ്ങളില്‍ നടന്ന നാശനഷ്ടങ്ങളുടെയും മനുഷ്യഭീകരതയുടെയും മണ്ണിലേക്കാണ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മാര്‍പാപ്പ ധീരമായി കാലുകുത്തിയത്. അറബി നാട് മാര്‍പാപ്പയുടെ സുരക്ഷിതത്വത്തിനു ഭീഷണിയാണ് എന്നതും വസന്തയുടെ ഭീകരതയും യാത്രമുടക്കാന്‍ മതിയായ കാരണങ്ങളായിരുന്നെങ്കിലും മാര്‍പാപ്പയുടെ ഈ ധീരമായ നടപടി ഒരു വിപ്ലവകരമായ നിലപാടിന്റെയായിരുന്നു. മാത്രമല്ല മാര്‍പാപ്പ ചെന്നതു ഊര്‍ എന്ന അബ്രാഹത്തിന്റെ ജന്മസ്ഥലത്തേക്കാണ്. യഹൂദ-ക്രൈസ്തവ-ഇസ്‌ലാം മതങ്ങളില്‍ മൂന്നിലും സര്‍വ്വാദരണീയനായ വിശ്വാസത്തിന്റെ പിതാമഹനായി അബ്രാഹം നിലകൊള്ളുന്നു. അബ്രാഹം നാടും വീടും വിട്ട് യാത്രികനായത് അന്യരിലേക്കാണ്. വാഗ്ദാനവും ഉടമ്പടികളുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസവഴിയിലെ ജീവിതശൈലിയുടെ അടയാളങ്ങള്‍. വാക്കിന്റെ വിശ്വാസ്യതയിലും ഉടമ്പടികളുടെ ഉറപ്പിലും ജീവിച്ചവന്റെ പാതയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചരിച്ചത്. ഇസ്‌ലാം മതനേതാക്കളെ ഈ ശൈലിയിലേക്കാണ് ക്ഷണിച്ചത്. ഈ പാതയുടെ ആഖ്യാനമായിരുന്നു അദ്ദേഹത്തിന്റെ "എല്ലാവരും സഹോദരന്മാര്‍" എന്ന ചാക്രിക ലേഖനവും. ഇതിന്റെ സംഭാഷണ സഹകരണത്തിലേക്ക് ഷിയ മുസ്‌ലിങ്ങളുടെ ഗ്രാന്റ് ആയത്തൊള്ള അലി അല്‍ സിസ്താനിയെ അദ്ദേഹം വിളിച്ചു ചേര്‍ത്തു നിറുത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ വിപ്ലവപരമായ നടപടിക്ക് ശത്രുക്കള്‍ സ്വന്തം സഭയില്‍ തന്നെയാണ് എന്നത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിമാന യാത്രയ്ക്കിടയില്‍ പറഞ്ഞു. "പാഷണ്ഡിയായി മുദ്രകുത്തുന്നതില്‍ ദുഃഖമില്ല." ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ പാഷണ്ഡത ആരോപിക്കു ന്നതില്‍ വൈദികരും സന്ന്യസ്തരും മെത്രാന്മാരുമുണ്ട്. അവര്‍ രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ച ക്ലെയര്‍വോയിലെ ബര്‍ണാര്‍ഡിന്റെ പക്ഷം പിടിക്കുന്നു. അവര്‍ക്കു നിയന്ത്രണരേഖ ഭേദിച്ച് ഒന്നിലധികം തവണകളില്‍ സുല്‍ത്താന്‍ സലാഡിനെ സന്ദര്‍ശിച്ച് സൗഹൃദം സ്ഥാപിച്ച വി. ഫ്രാന്‍സിസല്ല ആദര്‍ശവാന്‍. ഈ ചിന്താഗതിയുടെ മൗലികവാദികളായി മാറിയിരിക്കുന്നവര്‍ മുസ്ലീങ്ങളുമായി ഒരു സഹകരണത്തിനും സംഭാഷണത്തിനും ശ്രമിക്കുന്നവരെ ഇവിടെ വേട്ടയാടുന്നുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ സമുവല്‍ ഹന്റിംഗ്ടന്റെ "നാഗരികതകളുടെ യുദ്ധം" എന്ന സിദ്ധാന്തം അടിസ്ഥാന രഹിതമാണെന്നു സ്ഥാപിക്കുന്ന ചരിത്രമാണ് സൃഷ്ടിക്കുന്നത്. രണ്ടാം കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലെസ്സിംഗ് എഴുതിയ നാടകം – വിജ്ഞാനിയായ നാഥന്‍ – മനുഷ്യനാകുക എന്ന സന്ദേശമാണ് നല്കുന്നത്. "മാനവികത ധര്‍മ്മത്തില്‍ തുടങ്ങുന്നു" എന്ന് എഴുതിയ ലെവിനാസ് പറയുന്നു "യഥാര്‍ത്ഥത്തില്‍ മനുഷ്യനാകുന്നവന്‍ അബ്രാഹത്തിന്റെ സന്തതിയാണ്."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org