പിന്നോട്ടു നോക്കി ഉപ്പു തൂണാകുന്നവര്‍

പിന്നോട്ടു നോക്കി ഉപ്പു തൂണാകുന്നവര്‍

സാറാ ജോസഫിന്റെ പുതിയ നോവല്‍ ''കറ'' ഒരു ബൈബിള്‍ നോവലാണ്. ഉല്പത്തി പുസ്തകത്തിലെ സോദോമില്‍ ജീവിച്ച ലോത്തിന്റെ ഭാര്യയാണ് മുഖ്യകഥാപാത്രം. സോദോം അതിന്റെ കറയില്‍ തകര്‍ന്ന ഒരു പട്ടണമായിരുന്നു. ആ നാടിന്റെ നാശത്തില്‍നിന്നു ഓടിപ്പോകാനാണ് ദൈവദൂതന്മാര്‍ ലോത്തിനും കുടുംബത്തോടും ആവശ്യപ്പെടുന്നത്-''തിരിഞ്ഞു നോക്കരുത്'' എന്ന താക്കീതും. ഓടിപ്പോകുന്ന ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കി, ''പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഉപ്പുതൂണായിപ്പോയി'' എന്നു ബൈബിള്‍ പറയുന്ന (ഉല്പത്തി 19:26) അവളുടെ തിരിഞ്ഞു നോട്ടം അവളുടെ തീരുമാനമായിരുന്നു: ദൈവകല്പന ''ലംഘിക്കാനുള്ള തീരുമാനത്തിന്റെ'' തിരിഞ്ഞുനോട്ടമായി വ്യാഖ്യാനിക്കുന്നു. ആ തീരുമാനത്തിനു അവളുടെ ''ജീവനെക്കാള്‍ മഹത്വമുണ്ടായിരുന്നു'' എന്നാണ് സാറാ ജോസഫ് എഴുതുന്നത്. ബൈബിളിലെ ഒരു പൂരാണമാണിത് - ഒരു മിത്ത്.

ഗ്രീക്ക് പുരാണത്തിലും ഇതുപോലെ ഒരു സന്ദര്‍ഭമുണ്ട്. ഓര്‍ഫയേസൂസിന്റെ ഭാര്യ വിഷം തീണ്ടി മരിച്ചു. അതിന്റെ ദുഃഖത്തില്‍ ഓര്‍ഫയേസൂസ് പാതാളത്തിലിറങ്ങി അവിടെ പാടുന്നു. പാതാളവാസികള്‍ മനസ്സു മാറ്റി അവന്റെ ഭാര്യയെ അവനു വിട്ടുകൊടുക്കാന്‍ സന്നദ്ധരായി. ഒരു വ്യവസ്ഥ. ഭാര്യ പിന്നിലുണ്ടാകും, തിരിഞ്ഞു നോക്കരുത്. ഭൂമിയിലേക്കുള്ള ദീര്‍ഘയാത്രയില്‍ ഭാര്യയെ കാണാനുള്ള തീവ്ര താത്പര്യത്തില്‍ തിരിഞ്ഞു നോക്കി - അവള്‍ എന്നന്നേക്കുമായി അപ്രത്യക്ഷയായി. രണ്ടിടത്തും പിന്നോട്ട് നോക്കുന്നതിന്റെ പ്രതിസന്ധി കാണിക്കുന്നു.

ഇതു ദൈവത്തിന്റെ വിധിയോട് വിഘടിക്കുന്ന പ്രശ്‌നമാണോ? അങ്ങനെ വിഘടിച്ചവരായിരുന്നു സാദോം നിവാസികള്‍. ഇവിടെ ആ മിത്ത് മനസ്സിലാക്കല്‍ സാറാ ജോസഫ് വിജയിച്ചു എന്നു തോന്നുന്നില്ല. മനുഷ്യന്‍ അളന്നു വസിക്കണമെന്ന പാരമ്പര്യത്തില്‍ പല ചിന്തകരും പറഞ്ഞിട്ടുണ്ട്. സമയവും അളന്നു വസിക്കേണ്ട ഇടമാണ്. അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ സമയത്തെക്കുറിച്ചു പറയുന്നു, സമയം എന്ത് എന്നു ചോദിച്ചാല്‍ അറിയില്ല എന്നും ചോദിക്കാതിരുന്നാല്‍ അറിയാം എന്നുമാണ്. സമയം ഒഴുകുകയാണ്. ഒഴുകുന്ന സമയത്തെ എങ്ങനെ അളക്കും? ഇപ്പോള്‍ എന്ന വര്‍ത്തമാനത്തിനു മൂന്നു മാനങ്ങളുണ്ട്. ഇപ്പോള്‍ എന്നതു വര്‍ത്തമാനമാണ്. പക്ഷെ, ഈ വര്‍ത്തമാനത്തില്‍ വര്‍ത്തമാനം മാത്രമല്ല, ഭൂതം ഓര്‍മ്മയായും ഭാവി പ്രതീക്ഷയായും കടന്നു നില്‍ക്കുന്നു.

സമയത്തിന്റെ ഒഴുക്കാണ് ജീവിതസരണി. മനുഷ്യന്‍ ആയിരിക്കുന്നവനല്ല, ആയിത്തീരുന്നവനാണ്. ഹെരാക്ലീറ്റസ് പറഞ്ഞതാണ് സത്യം. ഒഴുകുന്ന നദിയിലേക്ക് ഒരാള്‍ രണ്ടു പ്രാവശ്യം ചാടുന്നില്ല. ജീവിതം സ്ഥിരമായി ഒരിടത്തു നില്‍ക്കുകയല്ല. അതു സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഈ ചലനം പിടിച്ചു നിറുത്തുന്നതു മരണമാണ്. അതുകൊണ്ട് സാഹിത്യകാരനായ ലൂയി ബോര്‍ഗസ് എഴുതി. ''കാലമെന്ന പദാര്‍ത്ഥത്തിലാണ് ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. കാലമെന്ന നദി എന്നെ ഒഴുക്കുന്നു. പക്ഷെ, ഞാനാണ് നദി. കാലമെന്ന പുലി എന്നെ ആക്രമിക്കുന്നു. പക്ഷെ, ഞാനാണ് പുലി. കാലമെന്ന അഗ്നി എന്നെ ദഹിപ്പിക്കുന്നു; പക്ഷെ, ഞാനാണ് അഗ്നി.''

സോദോം നഗരം ഒമര്‍ ഖയാം പാടിയ മദ്യപന്റെ പാട്ടുപോലെയാണ്; കാല ത്തെ പിടിച്ചു നിറുത്തുന്നു. ''നാളെ ജനിച്ചിട്ടില്ല; ഇന്നലെ ചത്തുപോയി എന്തിനവയെപ്പറ്റി ആകുലപ്പെടണം; ഇന്നു സുഖപ്രദമെങ്കില്‍?'' സോദോമിന്റെ ദുരന്തം അവര്‍ വര്‍ത്തമാനത്തിന്റെ സുഖത്തില്‍ ബന്ധിതമായി, ആണിയടിച്ചു കഴിയുന്നു എന്നതാണ്. അവര്‍ക്ക് ഓര്‍മ്മയില്ലാതായി, അവര്‍ക്കു ഭാവി ഇല്ലാതായി. അവരുടെ മേലാണ് ദുരന്തം വന്നു പതിച്ചത്. അവരുടെ കാലം സൃഷ്ടിച്ച ദുരന്തം. ഈ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടാനുള്ള സാധ്യതയാണ് വാഗ്ദാനമായി ലഭിച്ചത്. അതു നിരാകരിച്ചതിന്റെ അടയാളമായി തിരിഞ്ഞു നോക്കിയതു കാണാം. അവര്‍ പഴയ തഴക്കത്തിലേക്കു പിന്‍തിരിഞ്ഞു. അതിന്റെ ബന്ധനത്തില്‍ നിന്നു വിട്ടുപോകാന്‍ സന്നദ്ധരായില്ല.

പഴയനിയമ ബൈബിള്‍ യഹൂദരുടെ വേദപുസ്തകവുമാണ്. യഹൂദരുടെ അടിസ്ഥാന വിശ്വാസം പ്രപഞ്ചവുമായി ബന്ധപ്പെട്ടതല്ല. അവര്‍ ചരിത്ര വഴികളിലാണ് ദൈവത്തെ കണ്ടെത്തുന്നത്. അവരെ രക്ഷിച്ചതും അവര്‍ തിരിച്ചറിയുന്നതും ചരിത്രത്തിലാണ്. അതുകൊണ്ട് അവര്‍ പ്രതീക്ഷയുടെ മനുഷ്യരായിരുന്നു - നല്ല നാളെ പിറക്കും എന്നു വിശ്വസിച്ചവര്‍. യഹൂദന്റെ വിശ്വാസം ലോകത്തില്‍ വീടണയുന്നതല്ല, എല്ലാം വിട്ടുപോയി വീട് കണ്ടെത്തുകയണ്. പുറപ്പാടാണ് അവര്‍ക്കു ജീവിതം.

തത്വചിന്തയുടെ ഏകപ്രശ്‌നം ഗൃഹാതുരത്വമാണ് എന്ന് എഴുതിയതു നൊവാലിസ് മാത്രമല്ല. എവിടെയാണ് മനുഷ്യന്‍ വീടണയുന്നത്? ലോത്തിന്റെ ഭാര്യയുടെയും പ്രശ്‌നം ഇതു തന്നെയല്ലേ? അഗസ്റ്റീനും പ്ലോട്ടീനസ്സും സമയത്തെ നിര്‍വ ചിച്ചതു കാലം നിത്യതയുടെ നീങ്ങുന്ന നിഴലാണ് എന്നാണ്. നീങ്ങുന്ന കാലത്തില്‍ സ്ഥായിയായി എന്തുണ്ട് എന്നതാണ് മൗലികപ്രശ്‌നം. മനുഷ്യജീവിതത്തിന്റെ ആയിത്തീരലിന്റെ സത്ത അഥവാ തനിമ കാലത്തില്‍ ഒഴുകാതെ നില്‍ ക്കുന്നു.

ഗ്രീക്ക് സംസ്‌കാരം വീടണയുന്നതു യുളീസ്സിസിനെപ്പോലെ പിന്നോട്ട് പോയിട്ടാണെങ്കില്‍ യഹൂദ സംസ്‌കാരം വീടണയുന്നതു വീടുവിട്ടിറങ്ങിപ്പോയാണ്. ഹോമറും അബ്രാഹവും രണ്ടു സമീപനങ്ങളാണ്. ഒരിടത്ത് അപരനെ വിട്ട് തന്റേതിലേക്കു യാത്ര, മറ്റിടത്തു തന്നില്‍ നിന്നു അപരനിലേക്കു യാത്ര - ആദ്യത്തേത് ജാതി ഗോത്ര മത മൗലികവാദങ്ങളായി മാറാം. ഗ്രീക്കു സംസ്‌കാരത്തില്‍ തന്നെ ഹോമറിനു വിരുദ്ധമായ സമീപനവുമുണ്ട്. സോഫോക്ലീസ്സിന്റെ ആന്റിഗണി നാടകം അവതരിപ്പിക്കുന്നതും ഈ പ്രശ്‌നമാണ്. അവളുടെ സഹോദരന്റെ ശവം മാന്യമായി അടക്കാന്‍ വിസമ്മതിക്കുന്ന രാജാവിനെ അവള്‍ ധിക്കരിക്കുന്നു. അവള്‍ നിയമം ലംഘിക്കുന്നു എന്നു പറഞ്ഞ് അവളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ രാജാവിനോട് പറയുന്നതു ''താങ്കള്‍ ദൈവിക നിയമം ലംഘിക്കുന്നു'' എന്നാണ്. അവളുടെ വിഘടനത്തിന്റെ പിന്നില്‍ അവള്‍ പയുന്നതു തന്റെ ആന്തരികത അതു ആവശ്യപ്പെടുന്നു എന്നാണ്. ഈ ആന്തരികതയിലാണ് അവള്‍ വീടണയുന്നത്. അതാണ് ഈ നാടകത്തിന്റെ മൗലികതയായി ഹൈഡഗര്‍ വിശേഷിപ്പിക്കുന്നത്. അവളെ ഒരിടത്തും വീടണയാന്‍ സമ്മതിക്കാത്തത് അവളുടെ ആന്തരികമായ ഈ ദൈവികശക്തിയാണ് എന്നാണ് പറയുന്നത്. ഈ നാടകം സോഫോക്ലീസ് എഴുതിയതു ഹെരാക്ലീറ്റസിന്റെ ''ധര്‍മ്മമാണ് മനുഷ്യന്റെ വിധി'' എന്ന വാചകത്തിന്റെ വ്യാഖ്യാനമായിട്ടാണ് എന്നു പറയുന്നു. മനുഷ്യന്‍ വീടണയുന്നതു ദേശത്തോ, വര്‍ഗത്തിലോ, ജാതിയിലോ അല്ല - അയാളെ അയാളാക്കുന്ന ആന്തരികതയുടെ ശക്തിയിലാണ്. അതാണ് അവന്റെ ധര്‍മ്മം. ധര്‍മ്മത്തില്‍ വീടണയുന്നവളുടെ കഥയാണ് ആന്റിഗണി. ലോത്തിന്റെ ഭാര്യയോ? ഗോത്രത്തിന്റെയും ജാതീയതയുടെയും ലഹരിയില്‍ സ്വയം മറന്നവര്‍ നശിക്കുന്നു, അവിടെ നിന്നു പുതിയ ഭാവിയിലേക്ക് പുറപ്പെടാന്‍ മനസ്സാകാതെ പിന്നോട്ട് തിരിയുന്നു. ദൈവനിഷേധം മാത്രമല്ല, ഭാവിയുടെ നിഷേധമാണ്. പഴയ കാലത്തിന്റെ സുഖത്തിലും അതുണ്ടാക്കുന്ന അനീതിയിലുമല്ല വീടണയേണ്ടത്. പഴയകാല സുഖത്തില്‍ വീടണയാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ച അരാജകമായ അവസ്ഥ നിലനിര്‍ത്താനുള്ള അനീതിയുടെയും അക്രമത്തിന്റെയും അധികാരകാമത്തിന്റെ സ്വാര്‍ത്ഥതയില്‍ വീടുപണിയുന്നവരാണ്. ഈ പാരമ്പര്യവാദം പുതിയ ഭാവി ഉണ്ടാക്കാന്‍ സമ്മതിക്കാത്ത ആധിപത്യ സ്ഥാപനവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org