
''ജീവിതത്തിന്റെ സന്തത സഹനവും സഹിക്കുന്നവരെ താങ്ങുന്ന ജീവിതവും സ്വാതന്ത്ര്യത്തേക്കാള്‍ ശക്തമാണ്. ജീവിതം വെറുതെ പാത്തോസ് (Pathos) സഹനം അല്ല; ഒരുവന്‍ എന്ന പാഷന്‍ (Passion) ആണ്. അതു സഹനമാണ് എന്നും പറയാറുണ്ട്.'' ഇതു മിഷല്‍ ഹെന്റിയുടെ വാക്കുകളാണ്. ജീവിതത്തെ സഹനത്തില്‍ നിര്‍വചിക്കുന്നു. ഈ നിര്‍വചനം അതിരുവിട്ടതും നിഷേധാത്മകവുമായി തോന്നാം. ഗ്രീക്ക് സാഹിത്യം മൗലികമായി ജീവിതത്തെ പാത്തോസ് എന്നാണ് വിവക്ഷിക്കുക - അതു പാഷന്‍, സഹനമാണ്. ഗ്രീക്ക് ദുരന്ത നാടകങ്ങള്‍ നമ്മോടു മറ്റൊന്നല്ല പറയുന്നത്.
യേശുക്രിസ്തുവിന്റെ ജീവിതം സുവിശേഷകര്‍ അവതരിപ്പിച്ചതു പാഷനായിട്ടാണ്. ഇവിടെ പാഷന്‍ എന്നതു വെറും വികാരമല്ല സഹനദുഃഖങ്ങളാണ്. സുവിശേഷങ്ങള്‍ക്കു പുറത്ത് എഴുതപ്പെട്ട പ്രസക്തമായ നോവലുകളും നാടകങ്ങളും ഇങ്ങനെതന്നെയാണ് ആ ജീവിതം അവതരിപ്പിക്കുക. ജീവിതം കദനഭാരമായി കാണണമോ? ജീവിതം അര്‍ത്ഥരഹിതമാണ് എന്നല്ല അതിനര്‍ത്ഥം. നിഷേ പോലും എഴുതി ''സഹനം പരിചിതമായവനും, അതു തേടുന്നവനും അവനാണ് വീരന്‍, അവന്‍ അവന്റെ അസ്തിത്വം ദുരന്തത്തിലൂടെ പുകഴ്ത്തുന്നു. അവനു വേണ്ടി മാത്രം ദുരന്തകവി അയാളുടെ ഏറ്റവും മധുരതരമായ ക്രൂരത യുടെ പാനപാത്രം കൊടുക്കുന്നു.''
ദുരന്തനാടകങ്ങള്‍, സിനിമകള്‍ നാം കാണുന്നു. എന്തിന്? എന്തു വിജ്ഞാനമാണ് അതു തരുന്നത്. നിഷേ എഴുതി, ''വിജ്ഞാനത്തിന്റെ നേട്ടം വിജ്ഞാനിക്കെതിരെ തിരിയുന്നു. പ്രകൃതിക്കു വിരുദ്ധമായ കുറ്റകൃത്യമാണ് വിജ്ഞാനം.'' പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് എതിരെ നീങ്ങുമ്പോഴാണ് ജീവിതം വിജ്ഞാനത്തിന്റെ വഴിയിലാകുന്നത്. ഇവിടെ ജീവിതത്തിന്റെ അനുഭവത്തിനാണ് നാം പാഷന്‍ എന്നു പറയുന്നത്. ജീവിതാനുഭവത്തില്‍ നിന്നു നാം പുറത്തു കടക്കുന്നില്ല.
ഞാന്‍ ജീവിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ ജീവിക്കുന്നു എന്ന് അനുഭവിക്കുകയാണ്. ജീവിതാനുഭവത്തില്‍ നിന്ന് പുറത്തുകടക്കാനാവില്ല. ജീവിതത്തിന്റെ അനുഭവം ഞാന്‍ സഹിക്കുകയാണ്. ഞാന്‍ സഹിക്കുന്നു എന്നതു ഞാന്‍ അറിയുകയാണ്. കാണുന്നു എന്നതു കാണുകയാണ്, കേള്‍ക്കുന്നു എന്നതു കേള്‍ക്കുകയാണ്. തൊടുന്നു എന്നത് അനുഭവിക്കുകയാണ്. അനുഭവിക്കുക എന്നു പറഞ്ഞാല്‍ ഞാന്‍ സഹിക്കുന്നു എന്നാണ്. എല്ലാ സഹന ദുഃഖങ്ങളും സന്തോഷങ്ങളും ഞാനാണ് താങ്ങുന്നത്. ഞാന്‍ എന്റെ ഭാരം വഹിക്കുകയാണ്. മറ്റാരും അതു വഹിക്കില്ല. ഈ ഭാരം ഈ സഹനം എന്നില്‍ നിന്ന് ഒഴിവാകുകയില്ല. എല്ലാം അനുഭവിക്കുന്നതു ഞാനാണ് എന്നു പറയുമ്പോള്‍ എല്ലാം ഞാന്‍ താങ്ങി നില്‍ക്കുന്നു. ഈ താങ്ങല്‍ ഇല്ലാതായാല്‍ പിന്നെ ഞാനില്ല. എല്ലാം സഹിക്കുന്നു എന്നു പറയുമ്പോള്‍ എല്ലാം താങ്ങുന്നു എന്നേ അര്‍ത്ഥമുള്ളൂ, ജീവിതം ദുഃഖമാണെന്നല്ല. ജീവിതം എന്നെ ഞെരുക്കുന്നു. ഈ ഞെരുക്ക സന്താപങ്ങളിലൂടെയുള്ള ആന്ദോളനമാണ് ജീവിതം. ജീവിതഭാരത്തില്‍നിന്ന് ഒഴിയാനാവില്ല.
ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച എന്നു ലോകം പറയുന്നതും ഞാന്‍ അനുഭവിക്കുന്നു. എന്താണ് ഉദാത്തം, എന്താണ് ജീവിതം എന്നതു ഞാന്‍ വിധിക്കുകയും അനുഭവിക്കുകയുമാണ്. എല്ലാം എന്നില്‍ത്ത ന്നെ ഭാരമായും ചാരിതാര്‍ത്ഥ്യമായും അനുഭവപ്പെടും. ഈ വികാരങ്ങള്‍ അതിസാന്ദ്രമായി അനുഭവിക്കുമ്പോള്‍ ദുഃഖവും സന്തോഷവും കണ്ണീരുണ്ടാക്കും. രണ്ടും എവിടെയോ ഒന്നാകുന്ന അനുഭവം. ഇവിടെയൊക്കെ ഞാന്‍ എന്റെ ആലിംഗനത്തില്‍ അമര്‍ന്നിരിക്കുന്നു. എനി ക്ക് എന്നെ എടുത്തു സന്തോഷിപ്പിക്കാം, അതു പിന്നെ ദുഃഖമാകാം, എന്നെ എനിക്കു കഷ്ടപ്പെടുത്താം; അതു സന്തോഷമായി മാറാം. കാരണം ഞാന്‍ എന്നിലേക്കു നിരന്തരം മടങ്ങുമ്പോള്‍ ഞാന്‍ എന്നെ ബോധ്യപ്പെടുത്തണം. എന്റെ എന്നിലെ ജീവിതം വളരണം. അതിന്റെ അനിവാര്യത ഒരു ചൊറിച്ചിലായി അകത്തുണ്ട്.
ഞാന്‍ എന്റെ ആവശ്യങ്ങള്‍ നിര്‍വചിക്കുന്നു. അതിനായി പുറത്തേക്കു പോകാം, അകത്തേക്കു മടങ്ങുന്നു. ഈ ആവശ്യങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളും രൂപങ്ങളും സാധ്യതകളും ചക്രവാളങ്ങളുമുണ്ടാകാം. ജീവിതഭാരം നിരന്തരം ജീവിതത്തിന്റെ കവിഞ്ഞൊഴുകല്‍ ആവശ്യപ്പെടുന്നു. ജീവിതത്തിന്റെ രൂപപ്പെടുത്തലും രൂപപ്പെട്ട ജീവിതവും രണ്ടല്ല ഒന്നാണ്. അതാണ് ജീവിതസംസ്‌കാരം. എന്റെ ആന്തരികതയുടെ ആവശ്യമാണ് പുറത്തു പ്രകാശിതമാകുന്നത്. ആവശ്യം എന്റെ നിര്‍വ്വചനത്തില്‍ ഉയര്‍ന്നതും താഴ്ന്നതുമാകാം. അതു ജീവിതശൈലി ഉണ്ടാക്കുന്നു - തഴക്കങ്ങള്‍. ധര്‍മ്മമാണ് കര്‍മ്മസിദ്ധാന്തം. ധര്‍മ്മം ആന്തരികതയുടെ നിശ്ചയവും അതിന്റെ തഴക്കവുമാകാം.
നാം നോവല്‍ വായിക്കുന്നു, സിനിമ കാണുന്നു. അതൊക്കെ കലാരൂപങ്ങളാണ്. അവ ജീവിതത്തിന്റെ പാഷനാണ് ആവിഷ്‌ക്കരിക്കുന്ന തും ജീവിതം പറയുന്നതും, നടിക്കുന്നു, ചിത്രീകരിക്കുന്നു. അതൊ ക്കെ കണ്ട് കൊള്ളാം എന്നു പറയുമ്പോഴും എന്തോ അപര്യാപ്തത കാണുന്നു. അവസാനം നാം പറഞ്ഞുപോകുന്നു; പോരാ. ജീവിതം എപ്പോഴും ആന്തരികതയുടെ രഹസ്യമാണ്. അതു അകത്താണ് പുറത്തല്ല. പ്രത്യക്ഷമാകുന്നു എന്തുമാത്രം ജീവിതമാണ് എന്നുമറിയില്ല. കല നിരന്തരം കാണിക്കുന്നതു ജീവിക്കാനുള്ള ഇച്ഛയാണ്. കല ജീവിതാനുഭവത്തിന്റെ വിലാസമാണ്. അകം കാഴ്ചയ്ക്കു കിട്ടുന്നില്ല. സങ്കല്പിക്കാനേ സാധിക്കൂ. സങ്കല്പിച്ചത് അര്‍ത്ഥംപൂര്‍ണ്ണമാകണമെങ്കില്‍ സ്വയം വളര്‍ച്ചയില്‍ എഴുത്തുകാരന്‍ പുരോഗമിക്കണം. സ്വയമനുഭവിക്കാത്തവന്‍ ജീവിക്കുന്നില്ല. ജീവിതം എപ്പോഴും തന്നിലേക്കുള്ള ജീവിതഭാരത്തിന്റെ പതനമാണ്. അനുഭവങ്ങള്‍ നിരന്തരം എന്നില്‍ വന്നു വീഴുന്നു. ഞാന്‍ എല്ലാം സഹിക്കുന്നു താങ്ങുന്നു. എല്ലാം സാര്‍ത്ഥകമാകുന്നതു തന്നെത്തന്നെ നാശത്തിലേക്കു വിട്ടുകൊടുക്കുമ്പോഴാണ്. അതു സ്വയം നാശമാകാതെ സര്‍ഗ്ഗാത്മകമാകുന്നതു കലയില്‍ മാത്രമാണ്. ജീവിതം പറയുന്ന മാധ്യമവും വേദിയുമാണ് കല. ആ വിധത്തില്‍ ഏതു കഥയും നോവലും നാടകവും ശില്പവും ചിത്രവും എല്ലാം ജീവിതം പറയുകയാണ്. അതു ജീവിതം പേറിയതും സഹിച്ചതുമായ സഹനത്തിന്റെ വൈകാരിക ഭാഷണമാണ്. തന്നിലുള്ള വിചിത്രവും രഹസ്യവുമായതിനു (deinon) വേണ്ടി എന്തും സഹിക്കുമെന്നാണ് സോഫോക്ലീസിന്റെ ആന്റഗണി പറയുന്നത്. സ്വന്തം അന്തരാത്മാവില്‍ സഹിക്കാന്‍ ശക്തി നല്കുന്നതിന്റെ ബലത്തിലാണ് ജീവിതം സാര്‍ത്ഥകവും ഉന്നതവുമാകുന്നത്. ''ഞാന്‍ എനിക്കു ഭാരമായി'' എന്ന അഗസ്റ്റിന്റെ ആത്മകഥയില്‍ കുറിച്ചത് ഈ ഭാരത്തിലാണ് (v. 28-38) ഭാരത്തിന് ആശ്വാസകരന്‍ അകത്തുണ്ട്.