വേദനിപ്പിക്കുന്ന സത്യം

വേദനിപ്പിക്കുന്ന സത്യം

മതജീവിതത്തിലെ അധികാരവും സാമൂഹികമാണ്, അതുകൊണ്ട് അതു രാഷ്ട്രീയവുമാണ് എന്നു പറയാം. സാഹിത്യത്തിനു 2006 ല്‍ നോബല്‍ സമ്മാനം സ്വീകരിച്ച ബ്രിട്ടീഷുകാരനായ ഹാരോള്‍ഡ് പിന്റര്‍ നോബല്‍ പ്രസംഗത്തില്‍ പറഞ്ഞു, ''രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന രാഷ്ട്രീയഭാഷയില്‍ അവര്‍ ഒരിക്കലും ഈ മണ്ഡലത്തിലേക്കു കാലുകുത്താറില്ല. അവരില്‍ ഭൂരിപക്ഷം നമ്മുടെ പരിഗണനയില്‍ സത്യത്തില്‍ താത്പ ര്യമില്ലാത്തവരാണ്. അവര്‍ക്ക് താത്പര്യം അധികാരവും അതിന്റെ നില നില്പുമാണ്. അധികാരം നിലനിര്‍ത്താന്‍ ആളുകള അജ്ഞരായി നിലനിര്‍ത്തണം. അവര്‍ സത്യം അറിയരുത്, അവരുടെ പോലും ജീവിതസത്യം അറിയരുത്. നമ്മെ വലയം ചെയ്യുന്നതു നുണകളുടെ ചിത്രപ്പണികളാണ്. അതാണ് നാം സ്ഥിരം ആഹരിക്കുന്നതും.''

അദ്ദേഹം തുടര്‍ന്നു ചോദിച്ചു: സദാം ഹുസൈന്റെ ഇറാക്കിനെ ആക്രമിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ നാം കേട്ടതല്ലേ? രാസായുധങ്ങളുടെ ഭീകരശേഖരം. രാജ്യം അക്രമിച്ചു കയ്യേറി രാജ്യനേതാവിനെ കൊന്നു. രാസായുധങ്ങള്‍ കണ്ടെത്തിയോ? ഇല്ല. ഇതൊക്കെ ചെയ്തവര്‍ എന്താണ് പറഞ്ഞത്? പിന്റര്‍ എഴുതി അവര്‍ പറയുന്നതായി. ''ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്; സ്വാതന്ത്ര്യം സ്‌നേഹിക്കുന്ന ജനാധിപത്യത്തിന്റെ നേതാവ്. നമ്മള്‍ കരുണയുള്ളവരാണ്. ഞങ്ങള്‍ കരുണയോടെ ഇലക്ട്രിക് കസേരയില്‍ ഇരുത്തി കൊല്ലുന്നു. കരുണയോടെ വിഷം കുത്തിവച്ച് കൊല്ലുന്നു. ഞങ്ങള്‍ മഹത്തായ രാഷ്ട്രമാണ്. ഞാന്‍ ഏകാധിപതിയല്ല. അവര്‍ ആണ്. അതെ അയാള്‍ ആണ്. ഞാന്‍ ഒരു പ്രാകൃതനല്ല. അയാള്‍ അതെ, അവനും ആണ്. എനിക്കു ധാര്‍മ്മികാധികാരമുണ്ട്. എന്റെ മുഷ്ടി നിങ്ങള്‍ കാണുന്നില്ലേ? ഇതാണ് ഞങ്ങളുടെ അധികാരം, അത് നിങ്ങള്‍ മറക്കരുത്.''

സീറോ മലബാര്‍ സഭയുടെ സിനഡ് വന്നു പെട്ടിരിക്കുന്നത് അതുപോലൊരു പ്രതിസന്ധിയിലാണ്. അവര്‍ നുണ പറയുമോ? അക്രമിക്കുമോ? നുണകളെ സംരക്ഷിക്കുമോ? നാലു കാര്യങ്ങളില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും ജനങ്ങളും സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡുമായി അഭിപ്രായ ഭിന്നതയുണ്ട്. അതു താഴെ പറയുന്നു.

1) മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമി കച്ചവട വിവാദത്തില്‍ അദ്ദേഹം ധാര്‍മ്മികമായി ഒരു തെറ്റും ചെയ്തിട്ടില്ല എന്നു സിനഡ് പറയുന്നു. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പും അതുതന്നെ പറയുന്നു. അതിരൂപതയിലെ വൈദീകരും ജനങ്ങളും മറിച്ചു ചിന്തിക്കുന്നു.

2) 1999-ല്‍ കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് എടുത്ത തീരുമാനം എതിര്‍പ്പു മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. എന്തിനാണ് ഈ പഴയ തീരുമാനം വീണ്ടും 2020-ല്‍ പൊക്കിയെടുത്തു നടപ്പിലാക്കാന്‍ തീരുമാനിച്ചത്? ഐക്യമായിരുന്നില്ല ലക്ഷ്യം, ഐകരൂപ്യമായിരുന്നോ? അതൊരു വലിയ ലക്ഷ്യമാണോ? അതോ ഭൂമി വില്പന വിവാദത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനും ഈ വിവാദം ഉണ്ടാക്കിയവരെ ശിക്ഷിക്കാനുമായിരുന്നോ?

3) ആരാധനാക്രമ തീരുമാനങ്ങള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും മാര്‍പാപ്പയുടെ ഇടപെടല്‍ ആവശ്യമില്ല. എന്തിനാണ് തീരുമാനിക്കുന്നതിനു മുമ്പ് നടപ്പിലാക്കാന്‍ പറഞ്ഞുള്ള മാര്‍പാപ്പയുടെ കത്തു വാങ്ങിയത്. അതി നു നല്കിയ കത്തില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായിരുന്നോ? മാര്‍പാപ്പയെ അനാവശ്യമായി ഈ പ്രശ്‌നത്തിലേക്ക് ഉള്‍പ്പെടുത്തിയില്ലേ?

4) 2023 ഡിസംബറില്‍ ക്രിസ്മസ്സിനു സിനഡ് കുര്‍ബാനയര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ സന്ദേശത്തിനുവേണ്ടി മാര്‍പാപ്പയെ കാര്യങ്ങള്‍ ധരിപ്പിച്ച് അതാവശ്യപ്പെട്ടത് ആരാണ്? അതിനുവേണ്ടി പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമായിരുന്നോ?

ഈ നാലുകാര്യങ്ങളിലും പരസ്പര വിരുദ്ധമായ നിലപാടുകളും പ്രതികരണങ്ങളുമുണ്ട്. സിനഡും അതിരൂപതയും തമ്മില്‍ ഭിന്നമായ നിലപാടുകളാണ്. ഈ അതിരൂപത മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ആസ്ഥാന അതിരൂപതയായി നിലകൊള്ളുന്നു. ആ പദവിയില്‍ നിന്ന് അതിരൂപതയെ മാറ്റുന്നു എന്നു കേള്‍ക്കുന്നു. അപേക്ഷ വച്ചു വാങ്ങിയ ഒരു സ്ഥാനമല്ല അത്. വൈറ്റ് കമ്മീഷന്‍ എല്ലാ രൂപതകളിലും അഭിപ്രായമാരാഞ്ഞ് കൊടുത്ത റിപ്പോര്‍ ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയുടെ തീരുമാനമായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ അതിരൂപതയെ ശിക്ഷിക്കാന്‍ അതു ചെയ്യുകയാണെങ്കില്‍, നടന്ന ചില കാര്യങ്ങള്‍ തെറ്റാണ് എന്നു പറഞ്ഞതു മൂലമാണ് നടപടിയെങ്കില്‍, മേജര്‍ ആര്‍ച്ചുബിഷപ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കുടുങ്ങി ചെറുതാകാന്‍ ആഗ്രഹിച്ചാല്‍, ഒന്നും പറയാനില്ല. വത്തിക്കാനും ഭാരതത്തിലെ കോടതികളും ഇതു സംബന്ധമായി എടുത്തു കഴിഞ്ഞ നടപടികള്‍ തെളിയിക്കുന്നത് അതിരൂപത ഉയര്‍ത്തിയതു തെറ്റായിരുന്നു എന്നല്ല. സംവേദനത്തിന്റെയും സംഭാഷണത്തിന്റെയും മാര്‍ഗം ഉപയോഗിക്കില്ല എന്ന ശാഠ്യം തെളിയിക്കുന്നത് എന്തായിരിക്കും?

ഈ പ്രശ്‌നം ഗൗരവമായ ഒരു അന്വേഷണത്തിനു വിധേയമാക്കാനും സിനഡ് സന്നദ്ധമായില്ല എന്നാണ് മനസ്സിലാക്കുന്നത്. ഈ വര്‍ഷങ്ങളിലൂടെ ഭീകരമായ വേദനകളും പ്രതിസന്ധികളും നേരിട്ടത് അതിരൂപതയാണ്. ഒരു ഭരണകര്‍ത്താവ് ഉണ്ടായിട്ട് വര്‍ഷങ്ങളായി. അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വരുന്നു പോകുന്നു. ആര്‍ച്ചുബിഷപ് കരിയിലും കാര്‍ഡിനല്‍ ആലഞ്ചേരിയും രാജിവയ്‌ക്കേണ്ടി വന്നു. ഇവിടെയൊക്കെ ഉത്തരവാദിത്വമില്ലാതെ നില്‍ക്കുന്നതു സിനഡാണോ? സിനഡ് തന്നെയല്ലേ ഈ ആരാധനക്രമ പ്രതിസന്ധി ഉണ്ടാക്കിയത്? എല്ലാം അനുസരണയില്ലായ്മയുടെ പ്രശ്‌നമായി ചുരുക്കുമ്പോള്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. ആര്‍ച്ചുബിഷപ് സിറില്‍ വാസില്‍ പേപ്പല്‍ ഡെലഗേറ്റായി ഇവിടെ രണ്ടു തവണകളില്‍ വന്നു. ആദ്യ ത്തെ സന്ദര്‍ശനം അങ്ങനെ ആയത് എന്തുകൊണ്ട് എന്നു സിനഡ് അന്വേ ഷിച്ചോ? എന്നാല്‍ രണ്ടാം സന്ദര്‍ശനം വ്യത്യസ്തമായത് എന്തുകൊണ്ട്? ഈ രണ്ടാം സന്ദര്‍ശനം ഉണ്ടായില്ലായിരുന്നെങ്കില്‍ വത്തിക്കാന്‍ ഇവിടെ നടന്നത് അറിയുമായിരുന്നോ? അവസാനമായി തെളിയുന്നത് എന്താണ്? നാം സത്യാനന്തര കാലഘട്ടത്തില്‍ ആണ് - സഭയില്‍ പോലും. ഇതിന് ആരാണ് ഉത്തരവാദി എന്നു ചോദിക്കുന്നതു തെറ്റാണോ? സത്യം അറിയാനും അതു ജീവിതത്തിന്റെ ഭാഗമാക്കാനും പടപൊരുതുന്നില്ലെങ്കില്‍ പിന്നെ സഭാജീവിതത്തിന്റെ അര്‍ത്ഥവും പ്രസക്തിയുമെന്താണ്? സത്യത്തെ ക്രൂശിക്കാന്‍ പിലാത്തോസ് സത്യത്തിന്റെ അവതാരത്തോട് ചോദിക്കുന്നു, എന്താണ് സത്യം? ഉത്തരം നിശ്ശബ്ദതയായിരുന്നു. ആ നിശ്ശബ്ദത ഇവിടെ പ്രകമ്പനം കൊള്ളുന്നില്ലേ? റഷ്യന്‍ സമഗ്രാധിപത്യത്തില്‍ സത്യം ക്രൂശിക്കപ്പെടുന്നതു അനുഭവിച്ച ബുള്‍ദോക്കോവ് തന്റെ മാസ്റ്ററും മര്‍ഗരീത്തയും എന്ന നോവലില്‍ പീലാത്തോസിന്റെ ചോദ്യത്തിനു യേശു മറുപടി പറയുന്നു. എന്താണ് സത്യം? ''അതു നിന്റെ തലവേദനയാണ്.'' സത്യത്തിന്റെ ഈ തലവേദനയില്‍ നിന്നു സീറോ മലബാര്‍ സിനഡിന് ഒഴിഞ്ഞു മാറാനാകുമേ? ഇവരില്‍ പലരും വ്യക്തിപരമായി നല്ലവരാണ്. പക്ഷെ, ആരൊക്കെയോ ഇവരെ വഴിതെറ്റിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org