
പ്ലേറ്റോയുടെ ''റിപ്പബ്‌ളിക്കി''ല്‍ ധര്‍മ്മം ചര്‍ച്ച ചെയ്യുമ്പോഴാണ് ജൈജസ്സന്റെ കഥ പറയുന്നത്. അയാള്‍ ലിഡിയക്കാരനായ സാധാരണ ഇടയന്‍ ആയിരുന്നു. ആടുമേച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ ഒരു ഭൂകമ്പമുണ്ടായി. ഗര്‍ത്തത്തില്‍പ്പെട്ട അയാള്‍ ഒരു ഗുഹ കണ്ട് അതില്‍ പ്രവേശിച്ചു. ഒരു ഓട്ടു കുതിരയുടെ ഉള്ളില്‍ മനുഷ്യശവം, അതിന്റെ ഒരു വിരലില്‍ സുവര്‍ണ്ണമോതിരം. അത് ഊരിയെടുത്ത് സ്വന്തം വിരലില്‍ ഇട്ടു. പക്ഷെ, അതൊന്നു തിരിച്ചപ്പോള്‍ അയാള്‍ അപ്രത്യക്ഷനായി. അയാളെ കാണുന്നില്ല, അയാള്‍ക്കു കാണാം. അധികം താമസിയാതെ നാട്ടിലെ രാജാവിന്റെ സന്ദേശവാഹകനായി. തന്റെ മാന്ത്രികമോതിരം ഉപയോഗിച്ച് ആരും കാണാതെ അയാള്‍ കൊട്ടാരത്തിനുള്ളില്‍ പ്രവേശിച്ചു. രാജ്ഞിയെ വശീകരിച്ച് പാട്ടിലാക്കി, രാജാവിനെ കൊന്നു രാജാവായി.
ഈ കഥ പ്ലേറ്റോയുടെ സ്വന്തമല്ല. ഗ്രീക്ക് സംസ്‌കാരത്തിലെ ഒരു കഥ. ഇത് ''ചരിത്രങ്ങള്‍'' രചിച്ച ഹെറൊഡോട്‌സും ആഖ്യാനം നടത്തുന്നുണ്ട്; ചില വ്യത്യാസങ്ങളോടെ. അനീതി അനുഭവിക്കുന്നതിനെക്കാള്‍ അനീതി ചെയ്യുന്നതാണ് നല്ലത് എന്ന് അവിടെ കാണാം. മനുഷ്യന്റെ സമഗ്രജീവിതം ഭാഗ്യമോ ദൗര്‍ഭാഗ്യമോ ആണ്. മാമൂലുകളാണ് എല്ലാറ്റിന്റേയും രാജാവ്. ഈ ആഖ്യാനപ്രകാരം ജൈജെസ് കൊട്ടാരത്തില്‍ പ്രവേശിക്കുമ്പോള്‍ രാജ്ഞി പറയുന്നു: ''നിനക്കു രണ്ടു വഴികളുണ്ട് - രാജാവിനെ കൊന്നു രാജാവാകുക, അല്ലെങ്കില്‍ മറ്റുള്ളവരാല്‍ കൊല്ലപ്പെടുക.'' അയാളെ ബന്ധിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ചാവുന്നതിലും നല്ലതു ജീവിക്കുന്നതാണ് എന്ന് അയാള്‍ തീരുമാനിച്ചു. ഈ ധാര്‍മ്മിക പ്രതിസന്ധിയാണ് അവതരിപ്പിക്കുന്നത്.
എന്നാല്‍ പ്ലേറ്റോയുടെ ആഖ്യാനമനുസരിച്ച് എല്ലാ മനുഷ്യര്‍ക്കും നീതി വെടിയാനുള്ള പ്രവണതയുണ്ട്. സ്വകാര്യ താത്പര്യം അപരതാത്പര്യത്തെ കീഴടക്കുന്നു. പരസ്യമായി നിയമത്തെ പുകഴ്ത്തുകയും രഹസ്യമായി നീതി ലംഘിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. വൈദഗ്ദ്ധ്യങ്ങള്‍ മനുഷ്യന് അമാനുഷിക സാധ്യതകള്‍ നല്കുന്നു. സ്വയം കാണപ്പെടാതെ നോക്കാനുള്ള ഉപാധികളും ഉപകരണങ്ങളുമുണ്ട്. കാണാതെയും ചെയ്തിയുടെ ഉത്തരവാദിത്വം ഏല്ക്കാതെയും കഴിയാന്‍ വൈദഗ്ദ്ധ്യം സഹായിക്കുന്നു.
പ്ലേറ്റോയുടെ സഹോദരനായ ഗ്ലൂവുക്കോന്‍ പറയുന്നതു രണ്ട് മാന്ത്രിക മോതിരങ്ങള്‍ നീതിമാനും നീതിരഹിതനും കൊടുത്താല്‍ നീതിമാന്‍ ഇരുമ്പുമനുഷ്യനായി നീതിയില്‍ ഉറച്ചു നില്‍ക്കില്ല എന്നാണ്. സ്വന്തമല്ലാത്തത് അയാള്‍ സ്വന്തമാക്കും; പിടിക്കപ്പെടില്ല എന്ന് ഉറപ്പായാല്‍ അതു ചെയ്യും. പക്ഷെ, സോക്രട്ടീസ് പറയുന്നതു നീതി സാമൂഹിക നിര്‍മ്മിതിയുടെ ഫലമല്ലെന്നും ശരീരത്തിന്റെ ആരോഗ്യം പോലെ ആത്മാവിന്റെ ആരോഗ്യമാണ് നീതി. നീതി ബാഹ്യനീതിയായി കണക്കാക്കപ്പെടുന്നതല്ല. അനീതി സ്വന്തം ആത്മാവിനെ രോഗിയാക്കുന്നു. ജൈജസ് അത്യാഗ്രഹത്തിലോ അഹങ്കാരത്തിലോ പതിച്ചു എന്നല്ല; അയാള്‍ തീരുമാനത്തില്‍ പാളി എന്നാണ്.
സാധാരണ സാമൂഹ്യ വ്യവസ്ഥയില്‍ കള്ളന്മാരെ പിടിച്ചു ജയിലിലാക്കുന്നു. പക്ഷെ, പാവപ്പെട്ടവന്റെ പണം അടിച്ചുമാറ്റുന്നവര്‍ പലപ്പോഴും കാണപ്പെടാത്തവരാണ്. അവര്‍ മോഷ്ടിച്ചു എന്നു തെളിയിക്കാനുമാകില്ല. പണക്കാര്‍ വീണ്ടും പണക്കാരാകുന്നു, പാവപ്പെട്ടവന്‍ പിന്നെയും പാവപ്പെട്ടവനാകുന്നു. കാണാതെയും അറിയാതെയും നടക്കുന്ന മോഷണങ്ങള്‍ വൈദഗ്ദ്ധ്യത്തിലാണ് അതു ചൂഷണമാണ്. പ്ലേറ്റോയ്ക്ക് നീതിയാണ് ലാഭകരം അനീതിയെക്കാള്‍ എന്നു സ്ഥാപിക്കാനാവുന്നില്ല. സമ്പത്തോ അധികാരമോ സുഖമോ ഒന്നും ആനന്ദത്തിനു മതിയാകില്ല എന്നതു പൊതുവായി അംഗീകൃതമായ സത്യമാണ്. പ്ലേറ്റോ അവതരിപ്പിക്കുന്നത് ഒന്നു മാത്രം, പരിശോധിക്കപ്പെടാത്ത ജീവിതം ധന്യമല്ല.
പ്ലേറ്റോയുടേത് അനീതി നീതിയായി പ്രത്യക്ഷപ്പെടുന്ന കഥയാണ്. നന്നായി വാചകമടിച്ച് അനീതിയുടെ മനുഷ്യന്‍ നീതിമാനായി നടിക്കുന്നു. അധികാരത്തിലേക്കുള്ള വഴി നീതിമാനായി ചമഞ്ഞു അനീതി ചെയ്യുന്നതാണ്. അയാള്‍ രാജത്വമാണ് അപഹരിക്കുന്നത്. ഇതാണ് ജൈജസ്സിന്റെ കഥയുടെ സാമൂഹികമായ പ്രതിസന്ധി. ജൈജസ് ഗുഹയില്‍ പ്രവേശിച്ചാണ് മോതിരമെടുക്കുന്നത്. പ്ലേറ്റോയ്ക്കു ഗുഹ അന്ധകാരത്തിന്റെയും അറിവില്ലായ്മയുടെയും സ്ഥലമാണ്. അവിടെ വെറും നിഴലുകള്‍ കണ്ട് സത്യമാണെന്നു കരുതുന്ന അടിമകളാണ്. വിദഗ്ദ്ധമായ വാചകമടി നമ്മെ വെറും ഗുഹയുടെ അടിമകളാക്കുന്നു.
നോട്ടത്തിനു പ്രഥമസ്ഥാനം കൊടുക്കുന്നതും ചോദ്യം ചെയ്യപ്പെടണം. നോട്ടവും അതിന്റെ കൂട്ടുകുറ്റക്കാരനായ വെളിച്ചവുമാണ് ദൃശ്യത ഉണ്ടാക്കുന്നത്. പക്ഷെ, അതാണ് അപരനെ അടിച്ചമര്‍ത്തുന്നത്. കാരണം കാഴ്ച ഉദ്ദേശ്യത്തോടു കൂടിയ നോട്ടമാണ്. സത്യം ഒരിക്കലും ഉദ്ദേശ്യത്തിന്റെ വിഷയമല്ല. അത് ആ മണ്ഡലത്തില്‍ പ്രവേശിക്കുകയുമില്ല. കാണുന്നതിനും കാണിക്കുന്നതിനും അതീതമാണ് അതിന്റെ അര്‍ത്ഥം. അപരന്റെ മുഖം ഒരു ധാര്‍മ്മിക പ്രതിസന്ധിയുടെ ഉത്തരമല്ല; പ്രശ്‌നത്തിന്റെ പേരാണ്. ജൈജസ് കാഴ്ചയും അദൃശ്യതയും ചൂഷണം ചെയ്യുന്നു. ഈ ചൂഷണ സാധ്യത ഭാഷണത്തിനും മൗനത്തിനുമില്ല. ഈ കഥ അടിസ്ഥാനമില്ലാത്തതല്ല. നമുക്കുള്ള ഒരു കഴിവിനെയാണ് ഈ കഥ വെളിവാക്കുന്നത്. അപരനുമായുള്ള ബന്ധം മാത്രമാണ് നമ്മുടെ ബുദ്ധിയെ തലതിരിക്കുന്നത്. ആത്യന്തിക യാഥാര്‍ത്ഥ്യത്തിനെതിരായ പ്രതിരോധമാണ്. സമഗ്രാധിപത്യത്തെ പ്രതിരോധിക്കുന്നു. അപരന്‍ എന്റെ തൊലിയുടെ അകത്താണ് - പുറത്തല്ല. അപരന്‍ എന്നിലായിരിക്കുന്നതാണ് എന്റെ ആത്മാവ്. എന്റെ ആത്മാവിനെ കൊല്ലുന്നവന്‍ മനുഷ്യനാകുന്നില്ല.