നാം സ്‌നേഹിക്കുന്ന ക്രിസ്തു

നാം സ്‌നേഹിക്കുന്ന ക്രിസ്തു
Published on

ഞാന്‍ ക്രിസ്തുവിന്റെ ജീവിതമാര്‍ഗ്ഗം വര്‍ഷങ്ങള്‍ സഭയുടെ ഏറ്റവും നല്ല വിദ്യാക്ഷേത്രങ്ങളില്‍ പഠിച്ചവനാണ്. ക്രിസ്തു മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ ശ്രമിക്കുന്നവരുമാണ് നാം. നമ്മുടെ ജീവിതം നയി ക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തുവിനെക്കുറിച്ച് സാഹിത്യത്തില്‍ ഏറ്റവും ശക്തമായും വ്യക്തമായും എഴതിയിട്ടുള്ളതു ദേസ്‌തേയ്‌വിസ്‌ക്കിയാണ്. യേശുവും സത്യവും രണ്ടാണെങ്കില്‍ ഞാന്‍ യേശുവിനെ തിരഞ്ഞെടുക്കും എന്ന് അദ്ദേഹം എഴുതി. മനുഷ്യസഹനത്തെക്കുറിച്ച് ഇത്ര അഗാധമായ ചിന്തകള്‍ പുലര്‍ത്തിയവര്‍ ചുരുക്കമാണ്. മനുഷ്യന്റെ ധാര്‍മ്മികതയും അതിന്റെ പരാജയവുമാണ് അദ്ദേഹത്തിന്റെ കഥകള്‍. മനുഷ്യന്‍ ഭൗതിക ഉച്ഛിഷ്ടങ്ങള്‍ ഉണ്ടാക്കുന്നവനോ ആത്മീ യ ഔന്നത്യം ഉണ്ടാക്കുന്നവനോ ആകാം. കുറ്റവാളികളുടെയും അധര്‍ മ്മികളുടെയും മനസ്സിന്റെ ആഴങ്ങളിലേക്കു കടന്ന് അവരും ദൈവമക്കളാണെന്നു തെളിയിക്കുന്നു അദ്ദേഹം. കുറ്റവാളിയെ മനസ്സിലാക്കിയാല്‍ മാപ്പാക്കാം.

ക്രിസ്തുവിന്റെ കഥയെഴുതാന്‍ ക്രിസ്തുവാകാതെ സാധ്യമല്ല എന്നു വിശ്വസിച്ച ദേസ്‌തേയ്‌വിസ്‌ക്കിയുടെ മിഷ്‌ക്കിന്‍ എന്ന ''ഇഡിയറ്റ്'' നോവലിലെ കഥാപാത്രം യേശുവിന്റെ രൂപസാദൃശ്യത്തിന്റേതാണ്. പക്ഷെ കഥാപാത്രം കത്തോലിക്കാ സഭയെക്കുറിച്ചു പറയുന്നതു ദുഃഖത്തോടെ വായിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ''എന്റെ അഭിപ്രായത്തില്‍ കത്തോലിക്കാ വിശ്വാസം നിരീശ്വരത്വത്തെക്കാള്‍ ഹീനമാണ്. ഇതാണ് എന്റെ അഭിപ്രായം. അവര്‍ റോമാസാമ്രാജ്യത്തെക്കുറിച്ചു കൂടുതലായി പറയുന്നു. ഈ സഭ വികൃതമായതും വക്രീകരിച്ചതുമായ ക്രിസ്തുവിനെ പ്രസംഗിക്കുന്നു. ശരിയാണ്, ഇതാണ് എന്റെ അഭിപ്രായം. അത് അന്തിക്രിസ്തുവിനെ പ്രസംഗിക്കുന്നു. ഞാന്‍ ഉറച്ചു പറയുന്നു; ഞാന്‍ സത്യം ചെയ്തു പറയുന്നു. എന്റെ വ്യക്തിപരമായ ബോധ്യമാണിത്... റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു: സാര്‍വ്വത്രികമായ ലൗകിക അധികാരമില്ലാതെ (temporal power) ഭൂമിയിലെ സഭയ്ക്കു നിലനില്ക്കാനാവില്ല.'' ദേസ്‌തേയ്‌വിസ്‌ക്കിയുടെ 'കരമസോവ് സഹോദരങ്ങള്‍' എന്ന നോവലിലെ മഹാകുറ്റവിചാരകന്റെ കഥ സഭാധികാരത്തിന്റെ മരണമില്ലാത്ത വിമര്‍ശനമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനം ക്രിസ്തുവില്‍ വിശ്വസിക്കണോ എന്നല്ല, ഏതു ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നതാണ്. റോമന്‍ അധികാരത്തിന്റെ ചക്രവര്‍ത്തിയുടെ രൂപഭാവങ്ങള്‍ ക്രിസ്തു സ്വീകരിക്കുന്നതായി സഭ ജീവിച്ചോ? അതു സ്വാതന്ത്ര്യം നിഷേധിക്കുന്നതായി കുതന്ത്രങ്ങളിലൂടെ സത്യസന്ധരെ പീഡിപ്പിക്കുന്നതായി മാറിയോ?

നാം ക്രിസ്തുവില്‍ വിശ്വസിക്കുന്നു. പക്ഷെ, എന്ത് ക്രിസ്തു, എങ്ങ നെയുള്ള ക്രിസ്തു? സുവിശേഷങ്ങളിലെ ക്രിസ്തുവിനെ അഴിച്ചുപണിതു ക്രിസ്തുവിന്റെ പലതായ വിഗ്രഹങ്ങള്‍ ഉണ്ടാക്കപ്പെടുന്നു. യേശു അപ്പം വര്‍ദ്ധിപ്പിച്ചതു ഭക്ഷിച്ച ജനം യേശുവിനെ ബലമായി പിടിച്ച് രാജാവാക്കാന്‍ ശ്രമിച്ചതായി യോഹന്നാന്റെ സുവിശേഷം പറയുന്നു (6:15). രാജത്വത്തില്‍നിന്നു കുതറിമാറിയ ക്രിസ്തുവിനെ നാം ചക്രവര്‍ത്തിയാക്കിയോ? അധികാരം വൈദിക സന്യാസ മെത്രാന്‍ സ്ഥാനങ്ങളെ മലിനമാക്കി; ക്രിസ്തുദര്‍ശനം വികലമാകുന്നു എന്ന ആരോപണം പലരും നടത്തിയിട്ടുണ്ട്. ഏതു സംസ്ഥാപിതമായ വ്യവസ്ഥിതിയും അതിന്റെ സ്ഥാപിത താത്പര്യങ്ങള്‍ ഉപേക്ഷിക്കാതെ യേശുവിനെ അനുകരിക്കാനാവുമോ? അപ്പോഴൊക്കെ യേശു പുറത്താക്കപ്പെടുന്നു. എത്ര വലിയ ഔന്നത്യത്തിലെത്തിയവന്റേയും അകത്തുനിന്ന് ഒരു ശബ്ദമുയരും ''ഞാന്‍ അതീതനാണ്; എഴുന്നേറ്റു നില്ക്കൂ.''

യേശു കുരിശില്‍ നിലവിളിച്ചു മരിച്ചവനാണ്. സുവിശേഷകനായ മര്‍ക്കോസും (15:24) മത്തായിയും (27:46) യേശുവിന്റെ നിലവിളി ഉദ്ധരിക്കുന്നു. ''എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു എന്നെ ഉപേക്ഷിച്ചു?'' ഈ നിലവിളി മനുഷ്യന്റെ ഭീകരമായ ദുരന്ത ബോധത്തിന്റെ നിലവിളിയാണ്. ദുഃഖത്തിന്റെയും തിന്മയുടെയും വിജയം ആഘോഷിക്കുന്ന ക്രൂശിതന്റെ ഈ ഭൂമിയുടെ അവസാനത്തെ നിലവിളി നൂറ്റാണ്ടുകളിലൂടെ സഹന സമസ്യയായി പ്രകമ്പനം കൊള്ളുന്നു. അതു വിജയത്തെ എപ്പോഴും ലക്ഷ്യമാക്കുന്ന കാഴ്ചപ്പാടിനേയും ചോദ്യം ചെയ്യുന്നു. ദേസ്‌തേയ്‌വിസ്‌ക്കിയുടെ ''ഇഡിയറ്റി''ലെ കഥാപാത്രം കീറിലോവ് പറയുന്നു. ''എന്നാല്‍ ഞാന്‍ എന്നെത്തന്നെ ഉറച്ചു പ്രഖ്യാപിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നില്ല എന്നു വിശ്വസിക്കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ വിധേയനാവില്ല എന്നു തെളിയിക്കാന്‍ ഞാന്‍ എന്നെത്തന്നെ കൊല്ലുന്നു - അങ്ങനെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഭീകരത തെളിയിക്കുന്നു.'' ഇതാണോ നിലവിളിയുടെ അര്‍ത്ഥം? ദേസ്‌തേയ്‌വിസ്‌ക്കിയുടെ നിലപാട് അതല്ല. മിഷ്‌ക്കിനെപ്പോലെ അതിഗഹനമായ പ്രശ്‌നങ്ങളുടെ മുമ്പില്‍ അദ്ദേഹം നിശബ്ദത പുലര്‍ ത്തുന്നു. യേശുവിന്റെ നിലവിളി വെളിവാക്കുന്നതു സംവേദനത്തിന്റെ നിഷേധമല്ല. മറിച്ച് ഭീകരമായ ജീവിതധര്‍മ്മത്തിന്റെ മുമ്പില്‍ ''നിശബ്ദതയില്‍ കടന്നുപോകുന്നു.'' അത് വെളിപാടാണ് പലപ്പോഴും വ്യാപകമായ സംഭാഷണത്തില്‍ മനസ്സിലാക്കുന്നതു മുഴുവന്‍ വ്യാജമാണെന്നും പറഞ്ഞതെല്ലാം മൂടിപ്പൊതിഞ്ഞ ഒളിക്കലായി മാറുന്നില്ലേ? ഏറ്റവും നിസ്സാരമായതുപോലും ആത്യന്തികമായി മനസ്സിലാക്കാനാവാത്ത സമസ്യയായി തുടരുന്നു. യേശുവിന്റെ നിലവിളി എന്തെങ്കിലും പറയാതിരിക്കലല്ല. പറയാതിരിക്കലിലൂടെ എന്തോ പറയുകയാണ്. അതാണ് കോടിക്കണക്കിനു ജനങ്ങള്‍ തലമുറകളായി അവരുടെ മനുഷ്യത്വത്തെ ഉയര്‍ത്തി ഉന്നതമായ സ്‌നേഹത്തിന്റെ സഹനപാതയില്‍ ജീവിക്കുന്നത്, ഏതാണ്ട് നിശബ്ദമായി. ''നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍'' (മത്താ. 5:10). ഇതു ലോട്ടറിയടിക്കുന്ന ഭാഗ്യമല്ല. ഗ്രീക്കില്‍ മക്കാറിയോസ് എന്ന വാക്കു അര്‍ത്ഥമാക്കുന്നതു വെറും സന്തോഷമല്ല. അതു മനുഷ്യജീവിതത്തിന്റെ സംപൂര്‍ത്തിയുടെ ചാരിതാര്‍ത്ഥ്യമാണ്. ഇതു പറയുമ്പോഴും പറയാന്‍ ആഗ്രഹിച്ചത് പറയാനാകുന്നില്ല. അവരാണ് അന്തസ്സായി മരിക്കുന്നതു, ബാക്കിയെല്ലാം കൊല്ലപ്പെടുന്നു, ചാവുന്നു.

മനുഷ്യന്റെ ആത്മാവിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന് ഈ ഭൂമിയില്‍ മോചനമില്ല. രക്തം തിളപ്പിക്കുന്ന അഗ്നി അകത്തുണ്ട്. സഹനത്തിലൂ ടെയല്ലാതെ മോചനമില്ല. ഈ ധാര്‍മ്മിക ശുദ്ധീകരണത്തിലൂടെ ജീവി തം നിത്യതയെ ആശ്ലേഷിക്കുന്നു. മിഷ്‌കില്‍ എന്ന കഥാപാത്രം അപസ്മാരത്തിന്റെ മാരകമായ പിടിയില്‍ വേദനയുടെ കഠോരതയില്‍ ഒരു ഘട്ടത്തില്‍ ഉന്മാദിയാകുന്നു. ''അവന്റെ മനസ്സും ഹൃദയവും അതിസ്വാഭാവിക വെളിച്ചത്താല്‍ പ്രകാശിതമായി എല്ലാ വ്യാകുലതകളും സംശയങ്ങളും ഒരു നിമിഷം സന്തോഷിപ്പിക്കല്‍ എന്ന വിധത്തില്‍ ഉദാത്തമായ ശാന്തിയില്‍ പരിഹൃതമായി.''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org