ആരാധനാക്രമത്തിന്റെ വസ്തുനിഷ്ഠത

ആരാധനാക്രമത്തിന്റെ വസ്തുനിഷ്ഠത

അമേരിക്കന്‍ ഐക്യനാടുകളിലെ സഭാസംഗീതജ്ഞരുടെ സംഘടനയുടെ 2019 ജൂലൈ 3-ന്റെ ഫിലാഡെല്‍ഫിയ സമ്മേളനത്തില്‍ ഫ്രാന്‍സിലെ ഒരു കൊവേന്തയുടെ സ്ഥാപകനായ ആല്‍ക്വിന്‍ റെയ്ഡ് അവതരിപ്പിച്ച പ്രഭാഷണം ചില്ലറ വ്യത്യാസങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ആരംഭിക്കുന്നത് ആംഗ്ലിക്കന്‍ പള്ളികളിലെ ആരാധനക്രമത്തെക്കുറിച്ച് ഒരു താമശയോടെയാണ്. അവിടെ ആരാധനാ രീതി ''വികാരിയുടെ ഇഷ്ടംപോലെ''യാണ് പോലും. ഇതു പറഞ്ഞത് കത്തോലിക്കാസഭയില്‍ ഇപ്പോള്‍ ''മാര്‍പാപ്പയുടെ ഇഷ്ടംപോലെ'' ആയി എന്ന വിമര്‍ശനത്തിനാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേര് പറയാതെ നടത്തുന്ന ഈ വിമര്‍ശനത്തിന്റെ അടിസ്ഥാനം പെസഹാ വ്യാഴ്യാഴ്ചയുടെ കര്‍മ്മത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ''പുരുഷന്‍'' എന്നതു ''സ്ത്രീയും പുരുഷനും'' എന്നു മാറ്റിയതാണ്. സ്ത്രീകളുടെ കാല് കഴുകാന്‍ അനുവദിച്ചതിനെക്കുറിച്ചു നടത്തിയ വിമര്‍ശനമാണ്. ഇതു നടത്തുന്നത് ഒരു ആരാധനാക്രമ പണ്ഡിതനുമാണ്, സ്ത്രീകളുടെ കാലുകഴുകാനുള്ള നിശ്ചയം മാര്‍പാപ്പയുടെ ഇഷ്ടത്തിന്റെ പിന്നില്‍ സഭയുടെ ആവശ്യം ഇല്ല എന്നു പറയാതെ പറയുന്നു. ഇതിനെക്കുറിച്ച് ഭിന്നമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. പക്ഷേ, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നിലപാട് അപ്രസക്തമല്ല.

ആരാധനാക്രമ നിശ്ചയത്തിന്റെ അടിസ്ഥാനം വസ്തുനിഷ്ഠമായിരിക്കണം അതു വ്യക്തിനിഷ്ഠമാകാന്‍ പാടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹം അതിന് ഉദ്ധരിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലെ പ്രോസ്പറിന്റെ വാചകമാണ് - ആരാധനയുടെ നിയമം വിശ്വാസത്തിന്റ നിയമമാണ്. ആരാധനയുടെ നിയമങ്ങള്‍ മാറ്റത്തിന്റെ അടിസ്ഥാനം വിശ്വാസികളുടെ വിശ്വാസമായിരിക്കണം. അത് ആരുടേയും വ്യക്തിതാത്പര്യങ്ങള്‍ക്കനുസരിച്ചാകരുത്. ആരാധന വിശ്വാസികളുടെ പാരമ്പര്യത്തിന്റെ ബലത്തിലായിരിക്കണം. ആരാധനാക്രമ നിശ്ചയങ്ങള്‍ വെറും അലങ്കാരമോ ആഭരണമോ അല്ല. ക്രിസ്തുവിന്റെ വികാരിയായ മാര്‍പാപ്പയ്ക്കു സഭയിലുടനീളം അധികാരമുണ്ട്. പക്ഷേ, അതു സഭയുടെ വിശ്വാസത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാനാണ്. വിശ്വാസമാണ് ആരാധനാക്രമ നിശ്ചയങ്ങളുടെ പിന്‍ബലം; വ്യക്തി താല്പര്യങ്ങളല്ല. ഈ നിയമം പള്ളിവികാരി മുതല്‍ മെത്രാന്മാര്‍ക്കും മാര്‍പാപ്പയ്ക്കും ബാധകമാണ്. അദ്ദേഹം ഉദ്ധരിക്കുന്നതു മാര്‍പാപ്പയായി പിന്നീട് മാറിയ കാര്‍ഡിനല്‍ റാറ്റ്‌സിംഗറിനെയാണ്. ഈ പറഞ്ഞ എഴുത്തുകാരന്റെ ആരാധനക്രമ സംബന്ധമായ പുസ്തകത്തിന് കാര്‍ഡിനല്‍ എഴുതിയ അവതാരികയില്‍ നിന്നാണ് ഉദ്ധരിക്കുന്നത്. ''മാര്‍പാപ്പ തന്റെ ഇച്ഛ നിയമമാക്കുന്ന കേവലരാജാവല്ല. മറിച്ച് യഥാര്‍ത്ഥ പാരമ്പര്യത്തിന്റെ കാവല്‍ക്കാരനും അനുസരണത്തിന്റെ ആദ്യജാമ്യക്കാരനുമാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ള തു ചെയ്യാനാവില്ല. തങ്ങളുടെ ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹത്തിനു എതിര്‍ക്കാനാവണം. അദ്ദേഹത്തിന്റെ നിയമം തന്നിഷ്ടമാകരുത്, മറിച്ച് വിശ്വാസത്തിന്റെ വിധേയത്വത്തില്‍ നിന്നാവണം.'' പിന്നെയും അദ്ദേഹം ഉദ്ധരിക്കുന്നതു കാര്‍ഡിനല്‍ റാറ്റ്‌സിംഗര്‍ മാര്‍പാപ്പയായതിനുശേഷമുള്ള പ്രസംഗത്തില്‍ നിന്നാണ്. മാര്‍പാപ്പ ''സ്വന്തം ആശയങ്ങളല്ല പറയേണ്ടത് മറിച്ച് അദ്ദേഹംതന്നെ സഭയോട് ചേര്‍ന്നു ദൈവവചനത്തിന് വിധേയനാകണം.'' ദൈവവചനത്തെ അനരൂപപ്പെടുത്താനും ''വെള്ളം ചേര്‍ക്കാനുമുള്ള എല്ലാ ശ്രമങ്ങളേയും എല്ലാ സാന്ദര്‍ഭികാഭിനിവേശങ്ങളുടെ സാഹചര്യങ്ങളെ എതിര്‍ക്കണം.''

വിമര്‍ശനം വസ്തുനിഷ്ഠതയിലൂന്നിയാണ്. വളെരക്കാലമായി ആരാധനയുടെ ആഘോഷങ്ങളില്‍ വ്യക്തിനിഷ്ഠത കടന്നുകൂടിരിക്കുന്നു എന്നും, ആരാധനാനുഷ്ഠാനങ്ങളുടെ എഴുതപ്പെട്ട കൃതികളുടെ തര്‍ജ്ജമ്മയും വ്യഖ്യാനവും വിനിയോഗവും സ്വന്തം അഭിഷ്ടമനുസൃതമായി മാറുന്ന പ്രവണതയെ അദ്ദേഹം എതിര്‍ക്കന്നു. ആരാധനാക്രമത്തിന്റെ ''സജീവ പുരോഗതി'' ''മൗലികമായ സാംസ്‌കാരികാനുരൂപണം'' എന്നിങ്ങനെയുള്ള താത്പര്യങ്ങള്‍ ആരാധനാനുഷ്ഠാനങ്ങള്‍ വികലമാക്കുന്നു എന്ന യാഥാസ്ഥിതിക വിമര്‍ശനമാണ് അദ്ദേഹത്തിന്റേത്. ആരാധനാക്രമത്തിന്റെ സമഗ്രതയ്ക്ക് എല്ലാവിധ വ്യക്തിനിഷ്ഠതയേയും ഉപേക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

ഇതു പറയുമ്പോള്‍ അദ്ദേഹം ആവര്‍ത്തിച്ചുപയോഗിക്കുന്നത് ഒരു ലത്തീന്‍ പ്രയോഗമുണ്ട് - Usus antiquior - പഴയക്രമം, ഇതിനര്‍ത്ഥം പഴയത് തെറ്റായിരുന്നു എന്ന ചിന്താഗതിക്ക് എതിരാണ്. 2007-ല്‍ ബനഡിക്ട് മാര്‍പാപ്പ വ്യക്തമായി എഴുതി, ''പഴയ തലമുറകള്‍ വിശുദ്ധമായി കരുതിയതു നമുക്കും വിശുദ്ധമാണ്. അതു പെട്ടെന്ന് മുടക്കപ്പെട്ടതോ അങ്ങനെ ഹാനികരമോ ആയി പരിഗണിക്കാന്‍ പാടില്ല.'' പക്ഷേ, കര്‍ത്തേജിലെ സിപ്രിയന്റെ വാചകവും പ്രസക്തമാണ്. ''സത്യമല്ലാത്തതു പഴയ പാതകമാണ്.'' അങ്ങനെയുള്ള പാതകങ്ങളെ മാറ്റണ്ട എന്നു പറയുന്നില്ല. പക്ഷേ, തന്നിഷ്ടം നിറവേറ്റലായി ആരാധനാനുഷ്ഠാനങ്ങള്‍ മാറരുത് എന്നതു സ്വീകാര്യമാണ്. അവസാനം ലേഖനകര്‍ത്താവ് ഉദ്ധരിക്കുന്നതു ടി.എസ്. എലിയട്ടിന്റെ അവസാനത്തെ പ്രലോഭനത്തിന്റെ ഉദ്ധരണിയാണ്. ''തെറ്റായ ലക്ഷ്യത്തിനു വേണ്ടി ശരിയായ കാര്യം ചെയ്യുക.'' ശരിയായി പ്രത്യക്ഷപ്പെടുന്ന ആരാധനാക്രമ നവീകരണങ്ങളും നടപടികളും ചിലപ്പോഴെങ്കിലും വ്യക്തിപരമായ പലതും ഒളിക്കാനും ശ്രദ്ധിതിരിക്കാനും ആകാം. ഐക്യത്തിനും ഐകമത്യത്തിനും വേണ്ടിയെന്നു പ്രചരിപ്പിച്ചു സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നു വ്യതിചലിക്കാനും. ആരെയൊക്കെയോ നിലയ്ക്കു നിറുത്താനും വേണ്ടിയുള്ള വ്യക്തിതാത്പര്യങ്ങളുടെ വക്രബുദ്ധിയുടെ പ്രത്യക്ഷത്തില്‍ ''നല്ല'' കാര്യങ്ങള്‍ മാറ്റുന്നതും മാറ്റപ്പെടുന്നതും സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിപ്പോകുന്നു. സഭയുടെ നന്മയ്ക്ക് എന്ന വ്യാജേന സ്വന്തം ഇഷ്ടത്തിന്റെ നടത്തിപ്പിന് വിധേയമാകുന്നവരും ഉണ്ടാകുന്നതായി തോന്നുന്നു. സഭയുടെ നന്മ എന്നു ഘോഷിക്കുന്ന ചില പ്രശ്‌നങ്ങള്‍ വെറും വ്യക്തിതാത്പര്യങ്ങളായിരുന്നില്ലേ എന്ന ആശങ്കയാക്കുന്നു. പ്രത്യക്ഷത്തില്‍ നല്ല കാര്യം, പക്ഷേ, അതിന്റെ നിഗൂഡമായ ലക്ഷ്യം വ്യക്തിയുടെ താത്പര്യം മാത്രമായി മാറാം. ആന്തരികതയുടെ രഹസ്യം ആരും അറിയുന്നില്ലല്ലോ. ആ കാപട്യം സഭയില്‍ പ്രവേശിക്കുന്നില്ല എന്ന് ഉറച്ചുപറയാനാവുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org