
പോള്‍ തേലക്കാട്ട്
അന്യമതസ്ഥരോടു കത്തോലിക്കര്‍ക്കുള്ള നല്ല ബന്ധത്തിന്റെ ആധാരരേഖയാണ് രണ്ടാം വത്തിക്കാന്‍ സൂനഹോദസിന്റെ 1963-ലെ അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള രേഖ (Nostra Aetate). 2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഡമാസ്‌കസിലെ മോസ്‌ക് സന്ദര്‍ശിച്ചതു ഖാലിദ് ഉമ്മര്‍ ഇബന്‍ ഖത്താബ് ജെറുസലേമിലെ വിശുദ്ധ കല്ലറയുടെ പള്ളി സന്ദര്‍ശിച്ചതിനുശേഷം 1363 വര്‍ഷങ്ങള്‍ കഴിഞ്ഞു നടന്ന ഒരു പരസ്പര ബന്ധത്തിന്റെ ചരിത്ര സംഭവമായി. എന്നാല്‍, ഇതിനുശേഷം ചരിത്രത്തില്‍ നടന്ന ഒരു കാര്യം, ''നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയിലെ പൊതുപദം'' എന്ന പേരില്‍ 138 മുസ്ലിം പണ്ഡിതരും നേതാക്കളും ഒപ്പുവച്ച്, ബെനഡിക്ട് പതിനാറാം മാര്‍പാപ്പയ്ക്ക് അദ്ദേഹത്തിന്റെ റീഗന്‍സ്ബുര്‍ഗ് പ്രസംഗത്തിനുശേഷം സമര്‍പ്പിച്ച സന്തോഷപ്രദമല്ലാത്ത ഒരു കത്തായിരുന്നു. അതിനു കാരണമായതു ബെനഡിക്ട് മാര്‍പാപ്പ ആ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഉദ്ധരണിയായിരുന്നു.
രണ്ടു മതങ്ങളും പരസ്പരം അകല്‍ച്ചകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പൊതു ഇടം എന്ന വിധത്തില്‍ മനുഷ്യബുദ്ധിയെ സ്വീകരിക്കാമോ എന്ന വിഷയമായിരുന്നു ചര്‍ച്ച ചെയ്തത്. ബുദ്ധിപരമായി പ്രവര്‍ത്തിക്കാതിരിക്കുന്നത് ദൈവസ്വഭാവത്തിന് ചേര്‍ന്നതല്ല എന്ന നിഗമനമായിരുന്നു മാര്‍പാപ്പയുടേത്. ഈ ചര്‍ച്ചയില്‍ ബനഡിക്ട് മാര്‍പാപ്പ ഗ്രീക്കു ചിന്തകരെയും മധ്യകാല ചിന്തകരെയും ഉദ്ധരിക്കുന്നു. ആ സാഹചര്യത്തിലാണ് ബൈസന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന മാനുവല്‍ പാലയൊലോഗോസ് രണ്ടാമന്‍ 1391-ല്‍ പേര്‍ഷ്യന്‍ ചിന്തകരുമായി നടന്ന ചര്‍ച്ചയില്‍ രാജാവ് ചോദിക്കുന്നു, ''മുഹമ്മദ് കൊണ്ടുവന്ന ഒരു നല്ല കാര്യം ചൂണ്ടിക്കാണിക്കാമോ? കാണുന്നതു തിന്മയും മനുഷ്യത്വത്തിന് നിരക്കാത്തതും മാത്രമാണ്.'' ഈ വാചകം മാര്‍പാപ്പയുടേതല്ല. ചരിത്രത്തില്‍ നിന്നുള്ള ഒരു വാചകമാണ്. അത് വിവാദമായി. മുസ്ലിങ്ങളെ മുറിപ്പെടുത്തിയതായി അവര്‍ക്ക് തോന്നിയതില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു. മാര്‍പാപ്പയുടെ ലക്ഷ്യം മനുഷ്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കുക എന്നത് മാത്രമായിരുന്നു.
എന്നാല്‍ ബനഡിക്ട് മാര്‍പാപ്പയ്ക്കുശേഷം വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയും വിധവും ഭിന്നമായിരുന്നു. അദ്ദേഹത്തിന്റെ സമീപനം പരസ്പര സൗഹൃദം സൃഷ്ടിക്കുകയായിരുന്നു. കുരിശുയുദ്ധ പശ്ചാത്തലത്തില്‍ കുരിശുയുദ്ധ ലഹളക്കാരോട് ആലോചിക്കാതെ നിയന്ത്രണരേഖ മറികടന്നു ഈജിപ്തിലെ സുല്‍ത്താന്‍ അലി മാലെക്ക് അല്‍-കമിലിനെ കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത വി. ഫ്രാന്‍സിസ് അസ്സീസിയുടെ പേരു സ്വീകരിച്ച അര്‍ജന്റീനയിലെ കാര്‍ഡിനല്‍ ജോര്‍ജ് ബര്‍ഗോളിയോ തന്റെ പന്ത്രണ്ടു കൊല്ലത്തെ പാപ്പ സ്ഥാനത്തിനിടയില്‍ മൂന്നു ചരിത്രം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്തു. 1) ഫ്രാന്‍സിസ് മാര്‍പാപ്പ പതിനാല് അറേബ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും അദ്ദേഹം മുസ്ലീങ്ങളെ സഹോദരങ്ങള്‍ എന്നു അഭിസംബോധന ചെയ്തു. 2) സുന്നി മുസ്ലീങ്ങളുടെ ഏറ്റവും പ്രാചീനമായ സ്ഥാപനമായ ഈജിപ്തിലെ അല്‍-ഹസര്‍ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പയായി. 3) ഇപ്പോഴത്തെ ഗ്രാന്റ് ഇമാമായിരുന്ന ഷെയ്ക്ക് അഹമ്മദ് തയ്യിബുമായി കൂടിക്കാഴ്ച നടത്തി. ''ഒന്നിച്ചു ജീവിക്കാനും ലോകസമാധാനത്തിനുമായുള്ള സംഭ്രാതൃത്വത്തിന്റെ'' പ്രഖ്യാപനത്തില്‍ രണ്ടു വിഭാഗവും ഒപ്പുവച്ചു.
യഹൂദ ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങളില്‍ എല്ലായിടത്തും വിശ്വാസത്തിന്റെ പിതാമഹന്‍ ആയി അംഗീകരിക്കപ്പെടുന്നതു അബ്രാഹമാണ്. അബ്രാഹത്തിന്റെ ബലി മൂന്നു മതങ്ങളും അനുസ്മരിക്കുന്നു. യേശുവിനെ ഇസ്ലാം ഏറ്റവും മഹാനായ പ്രവാചകനായി പരിഗണിക്കുന്നു. ക്രൈസ്തവരെ അഹല്‍-അല്‍-കിത്താബ് (ahal al-kitab) എന്നു ഖുര്‍-ആന്‍ വിളി ക്കുന്നു. അഹല്‍ എന്നാല്‍ കുടുംബം എന്നാണ്. അത് ആദരവിന്റെ വിശേഷണമാണ്. പത്തൊമ്പതു നൂറ്റാണ്ടുകാലം ക്രിസ്തുവിനെ കൊന്നവര്‍ എന്നു പരിഗണിച്ചിരുന്ന യഹൂദരെ ഇന്ന് സഭ വിശ്വാസത്തിന്റെ മൂത്ത സഹോദരര്‍ എന്നാണ് വിളിക്കുന്നത്. മുസ്ലീങ്ങളെ ഇളയ സഹോദരരായി പരിഗണിക്കണം എന്ന് ചിന്തിക്കുന്ന മുസ്ലീംങ്ങളും ക്രൈസ്തവരുമുണ്ട്.
മൂന്നാം ലോക മഹായുദ്ധം പാശ്ചാത്യശക്തികളും അറേബ്യ രാജ്യങ്ങളുമായിട്ടായിരിക്കും എന്ന് അമേരിക്കയിലെ സാമുവല്‍ ഹണ്ടിംഗ്ടണ്‍ പറഞ്ഞുവച്ചിട്ടുണ്ട്. അത് ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ല എന്ന ചിന്താഗതിക്കാരനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ അദ്ദേഹം പറഞ്ഞു, ''മൂന്നാം ലോക മഹായുദ്ധം ചില പ്രദേശങ്ങളിലും രാജ്യങ്ങളിലും സംഭവിക്കുന്നു'', ഘട്ടം ഘട്ടമായി അധ്യായങ്ങളായി. അതിന്റെ പിന്നില്‍ വരുന്ന പ്രേരണ വെള്ളക്കാരുടെ ദേശീയതയും മതപരവുമായ മൗലികവാദങ്ങളുമായി കാണുന്നു.
അപ്രിയ സത്യങ്ങള്‍ കണ്ണടച്ചു വിളമ്പുന്ന അവിവേകം സ്‌നേഹസത്യത്തിന്റെ ലംഘനമാണ് എന്നെങ്കിലും നാം അംഗീകരിക്കണം.
കേരളത്തിലെ ക്രൈസ്തവര്‍ ഒരു ചിന്താക്കുഴപ്പത്തിലാണ് എന്നു തോന്നിപ്പോകുന്നു. ബനഡിക്ട് മാര്‍പാപ്പ ക്ഷമ പറഞ്ഞ പാത സ്വീകരിക്കണമെന്ന പക്ഷക്കാര്‍ ഇവിടെയുണ്ട്. അപ്രിയസത്യങ്ങള്‍ പറഞ്ഞ് വൈര്യം വര്‍ധിപ്പിക്കാന്‍ താല്‍പര്യമുള്ളവരുമുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ രണ്ടു മൗലികവാദങ്ങളുടെ നടുവിലാണ് എന്നതു ശരിയാകാം. ഇസ്ലാമിക മൗലികവാദം, ഹിന്ദുത്വ മൗലികവാദം. ഇതില്‍ മെച്ചം ഹിന്ദുത്വ മൗലികവാദമാണെന്നു വിശ്വസിക്കുന്ന സംഘികള്‍ സഭയുടെ ഉള്ളില്‍ത്തന്നെയുണ്ട്. അവര്‍ അന്ധമായ മൗലികവാദത്തിലാണ്. കൂടുതല്‍ അപകടകാരിയായത് ഇസ്‌ലാമിക തീവ്രവാദമാണ് എന്നത് ഒരു വിഭാഗത്തിന്റെ പ്രൊപ്പഗാന്തയാണ് എന്നതു തിരിച്ചറിയാന്‍ ക്രൈസ്തവര്‍ക്കു കഴിയില്ല എന്നു കരുതുന്നില്ല - ഇവര്‍ക്ക് ഒരു മൗലികവാദം അനിവാര്യമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വഴിയാണ് സഭ സ്വീകരിക്കേണ്ടത് എന്ന അഭിപ്രായം എഴുതുന്നു. മൗലികവാദത്തില്‍ നിന്ന് അകലുക. വൈവിധ്യങ്ങളെ അംഗീകരിക്കുക. ഭാഷണത്തില്‍ ഊന്നിയ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുക. മറിച്ചൊരു നിലപാട് അപകടകരമാണ്. അത് ക്രൈസ്തവവുമല്ല. ക്രിസ്തുമതത്തിന്റെ അടിസ്ഥാന സത്യം എല്ലാവരേയും സ്‌നേഹിക്കുക എന്നതാണ്. അപ്രിയ സത്യങ്ങള്‍ കണ്ണടച്ചു വിളമ്പുന്ന അവിവേകം സ്‌നേഹസത്യത്തിന്റെ ലംഘനമാണ് എന്നെങ്കിലും നാം അംഗീകരിക്കണം. പല അപ്രിയ സത്യങ്ങളും നമുക്കുമുണ്ട് ചരിത്രത്തില്‍. അതു നമ്മെ അകറ്റാതിരിക്കാനുള്ള വിവേകം അനിവാര്യമാണ്.