മുഖത്തു നോക്കാത്ത ആരാധനാക്രമമോ?

മുഖത്തു നോക്കാത്ത ആരാധനാക്രമമോ?

ദൈവത്തെ കണ്ടു എന്നു പറയുന്നവന്‍ എന്താണ് കണ്ടത് എന്നു പറയുമ്പോള്‍ വിവാദപരമാകും. ദൈവം കാഴ്ചയ്ക്ക് വിധേയമാകുന്നില്ല. എന്നാല്‍ പ്രസിദ്ധ യഹൂദ ചിന്തകനായ എമ്മാനുവേല്‍ ലെവിനാസ് എഴുതി, ''ദൈവികമാനം മനുഷ്യമുഖത്താണ് തുറന്നു വരുന്നത്.'' ഇതു പരസ്പരബന്ധത്തിന്റെ സമസ്യയാണ്. ഇവിടെ കാണുന്നതു പരസ്പരമാണ്. പക്ഷെ, ആ കാഴ്ചയില്‍ മറ്റൊരു മാനം പൊട്ടിവിരിയുന്നത് അനുഭവിക്കുന്നു. മനുഷ്യബന്ധത്തിന്റെ സമസ്യയിലാണ് ധര്‍മ്മവും ദൈവികതയും നിത്യതയും നിഴലിക്കുന്നത്. ധര്‍മ്മം, ഞാനും അപരനും തമ്മിലുള്ള ബന്ധത്തില്‍ സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് ധര്‍മ്മശാസ്ത്രത്തെ കാഴ്ചശാസ്ത്രമായി ലെവിനാസ് നിര്‍വ്വചിച്ചത്.

മനുഷ്യബന്ധത്തിന്റെ പ്രതിഭാസത്തില്‍ നാം സ്‌നേഹവും കരുണയും സൗന്ദര്യവും സന്തോഷവും നന്ദിയുമൊക്കെ അനുഭവിക്കുന്നു. പക്ഷെ, മൃഗീയമായ യുക്തിയില്‍ ഇതൊന്നും സംഭവിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആരാധന ദൈവികതയുമായുള്ള ബന്ധത്തിന്റെ ഫലമാണ്. ദൈവികതയുടെ ഗ്രസനത്തില്‍ നാം അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ്, കൈകൂപ്പുന്നത്, സ്തുതി പറയുന്നത്, ആരാധിക്കുന്നത്. പരസ്പരമുള്ള ബന്ധത്തിലാണ് പ്രാര്‍ത്ഥന ജനിക്കുന്നത്. നാം നിരന്തരം പരസ്പരം പ്രാര്‍ത്ഥിക്കുന്നവരാണ്. മനുഷ്യബന്ധത്തില്‍ ലോകത്തേക്കാള്‍ അധികം കാണുകയും അംഗീകരിക്കുകയും ചെയ്തു പോകുന്നു. ഇതൊരു അധികകാഴ്ചയാണ്. പൂവ് ചോദിച്ചവന് തോട്ടം കിട്ടിയതുപോലെ. ക്ഷമ ചോദിച്ചവന് ആലിംഗനം ലഭിക്കുന്നു. ഈ അധികക്കാഴ്ച എവിടെയും എല്ലായിടത്തുമുണ്ട്. അതു പലപ്പോഴും കാണാന്‍ കഴിയാതെ പോകുന്നു. എന്റെ സകല കഴിവുകളും ആയുസ്സും ലോകവും എനിക്കു ദാനമായി കിട്ടുന്നു. ഏറ്റവും വലിയ അറിവ് ദാനബോധമാണ്. ഈ ദാനബോധത്തില്‍ നിന്നാണ് ആരാ ധന. എനിക്ക് എന്തൊക്കെ ശക്തികള്‍ ദാനമായി കിട്ടിയിട്ടുണ്ടെങ്കിലും അപരന്റെ മരണം എന്നെ ബലഹീനനാക്കുന്നു, മര്‍ത്യനാക്കുന്നു.

ആരാധന പ്രാഥമികമായി ഉണ്ടാക്കുന്നതു പുറപ്പാട് ചിന്തയാണ്. അതു ലോകത്തില്‍ മുങ്ങിത്താഴുന്നതല്ല. ലോകത്തില്‍ നിന്നു പുറപ്പെടുന്നതാണ്. ഞാന്‍ ലോകത്തിലാണെങ്കിലും ലോകത്തിന്റെയല്ല എന്ന തിരിച്ചറിവ്. രണ്ടാമത്തെ പ്രതികരണം എന്റെ അപരനിലേക്കുള്ള പുറപ്പാടാണ്. അതു ലൈംഗികമാണ്, സര്‍ഗ്ഗാത്മകമാണ്. ഞാന്‍ എന്നില്‍ അടച്ചുപൂട്ടാതെ അപരയെ/അപരനെ അന്വേഷിക്കുന്നു. ഇതാണ് ധാര്‍മ്മികജീവിതത്തിന്റെ അടിസ്ഥാനം. ആ വിധത്തില്‍ ആരാധന (liturgy) ലോകത്തില്‍ നിന്നുണ്ടാകുന്ന വിടുതലാണ്; ലോകനിഷേധമാണ്. ലിറ്റര്‍ജി എന്നതു ദൈവത്തെ തിരഞ്ഞെടുക്കലും ലോകത്തെ ബ്രാക്കറ്റിലിടുന്നതുമാണ്. ആരാധന ഇടമില്ലാത്തിടത്തേക്കുള്ള പ്രയാണമാണ്. ദൈവത്തിനും എനി ക്കുമിടയിലെ തട്ടികയായി ലോകം മാറുന്നു. ലോകം ദൈവത്തെ മറയ്ക്കുന്നു. അതാണ് കുരിശിലെ യോഹന്നാന്‍ സൂചിപ്പിക്കുന്ന ''കറുത്ത രാത്രി'' (dark night). ആരാധന എന്നെ ദൈവത്തിന്റെ മുമ്പിലാക്കുന്നു; ലോകം മാറി നില്‍ക്കുന്നു. ദൈവം എന്നെ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുന്നു. ഇത് ഒരു വിധേയത്വമാണ്. സ്വീകരണത്തിന്റെ മനോഭാവം.

ഏതു തരത്തിലുള്ള ആരാധനയ്ക്കും മുമ്പ് നിലകൊള്ളുന്നതു ധര്‍മ്മമാണ്. ഈ ധര്‍മ്മബോധമാണ് പുതിയ തുടക്കത്തിന്റെ സ്തുതിക്കും ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും കാരണമാകുന്നത്. ആരാധനയുടെ അനുഭവം അധ്വാനത്തിന്റെയല്ല; വിശ്രമത്തിന്റെയാണ്. ഈ ആരാധനയിലാണ് വസിക്കാന്‍ ആഗ്രഹിക്കുന്നത്. അതു കലയുമായി ബന്ധപ്പെടുന്നു. ആകാംക്ഷയോ ബന്ധപ്പാടോ ഇല്ലാത്ത സമയമാണ് ഉല്ലാസം, ആരാധന, കലാസാഹിത്യം ഇവയുടെ അനുഭവം.

അപരന്റെ മുഖമാണ് എന്റെ രക്ഷയുടെ വാഗ്ദാനം. അപരനോടുള്ള എന്റെ രക്ഷയുടെ പ്രതികരണമാണ് കരുണ - ദയ എന്നിവയില്‍ നടക്കുന്ന ആലിംഗനം അപരനോടുള്ള ബന്ധത്തില്‍ ദൈവവുമായി ബന്ധിക്കുന്നു. പക്ഷെ, എവിടെയാണ് ദൈവം. അപരനെ തല്ലിക്കൊല്ലാതെ തലോടാന്‍ ഞാന്‍ തയ്യാറാകുന്നത് എന്തുകൊണ്ട്? അതിനു വിശദീകരണം എന്നിലല്ല. ഞാന്‍ എന്തിന് ഉയരുന്നു? എന്തിനു കരുണയുള്ളവനാകുന്നു? എന്തിന് അപരനു കൈ കൊടുക്കുന്നു? അപരന്‍ എന്നെക്കാള്‍ ദൈവത്തോട് അടുത്തുനില്‍ക്കുന്നു. എന്റെ അഹം സ്വാര്‍ത്ഥവും നിരീശ്വരവുമാണ്. അപരന്റെ മുഖം പറയാതെ പറയുന്നതു ഞാന്‍ വായിക്കുന്നു. അപരന്റെ പ്രാര്‍ ത്ഥന; കാണുന്നു, കേള്‍ക്കുന്നു. അതു എന്നെ വിമര്‍ശിക്കുന്നു. എന്റെ അഹത്തിന്റെ സംതൃപ്തിക്കുവേണ്ടിയുള്ള ജ്വരമാണ് നിരീശ്വരത്വം. അപരനോട് ബന്ധപ്പെടുമ്പോള്‍ ഏതോ ഉപജാപം ഞാന്‍ മണക്കുന്നു. അനാദിയുടെ ഗൂഢാലോചന ഞാന്‍ വായിക്കുന്നു. നാം അപരനുവേണ്ടി ആദി മുതലുള്ള ബന്ധത്തിന്റെ ശുദ്ധത എനിക്കു വെളിവാകുന്നു. ഈ ശുദ്ധബന്ധമാണ് ദൈവവുമായുള്ള ബന്ധത്തിന്റെ രഹസ്യം. ഇതാണ് ധര്‍മ്മത്തിന്റെയും മതത്തിന്റെയും അടിസ്ഥാനം.

നമ്മുടെ സ്വാതന്ത്ര്യം മിഥ്യയിലും ശൂന്യതയിലുമല്ല അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വിധിയിലല്ല നാം, സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടിരിക്കുകയാണ്. പ്രതിഭാസിക വിജ്ഞാനീയത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വെളിവ് ഈ ബന്ധത്തിന്റെ നിഗൂഢതയിലാണ്. ജീവിതം ഒരു വിശ്വാസത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. അതു ഞാന്‍-നീ ബന്ധത്തിന്റെ പിന്നില്‍ ഈ പ്രപഞ്ചലീലയുടെ പിന്നിലെ ലീലാകാരന്‍ നില്‍ക്കുന്നു എന്ന വിശ്വാസമാണ്. എന്റെ ഈ വിശ്വാസത്തിലാണ് എന്റെ ആശ്രയവും അഭയവും. അത് ഉറക്കമില്ലായ്മയുടെ അങ്കലാപ്പിലല്ല. അത് അവന്റെ മുമ്പിലെ വിശ്വാസവും വിലയവും വിശ്രമവുമാണ്. ഒരു കുഞ്ഞ് അമ്മയുടെ മടിത്തട്ടില്‍ എന്ന പോലെ വിനോദത്തിലും വിശ്രമത്തിലും പ്രാര്‍ത്ഥനയിലും സ്തുതിയിലുമാണ്. ഈ ഭാഷ മാംസത്തില്‍ ആലേഖിതമാണ്, അത് ഓര്‍മ്മിക്കാതിരിക്കാനാവില്ല. ഈ ഓര്‍മ്മയാണ് ആത്മീയത. ആരാധന എന്ന അനുഷ്ഠാനമാണ് പ്രാഥമിക മതം. അവിടെയാണ് ധര്‍മ്മം സാധ്യമാകുന്നത്.

അപരന്റെ മുഖത്തേക്കു തിരിയുമ്പോള്‍ മാത്രമാണ് ആരാധന മുഖാമുഖമാകുന്നത്. അതു ദൈവത്തിലേക്കു മുഖം തിരിക്കുന്നവന്റെ സ്വാഭാവികമായ മുഖാമുഖമാണ്. അപരന്റെ മുഖത്തുള്ള ''അധികം'' ആ മുഖത്തിന്റെ കൗദാശികതയാണ്. മുഖം ഒരിക്കലും ദൈവത്തിന്റെ മുഖമല്ല. മറിച്ച് ദൈവികതയുടെ അവശേഷിപ്പിന്റെ മുഖമാണ്. വേദം എപ്പോഴും ധര്‍മ്മ സാക്ഷ്യമാണ്. മുഖം അങ്ങനെ ധര്‍മ്മ സാക്ഷ്യമായി മാറുന്നു. ധര്‍മ്മം വിളിക്കുന്നത് അപരന്റെ മുഖത്താണ്. മുഖത്തിന്റെ അസാന്നിധ്യത്തിന്റെ സാന്നിധ്യമാണ് എല്ലാ മുഖങ്ങളും. മുഖാമുഖം ധര്‍മ്മത്തിനു ദൈവം വിളിക്കുന്ന കൂദാശപോലെ വര്‍ത്തിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org