അനുസരണക്കേടിന്റെ അനിവാര്യത

അനുസരണക്കേടിന്റെ അനിവാര്യത
ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുന്ന സര്‍ക്കാര്‍ നുണയന്മാരുടെയും വഞ്ചകരുടെയും കൊലപാതകികളുടെയും തീവയ്പ്പുകാരുടെയും സര്‍ക്കാരുമായി നാം ബന്ധപ്പെടുന്നത് എന്നറിയാം... അങ്ങനെ സഭ അന്തിക്രിസ്തുവിന്റെ സഭയാകും. അപ്പോള്‍ നാം ദൈവത്തിന്റെ അനുസരണത്തിനായുള്ള തീരുമാനം സര്‍ക്കാരിനെ അനുസരിക്കാതിരിക്കലാകും

ജര്‍മ്മന്‍ ലൂഥറന്‍ സഭ ജര്‍മ്മനിയിലെ ഭൂരിപക്ഷത്തിന്റെ ക്രൈസ്തവസഭയായിരുന്നു. ഈ സഭയിലാണ് അതിഗൗരവമായ പ്രതിസന്ധി ഉടലെടുത്തത്, 1930-കളില്‍. കാരണം ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി അധികാരത്തില്‍ വരികയും ഹിറ്റ്‌ലര്‍ അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാകുകയും ചെയ്തു. ജര്‍മ്മന്‍ സഭയുടെ വൈദികരില്‍ 60 ശതമാനവും ഹിറ്റ്‌ലറിനെ അനുകൂലിച്ചവരായിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെയും ക്രൈസ്തവീകതയുടെയും രക്ഷകനായി പ്രഖ്യാപിച്ച ലൂഥറന്‍ നേതാക്കളുണ്ടായി. 1933 സെപ്തംബര്‍ ആറിന് ഒരു നിയമം വന്നു ആര്യന്മാരല്ലാത്തവര്‍ക്കും അനാര്യരെ വിവാഹം കഴിച്ചവര്‍ക്കും സഭയുടെ ഭരണ കാര്യങ്ങളില്‍ നിന്നു പുറത്താക്കുന്നു എന്നതായിരുന്നു നിയമം. ഈ നിയമം വളരെ ചെറിയ ഒരു വിഭാഗത്തെയാണു ബാധിച്ചത്. ഈ നിയമം അതുകൊണ്ട് കാര്യമായ എതിര്‍പ്പിനു കാരണമായില്ല. അങ്ങനെ ക്രൈസ്തവസഭ ആര്യന്മാരുടെ സഭയാണെന്നത് അംഗീകരിച്ചമട്ടായി.

1939 മെയ് 9-ാം തീയതി ലൂഥറന്‍ ദൈവശാസ്ത്രജ്ഞരും പാസ്റ്റര്‍മാരും വിശ്വാസികളും ചരിത്രപ്രസിദ്ധമായ വാര്‍ട്ബുര്‍ഗ് കൊട്ടാരത്തില്‍ ഒരു സമ്മേളനം ചേര്‍ന്നു. ക്രൈസ്തവസഭയെ ആര്യസഭയാക്കുന്നതിന് ഒരു സ്ഥാപനം തുടങ്ങുകയായിരുന്നു ലക്ഷ്യം. ജര്‍മ്മനിയിലെ ക്രൈസ്തവസഭയെ ഒരു പൂര്‍ണ്ണമായ ആര്യസഭയാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഹിറ്റ്‌ലറിനെ സംബന്ധിച്ചിടത്തോളം യേശു ആര്യനായിരുന്നു. യേശുവിന്റെ നിലപാടുകളെല്ലാം യഹൂദര്‍ക്ക് എതിരായിരുന്നു. യേശുവിനോടു കൂടെ നില്‍ക്കുക എന്നാല്‍ ആര്യപക്ഷത്താകുകയാണ്. അതിനുവേണ്ടിയാണ് പുതിയ സ്ഥാപനം. അതിനായി ക്രൈസ്തവസഭയില്‍ നിന്ന് എല്ലാ യഹൂദ ആശയങ്ങളും തൂത്തുമാറ്റുക. ആര്യവല്‍ക്കരണത്തിന്റെ അനിവാര്യ നടപടിയായിരുന്നു പഴയ നിയമവും അതിന്റെ എല്ലാ സ്വാധീനങ്ങളും തുടച്ചുനീക്കി പുതിയ നിയമ ദൈവശാ സ്ത്രം ഉണ്ടാക്കുകയെന്നത്.

ഈ കാലഘട്ടത്തില്‍ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ 6,00,000 പാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നു. ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് സഭ വളരെ ആവേശത്തോടെ നാസികളായിരുന്നു. മാര്‍പാപ്പയില്ലാത്ത സഭയുണ്ടാക്കുന്നതുപോലെയായിരുന്നു പഴയ നിയമമില്ലാത്ത ക്രൈസ്തവ സഭയുണ്ടാക്കുന്നത്. ലൂഥര്‍ ശക്തനായ യഹൂദ വിരോധിയായിരുന്നു. ലൂഥറിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി അതു പരിഗണിക്കപ്പെട്ടു. ബര്‍ലിന്‍ നഗരത്തില്‍ മാത്രമുണ്ടായിരുന്ന 147 പള്ളികളില്‍ 565 പാസ്റ്റര്‍മാരുണ്ടായതില്‍ 40 ശതമാനവും നാസി അനുഭാവികളായിരുന്നു. ജാതീയത ജീവിതത്തിന്റെ ഭാഗമാണെന്നും അതു സൃഷ്ടിയുടെ സത്യമാണെന്നും വാദിക്കുന്ന ദൈവശാസ്ത്രജ്ഞരുണ്ടായി.

ഇതു ജര്‍മ്മനിയിലെ ക്രൈസ്തവസമൂഹത്തെ രണ്ടായി വിഭജിച്ചു. നാസി പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തുന്നവരും അവരുടെ ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്നവര്‍ ഒരു വിഭാഗവും ആര്യാധിപത്യത്തിനെതിരെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായി മറുഭാഗവും. ഇതു നാസിസത്തെ എതിര്‍ക്കാന്‍ പറ്റാത്ത വലിയ പ്രതിസന്ധി സമൂഹത്തിലുണ്ടായി. എന്തുകൊണ്ട് നാസികള്‍ യഹൂദരെ കൂട്ടക്കൊല നടത്തിയപ്പോള്‍ ജര്‍മ്മന്‍കാര്‍ എതിര്‍ത്തില്ല എന്നതിന്റെ രഹസ്യം ഈ സാമൂഹികമായ ധ്രുവീകരണവും അതില്‍ ഭരിക്കുന്നവരുടെ കൂടെനിന്നവരുടെ എതിര്‍പ്പും ഭരണക്കാരുടെ പീഡനവുമായിരുന്നു. ഈ സാഹചര്യത്തിലാണ് നാസി വിരുദ്ധനായിരുന്ന ബൊനോഫര്‍ എഴുതിയത്. ''സഭയല്ല ചരിത്രം ഉണ്ടാക്കുന്നത്, മറിച്ച് രാഷ്ട്രമാണ്. എന്നാല്‍ സഭ മാത്രമാണ് ചരിത്രത്തില്‍ ദൈവത്തിനു സാക്ഷിയാകുന്നതും ചരിത്രം എന്തെന്ന് അറിയുന്നതും. ഈ അറിവുള്ളതു കൊണ്ടുതന്നെ ദൈവം ക്രിസ്തുവിലൂടെ ചരിത്രത്തില്‍ ഇടപെട്ടതിനു സാക്ഷിയായി രാഷ്ട്രീയത്തെ ചരിത്രമുണ്ടാക്കാന്‍ അനുവദിക്കുന്നത്.'' ഈ വിധത്തില്‍ ക്രിസ്തുവിനുവേണ്ടി ചരിത്രത്തില്‍ പ്രത്യേകിച്ച് നാസികളുണ്ടാക്കുന്ന ചരിത്രത്തില്‍ ഇടപെടാന്‍ ക്രൈസ്ത സഭയ്ക്കു കഴിയാതെ വന്നു എന്നു മാത്രമല്ല മനുഷ്യത്വത്തിനു വേണ്ടിയുള്ള ശബ്ദമാകാനും സാധിച്ചില്ല. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കാള്‍ ബാര്‍ത്ത് എന്ന പ്രശസ്തനായ ദൈവശാസ്ത്രജ്ഞന്‍ എഴുതിയത് ''ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുന്ന സര്‍ക്കാര്‍ നുണയന്മാരുടെയും വഞ്ചകരുടയും കൊലപാതകികളുടെയും തീവയ്പ്പുകാരുടെയും സര്‍ക്കാരുമായി നാം ബന്ധപ്പെടുന്നത് എന്നറിയാം... അങ്ങനെ സഭ അന്തിക്രിസ്തുവിന്റെ സഭയാകും. അപ്പോള്‍ നാം ദൈവത്തിന്റെ അനുസരണത്തിനായുള്ള തീരുമാനം സര്‍ക്കാരിനെ അനുസരിക്കാതിരിക്കലാകും.''

''രാഷ്ട്രീയ സ്വാതന്ത്ര്യം ഭീഷണിപ്പെടുത്തുമ്പോഴും, ക്രൈസ്തവര്‍ പ്രതിഷേധിക്കാതിരിക്കയും അവരുടെ പ്രതിഷേധം ഗോപ്യമായിരിക്കയും ചെയ്യുമ്പോഴും ക്രൈസ്തവര്‍ ശരിക്കും രാഷ്ട്രത്തിന്റെ ശത്രുക്കളാകും.'' ഇതു ബാര്‍ത്തു ജര്‍മ്മനിക്കു പുറത്തു ബാസിലില്‍ നിന്നാണ് എഴുതിയത്. 1934 മേയ് മാസത്തില്‍ ബാര്‍മെന്‍ സിനഡിന്റെ പ്രഖ്യാപനമുണ്ടായത് ഈ സമയത്താണ്. അതില്‍ സമഗ്രാധിപത്യ അവകാശവാദങ്ങളെ മുഴുവനും നിഷേധിച്ചു. അതിനെതിരായ നിലപാട് സഭ സ്വീകരിച്ചത് ഒരു രാഷ്ട്രീയ സംഭവമായിരുന്നു. ഈ നിലപാടുകള്‍ അപകടകരമായ രാഷ്ട്രീയ സാഹര്യത്തിലാണ് അവര്‍ സ്വീകരിച്ചത്. കാരണം രാഷ്ട്രം മാത്രമായിരുന്നില്ല അവരെ വേട്ടയാടിയത്. സഭയിലെ ഒരു വലിയ വിഭാഗവും അവരെ ശത്രുക്കളായി വേട്ടയാടാന്‍ കൂട്ടുനിന്നു. ഇതുപോലുള്ള അപകടകരവും വീരോചിതവും പ്രവാചികവുമായ സാഹചര്യങ്ങള്‍ ഏതു സഭയുടെ ഏതു കാലത്തും ഉണ്ടാക്കപ്പെടാം. ഇങ്ങനെയുള്ള സാഹചര്യം എന്താണ് ആവശ്യപ്പെടുന്നത്. നിഷ്പക്ഷതയുടെ നിഗൂഢ നപുംസക നിശ്ശബ്ദതയല്ല. ബാര്‍ത്ത് അന്ന് എഴുതി ''ക്രൈസ്തവസഭ അതിന്റെ ഉത്തരവാദിത്വം മനസ്സിലാക്കുന്നു. ആരും ആവശ്യപ്പെടുന്നതു രാഷ്ട്രീയ പള്ളിപ്രസംഗമാണ്. നേരിട്ട് രാഷ്ട്രീയ പരാമര്‍ശങ്ങളില്ലെങ്കിലും അതങ്ങനെ രാഷ്ട്രീയമായി വ്യാഖ്യാനക്കപ്പെടും.'' നാസ്സിസത്തിന്റെ രഹസ്യ ലക്ഷ്യം പോലും മനസ്സിലാക്കാതെയാണ് ബാര്‍ത്ത് ഇതെഴുതിയത്. ജര്‍മ്മനിയുടെ ഹിറ്റ്‌ലറിനുശേഷം ചാന്‍സലറായി നിയോഗിതനായിരുന്ന ഹെര്‍മന്‍ ഗോറിംഗ് പറഞ്ഞിരുന്നു: ''രണ്ടായിരം വര്‍ഷത്തെ യേശുക്രിസ്തുവിന്റെ അന്ധവിശ്വാസം നാഷണല്‍ സോഷ്യലിസം അവസാനിപ്പിക്കും.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org