എല്ലാവരേയും ബാധിക്കുന്നത് എല്ലാവരും അംഗീകരിക്കണം

എല്ലാവരേയും ബാധിക്കുന്നത് എല്ലാവരും അംഗീകരിക്കണം

സഭയുടെ ഉന്നതവേദികളില്‍ ഇന്ന് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പ്രയോഗമാണ് സിനഡ്. അതിനര്‍ത്ഥം യോഗം എന്നു മാത്രമാണ്. സഭായോഗങ്ങള്‍ എങ്ങനെയായിരിക്കണം എന്നതാണ് ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസഭയില്‍ നിരന്തരമായ പഠനചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ സിനഡ് എന്നത് ഇന്ന് മെത്രാന്മാരുടെ സമ്മേളനപദമാണ്. പക്ഷെ, മെത്രാന്‍ സമിതി ദൈവജനത്തിന്റെ വിശ്വാസസമൂഹത്തിനു പുറത്തല്ല. അതുകൊണ്ടുതന്നെ ദൈവജനത്തിന്റെ എല്ലാ വിഭാഗങ്ങളേയും അവര്‍ കേള്‍ക്കാന്‍ തയ്യാറാകണം.

''ജനങ്ങളോട് പര്യാലോചിക്കാതെ തീരുമാനങ്ങള്‍ ഉണ്ടാകുന്നതു നമുക്കു പരിചിതമായിരിക്കുന്നു'' ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം അര്‍ജന്റീനക്കാര്‍ മാര്‍പാപ്പയുടെ ഭരണത്തിന്റെ എട്ടാം വാര്‍ഷികം പ്രമാണിച്ച് നല്കിയ ആശംസയ്ക്കുള്ള മറുപടിയില്‍ യൂ ട്യൂബില്‍ നടത്തിയ സന്ദേശത്തില്‍ 2021 മാര്‍ച്ച് 13-ന് പറഞ്ഞു: ''ഇടവകജനങ്ങളോട് പര്യാലോചിക്കാതെ ഇടവകവികാരി തീരുമാനം എടുക്കുന്നതാകാം, പ്രാദേശിക ഭരണത്തില്‍ ഗവര്‍ണര്‍ ജനങ്ങളോട് ചോദിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നതാകാം, രൂപതയില്‍ മെത്രാന്‍ ജനങ്ങളോട് ആലോചിക്കാത്തതാകാം. ഇതു രാജ്യാധികാരികള്‍ ജനങ്ങളെ ശ്രവിക്കാത്തതുമാകാം. ഈ തീരുമാനങ്ങള്‍ പ്രധാന വിഷയങ്ങളിലും ധാര്‍മ്മികതയെക്കുറിച്ചുള്ള വിവാദ നിയമങ്ങളിലുമാകാം.'' ''സിനഡിനു പല പേരുകള്‍ പറയാം. എന്നാല്‍ വിശ്വസിക്കുന്നതും വിശുദ്ധവുമായ ദൈവജനമാണ് വിശ്വാസവും അതിന്റെ ഭാഷയും മുന്നോട്ട് കൊണ്ടുപോകുന്നത്'' മാര്‍പാപ്പ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞു. ''എല്ലാവരേയും ബാധിക്കുന്നത് എല്ലാവരും അംഗീകരിക്കണം.'' ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ ഉദ്ധരിച്ചതു ലത്തീന്‍ ഭാഷയില്‍ റോമന്‍ നിയമത്തിലെ ഒരു വാചകമാണ് (Quod omnes tangit ab omnibus approbari debet) ജസ്റ്റീനിയന്റെ നിയമപുസ്തകത്തിലെ വാക്യം. 1140-ല്‍ ഗ്രാസിയന്‍ ഉണ്ടാക്കിയ നിയമമാണിത്. വത്തിക്കാന്‍ ആഗോള സിനഡിനെക്കുറിച്ച് 2021 മെയ് 21-ന് ചെയ്ത പ്രഭാഷണത്തിലാണിത്. ഈ സിനഡിന്റെ പിന്നില്‍ സൂനഹദോസിന്റെ വീക്ഷണങ്ങള്‍ നിലകൊള്ളുന്നു. ദൈവജനത്തെ സഭാധികാരികള്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതു കാര്‍ഡിനല്‍ ന്യൂമാനാണ്. എന്നാല്‍ 1859-ല്‍ അദ്ദേഹത്തിനു The Rambler എന്ന കത്തോലിക്കാ പ്രസിദ്ധീകരണത്തില്‍നിന്നു രാജിവയ്‌ക്കേണ്ടി വന്നു. ഒരു കത്തോലിക്കാ അല്മായന്‍ എഴുതിയ ലേഖനത്തിന്റെ പേരിലായിരുന്നു. ബ്രിട്ടീഷ് രാഷ്ട്രത്തിന്റെ പണംപറ്റുന്ന കത്തോലിക്കാ സ്‌കൂളുകള്‍ രാജ്യത്തിന്റെ ഇന്‍സ് പെക്ടര്‍മാരെ അംഗീകരിക്കണം എന്നതായിരുന്നു ലേഖനം. കാര്‍ഡിനല്‍ ന്യൂമാന്‍ അതംഗീകരിക്കുകയും മാതാവിന്റെ അമലോത്ഭവത്തെക്കുറിച്ച് സാധാരണക്കാരോട് പര്യാലോചിക്കുന്നതുപോലെ എല്ലാ കാര്യങ്ങളിലും അതുണ്ടാകണമെന്നും അദ്ദേഹം എഴുതി. അതിന്റെ പേരില്‍ മെത്രാന്മാരുടെ കോപത്തിലാണ് രാജിവയ്‌ക്കേണ്ടി വന്നത്.

സീറോ മലബാര്‍ സഭയില്‍ കുര്‍ബാന എങ്ങോട്ട് തിരിഞ്ഞ് അര്‍പ്പിക്കണം എന്നതു മെത്രാന്മാര്‍ ആരോടും ആലോചിക്കാതെ തീരുമാനിച്ചു. എല്ലാ രൂപതകളും അനുസരിച്ചു. ഒരു അതിരൂപത മാത്രം ജനാഭിമുഖ കുര്‍ബാന തുടരുന്നു. നാലാം നൂറ്റാണ്ടില്‍ ഉണ്ടായ ആര്യന്‍ പാഷണ്ഡത ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നതായിരുന്നു. എല്ലാ മെത്രാന്മാരും ദിവ്യത്വം നിഷേധിച്ചപ്പോള്‍ അത് അംഗീകരിച്ചതു സാധാരണ ജനങ്ങളായിരുന്നു. ''മെത്രാന്മാര്‍ അവരുടെ വിശ്വാസം ഏറ്റുപറയുന്നതില്‍ പരാജയപ്പെട്ടു.'' ''ചില കാര്യങ്ങളില്‍ പാരമ്പര്യത്തിന്റെ ശബ്ദം കൗണ്‍സിലുകളേക്കാള്‍, പിതാക്കന്മാരേക്കാള്‍, മെത്രന്മാരേക്കാള്‍ വിശ്വാസികളുടെ പൊതുബോധം പ്രകാശിപ്പിക്കും.'' വിശ്വാസസമൂഹം സഭയുടെ പൗരാണികതയുടെ പ്രബോധനപരമായ സാര്‍വ്വത്രികതയുടെ സാക്ഷിയാണ്. ഇങ്ങനെയൊരു ഉന്നതമായ ബോധം അല്മായരെക്കുറിച്ച് ഈ സഭയില്‍ ഉണ്ട് എന്നു തോന്നുന്നില്ല. ''വിശ്വാസബോധത്തിന്റെ ശക്തി'' കാണണമെന്നും ഈ അല്മായര്‍ അവരുടെ അജപാലകരെക്കാള്‍ ഭിന്നമല്ല എന്നും ന്യൂമാന്‍ എഴുതി. പേരു പറയാത്ത ഒരു വിഷയത്തില്‍ അവര്‍ ഏറ്റവും നല്ല പങ്കുവഹിക്കുന്നവരാണ് എന്ന് അഭിപ്രായപ്പെട്ടു. ഇങ്ങനെ പേരു പറയാത്ത കാര്യം ''ആരാധനക്രമവും ഭക്ത്യാഭ്യാസ''ങ്ങളുമാണ് - ഇവയാണ് അവരെ ഏറ്റവും സ്പര്‍ശിക്കുന്നത്. ആരാധനക്രമം അവരുടെ പ്രത്യേകമായ പര്യാലോചനയ്ക്കു വിഷയമാകണം എന്നാണ് ന്യൂമാന്റെ വാദം. ആരാധനക്രമ വിഷയം പ്രബോധനപരമായ കാര്യങ്ങളെക്കാള്‍ കുറച്ച് വിവാദപരമാണ് എന്ന് അദ്ദേഹം കരുതുന്നില്ല. ''വിശ്വാസകാര്യങ്ങളിലൂടെ രൂപത്തിലുള്ള ഭക്തി സഭയുടെ ഉന്നതതലത്തിലാണെങ്കില്‍ ഭക്തിയുടെ ആരാധനപരമായ കാര്യങ്ങള്‍... താഴെ നിന്നാണ്.'' സഭയുടെ താഴേക്കിടയിലാണ് ആരാധനക്രമ കാര്യങ്ങള്‍ വിവാദപരമാകുന്നത്. കാരണം അത് അവരുടെ അനുദിനഭക്തിയുമായി ബന്ധപ്പെട്ടതാണ്.

ആരാധനക്രമ വിഷയം താഴെനിന്ന് എല്ലാവരേയും സ്പര്‍ശിക്കുന്നതാണ്. എല്ലാവരുടെയും അംഗീകാരം അതിനു നേടാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല. ഇവിടെ ഗൗരവമാകുന്നത് ''വിശ്വാസബോധ''മാണ്. അതൊരിക്കലും റൂസ്സോയുടെ ''പൊതുനിശ്ചയ'' (volonte generale) അല്ല എന്നു കാര്‍ഡിനല്‍ വാള്‍ട്ടര്‍ ബ്രാഡ്മുള്ളര്‍ എഴുതി. അതു ജനാധിപത്യപരമായി നിശ്ചയിക്കുന്നതിനോടും അദ്ദേഹം വിയോജിക്കുന്നു. ഈ വിശ്വാസബോധം പൊതു ജനാഭിപ്രായമായി വി. ജോണ്‍ പോള്‍ രണ്ടാമനും അംഗീകരിക്കുന്നില്ല. 2014-ല്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെ പ്രഖ്യാപനത്തില്‍ എഴുതി, ''ദൈവജനത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും ഭൂരിപക്ഷമല്ല ന്യൂനപക്ഷമാണ് വിശ്വാസം ജീവിക്കുന്നതും സാക്ഷ്യപ്പെടുത്തുന്നതും.'' പഴയനിയമത്തില്‍ ഒരു ''വിശുദ്ധ അവശിഷ്ട''മാണ് രാജാക്കന്മാരോ പരോഹിതരോ ഭൂരിപക്ഷ ഇസ്രായേല്‍ക്കാരോ അല്ല വിശ്വാസജീവിതം നയിച്ചത്. ക്രൈസ്തവീകത ആരംഭിച്ചത് ഒരു ചെറിയ ന്യൂനപക്ഷമായിട്ടാണ്. സഭാചരിത്രത്തില്‍ ഫ്രാന്‍സിക്കന്‍സ്, ഡോമിനിക്കന്‍സ്, പിന്നീട് ഈശോ സഭക്കാര്‍ തുടങ്ങിയവര്‍ ചെറിയ സമൂഹങ്ങളായിരുന്നു, അവരെ മെത്രാന്മാരും ദൈവശാസ്ത്രജ്ഞരും സംശയത്തോടെ വീക്ഷിച്ചു. ജനാഭിമുഖ കുര്‍ബാനയെന്ന ഭ്രാന്ത് ഭൂരിഭാഗത്തിന്റെ പരിഹാസ വിഷയമാണ്. അതില്‍ അത്ര മാത്രമേയുള്ളോ? അതുകൊണ്ട് ''വിശ്വസിക്കുന്ന ഈ ചെറിയവരെ'' കേള്‍ക്കാനും വിവേചിക്കാനും തയ്യാറാകുമോ? കുര്‍ബാന ജനാഭിമുഖമായി ചൊല്ലുന്നതു പതിനഞ്ചു മിനിറ്റിന്റെ നിസ്സാരകാര്യമായി ഒരു മെത്രാന്‍ കരുതുന്നു. ഇവിടെ നാന്നൂറില്‍ അധികം വൈദികരും ലക്ഷക്കണക്കിനു വിശ്വാസികളും വലിയ ജീവന്‍മരണ പോരാട്ടമായി കാണുന്നത് എന്തുകൊണ്ട് എന്നു വിവേചിക്കാന്‍ അധികാരികള്‍ക്കു കഴിയുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org