പ്രതിരോധത്തിന്റെ ധര്‍മമാര്‍ഗം
പഴയ കമ്മ്യൂണിസ്റ്റ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിന്റെ പ്രശസ്തരായ മൂന്നു ചിന്തകരില്‍ ഒരുവനാണ് തെയഡോര്‍ അഡോര്‍ണോ (1903-1969). ഇവര്‍ മൂന്നു പേരും കമ്മ്യൂണിസത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചവരുമായിരുന്നു. എന്നാല്‍ അടിസ്ഥാനപരമായി അവര്‍ മാര്‍ക്‌സിയന്‍ ചിന്തകരുമായിരുന്നു. അഡോര്‍ണോ എഴുതി, ''വ്യാജജീവിതം ശരിയാക്കാന്‍ ഒരു വഴിയുമില്ല.'' ജീവിതം സത്യസന്ധമാക്കാന്‍ സാധ്യമല്ലാത്ത സാമൂഹിക സംസ്‌കാരത്തില്‍ നാം കഴിയുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മൗലിക തിന്മ ആവസിച്ച ലോകക്രമത്തിലാണ് നാം. ഇത് അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോള സംസ്‌കാരത്തിന്റെ മാത്രം പ്രത്യേകതയല്ലെന്നും ഇതാണ് പൂര്‍വ യൂറോപ്പിലും കമ്മ്യൂണിസ്റ്റു റഷ്യയിലും സംഭവിച്ചിരിക്കുന്നതെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ആഗോളീകൃതമായി മാറുന്ന സാമൂഹ്യഘടന സത്താപരമായി മലിനവും രോഗാതുരവുമാണ്.
അഡോര്‍ണോയുടെ അടിസ്ഥാന ചിന്ത മാര്‍ക്‌സിന്റെ തന്നെയാണ്. വ്യക്തികളും വസ്തുക്കളും തമ്മിലുള്ള ബന്ധമാണ് വളരെ മൗലികമായ ചിന്തയുടെ വിഷയം. ഈ ബന്ധമാണ് മുതലാളിത്ത രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും വെറും ചരക്കുബന്ധമായി മാറ്റപ്പെട്ടിരിക്കുന്നത്. അതാണ് അധര്‍മ്മമായി മാറുന്നത്. മാര്‍ക്‌സ് മനുഷ്യവ്യക്തിയെക്കുറിച്ചുള്ള തത്ത്വചിന്ത വസ്തുനിഷ്ഠ ചിന്തയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതിന്റെ പ്രസക്തി മനസ്സിലാക്കാത്ത ലോകം. മനുഷ്യചിന്ത വ്യക്തിനിഷ്ഠമായ ആന്തരികതയുടെ അവബോധമാണ്. ഈ അവബോധം സാര്‍വത്രികമായി ദ്രവ്യാസക്തിയില്‍ ആണ്ടുകിടക്കുന്നു. മാര്‍ക്‌സിന് മനുഷ്യചിന്ത എന്നതു വിമര്‍ശനബോധമാണ്. അതാണ് വസ്തുനിഷ്ഠമായി ധര്‍മ്മചിന്തയാകുന്നത്. ഇതാണ് മാര്‍ക്‌സിന്റെ ചിന്താപദ്ധതി അടിസ്ഥാനപരമായി ധര്‍മ്മചിന്തയാകുന്നത്. അഡോര്‍ ണോ സംസ്‌കാരം ഒരു വ്യവസായമായി മാറിയെന്ന് അര്‍ത്ഥശങ്കയില്ലാതെ പ്രസ്താവിക്കുന്നു. എല്ലാ വ്യവസായവും ആധിപത്യ ചിന്തയുടെ വ്യവസായമാണ്. അവിടെ സംസ്‌കാരം വിനോദ വ്യവസായമാക്കപ്പെട്ടിരിക്കുന്നു. ഈ വിനോദ വ്യവസായങ്ങളുടെ മൂര്‍ ത്തരൂപങ്ങലാണ് ടിവി ചാനലുകള്‍, മറ്റു മാധ്യമങ്ങള്‍. എല്ലാ വ്യവസായവും അതിന്റെ സങ്കേതികവിദ്യയിലാണ് ഉറപ്പിക്കപ്പെടുക. ടിവി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും നിരന്തരമായി എന്താ ണ് ചെയ്യുന്നത്? അവയൊന്നും വിമര്‍ശനചിന്ത വര്‍ധിപ്പിക്കുക യല്ല. എല്ലാം ശരാശരിയില്‍ നിരപ്പാക്കപ്പെടുകയാണ്. അവിടെ ചിന്തിക്കാതിരിക്കുകയാണ് അനിവാര്യം. എല്ലാം സ്വീകരിക്കുക. അത് ചിന്താരാഹിത്യത്തിന്റെ വലിയ മരവിപ്പാണ് ഉണ്ടാക്കുന്നത്. ഈ മരവിപ്പ് സാങ്കേതികവിദ്യകളിലൂടെ വിജയപ്രദമായി നടപ്പിലാക്കുന്നു. എല്ലാത്തരം ഭരണകൂടങ്ങളും സാങ്കേതികമായി ആധിപത്യത്തിന്റെ ഉപാധികളാണ്. കേള്‍ക്കുക - അനുസരിക്കുക, പിന്‍ ചെല്ലുക. ഇതുമാത്രമാണ് അവ ആവര്‍ത്തിക്കുന്നത്. മതത്തിന്റെ ഭരണക്രമങ്ങളും അപവാദമല്ല. പരലോകം ഈ ലോകത്തെ ഭിന്നമായി കാണാനും സൃഷ്ടിക്കാനും പ്രേരിപ്പിക്കുകയല്ല. പരലോകത്തിന്റെ മിഥ്യയിലേക്കു കുടിയേറി അതിന്റെ സൗഖ്യം അനുഭവിക്കുകയാണ്.
ആധുനികയുഗത്തിലെ ഒരു ഏകാധിപതിയും ശരീരത്തെ ആക്രമിക്കുന്നില്ല. അത് ആക്രമിക്കുന്നത് ആത്മാവിനെയാണ്. ''എന്നെപ്പോലെ ചിന്തിക്കുക അല്ലെങ്കില്‍ കൊല്ലും'' എന്നല്ല ഏകാധിപതികള്‍ പറയുന്നത്. ''ഞാന്‍ ചെയ്യുന്നതുപോലെ നീ ചിന്തിക്കാതിരുന്നോ. നിന്റെ വസ്തുവകകളും എല്ലാം നിന്റേതായിരിക്കും. നീ ചിന്തിച്ചാല്‍, ഇന്നു മുതല്‍ നീ അന്യനായി പുറത്തായിരിക്കും.'' സംസ്‌കാരത്തിന്റെ വ്യവസായം ആവശ്യപ്പെടുന്നതു ചിന്തിക്കാതെ ക്രമത്തിനു വിധേയപ്പെട്ടു പോകുക എന്നതാണ്. സംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും സാംസ്‌കാരിക പ്രവര്‍ത്തനമല്ലാതായിരിക്കുന്നു. സാങ്കേതികവിദ്യയുടെ സര്‍വാധിപത്യത്തിലാണ് നാം. കാറും എ സിയും ഫ്രിഡ് ജും എല്ലാം കിട്ടും. ചരക്കുകളുടെ നിയമം പാലിക്കുക. ഉപഭോക്താവാകുക - വെറും ഭോഗിയായിരിക്കുക. സംഘബോധത്തിന്റെ കഞ്ചാവ് കഴിച്ച് കിടന്നു മയങ്ങുക. ഒന്നു മാത്രം ചെയ്യാതിരിക്കുക. നിനക്കുവേണ്ടി ചിന്തിക്കാന്‍ വേറെ ആളുകളുണ്ട്. അവര്‍ അതു ചെയ്തുകൊള്ളും. നിനക്ക് അതു വാങ്ങാം. വാങ്ങാതെ സാമൂഹികതയുടെ സംഘത്തില്‍ അന്യനായി മാറാം. സാങ്കേതികവിദ്യകള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചില്ലറയല്ല.
ഇതാണ് ''വികല ജീവിതം'' എന്ന് അഡോര്‍ണോ പറയുന്നത്. ഈ വികലജീവിതം ശരിയാക്കുന്നത് എന്തോ സാങ്കേതികപ്രശ്‌നമായി മാത്രം ലോകം കാണുന്നു. ഇവിടെ മൗലികമായി എന്താണ് സംഭവിക്കുന്നത്? ഇവിടെയാണ് ജര്‍മ്മനിയിലേതുപോലെ ആളുകളെ കൊല്ലുന്ന ഫാക്ടറികള്‍ ഉണ്ടാകുന്നത്. ഔഷ്‌വിറ്റ്‌സിനു ശേഷം ധര്‍മ്മം എന്താണ്? ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ധര്‍മ്മപ്രശ്‌നം. ഈ മരണഫാക്ടറികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചെറുത്തു നില്പ് - അതാണ് ധര്‍മ്മ നിലപാട്. പ്രതിരോധം അദ്ദേഹത്തിനു ധര്‍മ്മ പ്രതിരോധമാണ്. ''തനിമയുടെ ചിന്തയുടെ'' ആവര്‍ത്തനം എല്ലാ ചിന്തയും തനിമയുടെ ചിന്തയായി മാറിയിരിക്കുന്നു. എന്റെ ചിന്ത എന്റെ തനിമയെന്ന അഹത്തിന്റെ ആവര്‍ ത്തനചിന്തയാണ്, എന്റെ ചിന്ത - ഞാന്‍ എന്ന ചിന്തയുടെ നിരന്തരമായ ആവര്‍ത്തനമാണ്. ഞാന്‍ എല്ലായിടത്തും എന്നെ ആവര്‍ത്തിക്കുന്നു അങ്ങനെ ഞാന്‍ എല്ലാം എന്റെ രൂപഛായയില്‍ ആവര്‍ത്തിച്ചുണ്ടാക്കുന്നു. ഇത് അഹത്തിന്റെ ആവര്‍ത്തന ചിന്തയില്‍ ഇല്ലായ്മ ചെയ്യപ്പെടുന്നത് അപരന്‍ എന്ന വ്യത്യാസമാണ്. വ്യത്യാസങ്ങള്‍ അനുവദിക്കാത്ത ചിന്തയാണ് ആധിപത്യചിന്ത. അതാണ് ആഗോളീകരിക്കപ്പെട്ടതും. ഇവിടെ ധര്‍മ്മം എന്നത് ആന്തരീകതയുടെ വിമര്‍ശന ചിന്തയാണ്. പ്രതിരോധനം എന്നതു വ്യത്യാസത്തിനുവേണ്ടിയുള്ള ചിന്തയാണ് - അപരന് അപരനാകാന്‍ വേണ്ടിയുള്ള ചിന്ത. മാര്‍ക്‌സ് പറഞ്ഞു, ''മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്'' മറ്റൊരു മനുഷ്യനാണ്. ഈ ചിന്തയാണ് ധര്‍മ്മം.