ചരിത്രത്തിലെ ഒരപൂര്‍വ അത്ഭുതം

ചരിത്രത്തിലെ ഒരപൂര്‍വ അത്ഭുതം
Published on

ചരിത്രം അധികാരി പറയുന്ന കഥയായിട്ടാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇതു തിരുത്തിയ ഒരപൂര്‍വ അത്ഭുതകഥയാണ് 2020 ല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സംഭവിച്ചത്. അതിരൂപതയിലെ 400-ല്‍ പരം വൈദികരുടെ നേതൃത്വത്തില്‍ തിരുത്തി എഴുതിയ ചരിത്രം കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വളരെ വിരളമാണ്.

ഈ വൈദികരും ജനങ്ങളും ഈ കാലഘട്ടത്തില്‍ സീറോ മലബാര്‍ സഭയില്‍ ഭിന്നമായ ഒരു തനിമയുടെ മനുഷ്യരായി. അത് ഒരു പ്രബുദ്ധതയോടെ ചിന്തിക്കാന്‍ ധൈര്യപ്പെടുകയും ധര്‍മ്മം വെടിയാന്‍ സമ്മതിക്കില്ല എന്ന ശക്തമായ നിലപാടിന്റെയുമായിരുന്നു. ആധുനിക യൂറോപ്യന്‍ ചിന്തയുടെ ശക്തമായ സ്വാധീനം ഇവിടെ പ്രകടമാണ്. എന്നാല്‍ യൂറോപ്പില്‍ നിന്നു ഭിന്നമായി സ്വന്തം ക്രൈസ്തവികത സജീവമായ ജീവിതത്തില്‍ നിന്നുണ്ടായ ഒരു ചെറുത്തു നില്പുമായിരുന്നു. ആധുനിക തത്വചിന്ത യൂറോപ്പില്‍ ആരംഭിച്ചതു മെക്കാര്‍ട്ടിലാണ്. അദ്ദേഹം എഴുതി, ''എല്ലാം സംശയത്തോടെ കാണണം'' (de omnibus dubitandum est). കാണുന്നതിനപ്പുറം കാണണം എന്നു ശഠിക്കുന്ന ഒരു അന്വേഷണവഴി. അഗസ്റ്റിന്‍ പണ്ട് എഴുതി, ''പുറത്തുപോകണ്ട, അകത്തേക്കു മടങ്ങുക. സത്യം നിന്നില്‍ കുടികൊള്ളുന്നു.'' അകത്തു പ്രകാശിക്കുന്ന ബോധത്തിന്റെ വെളിച്ചത്തില്‍ സത്യം കണ്ടെത്തി ജീവിതത്തിന്റെ ഇടം നിരന്തരം ചോദ്യം ചെയ്തു മായ്‌ച്ചെഴുതണം എന്ന കാഴ്ചപ്പാട്.

ഈ വീക്ഷണം ആധികാരിക ഭാഷണത്തെ അപ്പാടെ വിഴുങ്ങാതെ കാര്യങ്ങള്‍ സംശയത്തോടെ അന്വേഷിക്കാനും സത്യം കണ്ടെത്താനും അവര്‍ തയ്യാറായി. ആധുനിക ലോകം മൂന്ന് സംശയാലുക്കളായ ചിന്തകര്‍ ഉണ്ടാക്കിയതാണ് എന്നു മറക്കാനാവില്ല. മാര്‍ക്‌സ്, ഫ്‌ട്രോയിഡ്, നീഷേ. കച്ചവടത്തിന്റെ കാണിക്കുന്ന പ്രതിഭാസത്തിനു പിന്നിലേക്കു പോയി പരോക്ഷങ്ങളെ തിരിച്ചറിഞ്ഞ ക്രിസ്തുസഭ, സത്യധര്‍മ്മത്തിന്റെ വഴികള്‍ വെടിയുന്നു എന്നാണ് മനസ്സിലാക്കിയത്. വേദനിപ്പിക്കുന്നതു ശല്യപ്പെടുത്തുന്നതുമായ അരോചക സത്യത്തിന്റെ മുമ്പില്‍ അവരൊരു തീരുമാനമെടുത്തു. തെറ്റിന്റെ വഴി പിന്‍തിരിയണമെന്ന നിശ്ചയം. പക്ഷെ, സഭാവേദികള്‍ ഇതു പറഞ്ഞപ്പോള്‍ തികച്ചും അപ്രതീക്ഷിതവും വൈരുദ്ധ്യാത്മകവുമായ പ്രതികരണങ്ങളാണ് ഉണ്ടായത്. സത്യത്തിന്റെ തീറവകാശം തങ്ങള്‍ക്കാണ് എന്ന മട്ടിലുള്ളതും കാലഹരണപ്പെട്ട അധികാര കാഴ്ചപ്പാടിന്റെയും നിലപാടാണ് ഉണ്ടായത്. ഒരു ക്ഷമാപണത്തില്‍ എല്ലാം അവസാനിപ്പിക്കാന്‍ വരെ വൈദികര്‍ സന്നദ്ധരായിരുന്നു. തെറ്റാവര ബോധം തെറ്റ് അംഗീകരിക്കാന്‍ സന്നദ്ധമായില്ല.

ദൈവം പ്രകൃതി സൃഷ്ടിച്ചതുപോലെ ദൈവത്തിന്റെ ഛായയായ മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്നു. അതു മഹത്വപൂര്‍ണ്ണമായ ഉദാത്തതയുടെ ഔന്നത്യവും ദുരന്തത്തിന്റെ ധാര്‍മ്മികതയുടെ പതനങ്ങളുമാകാം.

മെത്രാന്മാരുടെ സംഘാതസിനഡും വൈദികരും വിരുദ്ധ ചേരിയില്‍ ഏറ്റുമുട്ടി. പരസ്പര സംഭാഷണത്തിനു കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു ന്യൂനപക്ഷം മെത്രന്മാരും ആഗ്രഹിച്ചു. വൈദികര്‍ മെത്രാന്മാരെ ഭരിക്കാന്‍ വരുന്നു എന്ന ആക്ഷേപമായി. അവര്‍ അതിരൂപതയെ കുറ്റപ്പെടുത്തി ശിക്ഷിക്കാന്‍ ആരാധനക്രമ പ്രശ്‌നമുണ്ടാക്കി. അതുണ്ടാക്കിയവര്‍ വളരെ കൗശലപൂര്‍വം വക്രോക്തിയും കപട ബുദ്ധിയുമുപയോഗിച്ചു. അധികാരികള്‍ ചരിത്രം വ്യാഖ്യാനിക്കുമ്പോള്‍ ചരിത്രം ആധികാരികമാക്കാന്‍ കൗശലങ്ങള്‍ ഉപയോഗിക്കുന്നു. മുകളിലുള്ള വത്തിക്കാന്‍ കാര്യാലയങ്ങളുടെ ഭരണരീതി രഹസ്യത്തില്‍ പൊതിഞ്ഞാണ്. വത്തിക്കാന്‍ അധികാരികള്‍ സഭാപ്രശ്‌നങ്ങളില്‍ ഒരിക്കലും വിശ്വാസികളേയോ വൈദികരേയോ വിശ്വാസത്തില്‍ എടുക്കുന്നു എന്നു തോന്നിയിട്ടില്ല. അവര്‍ വിശ്വസിക്കുന്നതു മെത്രാന്മാരെയും അവരുടെ കത്തുകളും നിര്‍ദേശങ്ങളുമാണ്.

വൈദികരും ജനങ്ങളും സംഘടിതമായി പ്രതിരോധിച്ചു. അനുസരിക്കാത്തവരെ ശിക്ഷിക്കണമെന്ന മുറവിളി ഉയര്‍ന്നു. ശിക്ഷ നടപ്പിലാക്കാന്‍ അധികാരികള്‍ വത്തിക്കാനെ ഏല്പിച്ചു. അധികാരത്തിന്റെ അടിച്ചേല്പിക്കല്‍ നയമാണ് കണ്ടത്. അധികാരം അക്രമമായി പരിണമിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടേയും സിവില്‍ അധികാരത്തിന്റെയും എല്ലാവിധ സന്നാഹങ്ങളും ഉപയോഗിക്കപ്പെട്ടു. ഭീകരമായ നിയമത്തിന്റെ സമ്മര്‍ദത്തില്‍ അതിരൂപതയുടെ രണ്ടു മെത്രാന്മാരെങ്കിലും ബലിയാടുകളാക്കപ്പെട്ടു. കാനോന്‍ നിയമത്തിന്റെ ബലപ്രയോഗത്തില്‍ വൈദികരെ വിഭജിക്കാനും ജനങ്ങളില്‍ നിന്നു അകറ്റാനും സംഘടിതമായ ശ്രമങ്ങള്‍ നടന്നു. പക്ഷെ, ഇങ്ങനെയുള്ള ബലപ്രയോഗത്തില്‍ വൈദികര്‍ പ്രതീക്ഷിക്കാത്ത ചില ഇടപെടലുകളും ചില വെളിപ്പെടുത്തലുകളുമുണ്ടായി. മറഞ്ഞിരിക്കുന്നതു പുരമുകളില്‍ നിന്നു പ്രഘോഷിക്കപ്പെട്ടു. നുണകളുടെ വെളിപാടുകള്‍ സംഭവിച്ചു. വൈദികരുടെ നിലപാടുകള്‍ ശരിയാണ് എന്ന് ലോകം പറയുന്ന സംഭവങ്ങളുണ്ടായി.

കവികളെ റിപ്പബ്ലിക്കില്‍ നിന്നു പുറത്താക്കിയ പ്ലേറ്റോ അവരെ വീണ്ടും അകത്താക്കുന്നുണ്ട്. അതു കവികള്‍, പ്രവാചകര്‍, മിസ്റ്റിക്കുകള്‍, പ്രേമഗായകര്‍ എന്നിവര്‍ ദൈവമയക്കുന്ന ഭ്രാന്ത് ബാധിച്ചവരാണ് എന്നു പറഞ്ഞാണ്. ധര്‍മ്മരോഷത്തിന്റെ മനുഷ്യരാണ് പ്രവാചകന്‍ എന്നു കവിയായ വില്യം ബ്ലേക്ക് എഴുതി. സത്യധര്‍മ്മങ്ങളുടെ സ്വരമാകുന്നവരാണ് പ്രവാചകര്‍. മനുഷ്യന്റെ ആന്തരികതയിലാണ് അഗസ്റ്റിന്‍ ദൈവികത കാണുന്നത്. ഈ ആന്തരികതയിലെ ദൈവികതയാണ് വിമര്‍ശനവും പ്രതിരോധവുമായി സമൂഹത്തിലും ചരിത്രത്തിലും ഇടപെടുന്നത്.

വളരെ ദുഃഖപൂര്‍ണ്ണവും കഷ്ടനഷ്ടങ്ങളുടേതുമായ പീഡനവഴിയില്‍ തങ്ങളുടെ കൂടെ ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചവരാണ് വൈദികരും ജനങ്ങളും. ആന്തരികമായ അധികാരത്തിന്റെ രഹസ്യത്തിന്റെ വിലാസമാണ് അതിരൂപതയില്‍ ഉണ്ടായത്. ദൈവം പ്രകൃതി സൃഷ്ടിച്ചതുപോലെ ദൈവത്തിന്റെ ഛായയായ മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്നു. അതു മഹത്വപൂര്‍ണ്ണമായ ഉദാത്തതയുടെ ഔന്നത്യവും ദുരന്തത്തിന്റെ ധാര്‍മ്മികതയുടെ പതനങ്ങളുമാകാം. ദൈവത്തിന്റെ ഇടപെടലുകള്‍ അത്ഭുതകരമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില പ്രതികരണങ്ങളില്‍ കണ്ടു. ഈ പ്രതിരോധത്തിന്റെ വഴി തങ്ങളുടെ വിജയമായി വൈദികര്‍ കാണുന്നില്ല.

അങ്ങനെ ഒരു തെറ്റി വായന (erratta) ക്ക് അവര്‍ മുതിരുന്നില്ല. അത് ദൈവം നമ്മുടെ ചരിത്രം അഴിച്ചുപണിത കഥ മാത്രം. മനുഷ്യനോളം അത്ഭുതകരമായി മറ്റൊന്നുമില്ല എന്നു സോഫോക്ലീസ് അന്റിഗണിയില്‍ ആവര്‍ത്തിച്ചു പറയുന്നു. കത്തോലിക്കാ സഭയില്‍ അസാധ്യം എന്നു കരുതിയതു സാധ്യമാകുന്ന വഴിയിലായിരുന്നു അവര്‍. മനുഷ്യനെ കണക്കുകൂട്ടുന്ന കണക്കന്മാര്‍ക്ക് തെറ്റും. ചരിത്രം പണിയുന്ന എല്ലാ സ്വാര്‍ത്ഥപദ്ധതികളും പരാജയപ്പെടും. ചരിത്രം പണിയുന്ന കൗശലങ്ങള്‍ ക്രിസ്തുവിനെ ക്രൂശിക്കലില്‍ എത്തുന്നു. സര്‍ഗാത്മക അഗ്നിയില്‍ പാപം കത്തിപ്പോകും. ചരിത്രത്തില്‍ ഈ കലാപം കാലാതിവര്‍ത്തിയായി ചര്‍ച്ച ചെയ്യപ്പെടും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org