മാനവികതയുടെ അധ്യാപകന്‍

മാനവികതയുടെ അധ്യാപകന്‍
Published on

മണ്‍മറഞ്ഞ എം കെ സാനുസാറിനെ വര്‍ഷങ്ങളുടെ പരിചയമുണ്ട്. തികഞ്ഞ സാഹിത്യചിന്തകന്‍, നല്ല വാഗ്മി, ജീവചരിത്രകാരന്‍ എന്നീ വിധങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു നോക്കുമ്പോള്‍ ഒരു കാര്യം മാത്രമാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹം സാഹിത്യത്തിന്റെ അപാരമായ കാവ്യലോകത്തില്‍ വ്യാപരിച്ച് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രമടക്കം ധാരാളം പ്രമുഖരുടെ ജീവചരിത്രം എഴുതിയ വ്യക്തി എന്ന നിലയില്‍ മനുഷ്യത്വത്തിന്റെ അധ്യാപകനായിരുന്നു.

അദ്ദേഹത്തെ പ്രസംഗവേദികളിലാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. ജോര്‍ജ് സ്റ്റെയ്‌നര്‍ എന്ന യൂറോപ്യന്‍ സാഹിത്യചിന്തകന്‍ എഴുതിയിട്ടുള്ളതുപോലെ മൂന്നു തവണകളില്‍ യഹൂദരാണ് വിവിധ സംസ്‌കാരങ്ങളെ വെല്ലുവിളിച്ച് മനുഷ്യനെ നിര്‍വചിച്ചത്. അവര്‍ മോസസ്, ജീസസ്, മാര്‍ക്‌സ് എന്നിവരായിരുന്നു. ഈ മൂന്നു പേരുടെ കൂട്ടത്തില്‍ ഏഷ്യയില്‍ നിന്നു കൂട്ടാവുന്ന ഒരാളായിരുന്നു നാരായണഗുരു. ഹിന്ദു ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നേതാവായിരുന്ന നാരായണ ഗുരു.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പ്രഖ്യാപനത്തില്‍ ഹിന്ദു ജാതി വ്യവസ്ഥയെ വെല്ലുവിളിച്ചവനാണ് അദ്ദേഹം. സാനുസാര്‍ നാരായണ ഗുരു ഭക്തനായിരുന്നപ്പോള്‍ തന്നെ ക്രിസ്തുവിന്റെയും മാര്‍ക്‌സിന്റെയും മനുഷ്യദര്‍ശനങ്ങള്‍ മനസ്സിലാക്കി ഈ കൊച്ചുകേരളത്തിന്റെ ജനതയുടെ മനുഷ്യദര്‍ശനം രൂപീകരിക്കുന്നതില്‍ വലിയ സംഭാവന നല്കിയ സാഹിത്യചിന്തകനാണ്. മനുഷ്യമഹത്വം ജന്മത്തിന്റെയല്ല കര്‍മ്മത്തിന്റെയാണ് എന്ന് ഉറക്കെപ്പറയുകയും അതു ജീവിച്ചു കാണിക്കുകയും ചെയ്ത മഹത്തായ മനുഷ്യത്വത്തിന്റെ ഗുരുവായിരുന്നു സാനുസാര്‍.

എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പരിപാടികളില്‍ സ്ഥിരമായി കാണുന്ന മുഖമായിരുന്നു സാനുസാറിന്റേത്. അങ്ങനെ ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു, ''മെയ്റ്റര്‍ലിങ്കിന്റെ മഗ്ദലേന മറിയത്തെക്കുറിച്ച് എഴുതിയ നാടകം അച്ചന്‍ വായിക്കണം.'' അതിനുശേഷം ഇന്റര്‍നെറ്റില്‍ പരതിയാണ് ഈ നാടകം വായിച്ചത്. ഡച്ചുകാരനായിരുന്ന മോറിസ് മെയ്റ്റര്‍ലിങ്ക് (1862-1989) 1911-ല്‍ സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിച്ചവനാണ്.

മനുഷ്യമഹത്വം ജന്മത്തിന്റെയല്ല കര്‍മ്മത്തിന്റെയാണ് എന്ന് ഉറക്കെപ്പറയുകയും അതു ജീവിച്ചു കാണിക്കുകയും ചെയ്ത മഹത്തായ മനുഷ്യത്വത്തിന്റെ ഗുരുവായിരുന്നു സാനുസാര്‍.

അദ്ദേഹത്തിന്റെ മഗ്ദലേനമേരിയെക്കുറിച്ചുള്ള വിശിഷ്ട നാടകം ഞാന്‍ വായിച്ചു. പിന്നീട് അത് ടി എം എബ്രാഹം തര്‍ജമ ചെയ്തു മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ നാടകത്തിലും ആ കാലഘട്ടത്തിലും മഗ്ദലേനമേരി ലൈംഗികപാപത്തില്‍ വീണവളായിരുന്നു എന്നും അവളെ യേശു മാനസാന്തരപ്പെടുത്തി എന്നുമായിരുന്നു കരുതിയിരുന്നത്. ആ വിധത്തില്‍ റോമന്‍ പട്ടാള മേധാവിയായിരുന്ന വേറൂസിനെ അവള്‍ക്കു പരിചയമായിരുന്നു. പീലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ വിധിച്ചു. വേറൂസിനെയാണ് കൊലപാതകം നടപ്പിലാക്കാന്‍ ഏല്‍പ്പിക്കുന്നത്.

ഇതറിഞ്ഞ യേശുവിന്റെ ശിഷ്യഗണം മഗ്ദലേന മറിയത്തോട് വേറൂസിനെ കണ്ട് യേശുവിനെ മോചിപ്പിക്കുവാന്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു. അവള്‍ ഈ ദൗത്യവുമായി വേറൂസിനെ സമീപിച്ചു. അയാള്‍ അതു ചെയ്യാന്‍ ഒരു വ്യവസ്ഥ ചെയ്തു. രാത്രി അയാളുടെ കൂടെ ഉറങ്ങാന്‍ അവള്‍ തയ്യാറാകണം. അവള്‍ അതു നിഷേധിച്ച് വാതില്‍ കൊട്ടിയടച്ച് ഇറങ്ങിപ്പോന്നു.

പിറ്റേന്ന് രാവിലെ അയാള്‍ ക്രിസ്തുശിഷ്യന്മാരെ സമീപിച്ചു പറഞ്ഞു, ''ഇവള്‍ ഒരു വാക്കു പറഞ്ഞാല്‍ മതി, നിങ്ങളുടെ ഗുരു രക്ഷപ്പെടും. അതവള്‍ പറയുന്നില്ല. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്കുമുമ്പ് യേശു ക്രൂശിക്കപ്പെടും.'' ഇതുകേട്ട ശിഷ്യന്മാര്‍ അവളോട് വേണ്ടതു ചെയ്യാന്‍ പറഞ്ഞു. ഒന്നും പറയാതെ അവള്‍ ഇറങ്ങിപ്പോയി. നാടകം അവസാനിക്കുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ അവളെ ''ഒറ്റുകാരി'' എന്ന് ഉറക്കെ പറയുന്നതു കേള്‍ക്കാം.

സാനുസാര്‍ ഈ നാടകത്തിലൂടെ എന്നെ സാഹിത്യത്തിന്റെ മര്‍മ്മം പഠിപ്പിച്ചു; എന്നെ ചിന്തയുടെ ഭക്തനാക്കി. പത്തിലധികം ജീവചരിത്രങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മനുഷ്യന്‍ വായിക്കപ്പെടാത്ത അടയാളമാണ് എന്നു ഒരു കവി പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍ എന്ന അടയാളത്തെക്കുറിച്ചു സാഹിത്യലോകത്തിലുള്ള പണ്ഡിതനായിരുന്ന അദ്ദേഹം. മനുഷ്യന്‍ എന്ന സമസ്യയുടെ പൂരണമാണ് ഓരോ ജീവചരിത്രത്തിലും നടത്തിയത്. അപ്പോഴും ആ സമസ്യപൂരണം പൂര്‍ത്തിയാകാത്തതായി അദ്ദേഹം മനസ്സിലാക്കി.

പ്രസംഗവേദികളില്‍ ലോകസാഹിത്യകൃതികളെ അനായാസം ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയും അഗാധമായ മനുഷ്യദര്‍ശനവും നമ്മെ അമ്പരിപ്പിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം എപ്പോഴും ലോകത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര് 'എത്ര ശോകമയം ജീവിതം' എന്നതാണ്. മിഗുവേല്‍ ഉനുമുനോയുടെ 'ജീവിതത്തിന്റെ ദുരന്തബോധം' (The Tragic sense of Life) എന്ന പുസ്തകം പറയുന്നു മനുഷ്യശോകം. എന്തുകൊണ്ട് അദ്ദേഹത്തിനു ശോകം? ആയിരിക്കുന്നതും ആകാമായിരിക്കുന്നതും തമ്മിലുള്ള അകലം കുറയ്ക്കാന്‍ മനുഷ്യനു കഴിയാത്തതിലുള്ള ശോകം. ദുഃഖസമസ്യയെക്കുറിച്ചു പല തവണകളില്‍ അദ്ദേഹം എന്നോട് ചോദിച്ചിട്ടുണ്ട്.

നല്ല മനുഷ്യരുടെ ദുഃഖം നന്മയ്ക്കു സഹായിച്ചതുമില്ല എന്ന ചിന്തയുമുണ്ട്; സൗന്ദര്യവും നന്മയും പ്രത്യക്ഷമാകുമ്പോഴേക്കും അതു വാടിവീഴുന്നു. സന്തോഷത്തിന്റെ ദേവാലയം എപ്പോഴും ശോകത്തിന്റെ മൂടുപടത്തിലാണ്. ക്രൂശിതന്റെ നിലവിളി സ്ഥിരം കേള്‍ക്കുന്നവന്‍ എങ്ങനെ ശോകമുഖിയാകാതിരിക്കും? ദൈവശാസ്ത്രജ്ഞനായ കാള്‍ റാനര്‍ പേരില്ലാത്ത ക്രൈസ്തവനെക്കുറിച്ച് (Anonymous Christian) എഴുതി: കരച്ചിലിന്റെ പിന്നാലെ പോകുന്ന ഒരു കവിഹൃദയത്തിന്റെ ഉടമ പ്രിയ ക്രൂശിതന്റെ പിന്നാലെ നീങ്ങിയ പേരില്ലാത്തവനായി ഞാന്‍ കാണുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org