സഭയെ ഭരിച്ച മനിക്കേയന്‍ പാഷണ്ഡത

സഭയെ ഭരിച്ച മനിക്കേയന്‍ പാഷണ്ഡത
Published on

കത്തോലിക്കാസഭയിലെ മനിക്കേയന്‍ പാഷണ്ഡതാഭരണം കുരിശുയുദ്ധങ്ങളുടെയും പാഷണ്ഡവേട്ടകളുടെയും പിശാചു വേട്ടകളുടെയും കാലത്തു സംഭവിച്ചു. സീറോ മലബാര്‍ സഭയുടെ ഒരു മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭരണത്തിന്റെ ഒരു വ്യാഴവട്ടം അങ്ങനെ ഒരു കാലഘട്ടമായിരുന്നു എന്നു തിരിഞ്ഞു നോക്കിയാല്‍ വ്യക്തമാകും. വൈരുദ്ധ്യങ്ങളുടെ സംഘട്ടന കാലഘട്ടമായിരുന്നു. അതു ഹേഗേലിയന്‍ യുദ്ധങ്ങളുടെയും മാര്‍ക്‌സിയന്‍ വര്‍ഗസമരങ്ങളുടെയും രൂപഭാവങ്ങള്‍ സ്വീകരിച്ചതു നാം കാണുന്നു. ഭൂരിപക്ഷത്തിന്റെ മൃഗീയ ഭൂരിപക്ഷത്തിലുള്ള അക്രമ അധികാരം വേട്ടയാടിയത് ഈ സഭയുടെ ഒരു വിഭാഗത്തെയാണ്. അധികാരത്തിന്റെ വഴി സംഘട്ടനത്തിന്റെ ഹെഗേലിയന്‍ വഴിയല്ല എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നതു ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. പക്ഷേ വത്തിക്കാന്റെ അധികാര വ്യവസ്ഥിതികള്‍ സീറോ മലബാര്‍ അധികാരത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചില്ലേ?

കഴിഞ്ഞ 12 കൊല്ലങ്ങളിലെ സഭാധികാര പ്രതിസന്ധികള്‍ മനുഷ്യനിലെ ദൈവിക ഛായയുടെ സംഹാരം നടത്തിയത് ആരും ശ്രദ്ധിച്ചിട്ടില്ല. കാമനകളുടെ പിന്നാലെയുള്ള ആധിപത്യ ചരിത്രങ്ങളുണ്ടാക്കാന്‍ ചില നേതാക്കള്‍ നശിപ്പിച്ചതു അവരുടെ മനുഷ്യത്വം തന്നെയായിരുന്നു. അവരെ നിയന്ത്രിക്കാന്‍ കഴിയാത്ത ആത്മ വഞ്ചനയുടെ ഭീകരത കാണേണ്ടിവന്നു. പരസ്പരം ഓശാന പാടി ക്രിസ്തുവിനെ സഭയ്ക്കു പുറത്താക്കി. മനുഷ്യനില്‍ എടുത്തണിയിക്കേണ്ട ഒരു ആഭരണമല്ല ധര്‍മ്മബോധം. മനുഷ്യബോധത്തില്‍ നുണകളുടെ ഭീകരതകള്‍ ഉണ്ടാക്കുന്നതു ചിലരുടെ അറിവിന്റെ വഴി വെറും കണക്കുക്കൂട്ടലിന്റെ വഴിയാകുമ്പോഴാണ്. സ്വാര്‍ത്ഥമായ കണക്കുക്കൂട്ടലുകള്‍ പൈശാചികമായി മാറുന്നു.

സഭാധികാരവുമായി സംഘട്ടനത്തിലാക്കി തറപറ്റിക്കാനും സഭയില്‍ നിന്നു പുറത്താക്കാനുമായിരുന്നു യുദ്ധം. അധികാരത്തിന്റെ വിജയത്തിനു നുണ പറയാന്‍ ഒരു സങ്കോചവുമുണ്ടായിരുന്നില്ല; പാര്‍ട്ടിയാണല്ലോ വസ്തുതകള്‍ ഉണ്ടാക്കുന്നതും സത്യവും മിഥ്യയും നിശ്ചയിക്കുന്നതും. ആരാധനക്രമ വിവാദങ്ങളുടെ പിന്നില്‍ വിദഗ്ധമായ നുണകള്‍ ആയിരുന്നല്ലോ. എനിക്കു തെറ്റി എന്നു പറയാന്‍ കാണിക്കുന്ന വ്യക്തി മഹത്വത്തിന് പരിധികളില്ല. അതിനു കഴിയുന്നവര്‍ അധികാരത്തില്‍ ഇല്ലാതായതിന്റെ ഭീകരതകള്‍ കാണുന്നു. വത്തിക്കാന്‍ പ്രതിനിധി പോലും ഇവിടെ നടത്തിയത് ഒരു വര്‍ഗസമരത്തിന്റെ ഭീകര യുദ്ധ സാഹസങ്ങളായിരുന്നു. സംഭാഷണ സാധ്യതയുടെ വേരറുത്തതു പുറത്തുനിന്നു വന്നവരല്ല. ഈ വക ദുരന്തങ്ങള്‍ സഭയില്‍ സംഭവിച്ചത് അച്ചടക്കത്തിന്റെ പരാജയങ്ങളായിരുന്നില്ല. ടി. എസ്. എലിയട്ട് അന്ത്യപ്രലോഭനം എന്നു വിശേഷിപ്പിച്ചതു സഭാജീവിതത്തിന്റെ ലക്ഷ്യത്തിലുള്ള ഭീകര അട്ടിമറിയായിരുന്നല്ലോ. ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനുവേണ്ടി ചെയ്യുക. ആധുനിക കമ്പോളത്തില്‍ സ്വയം വിലാസത്തിന്റെ വല്ലാത്ത ആളുകളി സംസ്‌കാരം വൈദിക, വൈദിക മേലധ്യക്ഷ വേദികളില്‍ നിറഞ്ഞാടി.

കാഴ്ചപ്പാട് വ്യത്യാസങ്ങളെ ആ വിധത്തില്‍ കാണുന്ന, സര്‍ഗാത്മകമായ സംഭാഷണ മാര്‍ഗത്തില്‍ വളരാന്‍ കഴിയുന്ന, ഒരു ബൗദ്ധിക സംസ്‌കാരം സഭയ്ക്ക് ഇല്ലാതെ പോകുന്നു.

കഴിഞ്ഞ വ്യാഴവട്ടക്കാലം ഇങ്ങനെയായതു കല്‍ദായ പുനരുദ്ധാരണ പാര്‍ട്ടിക്കു പറ്റിയ അബദ്ധമല്ല; പാര്‍ട്ടിയുടെ ചിന്താപദ്ധതിയുടെ അസ്സല്‍ നടത്തിപ്പാണ് നാം കണ്ടത്. ഈ പാര്‍ട്ടിയുടെ അംഗങ്ങളും അതിനോട് സഹകരിച്ചവരുമായിരുന്നു ഭൂരിപക്ഷ സിനഡംഗങ്ങളും. ഭൂരിപക്ഷം മെത്രാന്മാരും വൈദികരും ജനങ്ങളും ഈ പ്രാദേശിക പാര്‍ട്ടിവാദത്തിന്റെ പിന്നണി പോരാളികളായി എറണാകുളത്തെ വൈദികരെയും ജനങ്ങളെയും പീഡിപ്പിക്കുന്നതില്‍ സന്തോഷിച്ചവരായിരുന്നു. ഈ ന്യൂനപക്ഷത്തിന്റെ നിലപാടിനോട് യോജിച്ച ചില വൈദികരുണ്ടായിരുന്നു എന്നതു മനസ്സിലാക്കണം. സന്യാസസഭകളുടെ ജനറല്‍മാരും പ്രൊവിന്‍ഷ്യല്‍മാരുമാണ് ഈ പ്രശ്‌നം അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതു. എന്നാല്‍ വലിയ ശതമാനം വൈദികരും ജനങ്ങളും എന്താണ് സത്യം എന്ന് മനസ്സിലാക്കാനോ, ഇങ്ങനെയല്ല സഭ മുന്നോട്ടു പോകേണ്ടത്, ഈ പാര്‍ട്ടി ഭരണം ഭൂഷണമല്ല എന്ന് ചിന്തിക്കാനോ ധൈര്യം കാണിച്ചില്ല. കാര്യങ്ങള്‍ പഠിക്കാനോ ചിന്തിക്കാനോ കഴിയാതെ അവര്‍ അധികാരത്തെ അന്ധമായി പിന്തുണച്ച് അതിന്റെ യുദ്ധത്തിന് ഇറങ്ങിയവരാണ്. സഭയുടെ പൊതുസ്ഥാപനങ്ങള്‍ പലതും പാര്‍ട്ടിയുടെ കൈകളിലൊതുക്കി പാര്‍ട്ടിയുടെ ഹെഗേലിയന്‍ വൈരുദ്ധ്യത്തിന്റെ സംഘട്ടനത്തിന്റെ പരിശീലനക്കളരികളാക്കുന്നു.

ഏറ്റുമുട്ടലിന്റെ വഴിയല്ല സഭയുടേത് എന്ന് തീരുമാനിക്കാന്‍ കഴിയുന്ന പക്വത സഭയുടെ ഇപ്പോഴത്തെ അധികാരത്തിനുണ്ടോ എന്നതാണ് സഭ ഇന്നു നേരിടുന്ന ഗൗരവ പ്രതിസന്ധി. കാഴ്ചപ്പാട് വ്യത്യാസങ്ങള്‍ ആ വിധത്തില്‍ കാണുന്ന സര്‍ഗാത്മകമായ സംഭാഷണ മാര്‍ഗം നിഷേധിക്കുന്ന ഒരു ചിന്തയും, വലിയ പാശ്ചാത്യ വിരോധവും, പുനരുദ്ധാരണ പാര്‍ട്ടിയുടെ വളര്‍ച്ചയിലാണ് സംഭവിച്ചത്. കാഴ്ചപ്പാട് വ്യത്യാസങ്ങളെ ആ വിധത്തില്‍ കാണുന്ന സര്‍ഗാത്മകമായ സംഭാഷണ മാര്‍ഗത്തില്‍ വളരാന്‍ കഴിയുന്ന ഒരു ബൗദ്ധിക സംസ്‌കാരം സഭയ്ക്ക് ഇല്ലാതെ പോകുന്നു. സീറോ മലബാര്‍ സഭയുടെ ഒരു പൊതു സെമിനാരിയിലെ 19 സ്റ്റാഫംഗങ്ങളില്‍ 13 പേരും ഒരു പ്രോവിന്‍സുകാരാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും സെമിനാരി കമ്മീഷനും സഭയില്‍ പാര്‍ട്ടി വളര്‍ത്തുകയാണോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org