

കോടിക്കണക്കിനു പാറ്റകളായി മാറ്റപ്പെട്ടവർ സ്വപ്നം കാണേണ്ടത് അടിമ-ഉടമ വ്യവസ്ഥയുടെ ഒരു രാജ്യമല്ല. പാറ്റകൾ പറക്കാൻ പര്യാപ്തമായി പ്രബുദ്ധരാകുന്ന പൗരന്മാരുടെ ഒരു ഇന്ത്യയാണ്.
ഇന്ത്യയിലെ യുവാക്കളുടെ ജനതാപാർട്ടി ജൂലൈ 25 ന് വിദ്യാഭ്യാസ മന്ത്രിയെ കേന്ദ്ര ഭരണത്തിൽ നിന്നു മാറ്റുന്നതിൽ വിജയിച്ചതു വലിയ കാര്യമാണ്. ഇന്ത്യയിലെ യുവാക്കളെ പാറ്റകൾ എന്നു വിശേഷിപ്പിച്ചതു ഇന്ത്യയിൽ നിലനില്ക്കുന്ന ചില ആഢ്യർ എന്ന് അവകാശപ്പെടുന്നവരുടെ മനസ്സിന്റെ ഒരു മുൻവിധിയുടെ നാമകരണമാണ്. ഞങ്ങളല്ലാത്തവരെ മ്ലേച്ഛരാക്കുന്ന ഒരു നോട്ടത്തിന്റെ പ്രശ്നം. ഇന്ത്യ ഇന്നു ഭരിക്കുന്നത് ഒരു ജനാധിപത്യപാർട്ടി യാണോ എന്നതു വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പു നടത്തുന്നതുകൊണ്ട് ജനാധിപത്യ മുണ്ടാകില്ല. ജനങ്ങളുടെ താത്പര്യ ങ്ങളല്ല, ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് ഭരിക്കുന്നത്. അതു സവർക്കർ എഴുതി ഉണ്ടാക്കിയ ഹിന്ദുത്വ ഐഡിയോളജി യാണ്. അതു ഹിന്ദുരക്തത്തിന്റെയും ഹിന്ദുചരിത്രത്തിന്റെയും ഹിന്ദുജാതി യുടെയും വിധിയുടെ പ്രത്യയശാസ്ത്ര മാണ്. അതു ആര്യന്മാരുടെ സിന്ധുസ്ഥാനാണ്. സവർക്കർ സ്വപ്നം കണ്ട ആര്യാവർത്തത്തിന്റെ രാജ്യതന്ത്രമാണിത്. വേദകാല ഹിന്ദുക്കളാണ് ഇന്ത്യക്കാർ. ഹിന്ദുത്വ ഒരു വാക്കല്ല; ഒരു ചരിത്രമാണ്. ഈ ഹിന്ദുത്വ ചരിത്രത്തിനു വ്യക്തമായി ആര്യചരിത്രം പറയുമ്പോൾ അതിനെ നാസി ചരിത്രവുമായി ബന്ധിക്കാതിരിക്കാനാവില്ല. അതു ചരിത്രപരമായ ഒരു വസ്തുതയാണ്. ഈ ചരിത്രം വെറുപ്പാണ് അതിന്റെ പേരിൽ പ്രചരിപ്പിക്കുന്നത്.
നാസ്സി ജർമ്മനിയുടെ രക്ഷകനായി അവതരിച്ച ഹിറ്റ്ലർ എപ്പോഴും പറഞ്ഞിരുന്ന ഒരു വാചകമുണ്ട്. “ഒരു സമ്പൂർണ്ണ രാജ്യത്തിനു നിയമവും ധർമ്മവും തമ്മിൽ വ്യത്യാസമുണ്ടാകാൻ പാടില്ല.” ഹിറ്റ്ലറിന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നയാൾ പറഞ്ഞിരുന്നത് “നമുക്ക് ഒരു ദൗത്യമേയുള്ളൂ. “കരുണയില്ലാതെ ജാതി സംഘർഷം തുടർന്നു കൊണ്ടുപോകുക.” ഇതു വിജയപ്രദമായി നടത്തിയിരുന്നതു സംസ്ഥാപിതമായ നുണപ്രചാരണത്തിലൂടെയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതൊക്കെ നടത്തുന്നത് ഇവിടെയും കാണാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിയമങ്ങൾ ഉണ്ടാക്കുന്ന ഉറവിടങ്ങൾ പ്രകൃതിയും ചരിത്രവുമാണ്. പ്രകൃതിയും ചരിത്രവും എന്താണ് പഠിപ്പിക്കുന്നത്. പ്രകൃതിയുടെ വിധിയിൽ മേൽജാതിക്കാരല്ലാത്തവർ എല്ലാം മ്ലേച്ഛന്മാരാണ്. മ്ലേച്ഛൻ ജനിക്കുന്ന പട്ടികജാതിക്കാർ ഇന്ത്യയിൽ 16 ശതമാനമാണ്. പട്ടികവർഗമാകട്ടെ 8%. മറ്റു പിന്നോക്ക വിഭാഗം 40%. ഇങ്ങനെ നൂറ്റാണ്ടുകൾ ജീവിതം നരകമാക്കിയ ജാതിവ്യവസ്ഥിതിയെ പരിഹരിക്കുന്ന ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കുന്നവരാണോ ഹിന്ദുത്വയുടെ വിശ്വാസികൾ? താഴ്ന്നവർ എന്നു മുദ്രകുത്തപ്പെട്ടവർക്കു ആഹാരം കഴിക്കാൻ പ്രത്യേക പാത്രങ്ങൾ. ആഢ്യർ എന്ന അവകാശപ്പെട്ടവരുമായി താഴ്ന്നവർ ഭക്ഷണം കഴിക്കാൻ പാടില്ല. അവശർക്കു ശ്രേഷ്ഠരുടെ അമ്പലങ്ങളിലോ വീടുകളിലോ പ്രവേശനമില്ല. പൊതു കിണറുകളിൽ നിന്ന് അവർക്ക് വെള്ളം കുടിക്കാൻ പാടില്ല. ഗ്രാമങ്ങളിലും സ്കൂളുകളിലും പ്രത്യേക ഇരിപ്പിടങ്ങൾ. ഇങ്ങനെ കോടിക്കണക്കിനു ജനങ്ങളെ മനുഷ്യസമൂഹത്തിൽ പെടുത്താത്തതിൽ ഒരു പന്തികേടും തോന്നാത്തവരാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കൾ. ഇരുകാലികളായ ജീവികളായി മനുഷ്യരെ അപമാനിച്ചവർക്കു ഇവരെ മനുഷ്യരാക്കാൻ ഒരു പരിപാടിയുമില്ല.
ഈ ജാതിമഹത്വം പറയുക മാത്രമല്ല നാസ്സികൾ ചെയ്തത്; ഡാർവിന്റെ പരിണാമ സിദ്ധാന്തപ്രകാരം ശക്തനാണ് അതിജീവിക്കുന്നത്. അങ്ങനെ ശക്തന്റെ അതിജീവനത്തിനു വേണ്ടിയാണ് എല്ലാ യഹൂദരേയും കൊന്നു കളയാൻ നാസ്സികൾ വാൻസി കോൺഫ്രൻസിൽ 1942 ജനുവരി 20 നു തീരുമാനിച്ചത്. അവർ തീരുമാനിക്കുന്നതു നിയമമാകുന്നു, അതു ധർമ്മമാകന്നു. ഇന്ത്യയിൽ പ്രതിസന്ധിയിലാകുന്നതു മനുഷ്യദർശനമാണ്, മനുഷ്യത്വമാണ്.
ഏറ്റവും വലിയ പ്രശ്നമാകുന്നതു മനുഷ്യന്റെ മാന്യതയും മഹത്വവുമാണ്. മനുഷ്യത്വം നിർണ്ണയിക്കപ്പെടുന്നതു ജന്മത്തിലാണ് കർമ്മത്തിലല്ല. ഒരു മനുഷ്യന്റെ ജീവിതവും അതിന്റെ കർമ്മങ്ങളുമല്ല അവന്റെ മഹത്വവും ശ്രേഷ്ഠതയും നിർവചിക്കുന്നത്. മനുഷ്യത്വത്തിന്റെ മഹത്വവും മ്ലേച്ഛതയും നിർണ്ണയിക്കുന്നതു ജന്മമാണ്. അതു അവന്റെ രക്തമാണ്. അവന്റെ ജാതിയാണ്. ബ്രാഹ്മണന്റെ മഹത്വം അവർ ബ്രാഹ്മണനനായി ജനിച്ചു എന്നതാണ്. അവന്റെ വിധിയായി മാറുന്നതു അവൻ എവിടെ ജനിച്ചു ജീവിക്കുന്നു എന്നതാണ് - അതു കാലത്തിന്റെയും സ്ഥലത്തിന്റെയും ഇടമാണ്. ഈ ഇടങ്ങൾ ഒരാൾ തിരഞ്ഞെടുക്കുന്നതല്ല, അവന്റെ തലവിധിയായി അവൻ വന്നു പിറക്കുന്നിടമാണ്.
മനുഷ്യൻ ജീവിക്കാൻ വിധിക്കപ്പെടുന്ന സ്ഥലമാണ് അവന്റെ ശരീരം. ഈ ശരീരവും അതു ജീവിക്കുന്ന സാഹചര്യവും ഒരുവൻ തിരഞ്ഞെടുക്കുന്നതല്ല. അവന്റെ തലവിധിയായി സംഭവിക്കുന്നതാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെ മ്ലേച്ഛരാക്കുന്നത് ഈ തലവിധിയാണ്. അത് അവരുടെ ജന്മമുണ്ടാക്കുന്ന സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായി ഭീകരമായ അനീതിയാണ്. ഈ അനീതി അവസാനിപ്പിക്കാനാണ് ഇന്ത്യൻ ഭരണഘടനയുണ്ടാക്കുന്നത് - അതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം അർത്ഥമാക്കുന്നത്. അതു വിധികളെ മറികടക്കാനുള്ള മനുഷ്യന്റെ ആന്തരികമായ സ്വാതന്ത്ര്യമാണ്. മനുഷ്യന് അവന്റെ വർത്തമാനത്തിൽ നിന്നുകൊണ്ട് ഭൂതത്തിന്റെ പ്രേതങ്ങളേയും ഭാവിയുടെ മാലാഖമാരേയും നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. അതാണ് മനുഷ്യന്റെ ചരിത്രം സൃഷ്ടിക്കുന്ന തനിമ. സ്ഥലകാലങ്ങളുടെ വിധികളെ മറികടക്കാൻ കഴിയുന്ന പ്രബുദ്ധതയിലേക്കാണ് ഇന്ത്യൻ ജനത വളരേണ്ടത്.
ഈ പ്രബുദ്ധതയുടെ വഴിയാണ് മുടക്കുന്നതു ഹിന്ദുത്വ. അവർ ഭൂരിപക്ഷത്തെ അടക്കിഭരിക്കുന്ന അധീശശക്തികളുടെ പ്രത്യയശാസ്ത്രമാണ്. അത് ഒരു വിധത്തിലും സാർവത്രികമാനവികതയുടെ മന്ത്രമല്ല. അത് സങ്കുചിതമായ വർഗീയതയുടെ പ്രത്യയശാസ്ത്രമാണ്. സവർക്കർ ഹിന്ദുത്വയെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ പറയുന്നു “ദേശീയതയുടെ കൊടിക്കുപകരമായി സാർവത്രികത” അംഗീകരിക്കുന്നില്ല എന്നു വ്യക്തമാക്കുന്നു. അപ്പോൾ വിധിയെ അംഗീകരിപ്പിക്കുമ്പോൾ ത്തന്നെ അവർ അർത്ഥമാക്കുന്ന ഒരു സാർവത്രികതയുണ്ട്. അത് അശ്വമേധത്തിന്റെ ആധിപത്യയാത്രയാണ്. അത് അടിമകളുടെയും ഉടമയുടെയും രാജ്യമാണ്. എല്ലാവരും സ്വതന്ത്രനായി കഴിയുന്ന പൗരന്മാരുടെ നാടല്ല. അടിമ-ഉടമ വ്യവസ്ഥിതിയുടെ നാടാണ്. അതിന്റെ ജന്മംകൊണ്ട് നേതാക്കളായവരുടെ അശ്വമേധത്തിന്റെ പരീക്ഷണമാണ് നടക്കുന്നത്. ഇതാണ് ജന്മംകൊണ്ട് ഭരണവർഗത്തിൽപ്പെട്ടവർ വെറും പാറ്റകളായി പരിഗണിക്കുന്നവരുടെ ഉയിർത്തെഴുന്നേല്പിനെ ഭയപ്പെടുന്നത്. കോടിക്കണക്കിനു പാറ്റകളായി മാറ്റപ്പെട്ടവർ സ്വപ്നം കാണേണ്ടത് അടിമ-ഉടമ വ്യവസ്ഥയുടെ ഒരു രാജ്യമല്ല. പാറ്റകൾ പറക്കാൻ പര്യാപ്തമായി പ്രബുദ്ധരാകുന്ന പൗരന്മാരുടെ ഒരു ഇന്ത്യയാണ്.