തിരഞ്ഞെടുക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ

തിരഞ്ഞെടുക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ

''നിങ്ങളുടെ കര്‍ത്താവിനു പരിശുദ്ധമായൊരു ജനമാണ് നിങ്ങള്‍. തന്റെ സ്വന്തം ജനമായിരിക്കാന്‍ വേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളില്‍ നിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്'' (നിയമാവര്‍ത്തനം 14:2). യഹൂദജനം ദൈവത്തിന്റെ പ്രത്യേകമായി തിഞ്ഞെടുക്കപ്പെട്ട ജനമായി സ്വയം മനസ്സിലാക്കി. എന്നാല്‍ ക്രൈസ്തവര്‍ പുതിയ തിരഞ്ഞെടുക്കപ്പെട്ട ജനമായി പരിഗണിച്ചു. ''നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ച് അവകാശികളുമാണ്'' (ഗലാ. 3:29).

യഹൂദര്‍ തിരഞ്ഞെടുക്കപ്പെട്ട ജനമായി കണ്ടത് ആഢ്യതയുടെയും അഭിമാനത്തിന്റെയും അധികാരത്തിെന്റയും ഒരു തനിമാ ബോധമായിരു ന്നോ? യഹൂദചിന്തകനായ മയ്‌മൊനീഡസ് തന്റെ ''യമനിലെ യഹൂദര്‍ ക്കുള്ള കത്തില്‍'' എഴുതിയതനുസരിച്ച് യഹൂദരുടെ തിരഞ്ഞെടുപ്പ് ദൈവ ത്തിന്റെ നീതിയുടെ പ്രത്യേക അവകാശദൗത്യത്തിന്റെ തനിമയായി കാണുന്നു. പക്ഷെ, ബാറൂക്ക് സ്പിനോസ് 17-ാം നൂറ്റാണ്ടില്‍ ''തിരഞ്ഞെടുക്കപ്പെട്ട ജനം'' എന്നതിന്റെ ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ മാനങ്ങള്‍ നിഷേധിച്ചു. എല്ലാ മനുഷ്യരും തുല്യരാണ് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ യഹൂദചിന്തകരായ ലെവീനാസും ദെരീദയും ''തിരഞ്ഞെടുക്കപ്പെട്ട ജനം'' എന്നതു ഭീകരമായ തെറ്റിദ്ധാരണയുടെയും അഹന്തയുടെയും മരണകരമായ കാലൂഷ്യത്തി ന്റെയും കാരണമായി എന്നു ചൂണ്ടിക്കാണിക്കുന്നു.

ഈ വിമര്‍ശനം ക്രൈസ്തവസഭയെക്കുറിച്ചും ശരിയാണ് എന്നു കരുതുന്നു. ക്രൈസ്തവരില്‍ ദൈവവിളി സ്വീകരിച്ചവര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നാണ് കരുതുന്നത്. പ്രത്യേകം തിരെഞ്ഞടുക്കപ്പെട്ടു എന്ന് വൈദികരും മെത്രാന്മാരും സന്യസ്തരും കരുതുന്നത് എന്ത് അര്‍ത്ഥമാക്കുന്നു എന്നു ചിന്തിക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പിനെക്കുറിച്ചു ഗൗരവമായി ചിന്ത നടത്തുന്നത് എമ്മാനുവേല്‍ ലെവീനാസ് തന്നെയാണ്. ഈ തിരഞ്ഞെടുപ്പ് ഒരുവന്റെ ആന്തരികസത്തയെ ബാധിക്കുന്നതാണ്. അതു ധര്‍മ്മത്തിനായുള്ള തിരഞ്ഞെടുപ്പാണ്. മോസ്സസാണല്ലോ തെര ഞ്ഞെടുക്കപ്പെട്ടവരുടെ മതത്തിന്റെ സ്ഥാപകന്‍. പത്തു അരുതുകളുടെ ധര്‍മ്മത്തിന്റെ വെളിപാടിലാണ് ആ മതത്തിന്റെ അടിസ്ഥാനം. അതാണ് യഹൂദരുടെ തനിമ. അതു ജന്മത്തില്‍ കിട്ടിയ ഒരു വരമാണ്. എന്ത്? നന്മ തുടങ്ങാനുള്ള വരം. നന്മയുടെ തുടക്കകാരനാകാന്‍ വിളിക്കപ്പെട്ടവനാണ്.

''പ്രലോഭനത്തിന്റെ പ്രലോഭനം'' ലെവീനാസ് എഴുതിയ ലേഖനമാണ്. പാശ്ചാത്യ മനുഷ്യരുടെ പ്രലോഭനമായി അദ്ദേഹം ഇതു കാണുന്നു. എല്ലാം പരീക്ഷിക്കാനും എല്ലാം അനുഭവിക്കാനുമുള്ള പ്രലോഭനം. ഇത് അറിവിന്റെ പ്രലോഭനമാണ്. എല്ലാ സാഹചര്യങ്ങളും അവ്യക്തമാണ്. അതിനാല്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും ആകുലതയുണ്ടാകും. വ്യക്തി ഏതു സാഹചര്യത്തിലും ഇടപെടുന്നതു സ്വതന്ത്രമായാണ്. പക്ഷെ ഇടപെടുന്നതിനുമുമ്പ് സുരക്ഷിതമാണോ, ഇടപെടല്‍ എന്ന് അന്വേഷിക്കണമല്ലോ. ആ സുരക്ഷിതത്വം കാര്യങ്ങള്‍ വ്യക്തമായി അറിയുമ്പോഴാണ്. ചെയ്യുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അറിയണം. പലരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. പക്ഷെ, ജീവിക്കുന്നതിനുമുമ്പ് ജീവിതം അറിയാമോ, അറിയാനാവുമോ? അറിയാതെ എങ്ങനെ ജീവി ക്കും? കര്‍മ്മം ചെയ്യുന്നതിനു മുമ്പ് കണക്കാക്കണം. ഒരു വ്യക്തിയെ കല്യാണം കഴിക്കുക ഒരു നടപടിയാണ്. പക്ഷെ, കല്യാണത്തിനു മുമ്പ് കല്യാണത്തെക്കുറിച്ച് എത്രമാത്രം കണക്കാക്കാനാവും? ജീവിതത്തിനു മുമ്പ് ജീവിതത്തെക്കുറിച്ച് കണക്കു കൂട്ടാനാവുമോ?

ഇവിടെയാണ് യഹൂദമതത്തിന്റെ ആരംഭം അനുസ്മരിക്കേണ്ടത്. സിനായ് മലയുടെ അടിയില്‍ ജനങ്ങള്‍ നിന്നു. മുകളിലേക്കു മോശപോയി ദൈവത്തോടു സംസാരിച്ചു. ദൈവം മോശയോട് ഇടിവെട്ടില്‍ സംസാരിച്ചു. അതു ഭാഷയിലാക്കി 10 കല്പനകളായി ജനത്തിനു മോശ നല്കി. അവര്‍ നടത്തിയതു തിരഞ്ഞെടുപ്പിന്റെ സമ്മതമായിരുന്നു. വെളിപാട് സ്വീകരിച്ചു അതു നിഷേധിച്ചാല്‍ അവരുടെ ശവപ്പറമ്പുണ്ടാകും. ഇവിടെ കണക്കാക്കാന്‍ ഒരു സൗകര്യവുമില്ല; അറിയാന്‍ പാടില്ല. നന്മ ചയ്യാന്‍, ധര്‍മ്മം പ്രവര്‍ത്തിക്കാന്‍ സാഹചര്യം വിലയിരുത്താനാവില്ല. - സമയം നോക്കാനോ സ്ഥലം നോക്കാനോ സാധ്യമല്ല. വ്യവസ്ഥയില്ലാതെ നന്മ ചെയ്യുക. അത് അപകടകരമായി നന്മ ചെയ്യലാണ്. നന്മയുടെ വഴി സാഹസികമാണ്. യഹൂദരുടെ സമീപനം, ഞങ്ങള്‍ എപ്പോഴും കേള്‍ക്കും, എപ്പോഴും ചെയ്യും എന്നതായിരുന്നു. അതാണ് യഹൂദ തനിമ - തിരഞ്ഞെ ടുക്കപ്പെട്ടവരുടെ തനിമ. ''ഒരുവനായിരിക്കുക എന്നാല്‍ വിലസിക്കുകയാണ്, അപരനെ സേവിക്കുകയാണ്. ഈ വിലാസത്തിന്റെ അടിസ്ഥാനം നന്മയാണ്.'' ലെവീനാസ് എഴുതി. ''നന്മയുടെ തിരഞ്ഞെടുപ്പ് ഒരു കര്‍മ്മ മല്ല; അത് അഹിംസയാണ്.'' അതു സ്വയം നിഷേധിക്കുന്ന ഹിംസയാണ്.

ഇവിടെയാണ് വ്യക്തിയുടെ ദേശം ജാതി സംസ്‌കാരം തുടങ്ങിയ എല്ലാ തനിമകളും തകരുന്നത്. തനിമ തലകീഴാകുന്നു. നന്മ ചെയ്യുക അത് എല്ലാം സഹിക്കുന്നതാണ്; അഹത്തെ ഒഴിപ്പിച്ചുകളയുന്നതും. ഇതാണ് സ്വാതന്ത്ര്യം. ഇതു സൃഷ്ടിയുടെ ധര്‍മ്മ വ്യവസ്ഥിതിയാണ്. അതു മാനവീകതയോടുള്ള ധാര്‍മ്മിക വിശ്വസ്തതയാണ്. അപരന്റെ ദൗര്‍ഭാഗ്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വമായി മാറുന്നു; ദുരന്തം അനുഭവിച്ചവന്റെ പകരക്കാരനാകുന്നു. തിരഞ്ഞെടുക്കപ്പെട്ടു, വിളിക്കപ്പെട്ടു എന്നതു ധാര്‍മ്മികത തനിമ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമാണ്. തിരഞ്ഞെടുക്കപ്പെട്ടു എന്നത് അകത്തു കത്തുന്ന തീയാണ് - അപരനുവേണ്ടിയുള്ള എരിച്ചില്‍. അപരനോട് കാണിക്കുന്ന ഉത്തരവാദിത്വമാണ് തിരഞ്ഞെടുക്കപ്പെട്ടവന്റെ തനിമ. ''ഇതാ, ഞാന്‍, നിന്റെ വിളി കേള്‍ക്കുന്നു'' എന്ന നന്മയുടെ സന്ന ദ്ധതയാണ് ഉത്തരവാദിത്വം. ഇതു മൂല്യത്തെ കണ്ടുപിടിക്കുന്നു; അതു മാംസം ധരിക്കാനുള്ള കടപ്പാടാകുന്നു.

ഇതു ജനങ്ങളുടെ സേവനം പിടിച്ചുപറ്റലല്ല. അവരുടെ സ്തുതി പുകഴ്ച്ചകള്‍ അവകാശമാക്കലുമല്ല. തിരഞ്ഞെടുപ്പ് അഥവാ ദൈവവിളി ഭീകരമായി തെറ്റിദ്ധരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവന്‍ എന്നത് അഹന്തയുടെയോ അധികാരാവകാശത്തിന്റെയോ ആവരണമല്ല. ഒഴിവാക്കാനാവാത്ത ധാര്‍മ്മികബാധ്യതയാണ്. അറിയുന്നതിനു മുമ്പ് ചെയ്യാനുള്ള കടമ. തിരഞ്ഞെടുക്കപ്പെട്ടവന്‍ വെറുതെ സ്വന്തന്ത്രനല്ല. മറ്റുള്ളവരാല്‍ ബന്ധിതമായ സ്വാതന്ത്ര്യമാണ്. എല്ലാവരോടും ഉത്തരവാദിയാകുന്ന നിങ്ങളുടെ സ്വാതന്ത്ര്യം സംഭ്രാതൃത്വമാണ്. നിങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ഉത്തരവാദിയാകുന്നു. എന്റെ അയല്‍ക്കാരന്റെ ഭൗതികാവകാശങ്ങള്‍ എന്റെ ആത്മീയാവശ്യങ്ങള്‍ക്കായി മാറ്റപ്പെട്ടിരിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org