പുരുഷവിധിയുടെ ക്രൂരമായ യുക്തി

പുരുഷവിധിയുടെ ക്രൂരമായ യുക്തി

എമ്മാനുവേല്‍ ലെവീനാസാണ് ബലഹീനം എന്നു പറഞ്ഞു സ്ത്രീ കളെ തഴയുന്നതിനെതിരെ ശബ്ദമുയര്‍ത്തിയ ചിന്തകന്‍. ചരിത്രത്തിന്മേലുള്ള പുരുഷവിധിയുടെ ക്രൂരമായ ബുദ്ധിയായി അദ്ദേഹം ഇതിനെ വിശേഷിപ്പി ക്കുന്നു. പുരുഷന്റെ സംഘാതബുദ്ധി സ്ത്രീലോകത്തിന്റെയും അതിന്റെ മൂല്യങ്ങളുടേയുമേല്‍ ആധിപത്യം പുലര്‍ത്തിയ കാലമാണ് നാം കണ്ടത്. സ്ത്രീകളുടെ സഹകരണം ആവശ്യപ്പെടാത്ത വ്യവസ്ഥിതികള്‍ അക്രമമാണ് എന്നാണ് ലെവീനാസ് എഴുതിയത്. അവരെ അടുക്കളയിലേയ്ക്കു ഒതുക്കി മറ്റിടങ്ങളില്‍ അവര്‍ അസന്നിഹിതരായി.

ധര്‍മ്മവും ദൈവവും വെളിവാകുന്നതു മനുഷ്യബന്ധങ്ങളിലാണ് എന്ന് താത്വികമായി പറഞ്ഞു ലെവീനാസ്. അന്യനുമായുള്ള ബന്ധത്തിലാണ് ഒരുവന്‍ സ്വാര്‍ത്ഥതയുടെ കൂട് പൊട്ടിക്കുന്നതും പുറത്തേക്കിറങ്ങി അപരനെ കണ്ടുമുട്ടുന്നതും. ഫ്രഞ്ചു കവിയായ റിംബൊ എഴുതി, ''ഞാന്‍ ഒരു അപരനാണ്.'' ഈ അപരബോധത്തിലാണ് ധര്‍മ്മവും ദൈവവും ജനിക്കുന്നത്. അന്യനോടുള്ള ബന്ധത്തിലാണ് ധര്‍മ്മം ജനിക്കുന്നതും വളരുന്നതും പുഷ്പിക്കുന്നതും ഫലം ചൂടുന്നതും. അന്യനെ വീട്ടിലേക്കു എഴുന്നള്ളിക്കുന്നത് ഏറ്റവും സാധാരണമായി നാം കാണുന്നതു കല്യാണത്തിലാണ്. കേരളത്തിലെ പാരമ്പര്യപ്രകാരം കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതും പരിചയം പോലുമില്ലാത്ത വ്യക്തിയെ വീട്ടിലേക്കു സ്വീകരിക്കുന്നതു കല്യാണത്തിലാണ്. അതു തന്നില്‍നിന്നു ഇറങ്ങിപ്പോയി അന്യയെ കൂട്ടിക്കൊണ്ടു വന്നു കുടുംബം ഉണ്ടാക്കുന്നതിലാണ്. അവിടെ ഇതുവരെ ബന്ധമില്ലാത്തവളെ ബന്ധുവാക്കുന്നു, പങ്കാളിയാക്കുന്നു, കല്യാണത്തിന്റെ ഭാഗമാക്കുന്നു. സ്വന്തം അഹത്തില്‍ സന്തുഷ്ടനായി കഴിഞ്ഞവനാണ് മറ്റൊരുവളുടെ മുഖം അഥവാ പ്രത്യക്ഷം കാണുന്നത്. അപരയുടെ മുഖം വിളിക്കുന്നു. അപരയുടെ മുഖം ശ്രദ്ധിക്കുമ്പോഴും ആ വിളി സ്വീകരിക്കുമ്പോഴുമാണ് ഒരുവന്‍ സ്വതന്ത്രനാകുന്നത്. അപ്പോഴാണ് ധര്‍മ്മം ഉണരുന്നത്. പാണിഗ്രഹണം നടത്തുന്നത്, അവളുടെ അധികാരത്തിനു വിട്ടുകൊടുക്കുന്നത്. അവള്‍ എന്റെ വീട്ടുകാരിയാകുന്നു.

ലോകം സ്ത്രീയോടുള്ള ബന്ധം നീതിയായിരുന്നില്ല എന്നു തിരിച്ചറിയുന്നു. അതു തിരുത്തുന്ന ലോകത്തിലാണ് നാം. ഈ തിരുത്തല്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ കത്തോലിക്കാസഭയില്‍ നടത്തുന്നു. ചാവറയച്ചന്റെ കാല ത്തു കേരള ക്രൈസ്തവരില്‍ ഒരു കന്യാസ്ത്രീ പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ത്തന്നെ കേരളം കന്യാസ്ത്രീകളുടെ വസന്തകാലമായി. ഒരു വൈദികനുണ്ടായപ്പോള്‍ അഞ്ചിലേറെ അനുപാതത്തില്‍ കന്യാസ്ത്രീകള്‍ കേരള സഭയില്‍ ഉണ്ടായി. ഈ കന്യാ സ്ത്രീകളാണ് കേരളത്തിലെ സ്ത്രീവിദ്യാഭ്യാസത്തിന്റെ വിപ്ലവം സൃഷ്ടിച്ചത്.

മാത്രമല്ല ഇന്ന് കേരളം ഏറ്റവും കൂടുതല്‍ വിദേശനാണ്യം ഉണ്ടാക്കുന്നത് നഴ്‌സിംഗിലൂടെയാണ്. മലയാളി നേഴ്‌സിംഗ് ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. നഴ്‌സിംഗ് തൊഴിലിന് വല്യ പ്രാധാന്യമില്ലാതിരുന്നിടത്ത് അതിന് അന്ത സ്സു മാത്രമല്ല അതു ദൈവവിളിപോലെ മനുഷ്യസേവനത്തിന്റെ മഹത്തായ വേലയാണ് എന്ന അവബോധം കേരളത്തില്‍ ഉണ്ടാക്കിയതും കന്യാസ്ത്രീകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ അവസാനം വരെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് ഗ്രാമീണവും ആദിവാസി, ഗിരിജന വിഭാഗങ്ങളിേലക്കും ക്രൈസ്തവ ചൈതന്യവുമായി ഈ കന്യാസ്ത്രീകള്‍ ഇറങ്ങി അവിടങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതിന്റെ ചരിത്രം മലയാളികള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. അടിച്ചമര്‍ത്തപ്പെട്ടും നിശബ്ദരാക്കപ്പെട്ടും അനീതി പാരമ്പര്യമായി അനുഭവിച്ചും പോന്നവരെ ദൈവമക്കളാക്കിയതില്‍ കന്യാസ്ത്രീകളുടെ പങ്ക് നിസ്സാരമല്ല. ധീരോദാത്തമായ അവരുടെ പ്രവര്‍ത്തനങ്ങളെ ഇന്നും സഭ വേണ്ടപോലെ മനസ്സിലാക്കിയോ എന്നു സംശയമാണ്. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഈ കന്യാസ്ത്രീകളുെട വസന്തകാലം ഉണങ്ങി വരണ്ടു പോകുന്നതിന്റെ അടയാളങ്ങള്‍ കേരളത്തില്‍ കണ്ണുപൊട്ടന്മാര്‍ക്കുപോലും കാണാം.

എന്തുകൊണ്ട് കന്യാസ്ത്രീകള്‍ക്കു കേരളത്തില്‍ വംശനാശം സംഭവിക്കുന്നു? ഒരു സെമിനാറും ഒരു ചര്‍ച്ചയും ഉണ്ടാകാത്ത വിഷയമാണ്. ഈ പ്രതിസന്ധിയുടെ പ്രതികൂട്ടില്‍ സഭയുടെ ഔദ്യോഗിക തലങ്ങള്‍ നില്‍ക്കുന്നില്ലേ എന്നു ശങ്കിക്കുന്നു. കന്യാസ്ത്രീകളുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുണ്ടായ വലുതും ചെറുതുമായ ഉതപ്പുകളും അവയില്‍ സഭ സ്വീകരിച്ച നിലപാടുകളും കന്യാസ്ത്രീകളുടെ ദൈവവിളി വര്‍ദ്ധിപ്പിക്കുന്നതായിരു ന്നോ?

താന്‍ മറ്റൊരു കന്യാസ്ത്രീയില്‍ നിന്നു കേട്ടതു കോടതിയില്‍ പറയാന്‍ ശ്രമിച്ച ഒരു കന്യാസ്ത്രീക്കുണ്ടായ പീഡനങ്ങളുടെ വിലാപം സമൂഹത്തിലേക്കു പൊട്ടിയൊഴുകുമ്പോള്‍ സാധാരണ മാതാപിതാക്കള്‍ എങ്ങനെ പെണ്‍ മക്കളെ മഠത്തിലേക്കു പറഞ്ഞു വീടും എന്ന സന്യാസിനി സമൂഹത്തിലെ ഉയര്‍ന്ന അധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടോ? യൗവനം കഴിഞ്ഞിട്ടും ചെറുപ്പം ചെറുതാകാത്തതില്‍ പരിതപിക്കുന്നവരെ കാണാം. അവരുടെ പരിശീലന പക്വതകള്‍ അവരുടെ ഗൗരവമായ പ്രശ്‌നമായി സന്യാസിനി സമൂഹങ്ങള്‍ കാണുകയും കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ക്കു സന്നദ്ധമാകാത്ത പാരമ്പര്യവാദങ്ങളില്‍ സന്യാസം മുരടിക്കുന്നുണ്ടോ? കന്യാസ്ത്രീകളുടെ ജീവിതം ആത്മീയമായും സാമൂഹികമായും വെല്ലുവിളി ഉണര്‍ത്തുന്നതായി പെണ്‍കുട്ടികള്‍ കാണാതായത് എന്തുകൊണ്ട് എന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നുണ്ടോ?

കേരളത്തിലെ കന്യാസ്ത്രീകളോട് സഭാധികാരം നീതി പുലര്‍ത്തിയിട്ടു ണ്ടോ? പുരുഷാധിപത്യത്തിന്റെ അഴിച്ചുപണിക്കു സഭാ നേതൃത്വം ഇപ്പോഴും തയ്യറല്ല എന്നതല്ലേ കാണുന്നത്? ഫ്രാന്‍സിസ് മാര്‍പാപ്പ പെണ്ണുങ്ങളുടേയും കാല്‍കഴുകാം എന്നു 2016-ല്‍ പഠിപ്പിച്ചു. പക്ഷെ, അതു കേരളത്തിന്റെ സഭയുടെ പിതാക്കന്മാര്‍ക്ക് സ്വീകാര്യമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പ കന്യാസ്ത്രീകളെയും സ്ത്രീകളേയും വത്തിക്കാന്‍ കാര്യാലയങ്ങളിലേക്ക് നിയമിക്കുന്നു. ദൈവശാസ്ത്രവും കാനോന നിയമവും സ്ത്രീകള്‍ക്കും പഠിക്കാവുന്ന വിഷയങ്ങളാണല്ലോ. സ്ത്രീ പുരുഷ തനിമകള്‍ സാമൂഹികവും സാംസ്‌കാരികവുമായ നിര്‍മ്മിതിയാണ് എന്നു പറയുന്ന ലോകത്തിലും കുടുംബങ്ങളിലുമാണ് നാം ജീവിക്കുന്നത്. സ്ത്രീകളെ അടുക്കളയിലേക്ക് ഒതുക്കുന്ന കാലം കഴിഞ്ഞു. സഭ ആ പാരമ്പര്യങ്ങളെ അഴിച്ചുപണിയുകയാണ്. കേരള സഭ അതറിയാത്തതു പോലെ തുടരാനാവില്ല. യേശുവിന്റെ അമ്മയെ ''സ്ത്രീ' എന്നു മാത്രം വിശേഷിപ്പിക്കുകയും സ്ത്രീക്കു സാക്ഷ്യം പറയാനാവാത്ത സംസ്‌കാരത്തില്‍ സ്ത്രീയെ മാത്രം ഉത്ഥാനത്തിന്റെ സാക്ഷിയാക്കുകയും ചെയ്ത യോഹന്നാനും സ്ത്രീവിരുദ്ധനെന്നു സംശയിക്കുന്ന പൗലോസും നമ്മോടു പറയുന്നു: ''സ്ത്രീയെന്നോ പുരുഷനെന്നോ'' വ്യത്യാസമില്ല. നാം ക്രിസ്തുവില്‍ ഒന്നാണ്, തുല്യരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org