മാര്‍ക്‌സില്‍ നിന്നു മതത്തിലേക്ക്

മാര്‍ക്‌സില്‍ നിന്നു മതത്തിലേക്ക്
Published on

കാറല്‍ മാര്‍ക്‌സ് (1818-1883) ശക്തനായ മതവിമര്‍ശകനായിരുന്നു. കഞ്ചാവ് എന്ന മയക്കുമരുന്നിനോട് മതത്തെ ഉപമിച്ചു. കാരണം മനുഷ്യനെ യാഥാര്‍ത്ഥ്യബോധമില്ലാതാക്കി അവന്റെ ബോധത്തെ അന്യവല്‍ക്കരിക്കു ന്നു. വയലാര്‍ പാടിയതു മാര്‍ക്‌സിന്റെ കാഴ്ചപ്പാടാണ് - ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു, സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു. മനുഷ്യന്റെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നകറ്റി പരലോകത്തി ന്റെ മിഥ്യയിലേക്കു നയിക്കുന്നു എന്നതായിരുന്നു വിമര്‍ശനം. ഇതില്‍ കഴ മ്പില്ല എന്നു മതചരിത്രത്തിലേക്കും മതപ്രഭാഷണങ്ങളിലേക്കും ശ്രദ്ധിച്ചാല്‍ പറയാനാവില്ല. സാമൂഹിക വിമര്‍ശനം മതവിമര്‍ശനമാണ് മാര്‍ക്‌സിന്.

ദൈവം എന്ന പദം അദ്ദേഹം വര്‍ജ്ജിക്കുന്നു. കാരണം ആ പദം ചൂഷണത്തിന്റെതായി മാറുന്നു എന്നദ്ദേഹം കരുതി. ധാരാളം പേര്‍ക്ക് ഇന്നും പണവും അധികാരവും ദൈവമാണ്. ദൈവം എന്ന പദം പശുവിനെപ്പോലെ മനുഷ്യര്‍ ഉപയോഗിക്കുന്നു എന്ന് പ്രസിദ്ധ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി. ദൈവത്തിനു വേണ്ടി ദൈവത്തെ ഒഴിവാക്കുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി. നാസി കാലഘട്ടത്തിലെ ജര്‍മ്മന്‍ ലൂഥറന്‍ പാസ്റ്ററായിരുന്ന ബൊ നോഫര്‍ ദൈവമില്ലാത്തതുപോലെ ജീവിക്കാന്‍ ആവശ്യപ്പെട്ടു. ദൈവവിശ്വാസം ഉത്തരവാദിത്വങ്ങളില്‍നിന്നു ഒഴിവാക്കുന്നില്ല. ദൈവത്തിന്റെ അസാന്നിദ്ധ്യത്തിന്റെ ലോകത്തില്‍ ദൈവം ആര്‍ക്കും ആഹാരം കൊടുക്കില്ല, പാര്‍പ്പിടവും കൊടുക്കില്ല. ദൈവത്തിനു വേണ്ടി പോകാന്‍ മനുഷ്യന്‍ വിളിക്കപ്പെടുന്നു.

ഫൊയര്‍ബാഹിന്റെ ഭൗതികവാദമല്ല മാര്‍ക്‌സ് സ്വീകരിച്ചത്. ഫൊയര്‍ ബാഹിന്റെ വസ്തുനിഷ്ഠമായ ചിന്താപദ്ധതിയും മാര്‍ക്‌സ് ഉപേക്ഷിക്കുന്നു. മാര്‍ക്‌സിനു വ്യക്തിയാകുന്നതു മനുഷ്യസത്ത എന്ന സര്‍വ്വനാമത്തി ന്റെ പതിപ്പായി സംഭവിക്കുന്നതല്ല. വ്യക്തിനിഷ്ഠമായ അദ്ദേഹത്തിന്റെ ചി ന്താപദ്ധതി ആന്തരികതയില്‍ അടിസ്ഥാനമിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭൗതികവാദം കാന്റ് ഹേഗല്‍ എന്നീ ചിന്തകരുടെ ജര്‍മ്മന്‍ ഐഡിയലിസം തലകീഴ് മറിച്ചതാണ്. വ്യക്തിയുടെ ആന്തരികതയാണ് മാര്‍ക്‌സിനു പ്രധാനം. മനുഷ്യബോധത്തിലാണ് അപരനെക്കുറിച്ചുള്ള ചിന്തയും സാമൂഹ്യബോധവും. മനുഷ്യന്റെ ബോധത്തിന്റെ ആന്തരികതയുടെ വിമര്‍ശനബോ ധവും സര്‍ഗ്ഗാത്മകതയുമാണ് മാര്‍ക്‌സിന്റെ മനുഷ്യദര്‍ശനത്തെ വ്യതിരിക്തമാക്കുന്നത്. മനുഷ്യവ്യക്തിയുടെ ആന്തരികതയെ അടിസ്ഥാനമാക്കുന്ന മാര്‍ക്‌സ് ഫൊയര്‍ബാഹില്‍ നിന്നു പിരിഞ്ഞു എന്നതു മറ്റു പല മാര്‍ക്‌സിയന്‍ ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ ആന്തരികതയുടെ ബോധത്തില്‍ ഉറച്ച മാര്‍ക്‌സിയന്‍ ചിന്തയുടെ പ്രാധാന്യം മാര്‍ക്‌സിനെക്കുറിച്ച് രണ്ടു വാല്യങ്ങളില്‍ പഠനം എഴുതിയ പ്രസിദ്ധ ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഹെന്റി പറയുന്നു: ''പടിഞ്ഞാറന്‍ നാടുകളിലെ ആദ്യകാല ക്രൈസ്തവചിന്തകരില്‍ ഒരുവനാണ് മാര്‍ക്‌സ്.'' കാള്‍ മാര്‍ക്‌സിനെ തത്വചിന്തകനും ക്രിസ്തുവിനെ ഏകരക്ഷകനുമായി അംഗീകരിക്കുന്ന ഹെന്റി എന്തുകൊണ്ട് മാര്‍ക്‌സിനെ ക്രൈസ്തവചിന്തകനാക്കുന്നു? മാര്‍ക്‌സിന്റെ ചിന്ത ലോകത്തിന്റെ സത്യത്തെക്കുറിച്ചായിരുന്നില്ല, മനുഷ്യജീവിതത്തെക്കുറിച്ചായിരുന്നു. മാര്‍ക്‌സിനു ചിന്ത ലോക ത്തെ വിശകലനം ചെയ്യുന്നതു മാത്രമല്ല ലോകത്തെ മാറ്റുന്നതാണ്. വിമര്‍ ശനചിന്ത വെറും ബൂര്‍ഷ്വ മനനമല്ല. അതു ജീവിതത്തിന്റെ ലോകാവസ്ഥ ചോദ്യം ചെയ്തു മാറ്റുന്നു. പ്രാതിഭാസിക ചിന്തകനായ ഹെന്റിയെ സംബന്ധിച്ചിടത്തോളം ചിന്തയുടെ അടിസ്ഥാനം മനുഷ്യന്റെ ബോധമാണ്. മനുഷ്യബോധത്തിന്റെ ചിന്തകനായി ഹെന്റി മാര്‍ക്‌സിനെ വിലയിരുത്തുന്നു.

മതവും ധാര്‍മ്മികതയും കലയും മനുഷ്യബോധത്തിന്റെ ആന്തരികതയില്‍നിന്നു വരുന്നു. മതത്തിന്റെ സത്ത മനുഷ്യസത്തയാണ് എന്ന് മാര്‍ ക്‌സ് എഴുതിയിട്ടുണ്ട്. മനുഷ്യന്റെ ആന്തരികമായ ധര്‍മ്മബോധത്തിന്റെ യഹൂദ ക്രൈസ്തവ സംസ്‌കാരത്തില്‍നിന്നു ലഭിച്ച വലിയ നീതിബോധ ത്തിന്റെ പ്രവാചകനായി മാര്‍ക്‌സിനെ കാണാം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിമോചനത്തിന്റെ മുറവിളിയുയര്‍ത്തിയ പ്രവാചകന്‍. പ്രവാചകന്‍ എന്നത് യഹൂദ മത പാരമ്പര്യത്തിലെ ഒരു പദപ്രയോഗമാണ്. അനീതിയുടെ വ്യവസ്ഥിതികള്‍ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതി സ്വപ്നം കണ്ട വ്യക്തി. മനുഷ്യന്റെ ദ്രവ്യാഗ്രഹത്തിന്റെ അന്യവല്‍ക്കരണത്തിന്റെ രൂപമാണ് സ്വകാര്യസ്വത്ത്. സ്വകാര്യസ്വത്ത് മോഹമാണ് ചൂഷണത്തിന്റെ ഉറവിടം. കമ്മ്യൂണിസത്തെ അദ്ദേഹം നിര്‍വ്വചിച്ചതു സ്വകാര്യസ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനം എന്നാണ്. സ്വകാര്യസ്വത്ത് മോഹത്തിനെ അതിക്രമിച്ച് അതിജീവിക്കുന്നതാണ് അദ്ദേഹത്തിന്റെ ആദര്‍ശ പൂര്‍ണ്ണമായ സാമൂഹികക്രമം. അതിക്രമിക്കുക (transcendence) എന്നാല്‍ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളെ ചൂഷണബന്ധങ്ങളാക്കുന്നതിനെ വെടിയുന്ന നടപടിയാണ് - ആ വാക്കില്‍ ആത്മീയതയുടെ സൂചനയുണ്ട്. മാര്‍ക്‌സ് മുതലാളിത്തത്തിന്റെ ''മൂലധന''ത്തെ യക്ഷി (vampire) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യക്ഷി ഒരു മതപരമായ പദമാണ്. മനുഷ്യന്റെ ചോര കുടിച്ചു ചൂഷണം ചെയ്യുന്ന ചൂഷണഭൂതത്തിന്റെ ആവാസം. യക്ഷി സാമൂഹികജീവിതത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണ്. യക്ഷി ഒരു ഭൗതിക യാഥാര്‍ ത്ഥ്യമല്ല, ഒരു സാമൂഹികമായ വസന്തയാണ്. മതവിമര്‍ശനവും മതനിഷേധവും പുലര്‍ത്തിയ മാര്‍ക്‌സ് തന്നെയാണ് മതത്തെ ''ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയം'' എന്നു വിശേഷിപ്പിച്ചത്.

''ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയം'' എന്ന മനുഷ്യവ്യക്തിയുടെ ആന്തരികതയിലെ ചിന്തയും സ്വപ്നവുമാണ്. ബോധത്തില്‍ പ്രത്യക്ഷമാകുന്ന ഹൃദയബോധം മനുഷ്യന്റെ മാംസം മാംസത്തിലേക്കു മടങ്ങിയുണ്ടാകുന്ന അവബോധത്തിലാണ് ഇത് സംഭവിക്കുന്നത്. ഇവിടെ ധര്‍മ്മ വിചാരവും അപര വികാരവും ഉണരുന്നു. മാംസത്തിനുള്ളില്‍ അന്തര്‍ലീനമാണ് ധര്‍മ്മം, കല, സാഹിത്യം, മതം എന്നിവ. മാംസത്തിന്റെ ഭൗതികതയിലാണ് ഈ കലയും സാഹിത്യവും കരുണയും നീതിയും ഉറകൊള്ളുന്നത്. കാരണം മാംസത്തില്‍ മാംസത്തിനു അതീനമായത് അന്തര്‍യാമിയായിരിക്കുന്നു. ''ജനങ്ങളുടെ സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിനുള്ള രാസധ്വാരകമായി'' പത്രപ്രവര്‍ത്തനത്തെ മാര്‍ക്‌സ് കണ്ടു. മാധ്യമപ്രവര്‍ത്തനം ഭൗതികസംഘര്‍ഷങ്ങളെ ആശയ സംഘര്‍ഷങ്ങളാക്കുന്നു: ചോരയുടെയും നീറിന്റെയും സംഘര്‍ഷങ്ങളെ ആത്മീയസംഘര്‍ഷങ്ങളാക്കുന്നു. ''തൊഴിലാളിവര്‍ഗ്ഗത്തെ തത്വചിന്ത അതിന്റെ ആത്മീയ ആയുധമാക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗം തത്വചിന്തയില്‍ അവരുടെ ആത്മീയ ആയുധങ്ങള്‍ കണ്ടെത്തുന്നു'' മാര്‍ക്‌സ് എഴുതി. മാര്‍ക്‌സ് ആവര്‍ത്തിച്ചുപയോഗിക്കുന്ന പദമാണ് ആത്മീയത. മിഷേല്‍ ഹെന്റി എഴുതിയിട്ടുള്ളതുപോലെ കല ജീവിതത്തിന്റെ സത്യമാണ് ആവിഷ്‌ക്കരിക്കുന്നത്. അദ്ദേഹത്തിന് കലയും ജീവിതവും ഒന്നാണ്. ജീവിതസത്തയുടെ കര്‍മ്മസിദ്ധാന്തമാണ് ധര്‍മ്മം. സാഹിത്യത്തിനു മറ്റൊരു ലക്ഷ്യമില്ല - മനുഷ്യസത്തയുടെ പുഷ്പിക്കല്‍. മനുഷ്യനെ അവന്റെ സത്തയുടെ വിലാസം അസാധ്യമാക്കുന്ന യക്ഷിയാവാസത്തില്‍ നിന്നുള്ള മോചനം - ഒരു ആത്മീയത അനിവാര്യമാക്കുന്ന മാര്‍ക്‌സിന്റെ മനുഷ്യദര്‍ശനം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org