ബൈബിള്‍ ജീവിതവസതിയാക്കിയവന്‍

ബൈബിള്‍ ജീവിതവസതിയാക്കിയവന്‍
Published on
  • പോള്‍ തേലക്കാട്ട്

മൈക്കിള്‍ കാരിമറ്റം (83) അച്ചന്‍ ബൈബിള്‍ ജീവിച്ച് മരണം എഴുതി ജീവിതം പറഞ്ഞവസാനിപ്പിച്ചത് ഒറ്റ വാക്കു മാത്രം പറഞ്ഞുകൊണ്ടാണ് - നന്ദി. ആ പറച്ചിലില്‍ വലിയ സംതൃപ്തിയും സന്തോഷവുമുണ്ടായിരുന്നു. മരണവും ആനന്ദവും തമ്മിലുള്ള സന്ധിയിലല്ലേ സ്വര്‍ഗം? അദ്ദേഹം ബൈബിളിലാണ് വീട് വച്ചത്. അതില്‍ വസിച്ച അദ്ദേഹത്തിന്റെ മനസ്സില്‍ ബൈബിളിലെ കഥാപാത്രങ്ങളും സംഭവങ്ങളും പൂര്‍ത്തീകരണം തേടുന്ന സമസ്യകളും നിരന്തരം നുരഞ്ഞുപൊങ്ങി അന്തമില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ''സിംഹം ഗര്‍ജിച്ചു... ആര്‍ക്ക് പ്രവചിക്കാതിരിക്കാന്‍ കഴിയും'' (ആമോസ് 3:6). ബൈബിളിന്റെ വചനം നിരന്തരം വന്നലച്ചത് കേട്ടവനു കേട്ടതു പറഞ്ഞു നിരന്തരം പരിക്കുകള്‍ ഏറ്റ് എത്രയോ തവണകളില്‍ നാവിറങ്ങിപ്പോയി. ദൈവം കടന്നുപോകുന്നതിന്റെ ലക്ഷണമാണ് പ്രചോദനം.

കെട്ടുപോകാനിടയുള്ള ഒരു വിളക്കാകാന്‍ ഞാന്‍ വിളിച്ചുണര്‍ത്തപ്പെടുന്നു എന്നു സത്യസന്ധമായി അറിഞ്ഞവനാണ് മൈക്കിള്‍ കാരിമറ്റം അച്ചന്‍

''മനുഷ്യനെ അവന്റെ സ്രഷ്ടാവില്‍ നിന്നു മുക്തനാക്കാനാവുമോ?'' എന്ന് ജോബിനോട് ഒരുവന്‍ ചോദിക്കുന്നു (ജോബ് 4:17). മനുഷ്യന്റെ ധര്‍മ്മനിഷ്ഠ പ്രവാചിക ജീവിതമാകും. വിശുദ്ധിയുടെ ആവാസമാണ് പ്രവചനം. ധര്‍മ്മരോഷത്തിന്റെ ജന്മം പ്രവചനത്തിലാണ്. എന്നെ കവച്ച് ഞാന്‍ കടന്നുപോകുന്നത് ഞാന്‍ ധാര്‍മ്മികനാകുന്നതാണ്. അവിടെ പ്രവാചിക വചനത്തിന്റെ ആയുധം ധരിക്കുന്നത് - എനിക്കു വേണ്ടിയല്ല അപരനുവേണ്ടി. സ്ഥിരം അലോസരപ്പെടുത്തിയ ആ വചനങ്ങള്‍ വിവേകമല്ല എന്നു മനം പറയുമ്പോഴും 'എന്നെ എഡിറ്റ് ചെയ്യാന്‍ നിനക്ക് ആര് അധികാരം തന്നു' എന്ന് അവന്‍ കേള്‍ക്കുന്നു. അതു സ്ഥിരം വേദനയുടെയും സംഘര്‍ഷത്തിന്റെയും ചഷകം കുടിക്കലായിരുന്നു അദ്ദേഹത്തിന്.

നിരന്തരം കേട്ടതു തനിക്കുള്ളിലെ ദൈവത്തെയാണ് എന്നറിഞ്ഞിട്ടും ദൈവം പറഞ്ഞു എന്നു പറയാന്‍ ധൈര്യപ്പെടാത്തവന്‍. പറഞ്ഞതിന്റെ കര്‍ത്താവ് താന്‍ തന്നെ; ഒരിക്കലും ഉത്തരവാദിത്വം ഒഴിഞ്ഞില്ല. തന്നെ വേട്ടയാടിയവനെ ഒറ്റിക്കൊടുത്തില്ല. വേദവചനങ്ങള്‍ വായിക്കുന്നതു തന്നെ വേദ വചനത്തിനു നവീനതയും പുതിയ ഉണര്‍വും നല്‍കുന്നു. ''ഇതാ, ഞാന്‍'' എന്ന് ബൈബിള്‍ പ്രത്യുത്തരത്തിന്റെ വെറും ആവര്‍ത്തനമായിരുന്നു പ്രവചനം. അകത്തില്‍ നിന്നുയരുന്ന താനല്ലാത്തതിന് അനുസരണം മാത്രമായിരുന്നു വചനപ്രഘോഷണവും വചനമെഴുത്തും.

എന്നാല്‍ ഈ അനുസരണം സഭാസമൂഹത്തിന്റെ അധികാരവേദികളില്‍ അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരില്‍ ശിക്ഷാ നടപടികളുണ്ടായി, പുറത്താക്കലുകളും. പക്ഷെ, സഭയില്‍ എല്ലാവരും ബൈബിള്‍ ആദരിക്കുന്നവരാണ്, അതു വളരെ പൂജിതമാണ്, ആഘോഷപൂര്‍വകമായി എഴുന്നള്ളിക്കുന്നു. അവര്‍ക്ക് ബൈബിള്‍ പലപ്പോഴും വായിക്കാനുള്ള പുസ്തകമാകാതെ പൂജിക്കാനുള്ള പുസ്തകമായി മാറി. അതു ദൈവവചനമാണ് എന്നവര്‍ പറയും. അവര്‍ വചനപൂജക്കാരായിരുന്നു. അക്ഷരങ്ങളെ ആരാധിച്ചു, അതൊരു ബിംബമാക്കി. അവര്‍ ദിവ്യമായ അക്ഷരങ്ങളുടെ അടിമകളായി. ദൈവത്തെ ഭാഷയിലാക്കി അടച്ച പുസ്തകമായി പലരും കരുതി. അക്ഷരങ്ങള്‍ ആത്മാവിന്റെ ചില്ലുകൂടായി. ദൈവത്തിന്റെ സ്വരം അതിന്റെ വായനയില്‍ അവര്‍ കേട്ടില്ല. അവരിലെ അവരല്ലാത്ത ശബ്ദം കേള്‍ക്കാന്‍ മാത്രം ശ്രദ്ധയില്ലാത്തവരായി. ദൈവത്തിന്റെ സ്വരം കല്പിക്കുന്ന ധര്‍മ്മസ്വരത്തിനു ബധിരരായി. അതുകേട്ട് മൈക്കിളച്ചന്‍ മല്‍പാനായിട്ടും മാറിയില്ല. ''ഇതാ, ഞാന്‍'' ആവര്‍ത്തിച്ചു.

അവര്‍ അനുസരണക്കേട് വിധിച്ചു പുറത്താക്കി. ജേക്കബ് തൂങ്കുഴി പിതാവിന്റെ കാരുണ്യത്തിന്റെ തണലില്‍ അദ്ദേഹം ജീവിച്ചു. പക്ഷേ, പ്രവചനം വിളിക്കുന്നത് ധാര്‍മ്മികമായി നിലപാട് എടുക്കാനാണ്; നിഷ്പക്ഷനപുംസകജീവിതത്തിനല്ല. ഹൃദയത്തില്‍ ആലേഖിതമായതു വായിച്ച് വ്യാഖ്യാനിച്ചവരെ തന്റെ തനിമ നിര്‍വചിക്കുന്നതായി ഈ വായന മാറി. ദൈവം ഇടത്തിലല്ല; ദൈവം ഭാഷയിലാണ്, ദൈവം പാരസ്പര്യത്തിന്റെ പാലത്തിലാണ് - അതു ഭാഷയിലാണ്, ഇതു ജന്മ മഹത്വത്തിന്റെ ഭാഷയല്ല, കര്‍മ്മ മഹത്വങ്ങളുടെ ഭാഷ. ഇതു സ്വന്തം ജീവിതത്തിലേക്ക് ആഗീരണം ചെയ്യുന്നതും എന്നില്‍ നിന്നു പുറത്തു കടക്കുന്നതും ഒന്നാണ്. തനിമ എന്നത് മൊഴിയുന്ന വാക്കുകളുടേയും ചിന്തയുടേയും വികാരങ്ങളുടേയും കര്‍മ്മങ്ങളുടേയും കര്‍ത്താവാകുന്നതാണ്. എന്നെ മൗലികമായി ശല്യപ്പെടുത്തുന്നത് ആരാണ്?

എന്നിലെ ഞാനല്ലാത്ത ശല്യക്കാരന്‍. എന്നില്‍ നടക്കുന്ന എന്റെ നാടകമാണിത്. എന്നിലെ എന്നെ ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതും അപരനുവേണ്ടിയുള്ള നിലപാടിലാണ്. അതു ജീവിതത്തെ മാറ്റി മറിക്കുന്നു. അവിടെയൊക്കെ ''ഇതാ ഞാന്‍'' (1 സാമു. 3:4; ഏശയ്യ 6:8, ഉല്പത്തി 21:5, പുറപ്പാട് 3:4) ആവര്‍ത്തിക്കുക മാത്രം ചെയ്യുന്നു. അതു മനുഷ്യബോധത്തിന്റെ ഘടനയുടെ സവിശേഷതയാണ്. കെട്ടുപോകാനിടയുള്ള ഒരു വിളക്കാകാന്‍ ഞാന്‍ വിളിച്ചുണര്‍ത്തപ്പെടുന്നു എന്നു സത്യസന്ധമായി അറിഞ്ഞവനാണ് മൈക്കിളച്ചന്‍. അവിടെ കഴിവുകള്‍ വിലകുറഞ്ഞവയാണ്, സമര്‍പ്പണമാണ് വിലയേറിയത്. അതു ജീവിതം കാര്‍ന്നു തിന്നുന്നു. ഇവിടെ ജനിക്കുന്നതു കര്‍മ്മവിലാസ സാധ്യതകളാണ്. മൈക്കിളച്ചന്റെ കഥ അദ്ദേഹത്തിന്റെ സത്യത്തിന്റെ വെളിവാകലായിരുന്നു. ഗുണനിലവാരത്തിന്റെ മാന്ത്രികതയിലാണ് കല. എല്ലാ അനുഭവങ്ങളും മനസ്സിന്റെ ചക്കിലാട്ടി എണ്ണ കത്തിച്ച് എങ്ങനെ ജീവിക്കണമെന്നു പറയാതെ എങ്ങനെ മരിക്കണമെന്നു പറഞ്ഞവന്‍. പ്രകൃതിയെ അദ്ദേഹം മൂശയിലിട്ട് കടഞ്ഞ് അദ്ദേഹത്തേക്കാള്‍ വലുത് കണ്ടെത്തി. അതു അദ്ദേഹമായിരുന്നില്ല; അദ്ദേഹമല്ലാത്തതുമായിരുന്നില്ല.

വില്യം ബ്ലേക്ക് എന്ന കവി പ്രവാചകനായ എസക്കിയേലും ഏശയ്യായും തന്റെ അത്താഴത്തിനു വന്ന കഥ പറഞ്ഞു. അവര്‍ ദൈവനാമത്തില്‍ പറഞ്ഞതിനെ അദ്ദേഹം ചോദ്യം ചെയ്തു. അപ്പോള്‍ ഏശയ്യ പറഞ്ഞു, ''ഞാന്‍, എന്റെ പരിമിതമായ കണ്ണുകള്‍ കൊണ്ട് ഒരു ദൈവത്തേയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. എന്നാല്‍ ഇന്ദ്രിയങ്ങള്‍ കാണുന്നതില്‍ ഞാന്‍ നിത്യത കണ്ടു, മാത്രമല്ല, ധര്‍മ്മരോഷത്തിന്റെ ആന്തരികശബ്ദങ്ങള്‍ ദൈവശബ്ദങ്ങളായി അറിഞ്ഞു. പ്രത്യാഘാതങ്ങള്‍ നോക്കാതെ ഞാന്‍ എഴുതി.'' ഗരിസിം മലയുടെ മുകളില്‍ കയറിനിന്ന (ന്യായാധിപന്മാര്‍ 9:7) യോഥാമിന്റെ മനസ്സ് അഗ്നിപര്‍വതമായിരുന്നു. തന്റെ കുടുംബത്തില്‍ കൊല്ലപ്പെട്ട 70 പേരില്‍ പെടാതിരുന്നത് ഒളിച്ചിരുന്നതു കൊണ്ടു മാത്രം. അവന്റെ അഗ്നിപര്‍വതം പുകഞ്ഞുനീറി. അവന്‍ ഷെക്കം നിവാസികളോട് പറഞ്ഞത് ഒരു കഥയായിരുന്നു. മുള്‍ച്ചെടിയെ മരങ്ങളുടെ രാജാവായി തിരഞ്ഞെടുത്ത കഥ. ഒരഗ്നിപര്‍വതത്തിന്റെ രൂപാന്തരീകരണത്തിലാണ് ഒരു കഥ ജനിക്കുന്നത്. അത് ഒരു ജീവിതകഥയാണ്, അവശേഷിക്കുന്നത് കഥ മാത്രം. 83 വര്‍ഷങ്ങള്‍ നീണ്ട മൈക്കളച്ചന്റെ കഥ. അവിടെ നിന്നു കത്തിയത് ഒരു രോഷത്തിന്റെ ഇന്ധനമായിരുന്നു. അതു അണയുകയായിരുന്നില്ല. അതു വിളമ്പിത്തീര്‍ത്തു ഒഴിഞ്ഞ ജഡവും ഉപേക്ഷിച്ചു പോയ കഥ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org