ആരാധനക്രമ തീരുമാനത്തിന്റെ ലക്ഷ്യം

ആരാധനക്രമ തീരുമാനത്തിന്റെ ലക്ഷ്യം

സഭയുടെ ചരിത്രത്തില്‍ ചില തീരുമാനങ്ങളും അതു സംബന്ധമായ രേഖകളും വളരെ വര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നവയായിരിക്കും. അതു സാധാരണ ജനങ്ങളെ വളരെ സാധകമായി ബന്ധിക്കുന്നതും അവര്‍ക്ക് വലിയ ഉന്മേഷവും വെളിച്ചവും നല്‍കുന്നതുമായിരിക്കും. മറ്റു ചിലതു വളരെ എളുപ്പത്തില്‍ മറന്നു കളയുന്നു. വളരെ ചുരുക്കം ചിലതു ചാപിള്ള പ്രസവിച്ചതുപോലെയുമായിരിക്കും. വലിയ വിവരങ്ങള്‍ക്കു കാരണമായ രേഖകളുണ്ട്. ''മനുഷ്യജീവന്‍'' എന്ന ചാക്രിക ലേഖനം വലിയ വിവാദവിഷയമാകുകയും അതിന്റെ പ്രബോധനം ജനങ്ങള്‍ അവഗണിച്ചതുപോലെയുമായി. ഇതൊക്കെ നിശ്ചയിക്കുന്നതു ജനങ്ങള്‍ അതൊക്കെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കല്പനയുടെ ബലം കല്പിക്കുന്നവന്റെ ജനങ്ങളെ ബാധിക്കുന്ന ബലമാണ്. അത് അതിന്റെ ആധികാരിക ബലമാണ്. ഈ ബലമില്ലാതെ തീരുമാനങ്ങളും രേഖകളും അവഗണിക്കപ്പെടും.

സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് പല തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ചിലതു വളരെ പെട്ടെന്ന് അവഗണിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്തു. ഉദാഹരണം ലൗ ജിഹാദിനെക്കുറിച്ച് ഇറക്കിയ പ്രസ്താവനയായിരുന്നു. ഒരു സമ്മേളനം ജനങ്ങളെ സാധകമായി തൊടുന്നതാകുമ്പോഴാണ് ആ സമ്മേളനം ചരിത്രത്തെ ബാധിക്കുന്നതും പ്രസക്തമാകുന്നതും. ഒന്നില്‍ കൂടുതല്‍ രൂപതകളില്‍ വലിയ എതിര്‍പ്പിനു കാരണമായ തീരുമാനമാണ് 2020 ലെ കുര്‍ബാനയര്‍പ്പണം 50-50 വിധത്തിലാക്കിയുള്ള തീരുമാനം. കുര്‍ബാനയുടെ വചനഭാഗം ജനാഭിമുഖവും കൗദാശികഭാഗം അള്‍ത്താരാഭിമുഖമായും വേണമെന്ന നിശ്ചയം. എന്നാല്‍ എന്തിനുവേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത് എന്ന് അത്ര വ്യക്തമായിട്ടില്ല. ചില രൂപതകളില്‍ പൂര്‍ണ്ണമായി അള്‍ത്താരാഭിമുഖമായും, പൂര്‍ണ്ണമായും ജനാഭിമുഖമായും കുര്‍ബാനയര്‍പ്പിച്ചിരുന്നു. ഇങ്ങനെ ഏകീകരണം ഉണ്ടാക്കിയത് എന്തിന്? ഈ പ്രശ്‌നം രണ്ടു മൂന്നു മെത്രാന്മാരുടെ രാജിക്കു കാരണമായി. ഇത്ര ഗൗരവമായ പ്രത്യാഘാതങ്ങള്‍ക്ക് വിഷയമായപ്പോള്‍ അത്ര ഗൗരവമായ പ്രശ്‌നമായിരുന്നോ ഇത് എന്ന് എല്ലാവരും ആലോചിക്കേണ്ടതുണ്ട്.

ഒരു രൂപതമാത്രമാണ് അതിനോടു വിയോജിച്ച് അതിനെ പ്രതിരോധിക്കുന്നത്. മറ്റു രണ്ട് രൂപതകളില്‍ പ്രതിരോധമുണ്ടായിരുന്നു - അതു വളരെ ഏകപക്ഷീയമായി അടിച്ചൊതുക്കുകയുമായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വരെ സ്ഥാനം തെറിച്ച ഒരു തീരുമാനമായി ഇതു മാറി. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതു ലത്തീന്‍ റീത്തില്‍ പൂര്‍ണ്ണമായും കുര്‍ബാനയര്‍പ്പണം ജനാഭിമുഖമാണ്. അത് അങ്ങനെ വേണമെന്നതു ഒരു കല്പനയല്ല ഒരു രീതിയാണ് - എല്ലായിടത്തും അംഗീകൃതമായി നടക്കുന്ന രീതി. അതിനു വ്യക്തമായ ദൈവശാസ്ത്രവീക്ഷണവും കാഴ്ചപ്പാടുമുണ്ട്. നൂറ്റാണ്ടുകള്‍ കുര്‍ബാന കിഴക്കോട്ടു തിരിഞ്ഞു നടത്തേണ്ടിയിരുന്നത്. അത് സാര്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റെയിന്‍ മുതലും അദ്ദേഹം കാരണവുമായിരുന്നു. ദേവാലയം പണിയുന്നതും മരിച്ചവരെ അടുക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കിഴക്കോട്ട് നോക്കിയാക്കിയത് അദ്ദേഹമാണ്. അതിനു കാരണം റോമാ സാമ്രാജ്യത്തിന്റെ സൂര്യാരാധനയായിരുന്നു. സൂര്യാനിലേക്കു തിരിഞ്ഞാണ് എല്ലാ കര്‍മ്മങ്ങളും. സൂര്യദേവന്റെ മതമായിരുന്നു റോമാ സാമ്രാജ്യത്തിന്റേത്.

ഇതാണ് ആധുനികകാലം തിരുത്തിയത്. അതു ലത്തീന്‍ സഭയ്ക്കുമാത്രം ബാധകമാണ് എന്നു പറയുന്നത്, ഏതു ലത്തീന്‍ സഭയുടെ കാര്യവും പൗരസ്ത്യസഭയ്ക്കു സ്വീകാര്യമല്ല എന്ന മുന്‍വിധിയും ലത്തീന്‍ വിരോധവുമാണ്. അതു പകുതി മാത്രമേ സ്വീകരിക്കൂ എന്നു പറയുന്നതില്‍ എന്തോ ഗൗരവമായ മുന്‍വിധിയില്ലേ? മാത്രമല്ല എല്ലാ കുര്‍ബാനക്രമങ്ങളും സംഭാഷണ ഭാഷയിലാണ്. സംഭാഷണം സാധാരണമായി മുഖാമുഖമാണ്. ആരും പിന്നില്‍ നിന്നു സംസാരിക്കാറില്ല. കിഴക്കുള്ളവര്‍ സംഭാഷണം പിന്നില്‍ നിന്നാണ് നടത്തുന്നത് എന്നു പറയാനാവില്ല.

ഈ പറയുന്ന പ്രശ്‌നം ഒരു വിശ്വാസ സത്യത്തിന്റേയും പ്രശ്‌നമല്ല. അങ്ങനെ ഒരു അറിവിന്റെ സത്യം ഇതില്‍ അന്തര്‍ലീനമല്ല. മറിച്ച് ഒരു അനുഷ്ഠാനപ്രശ്‌നമാണ്. അനുഷ്ഠാനങ്ങള്‍ അറിവിന്റെ സത്യപ്രശ്‌നമല്ല. മറിച്ച് ചിന്തയുടെ അര്‍ത്ഥ പ്രസക്തിയുടെ പ്രശ്‌നമാണ്. ഈ പ്രശ്‌നത്തില്‍ പരസംഗതി നിലപാടില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് എടുക്കുമ്പോള്‍ എന്തു കാര്യത്തിനുവേണ്ടി എന്ന ചോദ്യമുണ്ട്. അതും ലത്തീന്‍കാരില്‍ നിന്നു ഭിന്നമാകാന്‍ എന്നതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും പറയുന്നില്ല. ഐകരൂപ്യം പറഞ്ഞ് ഐക്യം അപകടത്തിലാക്കുകയും ചെയ്തു. അഭിപ്രായ വ്യത്യാസം പറഞ്ഞവരെയും പ്രതിരോധിച്ചവരെയും കേള്‍ക്കാന്‍ പോലും സിനഡ് തയ്യാറായില്ല. മാത്രമല്ല ഇതു പരാജയപ്പെട്ട ഒരു പഴയ തീരുമാനമാണ് പൊക്കിയെടുത്തത്. പരാജയപ്പെട്ടതു ജനങ്ങളുടെയും വൈദീകരുടേയും എതിര്‍പ്പു മൂലമായിരുന്നു. ഈ തീരുമാനം എടുക്കുന്നതിനു മുമ്പുതന്നെ ഈ തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്തു വാങ്ങിക്കുന്നു. കത്തു വാങ്ങിക്കാന്‍ കൊടുത്ത രേഖയില്‍ പറയുന്ന കാര്യങ്ങള്‍ സത്യനിഷ്ഠവുമല്ല. ഇതു സൂചിപ്പിക്കുന്നത് ഇതിന്റെ പിന്നില്‍ ഗൂഡതാത്പര്യങ്ങള്‍ എവിടെയൊക്കെയോ ഉണ്ട് എന്നാണ്. ഇങ്ങനെ ഒരു ആരാധനക്രമ തീരുമാനും എടുക്കാനും നടപ്പിലാക്കാനും മാര്‍പാപ്പയുടെ കത്തോ ഇടപെടലുകളോ ആവശ്യമില്ല.

മാത്രമല്ല ഈ തീരുമാനം നടപ്പിലാക്കുന്നതിനെതിരെ പ്രതിരോധിച്ച എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് എതിരെ നടപടി വേണമെന്ന് സിനഡ് പല തവണകൡ ആവശ്യപ്പെട്ടു എന്നു വത്തിക്കാന്‍ തന്നെ വ്യക്തമാക്കുന്നു. സിനഡ് അങ്ങനെ ഒരു നടപടിക്കു നിര്‍ദേശിച്ചോ? അതു സിനഡ് രേഖകളിലുണ്ടാകുമല്ലോ. അതില്ലെങ്കില്‍ ഈ ആവശ്യം വത്തിക്കാനില്‍ നടത്തിയത് ആരാണ്? ചില വ്യക്തികളുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ ഇതില്‍ ഉണ്ട് എന്നാണോ? വത്തിക്കാന്‍ ഇടപെട്ട് വളരെ ദുഃഖകരമായ നടപടികള്‍ സ്വീകരിച്ചു. വത്തിക്കാന്റെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പഴയ സെക്രട്ടറിയാണ് ഇവിടെ ഇതു നടപ്പിലാക്കാന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി വന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിലാണ് ഈ വിഷയം വൈദികരും അല്‍മായരും സന്യസ്തരുമായി ചര്‍ച്ച ചെയ്തത്. അദ്ദേഹം സമവായത്തിന്റെ ഉഭയസമ്മതരേഖപോലും ഉണ്ടാക്കിയതാണ്.

അദ്ദേഹമായിരിക്കണം ഇവിടത്തെ യഥാര്‍ത്ഥ്യം എന്ത് എന്ന് മനസ്സിലാക്കിയതും വളരെ ഗൗരവമായ നടപടികള്‍ എടുക്കാന്‍ കാരണമായതും. ഇവിടെ എന്താണ് നടക്കുന്നത് എന്ന് വത്തിക്കാന്‍ അറിഞ്ഞത് അപ്പോഴാണോ? സിനഡും പിതാക്കന്മാരും റോമില്‍ അവതരിപ്പിച്ച 'വാസ്തവങ്ങള്‍'' എന്തായിരുന്നു? സഭയുടെ കാര്യങ്ങള്‍ അധികാരികളെ അറിയിക്കുന്നിടത്ത് അപകടകരമായ വ്യാജങ്ങള്‍ ഉണ്ടാക്കുന്നത് ആരാണ്? കോപവും അനിഷ്ഠവും തീര്‍ക്കാനുള്ള ''വടി''യായി ഈ പ്രശ്‌നം ഉപയോഗിക്കപ്പെട്ടോ? മറ്റാരുടെയെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനായി ഇത് ഉപയോഗിച്ചോ? അത്ര സുഖകരമല്ലാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ലത്തീന്‍കാരില്‍ നിന്ന് ഭിന്നമാകാനുള്ള ജ്വരം ചിലരെ ബാധിച്ചോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org