കപ്പദോച്ചിയന്‍ പിതാക്കന്മാരില്‍ പ്രഥമനാണ് ബേസില്‍. അദ്ദേഹം ഉല്പത്തിപ്പുസ്തകത്തിലെ ആദ്യസൃഷ്ടി വിവരണം വ്യാഖ്യാനിക്കുമ്പോള്‍ ദൈവം പ്രകാശം സൃഷ്ടിച്ചതിന്റെ പിറ്റെന്നാണ് സൂര്യനും ചന്ദ്രനും സൃഷ്ടിക്കപ്പെടുന്നതായി പറയുന്നത്. ആദ്യം സൃഷ്ടിച്ച പ്രകാശം എന്താണ്? ബസേലിയോസ് എന്ന സഭാ പിതാവ് അതു മനുഷ്യനിലെ ആന്തരികവെളിച്ചമാണ് എന്ന് പറയുന്നു.
ആധുനികചിന്ത ബോധത്തിന്റെ ആഖ്യാനമാണ്. മനുഷ്യന്‍ ജീവിക്കുന്നതും ഈ ആന്തരികവെളിച്ചത്തിന്റെ അളവിലും വിധികളിലുമാണ്. ഈ വെളിച്ചം തന്നെയാണ് വിശ്വാസവെളിച്ചമായി മാറുന്നത്. ഈ വെളിച്ചത്തിലാണ് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതും. സീറോ മലബര്‍ സഭയുടെ വിവാദപ്രതിസന്ധികളില്‍ പരിഹരിക്കാനുള്ള വിശ്വാസവെളിച്ചം നഷ്ടപ്പെട്ട ഒരു ഇരുട്ടിലാണ് നാം. ഫലമായി നാം പലപ്പോഴും ഉപയോഗിക്കുന്നതു ഹേഗലിന്റെ തര്‍ക്കത്തിന്റെ ഡയലക്ടിക്കല്‍ വീക്ഷണമാണ്. അതു സ്വാഭാവികമായി ഉണ്ടാക്കുന്നതു യുദ്ധമാണ്. ഹേഗല്‍ യുദ്ധപ്രിയനായിരുന്നു. മാര്‍ക്‌സ് ഈ യുദ്ധത്തെ വര്‍ഗസമരമായും വിപ്ലവമായും വ്യാഖ്യാനിച്ചു. ഇവിടെയും പ്രശ്‌ന പരിഹാരം ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതാണ്, യുദ്ധവിജയമാണ്. ഈ മാര്‍ക്‌സിയന്‍ വഴി ആധുനിക മനിക്കേയിസമാണ് എന്ന് ഷാക് മാരിറ്റെയിനും അര്‍ണോള്‍ഡ് ടോയിന്‍ബിയും എഴുതി. തിന്മയ്‌ക്കെതിരായ യുദ്ധവിജയം. ക്രൈസ്തവസഭയുടെ മധ്യകാലഘട്ടങ്ങളില്‍ പിശാചുബാധിതരായി മുദ്രകുത്തപ്പെട്ടവനും പാഷണ്ഡികളായി പ്രക്യാപിക്കപ്പെട്ടവരും അങ്ങനെ കൊല്ലപ്പെട്ടു. പ്രശ്‌നപരിഹാരം കൊലപാതകവും യുദ്ധവുമായി. ഇന്നു നാം അതെപ്പറ്റി മാപ്പുപറയുന്നു.
പക്ഷെ, ഇപ്പോഴും നാം പിന്‍തുടരുന്നതു ഭിന്നവും ക്രൈസ്തവുമായ ഒരു പുതിയ പാതയാണോ? ആരാധനക്രമ വിവാദത്തില്‍ ഔദ്യോഗികമായി ഉപയോഗിക്കപ്പെട്ട പാത പൊലീസിന്റെയായിരുന്നു. ജനങ്ങള്‍ മനസ്സിലാക്കിയതും അതുതന്നെ. വത്തിക്കാനില്‍ നിന്നു വന്ന പാപ്പയുടെ പ്രതിനിധി പിന്‍തുടര്‍ന്നതു ഭിന്നമായ വഴിയായിരുന്നോ? കാക്കനാട്ട് നിന്നും എറണാകുളം ബസിലിക്കയിലേക്ക് അദ്ദേഹം കുര്‍ബാനയുമായി 300 പൊലീസുമായി നടത്തിയ പ്രദക്ഷിണം എന്തു സന്ദേശമാണ് ലോകത്തിനു നല്കിയത്?
ഹേഗലിന്റെയും മാര്‍ക്‌സിന്റെയും വഴിയല്ല സഭയുടേത് എന്നു വ്യക്തമായി പഠിപ്പിച്ച ആരാധനക്രമ പണ്ഡിതനായിരുന്നു റൊമാ നോ ഗര്‍ദീനി എന്ന ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍. അദ്ദേഹത്തെക്കുറിച്ചാണ് ബര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് പാപ്പ പഠിച്ചത് എന്നാ ണ് മനസ്സിലാക്കുന്നത്. ഈ പാപ്പയുടെ പ്രതിനിധി പോലും ആ ശൈലിയാണ് പിന്തുടരുന്നത് എന്നു തോന്നിയില്ല. ഗര്‍ദീനി വചനത്തിനും സംഭാഷണത്തിനുമാണ് പ്രാഥമികത എന്നു വ്യക്തമാക്കിയത് ആരും അറിഞ്ഞുപോലുമില്ല.
റഷ്യന്‍ ഒക്‌ടോബര്‍ വിപ്ലവത്തില്‍ പങ്കെടുത്ത് പിന്നീട് മാര്‍ക്‌സിസത്തില്‍ നിന്നു മടങ്ങി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലേക്കു വന്ന ക്രൈസ്തവചിന്തകനാണ് നിക്കോളായ് ബര്‍ദിയേവ് (1874-1948) ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടും ആരും ശ്രദ്ധിച്ചതായി കണ്ടില്ല. ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ ദൈവാത്മാവിനെക്കുറിച്ച് അദ്ദേഹം പറയുന്നു ദൈവാത്മാവിന്റെ വെളിപാടുകളും വെളിവും ഇപ്പോഴും നല്കെപ്പടുന്നു: സര്‍ഗാത്മകമായ ജീവിതം നയിക്കാന്‍. ക്രൈസ്തവമായ നവോത്ഥാനം സമൂഹത്തില്‍ ഉണ്ടാകാനും പുതിയ യുഗം സൃഷ്ടിക്കാനും ക്രൈസ്തവ സഭയ്ക്കു കഴിയും എന്നാണ്. സഭയും ക്രൈസ്തവരും ഉണരേണ്ടതും ഉയരേണ്ടതും സര്‍ഗാത്മകമായ ജീവിതശൈലിയിലേക്കാണ്. പക്ഷെ, അദ്ദേഹം എഴുതി ''എന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ അംഗീകാരം പൂര്‍ണ്ണമായി ഓര്‍ത്തോ ഡ്ക്‌സ് ആണ് എന്നു പറയാനാവില്ല, അത് ഒരു പള്ളിക്കാരന്റേതുമല്ല.'' ക്രൈസ്തവവിശ്വാസം സഭയുടെ സ്ഥാപന താത്പര്യങ്ങളില്‍ മാത്രം തമ്പടിച്ചു കിടക്കരുത് എന്നാണ്. അദ്ദേഹം സ്വന്തം ക്രൈസ്തവ അസ്തിത്വത്തെ സാര്‍വത്രിക മിസ്റ്റിസിസമായും സാര്‍വത്രികമായ ആത്മീയതയായും നിര്‍വചിക്കുന്നു. രണ്ടാം ലോക മഹായുദ്ധവും നാസ്സിസവും മാര്‍ക്‌സിസവും വ്യക്തമാക്കിയത് അര്‍ത്ഥരാഹിത്യത്തിന്റെയും മൂല്യരാഹിത്യത്തിന്റെയും യുദ്ധങ്ങളുടെയും വഴിയിലൂടെ മനുഷ്യനു ഭാവിയില്ല എന്നാണ്. സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെ സാമൂഹികമായ ഒരു പുതിയ യുഗം സൃഷ്ടിക്കാന്‍ ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നതാണ്.
വൈരുധ്യങ്ങളും അവയുടെ സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് ബോധമണ്ഡലത്തിലാണ്. ബോധത്തില്‍നിന്നാണ് അതു സമൂഹത്തിലേക്കു പ്രവേശിക്കുന്നത്. ബോധമണ്ഡലത്തില്‍ അവ തിന്മയും നന്മയുമായി പ്രത്യക്ഷമാകും; സത്യവും നുണയുമായി അവതരിക്കും. എന്നാല്‍ ബോധമണ്ഡലത്തില്‍ അവയെ വിശകലനം ചെയ്യേണ്ടതും പരിശോധിക്കേണ്ടതും ബോധം അളന്നു ജീവിക്കുന്ന ബോധമാണ്. അളക്കല്‍ മൂല്യപരിശോധനയാണ്. ഈ മൂല്യപരിശോധനയില്‍ വൈരുധ്യങ്ങള്‍ പലപ്പോഴും നന്മതിന്മകള്‍ എന്നതിനേക്കാള്‍ പൊരുത്തപ്പെടാത്ത നന്മകളായിരിക്കും. ഒന്നിലധികം സാധ്യതകള്‍ ഒന്നിക്കാതെ പോകുന്ന പ്രതിസന്ധി. മാത്രമല്ല തിന്മയായി കണ്ടതു ഭിന്നമായ നന്മയായി കാണാന്‍ കഴിയും, ഭിന്നത എന്നതാണ് പ്രശ്‌നമാകുന്നത്. പരിചിതമോ ബന്ധുവോ അല്ലാത്ത ഭിന്നത മനോമണ്ഡലത്തില്‍ത്തന്നെയാണ്. അതു പുറത്തല്ല അകത്താണ്. എന്നാല്‍ ഞാനല്ലാത്തതിനെ ഞാന്‍ സ്വീകരിക്കുന്നുണ്ടോ? അപരന്‍ എന്നില്‍ പ്രവേശിക്കുമ്പോള്‍ പുറത്താക്കണോ അകത്താക്കണോ എന്ന പ്രശ്‌നമുണ്ട്. അപരനില്ലാതെ ഞാനില്ല എന്നും ഞാന്‍ അറിയണം. എന്റെ ജീവിതം അപരനിലേക്കുമാണ്. അതാണ് ആതിഥ്യത്തിന്റെ പ്രതിസന്ധിയും അനിവാര്യതയും. ധര്‍മ്മം ഭാഷയിലും മനോമണ്ഡ ലത്തിലുമാണ്. കള പറിക്കരുത് എന്ന് യേശു പഠിപ്പിച്ചു. അതു അംഗീകരിക്കുന്നത് ദൈവത്തെ അറിയുന്നതല്ല, മനുഷ്യനെ അറിയുന്നതുമല്ല. ബര്‍ദിയേവ് പറയുന്നത് ഇതു ദൈവമനുഷ്യനില്‍ ജീവിതത്തെ മനസ്സിലാക്കുന്നതാണ്. ഇതു ബര്‍ദിയേവിന്റെ തത്വചിന്തയാണ്, പക്ഷെ, പ്രവാചികമായ തത്വചിന്ത. ഇവിടെയാണ് ഞാന്‍ അപരനുവേണ്ടി ഭാവി ഉണ്ടാക്കുന്നത്, എനിക്കുവേണ്ടിയും. ഇതു ചെയ്യു മ്പോള്‍ ''ദൈവികമായ ആ ആഢ്യത'' എന്നില്‍ സംഭവിക്കുന്നു. ഞാന്‍ പുതിയ മൂല്യസ്രഷ്ടാവാകുന്നു. ഉല്പത്തിപുസ്തകത്തില്‍ ദൈവം ''ആരംഭം'' ഉണ്ടാക്കിയതുപോലെ പുതിയ ''തുടക്ക''ങ്ങള്‍ മനുഷ്യന്‍ ഉണ്ടാക്കുന്ന സൃഷ്ടിയുടെ മണ്ഡലത്തിലാകുന്നു. ഇതു പ്രവാചികമാണ്. പ്രതിസന്ധികളെ കവച്ചുകടക്കുന്നു, സംയോജിപ്പിക്കുന്നു മനസ്സില്‍, ക്രൈസ്തവമനസ്സാക്ഷിയില്‍.