
പോള്‍ തേലക്കാട്ട്
സീറോ മലബാര്‍ സഭയുടെ ''ഉന്നതാധികാര സമിതി'' എന്ന ''മെത്രാന്മാരുടെ സംഘത്തിന്റെ'' ''ഏകീകൃതകുര്‍ബാനയര്‍പ്പണം'' സംബന്ധിച്ച ''തീരുമാനങ്ങള്‍ അന്തിമമാണെന്നും'' അതു ''പുനഃപരിശോധനയുടെ വിഷയമല്ലെന്നും'' അത് എല്ലാവര്‍ക്കും ബാധകമാണെന്നത് അവിതര്‍ക്കിതമാണെന്നും സഭയുടെ മീഡിയ കമ്മീഷന്റെ സെക്രട്ടറി പ്രസ്താവനയിറക്കിയിരിക്കുന്നതു വായിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്തു ഉദ്ഘാടനം ചെയ്ത സീറോ മലബാര്‍ സഭയുടെ റാസക്രമവും ആഘോഷക്രമവും സാധാരണക്രമവും സംബന്ധിച്ച് വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയ സെക്രട്ടറി ആര്‍ച്ചുബിഷപ് മറുസിന്‍ കാര്‍ഡിനല്‍ പാറേക്കാട്ടിലിനു 1986-ല്‍ ''അന്ത്യവിധി'' എന്ന പേരില്‍ അയച്ച കത്തിനു പാറേക്കാട്ടില്‍ പിതാവ് അയച്ച മറുപടി ഞാന്‍ വായിച്ചിട്ടുണ്ട്.
മീഡിയ സെക്രട്ടറി ഇപ്പോള്‍ പറഞ്ഞകാര്യത്തിന് ഉത്തരം അന്ന് പൗരസ്ത്യ കാര്യാലയം സെക്രട്ടറിക്ക് കാര്‍ഡിനല്‍ പാറേക്കാട്ടില്‍ എഴുതിയതാണ്. മാന്യമായ ഭാഷയില്‍ കാര്‍ഡിനല്‍ ആര്‍ച്ചുബിഷപ്പിനോടു ചോദിച്ചു, ''അന്ത്യവിധി നടത്താന്‍ താങ്കള്‍ ആരാണ്?'' സകല ഭാവിക്കും വിലങ്ങു തീര്‍ക്കാന്‍ അങ്ങ് ആരാണ്? കാരണം ഇതെഴുതുന്നവനും മീഡിയ കമ്മീഷന്‍ സെക്രട്ടറിയും മരിക്കും. ലോകാവസാനംവരെയ്ക്കും കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമോ അധികാരമോ ഇല്ല. സഭ തുടരും ആളുകള്‍ മാറും, തീരുമാനങ്ങളും മാറും. പുനഃപരിശോധന അസാധ്യമല്ല എന്നല്ല പുനഃപരിശോധന ഉണ്ടാകുക തന്നെ ചെയ്യും. അന്നത്തെ റാസക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടായല്ലോ. ചരിത്രം അതാണ് നല്‍കുന്ന പാഠം.
പോള്‍ ആറാമന്‍ മാര്‍പാപ്പ 1968 ല്‍ പുറപ്പെടുവിച്ച ''മനുഷ്യജീവനെ'' സംബന്ധിച്ച ചാക്രിക ലേഖനത്തിന് സിനഡിന്റെ തീരുമാനത്തേക്കാള്‍ ആധികാരികതയുണ്ട്. അത് ധാര്‍മ്മിക പ്രശ്‌നവുമായിരുന്നു. അതിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിരോധവുമുണ്ടാക്കിയത് മെത്രാന്‍ സംഘങ്ങളല്ലേ? ഇവിടത്തേതിനേക്കാള്‍ ''അചഞ്ചല''മാനമുള്ളതിനെയാണ് എതിര്‍ത്തത്. കാര്യങ്ങള്‍ മാറിയോ? ആരാണ് മാറ്റിയത്? സഭാധികാരത്തിനു വല്ലതും പറ്റിയോ? സിനഡിന്റെ അധികാരവും വിശുദ്ധമാണ്. വിശുദ്ധമായി അതുപയോഗിക്കാന്‍ പഠിച്ചിട്ടുണ്ടോ? ''മനുഷ്യജീവനെ'' എതിര്‍ത്തവരെ ശിക്ഷിച്ചോ? ശിക്ഷിക്കാതിരുന്നത് എന്തുകൊണ്ട്?
ഏകീകൃത കുര്‍ബാന സംബന്ധിച്ച തീരുമാനങ്ങള്‍ എത്ര വിശുദ്ധമായിട്ടാണ് എടുത്തത് എന്ന് താങ്കള്‍ ഒന്ന് അന്വേഷിക്കാമോ? ഇങ്ങനെയൊരു തീരുമാനത്തെക്കുറിച്ച് ഭിന്നമായ അഭിപ്രായങ്ങള്‍ സീറോ മലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രമായിരുന്നോ? തൃശ്ശൂരും ഇരിങ്ങാലക്കുടയിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായോ? അതിനെ സഭാധികാരം നേരിട്ടത് എത്ര വിശുദ്ധമായിട്ടാണ്? ഇതു സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് സംഘടിപ്പിച്ചതും കത്ത് ഉപയോഗിച്ചതും എങ്ങനെ? സിനഡില്‍ പോലും ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ആ കത്ത് ഉപയോഗിച്ചില്ലേ? അവിടെ അന്നത്തെ സഭാധികാരി നുണ പറഞ്ഞോ?
വത്തിക്കാനില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കുറ്റങ്ങളുടെ പട്ടിക നിരത്തിയ അധികാരിയില്ലേ? ജയിക്കാന്‍ നുണ പറയാം! ''ഒത്തു തീര്‍പ്പിലെ ഉതപ്പുകള്‍'' എന്ന മോണ്‍. ആന്റണി നരികുളത്തിന്റെ പുസ്തകം നിരത്തുന്ന വിവരങ്ങള്‍ സിനഡിനെക്കുറിച്ചും അതിന്റെ അധ്യക്ഷനെക്കുറിച്ചും എന്താണ് പറയുന്നത്? നുണ പറയരുത് എന്നതു സഭാധികാരികള്‍ക്കു ബാധകമല്ലേ? അചഞ്ചലമായ തീരുമാനത്തിന്റെ അടിയില്‍ സത്യവും സുതാര്യതയുമുണ്ടോ? ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതു സഭയുടെ നിയമമാണോ? സിനഡ് തീരുമാനം ഇത്ര അപ്രമാദിത്വവും അവസാനകാലം വരെ അചഞ്ചലതയും ഉണ്ടാക്കിയത് എങ്ങനെയാണ്?
സിനഡ് തീരുമാനം മാറ്റില്ല എന്നത് ഇപ്പോഴത്തെ സിനഡ് അധികാരികളുടെ തീരുമാനമാണ്. അതു മാറ്റാന്‍ അവര്‍ക്കു മനസ്സില്ല എന്നതാണു ശരി. ഞങ്ങള്‍ അക്രമത്തിന്റെ വഴി സ്വീകരിക്കുന്നു എന്നാണ് പറയാതെ പറയുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രം പ്രശ്‌നമാണോ ഇത്? അവിടെ തോറ്റുകൊടുക്കുന്ന പ്രശ്‌നമില്ല എന്നതാണ് സിനഡിന്റെ കടുത്ത തീരുമാനം. ഈ തീരുമാനത്തിന്റെ അക്രമവഴിയാണ് പ്രഘോഷിക്കുന്നത്.
1486-ല്‍ ജര്‍മ്മനിയില്‍ ഒരു കത്തോലിക്കാ വൈദികന്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് Malleus Maleficarum (Hammer of Witches). പിശാചുബാധിതര്‍ക്കു ശരീരത്തില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്ന ശാസ്ത്രീയ പുസ്തകമായി അതു പ്രഘോഷിക്കപ്പെട്ടു. സഭാധികാരികള്‍ പിശാചുബാധിതരെ അതു നോക്കി പരിശോധിച്ച് തീരുമാനങ്ങള്‍ എടുത്തു. അങ്ങനെയാണ് പിശാചുബാധിതര്‍ പിശാചുക്കളായത്.
അതുകൊണ്ടു കൊന്നുകളഞ്ഞു! അങ്ങനെ അചഞ്ചലമായ അന്തിമവിധിയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. പക്ഷെ കാലം ആ തെളിവുകള്‍ വിഡ്ഢിത്തമാണെന്ന് തെളിയിച്ചു. ആയിരങ്ങള്‍ക്കു ജീവന്‍ തിരിച്ചുകിട്ടിയില്ല - അന്ന് വിധി നടത്തിയവരുടെ മഹത്വം! സഭാതീരുമാനങ്ങളുടെ മാറ്റാനാവാത്ത ശാഠ്യത്തിന്റെ ദുരന്തകഥകളാണിവയെല്ലാം.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ കളകള്‍ വല്ലാതെ വര്‍ധിച്ചു എന്നു കണ്ടെത്തിയവരുണ്ട്. അപ്പസ്‌തോല പിന്‍ഗാമികള്‍ക്കു യേശുക്രിസ്തു കളപറിക്കാന്‍ അധികാരം കൊടുത്തതായി അറിയില്ല. കളപറിക്കാന്‍ പറയുന്നതു യേശുക്രിസ്തുവോ കാള്‍ മാര്‍ക്‌സോ? സഭയുടെ വിശ്വാസത്തെ പ്രത്യയശാസ്ത്രം (ideology) ആക്കുന്നു എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പരിതപിച്ചു. നമ്മുടെ സഭയ്ക്ക് അങ്ങനെ വല്ല അപകടവും പറ്റുമോ? അന്ത്യവിധി പറഞ്ഞു നടക്കുന്നവരെ പിടികൂടാന്‍ സാധ്യതയുള്ള ഒരു പ്രലോഭനമാണ് - അന്ത്യപ്രലോഭനം - ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനു വേണ്ടി ചെയ്യുക. കേരളത്തിലെ മണിപ്രവാളകാല ശൈലിയില്‍ ''വൈശിക തന്ത്രം.''
മീഡിയ സെക്രട്ടറി ''അനുരഞ്ജനത്തിന്റേയും സംഭാഷണത്തിന്റേയും'' വാതില്‍ കൊട്ടിയടക്കാതെ മുറിവുകള്‍ ഉണക്കി നീങ്ങണം എന്നും പറയുന്നു. സംഭാഷണം എന്നു പറഞ്ഞാല്‍ ''ഞങ്ങളുടെ തീരുമാനങ്ങള്‍ അന്തിമ''മാണ് അവിടെ ഒരു പുനഃപരിശോധനയുമില്ല, നിങ്ങള്‍ക്കു സംസാരിക്കാം എന്നതാണോ? ഞങ്ങള്‍ക്കു തെറ്റില്ല എന്ന പ്രസ്താവവും നിലപാടും. അങ്ങേ വശത്ത് പാപികള്‍, ഞങ്ങള്‍ പുണ്യവാന്മാര്‍ എന്ന നിലപാടും. സംഭാഷണത്തിന്റെ അടിസ്ഥാന തത്വം വിശ്വാസത്തിലുള്ള സമത്വത്തിന്റെ തുല്യതയിലുള്ള നിലപാടാണ് - അവിടെയാണ് കേള്‍വിയും പറയലും നടക്കുന്നത്. ''മനുഷ്യജീവന്‍'' എന്ന ചാക്രികലേഖനത്തെ വിമര്‍ശിച്ചവരെ പാപികളായി തള്ളിയ സഭയല്ല കത്തോലിക്കാസഭ; അവരേയും വിശ്വാസികളും സഭാസ്‌നേഹികളുമായി കണ്ട സഭയാണ്. അവരെ കളയാക്കി കളഞ്ഞല്ല സഭയുടെ ജീവിതം നയിക്കേണ്ടത്. കുരിശുയുദ്ധങ്ങളിലേക്കു മടങ്ങുന്ന മതതീവ്രതയുടെ ലക്ഷണങ്ങള്‍ കാണുന്നു. അന്ത്യവിധികള്‍ ചരിത്രത്തില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ട സന്ദര്‍ഭങ്ങളായിരുന്നു.