

ഇരുപതാം നൂറ്റാണ്ടിന്റെ പൊതുബോധത്തെ സാരമായി സ്വാധീനിച്ച ചിന്തകനായിരുന്നു സിഗ്മണ്ട് ഫ്രോയിഡ്. അദ്ദേഹത്തെ സ്വാധീനിച്ച ഫെഡറിക് നീഷേ എഴുതി, ''ചെറുപ്പക്കാരുടെ ആത്മാക്കള്‍ പിന്നിലേക്കു തിരിഞ്ഞു സ്വയം ചോദിക്കട്ടെ. എന്താണ് ഇതുവരെ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്‌നേഹിച്ചത്, എന്താണ് നിങ്ങളുടെ ആത്മാവുകളെ ചലിപ്പിച്ചത്, ആ കാലഘട്ടത്തില്‍ നിങ്ങളെ ഭരിച്ചതും നിങ്ങളെ സന്തോഷിപ്പിച്ചതും എന്താണ്? നിങ്ങള്‍ പൂജിച്ചവയെ നിങ്ങള്‍ പരിഗണിക്കുക. ഒരുപക്ഷെ, അവ നിങ്ങളെ അവരുടെ അസ്തിത്വം കൊണ്ടും, ക്രമം കൊണ്ടും കാണിച്ചതും ഒരു നിയമവും നിങ്ങളുടെ യഥാര്‍ഥ സ്വത്വത്തിന്റെ അടിസ്ഥാനവുമാകും.'' ഫ്രോയിഡ് തന്റെ മനഃശാസ്ത്ര പഠനങ്ങളിലൂടെ അവകാശപ്പെടുന്ന കണ്ടെത്തലുകളെ ലോകത്തെ സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നതു ഈ പിന്‍കാല ജീവിതത്തിന്റെ വിധിയാണ്.
അതിന്റെ പുരാണകഥയായി അദ്ദേഹം ഈഡിപ്പസ് രാജാവിന്റെ കഥ അവതരിപ്പിക്കുന്നു. ഫ്രോയിഡ് ഒരു സ്വപ്‌നവ്യാഖ്യാതാവായിരുന്നു. അദ്ദേഹം എഴുതി, ''ഇതു നാം എല്ലാവരുടെയും വിധിയാണ്. ഒരുപക്ഷ, നമ്മുടെ ആദ്യകാല ലൈംഗികാനുരാഗങ്ങള്‍ അമ്മയിലേക്കും നമ്മുടെ ആദ്യകാല വൈരവും കൊലപാതക പ്രേരണയും നമ്മുടെ പിതാവിനെതിരായും ഉണ്ടാകുന്ന നമ്മുടെ സ്വപ്‌നങ്ങള്‍. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.'' ഫ്രോയിഡിന്റെ സൈക്കോ അനാലിസിസ് ശാസ്ത്രീയമാണെന്നും അതിന്റെ സംശയമില്ലാത്ത വിശ്വാസപ്രമാണവുമായി ഈഡിപ്പസ് ക്ലോംപ്ലക്‌സ്.
ഈ കണ്ടെത്തലിനെ പിന്നീട് ചിത്രകാരന്മാര്‍ ഫ്രോയിഡിനു തന്നെ ഉണ്ടായിരുന്ന ''വീരപുരുഷ'' നാകാനുള്ള മോഹത്തിന്റെ തന്നെ പ്രതികരണമായി കാണുന്നു. മാത്രമല്ല, തന്റെ തന്നെ ജീവിതത്തിന്റെ ഹീറോ ഈഡിപ്പസ് തന്നെയായിരുന്നു. നാടിനെ വസന്തകൊണ്ട് പീഡിപ്പിക്കുന്ന യക്ഷി (Sphinx) തന്നെ മനുഷ്യന്റെ വിധി നിശ്ചയിക്കുന്ന അവബോധമാണ്. ഈ അവബോധം തന്നെയാണ് പ്രകൃതി. ഗെഥേ (Goethe) പ്രകൃതിയെക്കുറിച്ചു പ്രസംഗിച്ചതു ഫ്രോയിഡ് കേട്ടിട്ടുണ്ട്. ''പ്രകൃതിയാണ് നമ്മെ വലയം ചെയ്യുന്നതും ആശ്ലേഷിക്കുന്നതും... നാം അതില്‍ ജീവിക്കണം. എങ്കിലും നമുക്ക് അത് അന്യമാണ്, അതു നിരന്തരം സംവദിക്കുന്നു, എന്നാല്‍ അതിന്റെ രഹസ്യം വെളിവാകുന്നില്ല.'' ഇവിടെയാണ് ഫ്രോയ്ഡ് തന്റെ യഹൂദ പാരമ്പര്യത്തില്‍ നിന്ന് അകലുന്നത്.
ഫ്രോയിഡിനു ഈഡിപ്പസ് പ്ലേറ്റോ തേനൊലിക്കുന്ന യക്ഷി(muse)പോലെയാണ് എന്ന് ജോര്‍ജ് സ്റ്റെയിനര്‍ എഴുതി. വശീകരിച്ച് അപകടത്തില്‍ ചാടിക്കുന്ന പ്രതിസന്ധി. യഹൂദര്‍ നാസികാലത്ത് അനുഭവിക്കേണ്ടി വന്ന ദുരന്തമായ വംശഹത്യയുടെ പിന്നിലെ രഹസ്യം തങ്ങള്‍ 'തിരഞ്ഞെടുക്കപ്പെട്ടവരാണ്' എന്ന അവകാശവാദമായിരുന്നു എന്നാണ് യഹൂദനായ ജോര്‍ജ് സ്റ്റെയിനര്‍ എഴുതിയത്. അവര്‍ മനുഷ്യമനസ്സാക്ഷിയുടെ കണ്ടുപിടുത്തക്കാരായിരുന്നു. അതാണ് ഫ്രോയ്ഡ് നിഷേധിക്കുന്നു എന്നു വരുന്നത്.
മനുഷ്യന്റെ പ്രാഥമിക വാസനകളെ അടിച്ചമര്‍ത്തുന്നതു മനോരോഗങ്ങള്‍ക്കു കാരണമാകും എന്നാണ് അദ്ദേഹം ശാസ്ത്രീയമായി പറയുന്നത്! എന്നാല്‍ യഹൂദ പാരമ്പര്യത്തിലാണ് മനുഷ്യനെ ധാര്‍മ്മികമായി നിര്‍വചിച്ച മൂന്നു യഹൂദര്‍ - മോസ്സസ്, ജീസസ്സ്, മാര്‍ക്‌സ് എന്നിവര്‍ നിലകൊള്ളുന്നത്. 'തിരഞ്ഞെടുക്കപ്പെട്ട ജനം' എന്നതിന്റെ പരിഹാസ്യ കോമാളിരൂപമാണ് ഹിറ്റ്‌ലര്‍ രൂപകല്പന ചെയ്ത നാസ്സിസത്തിന്റെ ആര്യസംസ്‌കാരം. അവരാണ് ആ സംസ്‌കൃതിയില്‍ യഹൂദരുടെയും മറ്റു ഹീനവംശങ്ങളുടെയും ശവങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികള്‍ ഉണ്ടാക്കിയത്. ഇത് അംഗീകരിക്കുന്ന ഒന്നല്ലേ ഫ്രോയ്ഡിന്റെ ഈഡിപ്പസ് ഉണ്ടാക്കുന്ന സംസ്‌കാരം?
'നാഗരികതയും അതിന്റെ അസംതൃപ്തികളും' എന്ന പഠനത്തില്‍ ഫ്രോയിഡു പറയുന്നത് മനുഷ്യവ്യക്തികള്‍ക്കു വര്‍ദ്ധിച്ച തോതിലുള്ള ധാര്‍മ്മിക കല്പനകള്‍ പ്രകൃതി വിരുദ്ധമാണെന്നും അത് അവരെ മാനസിക രോഗികളാക്കുമെന്നതുമാണ്. ഈ നിലപാട് എടുത്ത യഹൂദനായ ഫ്രോയ്ഡിന് നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. അദ്ദേഹം ബ്രിട്ടനിലാണ് മരിച്ചത്. നാസ്സികള്‍ അദ്ദേഹത്തെ കൊണ്ട് ബലമായി ഒപ്പിടിപ്പിച്ച വാചകമിതാണ്, ''ഞാന്‍ ഗസ്റ്റപ്പൊയെ സര്‍വ്വാത്മനാ എല്ലാവര്‍ക്കും നിര്‍ദ്ദേശിക്കുന്നു.'' അദ്ദേഹം ബി. ബി. സി.ക്കു കൊടുത്ത അവസാന സന്ദേശത്തിലും നാസ്സിസത്തിനെതിരായ പ്രതികരണമില്ല.
സോഫോക്ലീസിന്റേതു നാടകമാണ്. അതിനു പിന്നില്‍ പാരമ്പര്യത്തിന്റെ പുരാണവുമുണ്ട്. എന്നാല്‍ ഫ്രോയ്ഡ് അതൊരു സ്വപ്‌നമാക്കി. ഈഡിപ്പസിന്റെ ദുരന്തവിധി അനിവാര്യമാക്കി. ഈഡിപ്പസ് സ്വയം കണ്ടെത്തുന്നതു ഒരു വിമോചനമല്ല. നിരാശയുടെ ദുരന്തമാണ്. നാടകം സാധ്യത നല്കുന്ന ബിംബങ്ങളാണ്. അതു ഫ്രോയ്ഡ് നിശ്ചിത ഘടനയുടെ കഥയാക്കി. മാത്രമല്ല അറിയാനാവാത്ത അബോധം എന്ന പ്രകൃതിയെ ഒരു ശാസ്ത്രവിഷയമായി അപഗ്രഥിക്കുന്നു. അത് ആ വിധത്തില്‍ മാര്‍ക്‌സ് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എഴുതിയതുപോലെ യാഥാര്‍ഥ്യമല്ല യാഥാര്‍ഥ്യത്തില്‍ നിന്നുള്ള അന്യവല്‍ക്കരണമാണ്. ഈ അന്യവല്‍ക്കരണം നാടകത്തിലേക്ക് ആരോപിക്കുന്നു. തല്‍ഫലമായി മനുഷ്യന്റെ അബോധം എന്ന മൂര്‍ത്തരഹസ്യം മോഷ്ടിക്കപ്പെട്ടതായി - അതു മനുഷ്യനെ കാപ്പിറ്റലിസത്തിന്റെ വെറും ഉപബോധ യന്ത്രമാക്കി മാറ്റി. ആ വിധത്തില്‍ മുതലാളിത്തത്തിന്റെ സുവര്‍ണ്ണയുഗം സൃഷ്ടിച്ചു, ഉപഭോഗിയാക്കി മനുഷ്യനെ. ഈ നാടകം ഒരു യഥാര്‍ത്ഥ കഥയല്ല. ഇത് ഒരു നാടകപ്രതിരൂപമാണ്. അതു മനുഷ്യരെ ചിലതു കാണിക്കുന്നു; ചിന്തിപ്പിക്കുന്നു. മനുഷ്യന്‍ എന്ന അദ്ഭുതമാണ് ഇത് അവതരിപ്പിക്കുന്നത്; തന്‍മൂലം മനുഷ്യന് തന്റെ ദുഃഖങ്ങളെയും പാപങ്ങളെയും അതിലംഘിക്കാനാകും. ഇങ്ങനെ അതിലംഘിക്കുന്നവന്‍ സാധാരണക്കാരില്‍ നിന്നു ഭിന്നനാകുന്നു. ഈ അദ്ഭുതത്തിന്റെ നാടക ബിംബങ്ങളാണ് അവതരിപ്പിച്ചത്.
ലൈംഗിക ചോദനകള്‍ക്കനുസരിച്ചു ജീവിക്കുന്നവനെയല്ല നിഷേ അതിമാനുഷനായി അവതരിപ്പിക്കുന്നത്. നീഷേയുടെ വ്യാഖ്യാനത്തില്‍ അതിമാനുഷന്‍ എന്നവനു പൂര്‍ണ്ണത നല്കപ്പെട്ടവനല്ല. അത് ഒരു സാധ്യതയാണ്, ഒരു ദൗത്യമാണ്. അതു സാധ്യമാക്കാന്‍ ഒരുവന്‍ തന്നോടുതന്നെ ദൃഢവും കഠോരവുമാകണം; ഒരു സൃഷ്ടിയാകാതെ സ്രഷ്ടാവാകണം. ഇങ്ങനെ സ്രഷ്ടാവാകുന്നതിനെയാണ് അദ്ദേഹം ഇച്ഛയുടെ അധികാരം (will to power) എന്നു പറയുന്നത്. നീഷേ എഴുതി, ''തന്നെത്തന്നെ അതിക്രമി ക്കുന്നവന്റെ ദുഃഖം, തന്നെത്തന്നെ സംശയിക്കുന്ന ആത്മപീഡനത്തിന്റെ അത്യഗാധമായ ആത്മനിന്ദ, പരിത്യക്തനായവന്റെ സഹനം'' ഇവയൊക്കെ കടന്നുകയറിയവനാണ് മനുഷ്യന്‍. ഇത് ജീവിതത്തിലേക്കു വിളിക്കപ്പെടുന്നതായും കാണാം. അതിനെയാണ് വിശ്വാസികള്‍ ദൈവവിളി എന്നു പറയുന്നത്. അത് ഈഡിപ്പസായി ജീവിക്കുന്നതല്ല, ഈഡിപ്പസിനെ അതിലംഘിക്കുന്നതാണ്. അതുകൊണ്ടാണ് ഈഡിപ്പസിന്റെ ജീവിതവഴി മാര്‍ക്‌സിനും, ജീസസ്സിനും മോസസ്സിനുമെതിരായ പ്രതികാരമായി വിശേഷിപ്പിച്ചത്.
മനുഷ്യന്‍ ഒന്നില്‍ നിന്നോ രണ്ടില്‍ നിന്നോ? മനുഷ്യനില്‍ ''വ്യത്യാസം'' എന്ന പുതുമ എവിടെ നിന്നുണ്ടായി? അബോധം ബോധത്തിനു പുറത്തു അറിയാനാകാത്തത് ആയിരിക്കെ അതിന്റെ വ്യാഖ്യാനം എന്നതു എത്രമാത്രം ശാസ്ത്രീയമാകും? പറയാനാവാത്തതിനെക്കുറിച്ച് പറഞ്ഞതു ശാസ്ത്രമാണോ? പറയാനാവാത്തവനു പ്രബുദ്ധത അസാധ്യമാക്കിയതു വഴി അവനെ യന്ത്രമാക്കി, ഒരു കാമയന്ത്രം. അത് ഒരു അന്യവല്‍കൃതശാസ്ത്രമാണ്, എക്കണോമിക്‌സ് പോലെ. മാര്‍ക്‌സ് മനുഷ്യനെ എക്കണോമിക്‌സിനെ യന്ത്രമാക്കിയതിന്റെ അന്യവല്‍ക്കരണ വിമര്‍ശനം നടത്തുന്നു. അതു ഫ്രോയ്ഡിന്റെ സൈക്കോ അനാലിസിസിനും ബാധകമാണ്. ഫ്രോയ്ഡ് മുതലാളിത്തത്തിന്റെ ഉപയോഗത്തിനു വിധേയപ്പെട്ടവന്റെ ദുരന്ത കഥ പറയുന്നു. ലോകം നേരിടുന്നതു മുതലാളിത്തത്തിന്റെ വ്യാകരണത്തിന്റെ യന്ത്രമനുഷ്യനെയാകുമ്പോള്‍ അതു ഫാസിസ്റ്റ് ലോകമായി മാറുന്നു.