ആധികാരികത നഷ്ടപ്പെടുന്ന അധികാരികള്‍

ആധികാരികത നഷ്ടപ്പെടുന്ന അധികാരികള്‍

സോറന്‍ കീര്‍ക്കെഗോര്‍ (Soren Kierkegaard) (1813-1855) ഡെന്മാര്‍ക്കിലെ പ്രൊട്ടസ്റ്റന്റ് സഭയില്‍ ജനിച്ചു ജീവിച്ച വ്യക്തിയാണ്. തത്ത്വശാസ്ത്രത്തില്‍ അസ്തിത്വ ചിന്തയുടെ ഉപജ്ഞാതാവായി അദ്ദേഹം അറിയപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ കൃതികള്‍ എല്ലാം തന്നെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചായിരുന്നു. മൃഗങ്ങളില്‍ നിന്നു മനുഷ്യന്‍ ഉന്നതനായി അറിയപ്പെടുന്നു. അത് അവന്റെ ഒരു രോഗമായി ഭവിച്ചിരിക്കുന്നു. എന്തു രോഗം? മനുഷ്യന്‍ ആത്മാവാണ് എന്ന രോഗം. കാരണം മനുഷ്യന്‍ ബോധമുള്ള വ്യക്തിയാണ്; ആ ബോധമാണ് പ്രശ്‌നം - അത് ഒരു മനുഷ്യന് തന്നോടു തന്നെയുള്ള ബോധ ത്തിന്റെ ബോധമാണ്. ഈ ബന്ധം മനുഷ്യന് ഉണ്ടാക്കുന്നത് ഒരു നിരാശയാകാം. ഈ നിരാശ മൂത്ത് അതു പാപകരമാകുന്നു എന്ന് കീര്‍ക്കെഗോര്‍ എഴുതി. ദൈവത്തിന്റെ മുമ്പില്‍ ഒരുവന് തങ്ങാനാകാത്ത നിരാശ; അതു താനാകാന്‍ തീരുമാനിക്കുന്ന നിരാശയുമാകാം - ഒരുവന്‍ തന്റെ മുമ്പില്‍ കണ്ണാടിക്കു മുമ്പില്‍ എന്നപോലെ നില്‍ക്കുമ്പോള്‍ ഒരുവന്‍ ദൈവത്തിന്റെ മുമ്പിലാണ്.

നിരാശ സ്വയംബോധത്തിന്റെ തീവ്രതയാണ്. ഈ നിലപാട് അസഹനീയമായി താന്‍ തന്നെ ലോകത്തിനു പണയപ്പെടുത്തുന്നവരുണ്ട്. ഈ കൗശലപൂര്‍വമായ ഒരു നിലപാടാണ് ദൈവത്തിന്റെ മുമ്പില്‍ താന്‍ താനാകാതെ വേറെ എന്തൊക്കെയോ ആകാന്‍ തീരുമാനിക്കാം. ആ തീരുമാനങ്ങള്‍ അനുസരിച്ച് അതൊക്കെ ആവുകയുമാകാം. ഇത്തരം വ്യക്തികള്‍ ആയിത്തീരുന്നു - ഒന്നുമല്ലാത്തതായിത്തീരന്നു. ഇതു വ്യാപകമായ പ്രതിസന്ധിയാണ്. ഇത്തരക്കാര്‍ക്ക് വിശ്വാസമോ വിവേകമോ ഇല്ല. മനുഷ്യജീവിതത്തിന്റെ ആയിത്തീരല്‍ ആന്തരികബോധത്തിലാണ്. ഇതു വലിയ പ്രതിസന്ധിയാണ്.

കീര്‍ക്കെഗോര്‍ എഴുതി ''സോക്രട്ടീസിനെ എന്റെ അധ്യാപകനായി ഞാന്‍ കരുതും. പക്ഷെ, കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്.'' ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണയും ദുരന്തവും ''ക്രൈസ്തവികത വൃഥാ സ്വീകരിക്കുന്നു'' എന്നതാണ്. സത്യം വ്യക്തിയുടെ ആന്തരികതയിലാണ്. ക്രൈസ്തവികതയെ വ്യക്തിപരമായി മാത്രമേ സമീപിക്കാവൂ. ക്രൈസ്തവികത എന്നത് എഴുത്തുകാരന്റെ ആന്തരികബന്ധം പോലെയാണ്. എഴുതുന്നത് ആന്തരികതയാണ് - ക്രൈസ്തവികതയുടെ വഴി ആന്തരികതയുടെ വഴിയാണ് - അത് ആന്തരികതയോടുള്ള ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെ വസ്തുനിഷ്ഠമായ ബന്ധവും ഫലമായി വസ്തുനിഷ്ഠമായ ദൈവശാസ്ത്രവുമാക്കുന്നു എന്നതാണ് അതിന്റെ തകര്‍ച്ചയുടെ കാരണം. അതൊടെ ക്രൈസ്തവികത ആന്തരികമായി സാക്ഷ്യമാകാതെ അതു സാംസ്‌കാരികമായ അലങ്കാരമായി മാറുന്നു. സഭാധികാരികള്‍ ഈ ആന്തരികബന്ധത്തിന്റെ അധികാരത്തിന്റെ സാക്ഷികളാകാതെ വരുമ്പോള്‍ അവര്‍ക്ക് ആധികാരികതയില്ലാതാകും. മാത്രമല്ല അതു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കപ്പെടും. ഇതു ക്രൈസ്തവ സാമ്രാജ്യമാണ് (Christendom).

''ഞാന്‍ എന്നോട് സംസാരിക്കുമ്പോള്‍, ഞാന്‍ മതാത്മകമായി ദൈവത്തോട് സംസാരിക്കുന്നു'' കീര്‍ക്കെഗോര്‍ എഴുതി. ''ഞാന്‍ മറ്റുള്ളവരില്‍ നിന്നു ഭിന്നനല്ല, ഞാന്‍ ഇതു പലവട്ടം പറഞ്ഞിട്ടുണ്ട്.'' ''ക്രൈസ്തവ ചൈതന്യത്തില്‍ എന്റെ ദൗത്യം അസ്തിത്വ പൊലീസിന്റെ പണിയായിരുന്നു.'' ''ക്രൈസ്തവികതയുടെ പേരിലുള്ള വക്രതയും വഞ്ചനയും സ്വാര്‍ത്ഥതയും അസ്തിത്വപരമായി പഠിക്കലായി എന്റെ ജീവിതം.'' ക്രൈസ്തവസാമ്രാജ്യത്തിലേക്ക് ക്രൈസ്തവികത പ്രവേശിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍. ക്രൈസ്തവനാകുക എന്നതു ജീവിതത്തെക്കുറിച്ചുള്ള അത്യുന്നതമായ കാഴ്ചപ്പാടുമായി ജീവിക്കുന്നതാണ്. ''ഞാന്‍ എന്നെ ക്രിസ്ത്യാനി എന്നു വിളിക്കുന്നില്ല. ഈ പ്രശ്‌നം അവതരിപ്പിക്കുകയാണ് എന്റെ ദൗത്യം. ക്രൈസ്തവനാകുന്നതിനുള്ള ആദ്യവ്യവസ്ഥയും അതാണ്.'' ''ഞാന്‍ അത്യുന്നതന്റെ രഹസ്യചാരനാണ്. ക്രൈസ്തവികതയ്ക്ക് എവിടെ അപകടനീക്കങ്ങളുണ്ടാകുന്നുവോ അവിടേക്കു ഞാന്‍ പോകുന്നു.'' ''ഞാന്‍ എന്താണ് നല്കുന്നത്? ഞാനൊരു കവി മാത്രം. ക്രൈസ്തിവകത സര്‍വമഹത്വത്തിലും എനിക്കു പ്രകാശിപ്പിക്കാം - അതാണ് ഞാന്‍ ചെയ്യുന്നത്... ഒരു എഴുത്തുകാരനാകുന്നതിന്റെ അര്‍ത്ഥം സത്താപരമായി ക്രൈസ്തവികതയിലേക്കു ക്ഷണിക്കുകയാണ്... വ്യക്തി എന്ന വിധത്തിലുള്ള എന്റെ അസ്തിത്വം ഉപയോഗപ്പെടുത്തുന്നു. അത് എപ്പോഴും എന്നേക്കാള്‍ അപ്പുറത്തേക്കു ചൂണ്ടിക്കാണിക്കാന്‍ മാത്രം, ഞാന്‍ അതല്ല.'' ''നാം എത്രമാത്രം. ക്രൈസ്തവികതയില്‍ നിന്ന് അകലെയാണ്'' എന്നു കാണിക്കാന്‍ മാത്രം ആത്മീയമായി വിശ്വാസത്തിന് അധികാരം ലഭിക്കുന്നത് ആന്തരികതയോടുള്ള ആത്മാര്‍ത്ഥതയില്‍ നിന്നാണ്. ആന്തരികതയോടു പുലര്‍ത്തുന്ന അനുസരണം - വിധേയത്വം. ഇതില്ലാതായാല്‍ ഏതു മതപരമായ അധികാരവും കോമാളിത്തമാകാം.

ഈ ബോധ്യത്തില്‍ നിന്നാണ് കീര്‍ക്കെഗോര്‍ തന്റെ കൃതികള്‍ക്ക് തൂലികാനാമങ്ങള്‍ നല്കിയത്. സ്വന്തം പേരിലല്ല അദ്ദേഹം എഴുതിയത്. ''ഞാന്‍ ഒരു മതാത്മക മനുഷ്യനല്ല; അതാകണമെങ്കില്‍ എല്ലാം നേരിട്ട് ദൈവത്തിലേക്ക് ആരോപിക്കാന്‍ കഴിയണം.'' താന്‍ എഴുതിയതു ദൈവവത്തിന്റെ വചനമായി വായിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പഴയ നിയമത്തിലെ യാക്കോബിനെപ്പോലെ അദ്ദേഹം മല്‍പ്പിടുത്തത്തിലായിരുന്നു. അദ്ദേഹം എഴുതി, ''ഞാന്‍ അഹന്തയുടെ ചോദനയില്‍ വീഴുകയായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. അതു ശരിക്കും മതാത്മക ചിന്തയായിരുന്നു. അതു ദൈവത്തിലേക്ക് ആരോപിക്കാനും ഉദ്ദേശിച്ചു.'' അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ദൈവത്തിന്റെ പങ്ക് എന്തായിരുന്നു എന്നു പറയാന്‍ അദ്ദേഹം സംശയിക്കുന്നു. ഒരിക്കലും അദ്ദേഹം തന്നെ ഒരു അപ്പസ്‌തോലനായി വിശേഷിപ്പിക്കുന്നില്ല. മറിച്ച് ഒരു പ്രതിഭ മാത്രം. ''ക്രൈസ്തവികത പഠിക്കുന്നത്'' അദ്ദേഹം എഴുതി, ''അതു സ്‌നേഹബന്ധമാണ് എന്നതാണ് - മനുഷ്യന്‍ - ദൈവം, മനുഷ്യന്‍, മനുഷ്യരുടെ ഇടയിലാണ് ദൈവം.'' എന്നാല്‍ ''ലൗകിക വിജ്ഞാനം പഠിപ്പിക്കുന്നതും സ്‌നേഹബന്ധമാണ് - മനുഷ്യനും മനുഷ്യനും തമ്മില്‍. ദൈവമില്ലാത്ത ബന്ധം, ദൈവമില്ലാത്ത സ്‌നേഹം.''

രണ്ട് യജമാനന്മാരെ ഒന്നിച്ചു സ്‌നേഹിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. വ്യവസ്ഥയില്ലാത്തതും കേവലവുമായ ഈ ബന്ധം അനിവാര്യമായ ഒരു ഭ്രാന്താകും. ഈ ഭ്രാന്ത് മാറ്റുന്നത് ലോകവിജ്ഞാനമാണ്. അവിടെ രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്ന കൗശലം ജനിക്കുന്നതു - അവിടെ ആത്മവഞ്ചന കടന്നു വരുന്നു. അതു ലോകവും ക്രൈസ്തവികതയും തമ്മില്‍ പൊരുത്തപ്പെടലാണ്. അവിടെ ആന്തരികതയും ആത്മാര്‍ത്ഥതയും അസ്തമിക്കുന്നു. - ശേഷിക്കുന്നതു ക്രൈസ്തവസാമ്രാജ്യമാണ്. കീര്‍ക്കഗോറിന്റെ നടപടിയെ തീവയ്പ്പായി അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. സോറന്‍ കീര്‍ക്കെഗോര്‍ 200 വര്‍ഷങ്ങള്‍ക്കു പിന്നില്‍ യൂറോപ്പിന്റെ പശ്ചാത്തലത്തിലെ ഒരു പ്രതിഭാസമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും വാക്കുകള്‍ക്കും ഇന്നു നമ്മുടെ കേരളസഭയില്‍ എന്തു പ്രസക്തി എന്നു ചിന്തിക്കാവുന്നതും വേദനിക്കാവുന്നതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org