

പോള്‍ തേലക്കാട്ട്
ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഈ ഒക്‌ടോബര്‍ 4 ന് പുറപ്പെടുവിച്ചിരിക്കുന്ന അപ്പസ്‌തോലിക ലേഖനമാണ് ''ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'' (Dilexi Te). ഇതു യോഹന്നാന്റെ വെളിപാടുപുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ധരണിയാണ് (വെളി. 3:9). ഈ അപ്പസ്‌തോലിക ലേഖനം ഫ്രാന്‍സിസ് മാര്‍പാപ്പ 2024 ഒക്‌ടോബര്‍ 24 ന് പുറപ്പെടുവിച്ച ചാക്രിക ലേഖനത്തിന്റെ (Dilexit Nos) തുടര്‍ച്ചയാണ്. ലെയോ മാര്‍പാപ്പ പാവങ്ങളെയും ബലഹീനരേയും സ്‌നേഹിക്കേണ്ട ക്രൈസ്തവ ഉത്തരവാദിത്വമാണ് ഇതുവഴി വ്യക്തമാക്കുന്നത്.
''ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നം മനുഷ്യന്റെ മഹത്വം ജന്മത്തിന്റെയാണോ കര്‍മ്മത്തിന്റെയാണോ എന്നതാണ്.''
ഇതിന് അടിസ്ഥാനമായി നില്‍ക്കുന്നത് ലാറ്റിന്‍ അമേരിക്കയിലെ മെത്രാന്മാര്‍ പങ്കെടുത്ത പുയേബ്ലാ കോണ്‍ഫ്രന്‍സില്‍ എടുത്ത ഒരു തീരുമാനമാണ്. അത് ''ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങളെക്കുറിച്ചുള്ള തീരുമാനമാണ്.'' പാവങ്ങള്‍ക്കുവേണ്ടിയുള്ള പക്ഷംചേരലിന്റെ സമീപനമാണിത്. ഈ പശ്ചാത്തലത്തിലാണ് സാമൂഹിക നീതി എന്നത് ഇന്ത്യപോലുള്ളിടത്തു ഗൗരവമായ ചിന്തയ്ക്കു വിധേയമാക്കേണ്ടത്.
ഈ അപ്പസ്‌തോലിക ലേഖനത്തിന്റെ 95-ാം ഖണ്ഡികയില്‍ ലെയോ മാര്‍പാപ്പ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്, ''കഴിവുകള്‍ കുറഞ്ഞവര്‍ മനുഷ്യരല്ലേ?'' ബലഹീനര്‍ക്കു നമുക്കുള്ളതുപോലെ അന്തസ്സില്ലേ? സാധ്യതകള്‍ വളരെ പരിമിതമായി ജനിക്കുന്നവര്‍ക്ക് മനുഷ്യമൂല്യങ്ങള്‍ കുറവാണോ? അവര്‍ നിലനില്‍ക്കാന്‍ മാത്രം അവകാശമുള്ളവരാണോ? നമ്മുടെ സമൂഹങ്ങളുടെ മൂല്യവും അവയുടെ ഭാവിയും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെ ആശ്രയിച്ചിരിക്കും. ''ഒന്നുകില്‍ നാം നമ്മുടെ ധാര്‍മ്മികവും ആത്മീയവുമായ അന്തസ്സ് വീണ്ടെടുക്കുന്നു; അല്ലെങ്കില്‍ നാം ഈ ചെളിക്കുഴിയില്‍ വീഴുന്നു.'' നിലനില്‍ക്കുന്ന ജീവിതാവസ്ഥയെ ന്യായീകരിച്ച് മുന്നോട്ട് പോകാനാവില്ല എന്ന വ്യക്തമായ ദര്‍ശനമാണ് ഇവിടെ മാര്‍പാപ്പ പങ്കുവയ്ക്കുന്നത്. ഭാരതത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സീറോമലബാര്‍സഭ സത്യനിഷ്ഠമായി ലെയോ മാര്‍പാപ്പയുടെ ഈ ആഹ്വാനം ചെവികൊള്ളുമോ എന്നതാണ് ഇന്നത്തെ മൗലികപ്രശ്‌നം.
ഇന്ത്യയില്‍ മതമൗലികവാദ സ്പര്‍ശമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് നാട് ഭരിക്കുന്നത്. അതു ജനാധിപത്യ ഭരണത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൗലികമൂല്യങ്ങള്‍ സത്യസന്ധമായി അംഗീകരിക്കുന്നുണ്ടോ എന്നതു വലിയ പ്രശ്‌നമാണ്. ഇന്ത്യയുടെ വേദോപനിഷത്തുകളും പുരാണങ്ങളും ഈ ജനാധിപത്യവീക്ഷണങ്ങള്‍ക്ക് എതിരാണ് എന്ന് കരുതുന്നില്ല. എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്റെ മനുസ്മൃതി അംഗീകരിക്കുകയാണെങ്കില്‍ സമത്വം വെറും മിഥ്യയാകും. ഇവിടെയാണ് മാര്‍പാപ്പ ചോദിക്കുന്നതു പ്രസക്തമാകുന്നത്. കഴിവുകള്‍ കുറഞ്ഞവര്‍ മനുഷ്യരാണോ? കഴിവുകള്‍ കുറഞ്ഞതു മുന്‍ജന്മ ഫലമാണ് എന്ന് സാധൂകരിച്ചാല്‍ പിന്നെ അതു മാറ്റാനാവില്ല. കഴിവുകളും സാധ്യതകളും കുറഞ്ഞത് അവരുടെ തന്നെ മുന്‍ജന്മ വിധിയാണെങ്കില്‍ വിധിവിഹിതം മാറ്റാനാവില്ല. ചാതുര്‍വര്‍ണ്ണ്യത്തിനു പുറത്തുള്ളവര്‍ സമത്വാവകാശങ്ങള്‍ ഇല്ലാത്തവരാകും. അവര്‍ മനുഷ്യത്വത്തിന്റെ പിന്നിലേക്കു വിധി വലിച്ചെറിഞ്ഞവരാകും. അതൊക്കെ പ്രകൃതിയുടെ വിധികളാണ്. അത് അചഞ്ചലമായി നിലകൊള്ളുന്നു.
ജാതിക്രമത്തിന്റെ വിധി സാമൂഹികമായി അംഗീകൃതമായാല്‍ അതില്‍ ധാര്‍മ്മികമായി ഇടപെടാനാകുമോ? ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നം മനുഷ്യന്റെ മഹത്വം ജന്മത്തിന്റെയാണോ കര്‍മ്മത്തിന്റെയാണോ എന്നതാണ്. അതു ജന്മമഹത്വമാണെങ്കില്‍ ബ്രാഹ്മണനും ക്ഷത്രിയനും ഭരിക്കാന്‍ ജന്മസിദ്ധമായ അവകാശം ലഭിച്ചവരാകുന്നു. അധഃകൃതര്‍ എന്നു മുദ്രകുത്തിയവരെ സമുദ്ധരിക്കാന്‍ ശ്രമിക്കുന്നതു അധര്‍മ്മമാകും. അവര്‍ എന്നേക്കും മേല്‍ജാതികളുടെ ആശ്രിതരാകാന്‍ വിധിക്കപ്പെട്ടവരാണ്. അധഃകൃതനായവനെ സുപ്രീം കോടതി ജഡ്ജിയാക്കാമോ എന്നതു പ്രശ്‌നമാകും. ഈ പ്രശ്‌നങ്ങളെ പരിഹരിച്ചതു നാരായണഗുരുവിനെപ്പോലെ മനുഷ്യരെല്ലാം ഒന്നുപോലെയെന്നും, ഒരു മതം, ഒരു ജാതി, ഒരു ദൈവം മനുഷ്യനു എന്ന നവീകരണവീക്ഷണം സ്വീകരിച്ചുമാണ്. എന്നാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം നാരായണ ഗുരുവിന്റെ നവീകരണ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? ജാതി വ്യവസ്ഥയ്ക്കു പുറത്തു കടക്കാതെ ഇന്ത്യയിലെ ജനതയ്ക്ക് വിമോചനമുണ്ടാകുമോ? ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത് തുടങ്ങിയ സംഘടനകള്‍ ഈ ജാതിയുടെ മതിലുകള്‍ പൊളിക്കാന്‍ സന്നദ്ധരാണോ? കുലധര്‍മ്മം എന്നതു കുലത്തില്‍ നിന്നു മനുഷ്യനെ പുറത്തുകടക്കാന്‍ അനുവദിക്കാത്ത വീക്ഷണമാണ്.
ഈ സാമൂഹിക യാഥാര്‍ഥ്യത്തെ സീറോമലബാര്‍സഭ ഗൗരവമായി പരിഗണിക്കുമോ? ഇന്ത്യയിലെ എല്ലാ മനുഷ്യരേയും ഒരേ വിധത്തില്‍ നിയമത്തിന്റെ മുമ്പില്‍ പരിഗണിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയാണോ ഭരിക്കുന്നത് എന്നു വിലയിരുത്തണം. മറിച്ചുള്ള ഭരണം ഭാരതത്തിലെ ക്രൈസ്തവര്‍ എങ്ങനെ വിലയിരുത്തുന്നു? ഈ അവ്യക്തത നിലനില്‍ക്കുമ്പോള്‍ തന്നെയും അവശവര്‍ഗങ്ങളെ പുനരുദ്ധരിക്കുന്ന ക്രൈസ്തവരെ മതംമാറ്റത്തിന്റെ ആക്ഷേപം വ്യാജമായി ആരോപിച്ച് അധഃകൃതര്‍ അങ്ങനെതന്നെ കഴിയട്ടെ എന്നു ശഠിക്കുന്നവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധര്‍മ്മപൊലീസായി പ്രവര്‍ത്തിക്കുന്നതു സഭ എങ്ങനെ കാണുന്നു? മാത്രമല്ല ഹിന്ദുത്വ പാര്‍ട്ടിക്കു മാത്രമേ വേറെ ചിലരെ ഒതുക്കാന്‍ കഴിയൂ എന്നു പരസ്യമായി പറഞ്ഞും ജാതി സമ്പ്രദായത്തില്‍ ആഢ്യരായി കണക്കാക്കപ്പെടുന്നതില്‍ അഭിരമിച്ചും ആ പാര്‍ട്ടിയുടെ കുഴലൂത്തുകാരാകുന്ന വൈദികരും ജനങ്ങളും മൗലികവാദികളാകുന്നതു സഭ ശ്രദ്ധിക്കുന്നുണ്ടോ? സമ്പന്നര്‍ ഉണ്ടാക്കുന്ന സ്വതന്ത്രകമ്പോള വ്യവസ്ഥിതിയില്‍നിന്നു ഇറ്റിറ്റ് വീഴുന്ന ആനുകൂല്യങ്ങള്‍ ബലഹീനരെ സംരക്ഷിച്ചുകൊള്ളുമെന്ന ക്രോണി കാപ്പിറ്റലിസത്തിന്റെ വക്താക്കളാകുന്നതു ശ്രദ്ധിക്കപ്പെടണം.
ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന അന്യവല്‍ക്കരണത്തിന്റെ ഭീകരത നാം മനസ്സിലാക്കുന്നുണ്ടോ? ഇന്നു കാണുന്ന ഹിന്ദുത്വവാദത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ബ്രാഹ്മണ്യം വൈദികരിലും ചുരുക്കം ചില മേലധ്യക്ഷന്മാരിലും നുഴഞ്ഞുകയറി വിശ്വാസത്തിന്റെ തനിമ ഇല്ലാതാക്കുന്ന പ്രതിസന്ധിയുണ്ട്. ജാതിഭ്രമം സഭയിലേക്കു വലിച്ചിഴയ്ക്കുന്ന വഞ്ചനയാണ് നാം നിരന്തരം കാണുന്നത്. ''പാവങ്ങളിലൂടെ'' ദൈവം ''നമ്മോടു സംസാരിക്കുന്നു'' (no. 5) എന്നു മാര്‍പാപ്പ പറയുമ്പോള്‍ അതു നിരാകരിക്കുന്ന ഒരു വര്‍ഗീയസഭയായി നാം മാറുന്നുണ്ടോ? ''പാവങ്ങള്‍ നമ്മിലാണ്'' (no. 1), സ്‌നേഹമാണ് ക്രൈസ്തവികതയുടെ കാതല്‍. “സ്‌നേഹം എല്ലാറ്റിലും അധികമായി ജീവിതം കാണുന്ന വിധമാണ്, ജീവിക്കുന്ന വിധമാണ്'' (no. 120). സ്‌നേഹത്തെ ജീവിതവിധമാക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.