നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്

നിലപാടുതറയില്‍ ജീവിച്ച തൂങ്കുഴിപിതാവ്
Published on
  • പോള്‍ തേലക്കാട്ട്

ഇസ്രായേല്‍ ജനത്തെ മോചനത്തിന്റെ പുറപ്പാട് നയിച്ച മോസസ്സിന്റെ അവസാനവാക്കുകള്‍ നിയമാവര്‍ത്തന പുസ്തകത്തിലുണ്ട്. അദ്ദേഹം കോപിഷ്ഠനും ഒരു ഈജിപ്ഷ്യനെ കൊന്നവനും രൂക്ഷഭാഷണത്തിനു കഴിയുന്നവനുമായിരുന്നു. എന്നാല്‍ അദ്ദഹം എത്തിച്ചേര്‍ന്ന ഭാഷ ശ്രദ്ധിക്കുക ''ആകാശങ്ങളേ ചെവികൊടുക്കുക, ഞാന്‍ സംസാരിക്കുന്നു - ഭൂമി എന്റെ വാക്കുകള്‍ ശ്രവിക്കട്ടെ.'' അദ്ദേഹം എത്തിച്ചേര്‍ന്ന ദൈവികതയും ദൈവികഭാഷയുമാണ്. ലോകത്തോട് മുഴുവനാണ് അദ്ദേഹം സംസാരിക്കുന്നത്. ''എന്റെ ഉപദേശം മഴത്തുള്ളിപോലെ പതിയട്ടെ, എന്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ. അവ പുല്ലിന്മേല്‍ മൃദുവായ മഴപോലെയും സസ്യങ്ങളുടെ മേല്‍ വര്‍ഷധാരപോലെയും ആകട്ടെ'' (32:1). മോസസ്സിന്റെ വാക്കുകളില്‍ ഒരു ബലപ്രയോഗവുമില്ല. അവ മൃദുവും വളരെ സൗമ്യവും ആയിരിക്കുന്നു.

ഇങ്ങനെ എന്നും മൃദുഭാഷിണിയും സൗമ്യനും ദേവഭാഷ ഒരിക്കലും വെടിയാത്തവനുമായിരുന്നു ജേക്കബ് തൂങ്കുഴിപ്പിതാവ്. അദ്ദേഹം മൂന്നു രൂപതകളുടെ പിതാവായിരുന്നു; 95 വയസ്സ് ജീവിച്ചവനും 34 വര്‍ഷങ്ങള്‍ ഇടയശ്രേഷ്ഠനുമായി നമ്മില്‍ നിന്നു കടന്നുപോകുന്നു. ദൈവികതയുടെ ശുദ്ധമായ സ്വരമാണ് നിലച്ചത്. ആപാദചൂഡം സ്‌നേഹപ്രവാഹത്തിന്റെ ഗാത്രമാണ് നിശ്ചലമായത്. പിതാവ് എന്ന പദം കേരള സമൂഹം മെത്രാന് കൊടുത്ത ആദരനാമമായിരുന്നു. ആ പദം ഇന്നു മൃദുവാകാതെ കഠിനവും മനസ്സിലാകാത്തവിധം പരുഷവുമായി എന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.

തൂങ്കുഴിപ്പിതാവിനെ അടുത്തറിയാവുന്നവര്‍ ഉറപ്പായി പറയുന്ന ഏകകാര്യം അദ്ദേഹം നിര്‍ബന്ധബുദ്ധിക്കാരനായിരുന്നില്ല എന്നതാണ്. ഇതിനര്‍ഥം അദ്ദേഹം ആള്‍ക്കൂട്ടത്തിനനുസരിച്ച് മാറുന്നവനും ഉറച്ച നിലപാടില്ലാത്തവനുമാണ് എന്നല്ല. അദ്ദേഹം എപ്പോഴും തന്റെ നിലപാടു തറയില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുഖാഭിമുഖമായും നിറഞ്ഞുനിന്ന ഇടയനായിരുന്നു. ദൈവത്തിലേക്ക് തിരിഞ്ഞ് മനുഷ്യര്‍ക്കു നേരെ വടിയെടുക്കുന്നവനല്ല. മോസസ്സിനോട് വടിയെടുക്കാന്‍ പറഞ്ഞതു തന്റെ കീഴിലുള്ളവരെ അടിക്കാനല്ല, പാറയില്‍ അടിക്കാനാണ്. എന്നാല്‍ അതു മോസസ്സ് ഒരു വലിയ വിലാസ വിസ്മയമാക്കി ആളാകാന്‍ ശ്രമിച്ചതു കുറ്റമായി എന്നു നന്നായി അറിഞ്ഞവനുമായിരുന്നു.

1998 ല്‍ സീറോമലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി കൂടിയപ്പോള്‍ തൂങ്കുഴി പിതാവ് അസംബ്ലിയില്‍ കുര്‍ബാനയര്‍പ്പിച്ചപ്പോള്‍ പ്രസംഗത്തില്‍ ഒരു കഥ പറഞ്ഞു. അന്നത്തെ കുര്‍ബാനയ്ക്കിടയിലെ സുവിശേഷ വായന ഫരിസേയരുടെ കാപട്യത്തെക്കുറിച്ച് യേശു നല്കിയ പ്രബോധനമായിരുന്നു. ഒരു യഹൂദന്റെ ജയില്‍ വാസനത്തിനിടയില്‍ സംഭവിച്ചതായി പറഞ്ഞതാണ് കഥ. അയാള്‍ ജയിലില്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ജയിലിന്റെ ഡോക്ടര്‍ യഹൂദനെ പരിശോധിച്ചു കൂടുതല്‍ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരത്തിലെ വെള്ളത്തിന്റെ കുറവ് ശ്രദ്ധിച്ച ഡോക്ടര്‍ അയാള്‍ക്കു കൂടുതല്‍ വെള്ളം കൊടുക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.

അവര്‍ അതനുസരിച്ച് കൂടുതല്‍ വെള്ളം അയാള്‍ക്കു കൊടുത്തു. പക്ഷെ, വീണ്ടും ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ അയാള്‍ പഴയതിലും മോശമായ അവസ്ഥയിലായി. കാര്യം ഗൗരവമാകും എന്നറിഞ്ഞു വിവരം ജയില്‍ അധികൃതരെ അറിയിച്ചു. അവര്‍ക്ക് മനസ്സിലാകാത്തതു വെള്ളം കൂടുതല്‍ കൊടുത്തിട്ടും അയാളില്‍ ഇങ്ങനെ ജലാംശം കുറയുന്നതു എന്തുകൊണ്ട്? താക്കോല്‍ ദ്വാരത്തിലൂടെ അയാളെ അവര്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അപ്പോഴാണ് അവര്‍ അതു മനസ്സിലാക്കിയത്. കിട്ടുന്ന വെള്ളം മുഴുവന്‍ ഒരു യഹൂദന്റെ പലവിധമായ അനുഷ്ഠാന ക്ഷാളനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അയാള്‍ വെള്ളം കുടിക്കുന്നില്ല.

ക്ഷാളന മാമൂലുകളില്‍ വലിയ നിഷ്ഠ പുലര്‍ത്തുന്ന യഹൂദന്റെ പ്രതിസന്ധിയാണിത്. യഹൂദന്റെ പാരമ്പര്യസ്‌നേഹം അയാളുടെ മരണത്തിനിടയാക്കുന്ന വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഈ കഥപറഞ്ഞ് കുര്‍ബാനയും കഴിഞ്ഞു പുറത്തിറങ്ങിയ പിതാവിനെ ഒരു കൂട്ടം പാരമ്പര്യവാദികള്‍ വളഞ്ഞു. പിതാവ് സ്‌നേഹത്തിന്റെ സ്മിതവുമായി അവരെ എതിരേറ്റു. ഒരു വാദ പ്രതിവാദത്തിനും പിതാവ് തയ്യാറായിരുന്നില്ല. അത് പിതാവിന്റെ ശൈലിയുമായിരുന്നില്ല. അവിടെ അവര്‍ നിരായുധരായി.

1999 ലാണല്ലോ ഇന്ന് വളരെ വിവാദമായ ഏകീകൃത കുര്‍ബാനയുടെ ആദ്യ തീരുമാനമുണ്ടായത്. ആ തീരുമാനം നടപ്പിലാക്കാനാവാതെ കാനോന്‍ നിയമ വകുപ്പുപയോഗിച്ച് അതില്‍ നിന്നു മുക്തി നേടിയതു തൂങ്കുഴി പിതാവിന്റെ പുതിയ തുടക്കമായിരുന്നു. അതാണ് വേറെ ചില രൂപതകളും പിന്‍തുടര്‍ന്നത്.

കാര്‍ഡിനല്‍ ആലഞ്ചേരിയുടെ കാലത്താണല്ലോ വീണ്ടും അതു മാര്‍പാപ്പയുടെ കത്തുപയോഗിച്ച് നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായതും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ വിഘടിച്ചതും. 2022 ഫെബ്രുവരി 11 നു വീണ്ടും തൂങ്കുഴി പിതാവ് തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ''സീറോ മലബാര്‍ സഭയിലെ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആഹ്വാനം ചെയ്തിരുന്നതു ഞാന്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നെഴുതിയത്, ചില മാധ്യമങ്ങള്‍ വ്യാജമെന്ന് പ്രസ്താവിച്ചിരുന്നതായി ഞാന്‍ കാണുന്നു. എന്നാല്‍, കുറിപ്പ് എന്റേതാണ്'' എന്ന് പ്രസ്താവനയിറക്കി തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

ദൈവത്തോടും ജനങ്ങളോടും ഒപ്പം ജീവിക്കുന്നവന് അതേ കഴിയൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org