കലുഷിതകാലത്തിന്റെ നേതൃത്വം

കലുഷിതകാലത്തിന്റെ നേതൃത്വം

1992-ലെ ഏറ്റവും പ്രിയപ്പെട്ടതായി അമേരിക്കയില്‍ വിറ്റഴിഞ്ഞ പുസ്തകമാണ് മാര്‍ഗററ്റ് വീറ്റ്‌ലിയുടെ ''നമ്മുടെ വഴി കണ്ടെത്തുക: കലുഷിതകാലത്തിനുവേണ്ട നേതൃത്വം.'' ഈ പുസ്തകത്തില്‍ അവര്‍ എഴുതി, ''സംഘടനകള്‍ അനുരൂപപ്പെടുന്നവയും വഴങ്ങുന്നവയും പഠിക്കുന്നവയും ബുദ്ധിയുള്ളവയുമായിരിക്കണം എന്നു നാം ആഗ്രഹിക്കുന്നു. ഈ പറഞ്ഞ വിശേഷണങ്ങള്‍ എല്ലാം തന്നെ ജീവിക്കുന്ന ശരീരത്തിന്റെയാണ്. പക്ഷേ, നമുക്കു യന്ത്രങ്ങളെ നന്നാക്കാനേ അറിയൂ.'' ഈ പറയുന്നതു നമ്മുടെ സഭാസംവിധാനങ്ങളെക്കുറിച്ചും വളരെ ശരിയാണ് എന്നു തോന്നിപ്പോകുന്നു. സഭ ഒരു യന്ത്രമാണ് എന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. സഭ യേശുവിന്റെ ഭൗതികശരീരമാണ് എന്നു പറയാറുമുണ്ട്. ശാസ്ത്രങ്ങളില്‍ നിന്നു പുതിയ മാതൃകകള്‍ എടുത്തു ''വീക്ഷണ വ്യതിയാനം'' (paradigm shift) പരീക്ഷിക്കണം എന്നു കരുതുന്നവരും ഉണ്ടാകാം. അങ്ങനെ സഭയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ? ഫിസിക്‌സില്‍ യാഥാര്‍ത്ഥ്യത്തെ വിശദമാക്കാനും നിയന്ത്രിക്കാനും വിലയിരുത്തി നന്നാക്കാനും യാഥാര്‍ത്ഥ്യം എന്താണ് എന്നു മനസ്സിലാക്കണം. ഫിസിക്‌സിന്റെ അത്യാധുനികത കണ്ടെത്താന്‍ എന്താണ് പറയുന്നത്? പുതിയ കാഴ്ചപ്പാടു കൊണ്ടുവരാന്‍ യാഥാര്‍ത്ഥ്യം എന്ത് എന്നറിയണമല്ലോ. പുതിയ കാഴ്ചപ്പാടില്‍ യാഥാര്‍ത്ഥ്യത്തെ അഴിച്ചുപണിതു ശരിയാക്കാം എന്നുവരുമോ? ഇവിടെയാണ് നാം അമ്പരക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യം? ഭൗതികശാസ്ത്രം എന്ന ഫിസിക്‌സ് പറയുന്നതു നാം ശ്രദ്ധിക്കണം. വസ്തുനിഷ്ഠമായി ഭൗതികയാഥാര്‍ത്ഥ്യം ഇല്ല. അങ്ങനെ വെളിവാകുന്ന ഒന്നുമില്ല.

പിന്നെ എന്താണ് ഉള്ളത്? ഭൗതികതയോടു ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍. ഒരിടത്തും മറ്റൊന്നുമില്ല. ഓരോന്നും തനിമയാര്‍ന്ന വിധത്തില്‍ നമ്മോട് ബന്ധപ്പെടുന്നു. അപ്പോള്‍ എന്താണ് നിലനില്‍ക്കുന്നത്? അഥവാ എന്താണ് സംഭവങ്ങള്‍ ഉണ്ടാക്കുന്നത്? ഒരേ ഒരു കാര്യം, ബന്ധങ്ങള്‍. ബന്ധങ്ങളാണ് സത്യം. ഇതു സമൂഹത്തെ അഥവാ സംഘടനയെക്കുറിച്ച് എന്തു പറയുന്നു? ബന്ധമാണ് പ്രധാനം എന്നു പറയുമ്പോള്‍ അത് എന്ത് അര്‍ത്ഥമാക്കും? ഒരു സമൂഹം ഏറ്റവും കാര്യമായി കരുതുന്നത് എന്ത് കണ്ടെത്തുന്നതിലാണ്, ഒരു സമൂഹത്തെ അഥവാ സംഘടനയെ അറിയുന്നത്. ഈ അറിവാണ് അതിനെ നയിക്കുന്നതിന്റെ താക്കോല്‍. ഇതു മനസ്സിലായാല്‍ ആ സംഘം പരസ്പരം പരിരക്ഷിക്കുന്ന സമൂഹമായി മാറുമ്പോള്‍ ആ സമൂഹം നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് അതില്‍ വലിയ മറ്റങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ ഒരിക്കലും മറക്കാതിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഒന്നുമാത്രം. ഒന്നും ഒറ്റയ്ക്കല്ല. മനുഷ്യന്‍ വെറുതെ ഒറ്റപ്പെട്ടുപോകുന്നു എന്നൊക്കെ പറയുകയും അഭിനയിക്കുകയുമാണ്. ഉള്ളതു ബന്ധങ്ങള്‍ മാത്രമാണ്.

പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍, സോഷ്യല്‍ മീഡിയ, വാര്‍ത്താമാധ്യമങ്ങള്‍ ഇവയൊക്കെ ഓരോരുത്തരെ ഓരോ സമയം മാറ്റുകയല്ല. മനുഷ്യര്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ ശൃംഖലകളിലാണ് കാഴ്ചപ്പാടുകളുടെ പങ്കുകൊള്ളല്‍ നടക്കുന്നത്. നാളേക്കു വേണ്ടി ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നര്‍ ഇതു ശ്രദ്ധിക്കണം. നാം ചെയ്യേണ്ടതു വിമര്‍ശനപരമായ ബോധം സൃഷ്ടിക്കുകയാണ്. നാം വലിയ ആള്‍ക്കൂട്ടങ്ങളെ മാറ്റണമെന്നില്ല. ബന്ധങ്ങളിലൂടെ നാം പുതിയ അറിവുകള്‍, പുതിയ സമീപനങ്ങള്‍, ധീരമായ മുന്നേറ്റങ്ങള്‍ എന്നിവ ഉണ്ടാക്കുക. ഇങ്ങനെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. നാം പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ്. നാം ലോകത്തെ മുഴുവനായി നവീകരിക്കാനാണ് ശ്രമിക്കുന്നത്. നാം അനിവാര്യമായി മാറുകയാണ്; നാം അര്‍ത്ഥപൂര്‍ണ്ണമാകുകയാണ്. സംഘടനകള്‍ക്ക് ശക്തിയും ഉന്മേഷവും ഉണ്ടാക്കുന്നത് ഈ ബന്ധങ്ങളാണ്. ബന്ധങ്ങളുടെ പുതിയ രീതികള്‍, പുതിയ ദൗത്യങ്ങള്‍, കാര്യനിര്‍വ്വഹണത്തിന്റെ കഴിവുകള്‍ കണ്ടെത്തുകയാണ്. ഭാവിയെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം മാറ്റി ഉറപ്പിക്കുന്നത് സംഭാഷണങ്ങളാണ്. ചെറിയ സംഭാഷണങ്ങളെക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. പൊതു താത്പര്യം കണ്ടെത്തുമ്പോള്‍ മാറ്റങ്ങള്‍ തുടങ്ങുകയാണ്. എല്ലാ മാറ്റങ്ങളുടെയും ഉറവിടം ആകുലതയാണ്. അവിടെ പരിചിതമായ വ്യാഖ്യാനങ്ങള്‍ പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വഴിമാറും. വലിയ ആശയങ്ങളും വലിയ കണ്ടുപിടിത്തങ്ങളും അത്ഭുതകരമായി നാമറിയാതെ വെളിവാകും. നേതൃത്വത്തിന്റെ ഏറ്റവും മൗലികമായ കാര്യം ആളുകള്‍ക്ക് സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഒന്നിച്ചിരുന്നു പഠിക്കുന്ന രീതികള്‍ക്ക് ഇടങ്ങളും അവസരങ്ങളും ഉണ്ടാക്കുകയാണ്. മനുഷ്യരെ സുഖപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം മറ്റുള്ളവരെ വെറുതെ കേള്‍ക്കുക എന്നതാണ്, ഉപദേശിക്കാതെ.

നമ്മെ വിഭജിക്കുന്നതു നമ്മുടെ വ്യത്യാസങ്ങളല്ല നമുക്കു പരസ്പരമുള്ള വിധികളാണ്. നമ്മെ രക്ഷിക്കുന്ന രക്ഷകനെ കാത്തിരിക്കാതെ നമ്മുടെ അവസ്ഥയുടെ സത്യം നേരിടുക. എല്ലാവരും ഒന്നായിരിക്കുക, ഒരു ശബ്ദത്തില്‍. ജോലി സ്ഥലങ്ങളിലും കൂട്ടായ്മകളിലും എല്ലാവരുടെയും ഹൃദയങ്ങളെ ഉണര്‍ത്തുക. ജനങ്ങള്‍ക്ക് അവരിലുള്ളതില്‍ കൂടുതല്‍ വിശ്വാസം നേതാവിന് ജനങ്ങളില്‍ ഉണ്ടാകണം. സാഹചര്യങ്ങള്‍ തുറന്നു വരുമ്പോള്‍ ഉപയോഗിക്കാന്‍ ധൈര്യം കാണിക്കുക. എല്ലാം വ്യക്തമായി കാണുന്നില്ല. നാം ആസൂത്രണക്കാര്‍ എന്നതിനേക്കാള്‍ പങ്കുകൊള്ളുന്നവരാകുക. പങ്കുകൊണ്ട് ഒന്നിച്ചു നില്‍ക്കുക. ഒന്നിച്ചു ചിന്തിക്കാന്‍ ഒരേ അഭിപ്രായക്കാരനാകണമെന്നില്ല. തലയുടെ കാര്യത്തില്‍ ഒന്നാകുന്നതിനെക്കാള്‍ ഹൃദയത്തില്‍ ഒന്നാകുക. പരസ്പരം ഒന്നിച്ചു നില്‍ക്കാന്‍ ശക്തിപ്പെടുത്തുക. ലളിതമായ സംഭാഷണം പ്രതീക്ഷയും ഭാവിയും ഉണ്ടാക്കും. ഒന്നിച്ച് ഒരു കാര്യത്തില്‍ ആകുലമാകുമ്പോള്‍ ധീരതയും ഊര്‍ജ്ജവും തീരുമാനങ്ങളും സ്വഭാവികമായി ഉണ്ടാകും. ഇരുട്ടിന്റെ രാത്രിയില്‍ എല്ലാം നല്കുന്നു എന്ന അനുഭവത്തില്‍നിന്നാണ് പുതിയ ക്രമങ്ങളും പുതിയ പ്രഭാതവും ജനിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org