കര്‍ഷകരോദനം
വിമര്‍ശനം ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു ധര്‍മ്മ നടപടിയാണ്. അതു പരദൂഷണമാക്കരുത്. അത് ആദരവ് ഉള്ളതുകൊണ്ടുകൂടിയാണ് നടത്തുന്നത്. വിമര്‍ശനം മുടക്കുന്ന അധികാര സമീപനങ്ങള്‍ ആരോഗ്യകരമാണോ എന്നു കൂടി ചിന്തിച്ചാല്‍ നന്ന്. ലോകത്തോടുള്ള ആത്മീയ വിമര്‍ശനമാണ് മതം. മതവിമര്‍ശനത്തില്‍ കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിപ്പിക്കരുത്.
താമരശ്ശേരി ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ മാതൃഭൂമി പത്ര(മാര്‍ച്ച് 6)ത്തില്‍ നല്കിയ അഭിമുഖം ശ്രദ്ധയോടെ വായിച്ചു. അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ് പാംപ്ലാനി സൃഷ്ടിച്ച വിവാദങ്ങള്‍ക്കു വളരെ സാധകമായ വിശദീകരണങ്ങള്‍ നല്കിയതില്‍ സന്തോഷമുണ്ട്. (1) കര്‍ഷകരോദനമാണ് അവിടെ പ്രകടമായത്, (2) അദ്ദേഹത്തിനോ സഭയ്‌ക്കോ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ല, (3) സഭ ഒരു പാര്‍ട്ടിയും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, (4) എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി കൂടിക്കാണാറുണ്ട്, ചര്‍ച്ചകളും നടത്താറുണ്ട്. ഇതെല്ലാം ആശ്വാസകരവും പൊതുജനത്തിന്റെ പ്രത്യേകമായി ക്രൈസ്തവര്‍ക്കും ബാധകമായി മനസ്സിലാക്കേണ്ട കാര്യവുമാണ്. അതോടൊപ്പം അദ്ദേഹം വ്യക്തമായി പറഞ്ഞു, ''പാംപ്ലാനിയുടെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അദ്ദേഹം കര്‍ഷകരുടെ ആവശ്യമാണ് മുന്നോട്ടുവച്ചത്. കര്‍ഷകനെ സഹായിക്കുന്നവനെ തിരിച്ചു സഹായിക്കുമെന്നു പറഞ്ഞതില്‍ എന്താണ് തെറ്റ്'' എന്ന് അദ്ദഹം ചോദിക്കുന്നു. കര്‍ഷകരുടെ രോദനം പ്രകടിപ്പിച്ചതും അവരുടെ അവകാശങ്ങള്‍ പറഞ്ഞതുമാണോ ഇവിടെ ആളുകള്‍ എതിര്‍ത്തത്? എന്താണ് ഇതില്‍നിന്നു മനസ്സിലാക്കുന്നത്? അതു ശരിയല്ല എന്ന് സകലര്‍ക്കുമറിയാം. കത്തോലിക്കാ സഭയ്ക്കുള്ളില്‍ നിന്നും എതിര്‍പ്പുണ്ടായി. മൂന്നു ഈശോ സഭാ വൈദികരുടെ അഭിവന്ദ്യ മെത്രാപ്പോലീത്തായെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ വായിച്ചു. അവരൊക്കെ എതിര്‍ത്തത് ഇഞ്ചനാനിയില്‍ പിതാവ് പറഞ്ഞതല്ല.
സാമാന്യമായി അഭ്യസ്തവിദ്യരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒരു ലിഖിതം പറയുന്നതു മാത്രമല്ല നാം വായിക്കുന്നത്. പറഞ്ഞതില്‍ പറയാത്തതും നാം വായിക്കും. ഈ അഭിമുഖത്തില്‍ ചോദിക്കാത്ത രണ്ടു ചോദ്യങ്ങളും പറയാത്ത ചില കാര്യങ്ങളുമുണ്ട്. അതാണ് ഈ വിവാദത്തിന്റെ കാതല്‍. അത് ആര്, എന്തിന് വിഴുങ്ങി. ആ വിഴുങ്ങലാണ് ഈ വിഷയത്തില്‍ ചിരിക്കാനും ചിന്തിക്കാനും പറ്റിയ വിഷയം. ആര്‍ച്ചുബിഷപ് പാംപ്ലാനി ചെയ്ത പ്രസംഗത്തിന്റെ വ്യക്തമായ ഭാഗങ്ങള്‍ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല പത്രങ്ങളും അത് ഉദ്ധരിച്ചിരുന്നു. ആ ഉദ്ധരിക്കപ്പെട്ട ഭാഗങ്ങളാണ് വിവാദമുണ്ടാക്കിയത്. കത്തോലിക്കാ സംഘടനയായ എ കെ സി സി വിളിച്ചു കൂട്ടിയ കര്‍ഷകയോഗത്തിലായിരുന്നു പ്രസംഗം. അതില്‍ വിവാദം കണ്ടവര്‍ സഭാശത്രുക്കളോ കര്‍ഷകശത്രുക്കളോ ആണ് എന്ന വിധത്തിലാണ് ചിലര്‍ സംശയിക്കുന്നത്. കര്‍ഷകരോദനം കേട്ടവര്‍ ''ഞങ്ങള്‍'' മാത്രം എന്ന നിലപാട് എടുക്കുകയും വേണ്ട. ഏത് ആടും പട്ടിയാകും ആവര്‍ത്തിച്ചുപറഞ്ഞാല്‍ എന്നത് ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തനവുമുണ്ട്. ഇവിടെ ചോദിക്കാമായിരുന്ന സത്യസന്ധമായ രണ്ടു ചോദ്യങ്ങളെങ്കിലുമുണ്ട്. (1) റബ്ബറിന് 300 രൂപയാക്കിയാല്‍ ''നിങ്ങള്‍ക്ക് ഒരു എം പി ഇല്ല എന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'' എന്നു പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ? (2) ''ബി ജെ പിയോ ഇടതു മുന്നണിയോ കോണ്‍ഗ്രസ് സര്‍ക്കാരോ ആയിക്കോട്ടെ'' - എല്ലാ പാര്‍ട്ടികളും തുല്യമാണ് എന്നു പറഞ്ഞതിനോടും യോജിക്കുന്നുണ്ടോ?
ഈ രണ്ടു ചോദ്യങ്ങളും ചോദിച്ചില്ല. എന്തുകൊണ്ട് ചോദിച്ചില്ല? ചോദ്യകര്‍ത്താവും ഉത്തരം പറയുന്നവനും ഒരുപോലെ എന്തോ ഒളിക്കുന്നു. ബോധപൂര്‍വകമായാലും ഇല്ലെങ്കിലും. ഈ ഒളിക്കലാണ് വിവാദവിഷയം. അതിനു തലേദിവസങ്ങളില്‍ ആര്‍ച്ചുബിഷപ് ദീപികയില്‍ നടത്തിയ എഴുത്തുകളിലോ പിന്നീട് ഇഞ്ചനാനിക്കല്‍ പിതാവിന്റെ വാക്കുകളിലോ വ്യക്തത കണ്ടില്ല. ഒരു കാര്യം വായിക്കുന്നവര്‍ക്കു മനസ്സിലായി. അതു ഒളിക്കേണ്ട കാര്യങ്ങള്‍ തന്നെയായിരുന്നു. അത് അവര്‍ക്കും മനസ്സിലായി. അത് അങ്ങനെ പറയാന്‍ പറ്റില്ല. പിതാക്കന്മാര്‍ ആദരണീയരാകണം, ആദരണീയമായി പരസ്യവേദിയില്‍ പറയണം. അതു സംഭവിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നത് വലിയ പാതകമൊന്നുമല്ല. ഫ്രാന്‍സിസ് മാര്‍പാപ്പയെ നിരന്തരം വിമര്‍ശിക്കുന്ന കര്‍ദിനാളന്മാരും മെത്രാന്മാരുമില്ലേ? 1970-കളില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ധാര്‍മ്മിക കാര്യങ്ങളുടെ ശരി തെറ്റുകളെക്കുറിച്ച് പാപ്പ എഴുതിയ ''മനുഷ്യജീവന്‍'' എന്ന ചാക്രികലേഖനത്തെ എതിര്‍ത്തു വിരുദ്ധ അഭിപ്രായങ്ങള്‍ 500-ല്‍ അധികം ദൈവശാസ്ത്രത്തിലും ആരോഗ്യശാസ്ത്രങ്ങളിലും നിയമത്തിലും പാണ്ഡിത്യമുള്ള കത്തോലിക്കരുണ്ടായിരുന്നു. മാത്രമല്ല അതിനെ എതിര്‍ത്തു മെത്രാന്മാരും മെത്രാന്‍ സംഘവുമുണ്ടായിരുന്നു. അതില്‍ ആരും വ്യക്തിവിരോധവുമൊന്നും കണ്ടില്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഈ വിമര്‍ശനങ്ങളും ചിലപ്പോള്‍ കേള്‍ക്കേണ്ടി വരും. അവിടെയൊക്കെ സത്യസന്ധതയാണ് ഏറ്റവും നല്ല നയം.
''ഒഡീഷയിലെ കാന്ധമാലില്‍ ബി ജെ പി ഭരിച്ചപ്പോഴല്ലല്ലോ പ്രശ്‌നമുണ്ടായത്. സത്യദീപം മലര്‍ന്നുകിടന്നു തുപ്പുകയാണ്. അവര്‍ക്കു പിതാവ് പറഞ്ഞത് എന്താണെന്നു മനസ്സിലായിക്കാണില്ല.'' റെമിജിയോസ് പിതാവ് ഇങ്ങനെ പറയേണ്ടതില്ല എന്നു ചൂണ്ടിക്കാണിക്കട്ടെ. 2008 ലാണ് അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായത്. അന്ന് ബി ജെ ഡിയും ബി ജെ പിയും കൂട്ട് മന്ത്രിസഭയാണ് ഒഡീഷയില്‍ ഭരിച്ചിരുന്നത്. താമരശ്ശേരി പിതാവിന് ഒഡീഷയിലെ അക്രമത്തിന്റെ പിന്നില്‍ ആരായിരുന്നുവെന്ന് അറിയില്ലേ? എന്തിനാണ് ആ പ്രസ്താവം? അതിന്റെ അര്‍ത്ഥധ്വനികള്‍ അത്ര സുഖകരമല്ല. ആ അക്രമങ്ങള്‍ ആസൂത്രണം ചെയ്തതും അതിനു പുറമെനിന്ന് ആളുകള്‍ വന്നതും എവിടെ നിന്നാണ് എന്ന് അറിയാത്ത പാവം പിതാവ്! വിമര്‍ശനം ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു ധര്‍മ്മ നടപടിയാണ്. അതു പരദൂഷണമാക്കരുത്. അത് ആദരവ് ഉള്ളതുകൊണ്ടുകൂടിയാണ് നടത്തുന്നത്. വിമര്‍ശനം മുടക്കുന്ന അധികാര സമീപനങ്ങള്‍ ആരോഗ്യകരമാണോ എന്നു കൂടി ചിന്തിച്ചാല്‍ നന്ന്. ലോകത്തോടുള്ള ആത്മീയ വിമര്‍ശനമാണ് മതം. മതവിമര്‍ശനത്തില്‍ കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിപ്പിക്കരുത്.