യഹൂദര്‍ പറയരായത് എങ്ങനെ?

യഹൂദര്‍ പറയരായത് എങ്ങനെ?

യഹൂദര്‍ എന്തുകൊണ്ട് യൂറോപ്പില്‍ പറയര്‍ ആക്കപ്പെട്ടു? ഈ ചോദ്യം ഉന്നയിക്കുന്നത് അമേരിക്കക്കാരിയായ ഹന്ന അറന്റ് ആണ്. അവര്‍ ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നതു പറയര്‍ (Pariah) എന്ന വാക്കുതന്നെ. ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയില്‍ നിന്നു ഇംഗ്ലീഷ് ഭാഷയിലേക്കു പ്രവേശിച്ച ഒരു പദമാണ്. ലോകവും അതില്‍ വസിക്കുന്ന മനുഷ്യരും ഒന്നല്ല. ലോകത്തില്‍ വസിക്കുന്ന എല്ലാവരും ഭാഷയുടെയും ചിന്തയുടെയും പരിഗണനയുെടയും ലോകത്തില്‍ വസിക്കുന്നവരാകണമെന്നില്ല. മനുഷ്യവംശത്തിന്റെ അംഗീകൃതലോകത്തില്‍ നിന്നു ചിലര്‍ പുറത്താക്കപ്പെടുന്നു. അവര്‍ ഭൂമിയില്‍ ജീവിക്കുന്നു. പക്ഷെ മനുഷ്യരുടെ ലോകത്തില്‍ അവര്‍ ഇല്ലാതാകുന്നു. ഇങ്ങനെ മനുഷ്യരുടെ സംസ്‌കാര ഭാഷണ ലോകത്തില്‍നിന്നു പുറത്താക്കപ്പെട്ടവരാണ് പറയര്‍. അവര്‍ക്കു മനുഷ്യരുടെ അംഗീകൃത ലോകത്തില്‍ സ്ഥാനമില്ല, ശബ്ദമില്ല, സാന്നിദ്ധ്യമില്ല. ''ലോകത്തില്‍ നിന്നുള്ള പിന്മാറ്റം വ്യക്തിക്കു ഹാനികരമാകണമെന്നില്ല. പക്ഷെ ഓരോ പിന്മാറ്റവും ലോകത്തില്‍ അപരിഹാര്യമായ നഷ്ടം ഉണ്ടാക്കുന്നു. വ്യക്തിക്കും അയാളുടെ സഹവാസികള്‍ക്കുമിടയിലാണ് ഈ നഷ്ടം ഉണ്ടാകുന്നത്.''

യഹൂദര്‍ നൂറ്റാണ്ടുകളിലൂടെ യൂറോപ്പില്‍ വസിച്ചവരാണ്. അവര്‍ക്ക് യൂറോപ്പ്യന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ സാന്നിദ്ധ്യമോ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. അവര്‍ ഇന്ത്യയിലെ അവശജാതിക്കാരെപ്പോലെ കഴിഞ്ഞു. 1989 ഹിന്ന അറന്റ് ജര്‍മ്മന്‍ സാഹിത്യകാരനായ ലെസ്‌വിംഗിന്റെ പേരിലുള്ള സമ്മാനം ഹാം ബുര്‍ഗില്‍ സ്വീകരിച്ചപ്പോള്‍ ചെയ്ത പ്രസംഗത്തിലാണ് യഹൂദര്‍ക്ക് ലോകം നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യമുന്നയിച്ചത്. യൂറോപ്പ്യന്‍ നാടുകളില്‍ ഉണ്ടായ ഏതു വസന്തയുടെയും കുറ്റക്കാരായി യഹൂദര്‍ പീഡിപ്പിക്കപ്പെട്ടു. പക്ഷെ, യഹൂദര്‍ പൊതുധാരയിലെ മതവും ഭാഷയും സ്വീകരിക്കാതെ അവരുടെ തനിമ നിലനിര്‍ത്തി. വ്യത്യസ്തരായി ജീവിക്കാന്‍ പൊതുസമൂഹം അവരെ അനുവദിച്ചില്ല.

ഇങ്ങനെ നൂറ്റാണ്ടുകളായി പറയരായി പരിഗണിക്കപ്പെട്ടവരുടെ രക്തം അശുദ്ധമാണെന്നും അതു ജര്‍മ്മന്‍ ജനതയെ അശുദ്ധമാക്കുന്നു എന്നും ആരോപണമുന്നയിച്ചവരായിരുന്നു അവിടത്തെ നാസി പാര്‍ട്ടിക്കാര്‍. 60 ലക്ഷം യഹൂദരെയാണ് ഹിറ്റ്‌ലറിന്റെ നാസ്സികള്‍ പിടികൂടി യഹൂദന്‍ എന്ന ഒറ്റക്കാരണത്താല്‍ കൊന്നുകളഞ്ഞത്. യഹൂദനാകുന്നതു മരണശിക്ഷ കിട്ടാവുന്ന കുറ്റമായി. ഈ നാസ്സിസം എന്ന പ്രതിഭാസം യൂറോപ്പില്‍ ആകസ്മികമായി ഉണ്ടായതാണോ? ഹിറ്റ്‌ലര്‍ യൂറോപ്പ്യന്‍ ചിന്തയുടെയും സംസ്‌കാരത്തിന്റെയും അപവാദമായിരുന്നോ, അതോ ആ ചിന്തയുടെ തന്നെ തീവ്രമായ ഒരു മുഖമായിരുന്നോ? നിലനിന്ന പറയരാക്കലിന്റെ ഒരു തീവ്രരൂപം. അത് അത്രയും തീവ്രമല്ലെങ്കിലും അതേ നിലപാട് പല നാമരൂപങ്ങളില്‍ യൂറോപ്പില്‍ നിലനിന്നു. അതിന്റെ വ്യാപ്തിയും ഭീകരതയും വര്‍ദ്ധിച്ചതു യൂറോപ്പിന്റെ ശാസ്ത്രസാങ്കേതികവിദ്യയുടെ വികസനത്തിലായിരുന്നു. കൊല്ലാനുള്ള സാങ്കേതികവിദ്യകള്‍ വികസിതമായപ്പോള്‍ അതിന്റെ ഭീകരതയും വ്യാപിച്ചു.

പറയരെ ഉണ്ടാക്കുന്ന കാഴ്ചപ്പാടിന്റെ പ്രതിസന്ധിയാണ് പരിഗണിക്കപ്പെടേണ്ടത്. പുറത്താക്കുന്ന ആധിപത്യാധികാരമുള്ളവരെ സംബന്ധിച്ചിടത്തോളം പറയരായി പരിഗണിക്കപ്പെട്ടവര്‍ ആത്മഹത്യയുടെയും, ഭ്രാന്തി ന്റെയും, കുറ്റത്തിന്റെയും മണ്ഡലത്തില്‍ വസിച്ചവരായിരുന്നു. യഹൂദര്‍ പുലര്‍ത്തിയ തനിമ ഭൂരിപക്ഷ വിഭാഗത്തിനു അസ്വീകാര്യമായ വന്യതയും ഭ്രാന്തും കുറ്റകരമായതുമായിരുന്നു. യഹൂദ അസ്തിത്വം പറയ സ്വഭാവത്തിന്റെ തന്നെ ജീവിതമായിരുന്നു. ഇവിടെ ചരിത്രം ഈ വിഭാഗത്തിന് അടഞ്ഞ പുസ്തകമാക്കി. പുറജാതിക്കാര്‍ എന്ന യഹൂദവംശം കണക്കാക്കിയവരുടെ മാത്രം അവകാശമായി രാഷ്ട്രീയവും അതിന്റെ ചരിത്രവും മാറി യഹൂദര്‍ രാഷ്ട്രീയത്തില്‍നിന്നും ചരിത്രത്തില്‍നിന്നും അതിന്റെ നടപടികളിലും ഭാഷയില്‍നിന്നും പുറത്താക്കപ്പെട്ടു. യഹൂദര്‍ക്കു അപ്പോള്‍ രാഷ്ട്രീയം എന്നത് അസ്തിത്വത്തിനും ആത്മാഭിമാനത്തിനും ലോകത്തിലെ അംഗത്വത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു സമൂഹം അല്മായര്‍ അവിടത്തെ വൈദികരോടു ചോദിച്ചു: ''നിങ്ങള്‍ എങ്ങനെ, എന്തിനാണ് വിമതരായത് എന്ന് ഞങ്ങളോട് പറയണം. അത് ഞങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.'' ഈ ചോദ്യത്തിന്റെ പശ്ചാത്തലം ഓശാന ഞായറാഴ്ച ബസിലിക്കാപള്ളിയില്‍ നിന്നു വന്ന ദൃശ്യങ്ങളായിരുന്നു. അതില്‍ അല്മായര്‍ വളരെ മുറിവേറ്റവരായിരുന്നു. ഓശാനയുടെ തിരുക്കര്‍മ്മങ്ങ ളില്‍ കണ്ടതു പള്ളിയകത്തു കമാന്റോകളും പോലീസ് വേഷധാരികളും വേഷമില്ലാത്ത പോലീസുമായിരുന്നു. കൂടാതെ പള്ളിക്കു പുറത്തു ഒരു മേശയിട്ട് ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമുണ്ടായിരുന്നു.

ഇതുപോലുള്ള അനുഷ്ഠാനം വഴി സഭാദ്ധ്യക്ഷരും സിനഡും ലോകത്തിനു നല്കുന്ന ദൃശ്യമെന്താണ്? കൂദാശയില്‍നിന്നു ക്രിസ്തു പുറത്തായോ? ക്രിസ്തു ദൈവത്തിന്റെ കൂദാശയാണ്, സഭ ക്രിസ്തുവിന്റെ കൂദാശയാവണം. ഏതു ക്രൈസ്തവനും ക്രിസ്തുവിന്റെ കൂദാശയെന്നതുപോലെ ജീവിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും ബാധ്യസ്ഥനാണ്. പക്ഷെ, ആ ദൃശ്യങ്ങളില്‍ കണ്ടത് എന്താണ്? ഫ്രാന്‍സിസ് പാപ്പ പറഞ്ഞതു പോലെ ആരാധനക്രമത്തെ ''ഒരു യുദ്ധവിഷയ''മാക്കിയത് ആരാണ്? ''എല്ലാ നവീകരണങ്ങളേയും'' എതിര്‍ക്കുന്ന ഒരു സമീപനം എന്തുകൊണ്ട് സഭാധികാരത്തില്‍ ഉണ്ടാകുന്നു. ശരിതെറ്റുകള്‍ അട്ടിമറിക്കുന്നതിന്റെ ആധികാരികത എന്ത്? ഭൂമി വില്പന വിവാദത്തില്‍ ധാര്‍മ്മിക തെറ്റില്ല എന്ന് ആവര്‍ത്തിക്കുന്ന സിനഡ് ലോകത്തിനു കൊടുക്കുന്ന സന്ദേശമെന്താണ്? ആരാണ് യഥാര്‍ത്ഥ വിമതര്‍?

ഹന്ന അറന്റ് എഴുതി, ''പറയ യഹൂദനു ചരിത്രകാഴ്ചപ്പാടില്‍ അനീതിപരമായ വ്യവസ്ഥയുടെ ഇരയായവനു ഈ നാണക്കേടില്‍ നിന്നു രക്ഷയില്ല, കലയിലൂടെയോ പ്രകൃതിയിലൂടെയോ രക്ഷയില്ല. കാരണം മനുഷ്യന്‍ പ്രകൃതിയുടെ സന്താനം എന്നതിലുപരി ദൈവികമായ സര്‍ഗ്ഗാത്മകതയുടെ സന്താനമെന്ന വിധത്തില്‍ അവരോട് മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ വിവരിക്കാനും അതിന് അവര്‍ എങ്ങനെ സാഹചര്യമൊരുക്കുന്നു എന്നു പറയാനും.'' ഇരയാകുന്നവരും ഇരയാക്കുന്നവരും മനുഷ്യചരിത്രത്തില്‍ എങ്ങനെ ഉത്തരവാദികളാകുന്നു എന്നതാണ് ഇതിന്റെ ആത്യന്തികയര്‍ ത്ഥം. ട്രോട്‌സ്‌ക്കി റഷ്യയില്‍ ജീവിച്ചിരുന്ന ആളാണോ എന്നു പറയാനുള്ള അവകാശം റഷ്യന്‍ അധികാരികള്‍ക്കായിരുന്നു. അവര്‍ ചരിത്രരേഖകളെല്ലാം തിരുത്തി അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നില്ല എന്നു പറഞ്ഞു. ചരിത്രം ഇല്ലാതായോ? നുണയുടെ മണ്ഡലത്തില്‍ നേരു പറയുന്നവര്‍ വിമതരും ക്രിമിനലുകളുമാക്കപ്പെടാം. പക്ഷെ, ലോകം അവസാനിക്കു ന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org