ചിന്തിക്കാത്തതു കുറ്റമാണ്

ചിന്തിക്കാത്തതു കുറ്റമാണ്

റൊമാനോ ഗര്‍ദീനി കത്തോലിക്കാ വൈദികനും ദൈവശാസ്ത്രജ്ഞനുമാണ്. ''സോക്രട്ടീസിന്റെ മരണം'' എന്ന പുസ്തകത്തില്‍ എഴുതി: ''ആളുകളെ സ്വാധീനിക്കുന്നതിലും ചലിപ്പിക്കുന്നതിലും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ശക്തിയാണ് സോക്രട്ടീസിന് ഉണ്ടായിരുന്നത്.'' ക്രിസ്തുവിനു മുമ്പ് 399-ല്‍ ഗ്രീസിലെ ആഥന്‍സിന്റെ കോടതി വിഷംകൊടുത്തു കൊല്ലാന്‍ വിധിക്കപ്പെട്ടവനാണ് സോക്രട്ടീസ്. അദ്ദേഹത്തെയാണ് പാശ്ചാത്യനാടിന്റെ ''ശുദ്ധചിന്തകന്‍'' എന്ന് ഹൈഡഗര്‍ വിശേഷിപ്പിച്ചത്. ഹേഗല്‍ അദ്ദേഹത്തെ ''ധാര്‍മ്മികത''യുടെ കണ്ടുപിടിത്തക്കാരന്‍ എന്ന് വിളിച്ചു.

ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു എന്ന ആരോപണത്തില്‍ ആഥന്‍സിലെ കോടതി മരണശിക്ഷയ്ക്കു വിധിച്ചപ്പോള്‍ അദ്ദേ ഹം കോടതിയോടു പറഞ്ഞു, ''നാം ഇവിടെ വഴിപിരിയുന്നു. ഞാന്‍ മരിക്കാനും നിങ്ങള്‍ ജീവിക്കാനും, ഏതാണ് മെച്ചം? ദൈവത്തിനു മാത്രമേ അറിയൂ.'' മാമൂലുകളില്‍നിന്നു വേര്‍പെട്ട് ആന്തരിക ചോദനയനുസരിച്ച് ജീവിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. വിമര്‍ശനചിന്തയുടെ പരീക്ഷയ്ക്കു വിധേയമാകാത്തജീവിതം ജീവിതയോഗ്യമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനുവേണ്ടിയാണ് അദ്ദേഹം മരിച്ചത്. ഈ സോക്രട്ടീസിനെയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ''യേശുക്രിസ്തുവിന്റെ പ്രവാചകന്‍'' എന്നു വിശേഷിപ്പിച്ചത്. 1991-ല്‍ അമേരിക്കയിലെ ഡള്ളസ്സില്‍ ''മനസ്സാക്ഷിയും സത്യവും'' എന്ന വിഷയത്തില്‍ പ്രസംഗിച്ചപ്പോഴാണ് ഇതു പറഞ്ഞത്. ധാര്‍മ്മിക മനസ്സാക്ഷിയും അധികാരത്തിന്റെ ധര്‍മ്മവും ഏറ്റുമുട്ടുമ്പോള്‍ സത്യത്തിന്റെ മാനദണ്ഡത്തിലാണ് മുന്നോട്ടു പോകേണ്ടത്.

ക്രൈസ്തവ വെളിപാട് ലഭിക്കാത്തവന്‍ എങ്ങനെ ക്രിസ്തുവിന്റെ പ്രവാചകനാകും? മാര്‍പാപ്പ ജര്‍മ്മന്‍ മനഃശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഗോറസ്സിനെ ഉദ്ധരിക്കുന്നു. ''കുറ്റബോധമുണ്ടാകാത്തവന്‍ ആത്മീയരോഗിയാണ്. ജീവിക്കുന്ന ശവം. നാടകീയമായ മുഖംമൂടിക്കാരന്‍.'' മനുഷ്യന് കുറ്റബോധം വേണം. ക്രിസ്തുവിമര്‍ശിക്കുന്ന ഫരിസേയന്‍ കുറ്റബോധമില്ലാത്തവനാണ്. അവന്റെ മനസ്സാക്ഷി നിശബ്ദമാണ്. അതിലേക്കു ദൈവത്തിനോ മനുഷ്യനെ പ്രവേശനം കിട്ടില്ല. എന്നാല്‍ ചുങ്കക്കാരന്റെ മനസ്സാക്ഷിയില്‍ വേട്ടയാടുന്ന വേദനയുണ്ട്. അവനിലേക്കു സത്യവും സ്‌നേഹവും കടക്കും. മനുഷ്യന് മനസ്സാക്ഷി സ്വഭാവികമാണ്. കാരണം മനുഷ്യന്റെ മാംസത്തിലും ഹൃദയത്തിലും ദൈവികതയുടെ ആലേഖനമുണ്ട്. പക്ഷെ, മനസ്സാക്ഷി നിരന്തരം മരവിപ്പിച്ച് നിശബ്ദമാക്കാം. അതുകൊണ്ടാണ് കാര്‍ഡിനല്‍ ന്യൂ മാന്‍ മാര്‍പാപ്പയല്ല പ്രഥമം മനസ്സാക്ഷിയാണ് എന്നു പറഞ്ഞത്.

ധര്‍മ്മത്തിന്റെയും മനസ്സാക്ഷിയുടെയും ചര്‍ച്ചയില്‍ മൗലികം മനുഷ്യനില്‍ ഉള്ള ദൈവികതയുടെ വായനയാണ് - അതാണ് ആത്മപരിശോധന, അതാണ് ഒരുവന്‍ തന്നോട് നടത്തുന്ന സംഭാഷണം. അതൊരു ചിന്താരീതിയാണ്. ഇവിടെയാണ് സോക്രട്ടീസ് ക്രിസ്തുവിന്റെ പ്രവാചകനാകുന്നത്. സോക്രട്ടീസിന്റെ വഴി സംഭാഷണത്തിന്റെ വഴിയാണ്. വചനത്തിലാണ് സോക്രട്ടീസ് അടിസ്ഥാനമിടുന്നത് - സംഭാഷണം വചനത്തിന്റെ വഴിയാണ്. ഞാന്‍ എന്നോടും അപരനോടും സംസാരിക്കുന്ന വഴി. ഇതാണ് യേശുക്രിസ്തുവിന്റെ വചനത്തിന്റെ പ്രമാണികത്വം. ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു, ''സോക്രട്ടീസ് എന്ന പേഗന്‍ യേശുക്രിസ്തുവിന്റെ പ്രവാചകനാകാന്‍ കഴിഞ്ഞു എന്ന വസ്തുത ഈ മൗലി ക ചോദ്യത്തില്‍ വേരുറപ്പിച്ചു നില്‍ക്കുന്നു.'' ചരിത്രത്തില്‍ രക്ഷയുടെ വഴി ക്രൈസ്തവവചനത്തിന്റെയായിരുന്നുവെന്നു കണ്ടെത്തിയവനായിരുന്നു സോക്രട്ടീസ്. മനുഷ്യന് ഈ വചനത്തിന്റെ വഴിക്ക് കഴിയും എന്നതല്ല, വചനത്തിന്റെ വഴിയില്‍ത്തന്നെ അവന്‍ മുന്നേറണം. ക്രൈസ്തവസഭയില്‍ ഈ വഴിപോകാത്ത നേതൃത്വപ്രശ്‌നം നിസ്സാരമല്ല. ഇവിടെയാണ് സോക്രട്ടീസിന്റെ അന്വേഷണവഴി രക്തസാക്ഷിത്വത്തിന്റെ വഴിയായി മാറുന്നത്.

സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്, ''ദ്രോഹിക്കുന്നതിനേക്കാള്‍ ദ്രോഹം സഹിക്കണ''മെന്ന്. ഈ വഴി നീങ്ങിയ വചനത്തിന്റെ രക്തസാക്ഷിയായി അദ്ദേഹം മാറി. തന്റെ സംഭാഷണവഴിക്കു മരണംകൊണ്ട് അദ്ദേഹം മുദ്രവച്ചു. ക്രൈസ്തവസഭയേക്കാള്‍ മെച്ചമായ ധര്‍മ്മബോധം സെക്കുലര്‍ ലോകത്തിലുള്ളവര്‍ പുലര്‍ത്തുന്നത് നാം കാണുന്നു. സഹന സമരം സെക്കുലര്‍ ലോകത്തില്‍ ഗാന്ധിജി കാണിച്ചതു പലരും തുടരുന്നു.

അങ്ങനെ ഒരു സഹനസമരം വൈദികരും അല്മായരും സഭാനേതൃത്വത്തിനെതിരെ നടത്തിയത് സങ്കടത്തോടെ നാം കണ്ടു. സംഭാഷണവും ചിന്തയും ഉപേക്ഷിക്കുന്നവര്‍ സ്വയം സംസാരിക്കാനും വ്യത്യസ്തമായവരോട് സംഭാഷിക്കാനും തയ്യാറാകുമോ? സഭാ സിനഡ് പാര്‍ലമെന്റിനേക്കാള്‍ അധികമാകുന്നത് ഒറ്റക്കാര്യത്തിലാണ്. സഭാ സമ്മേളനം, അന്യനോട്, അതു പരദേശിയാകാം, വ്യത്യസ്തനാകാം, ശത്രുവാകാം, കാട്ടാളനാകാം, ദൈവമാകാം, സംസാരിക്കാന്‍ തയ്യാറാകുമോ? അന്യന് ആതി ഥ്യം നല്കുമോ?'' ഇതു മാത്രമാണ് ഏകമാനദണ്ഡം. ഇതിനു തയ്യാറാകാത്ത ഒരു സഭാ സമ്മേളനത്തിലും ദൈവം കടക്കില്ല. അതു ശവങ്ങളുടെ സമ്മേളനമാകും. തിന്മയില്‍നിന്നു ഒഴിഞ്ഞു മാറാനുള്ള ഏകവഴി സംഭാഷണമാണ് ചിന്തയാണ്.

ഓസ്‌ക്കാര്‍ ഷിംന്റ്‌ലര്‍ നാസി പാര്‍ട്ടി അംഗമായിരുന്നു. അ ഡോള്‍ഫ് ഐക്മാനും അതുപോലെ ആ പാര്‍ട്ടി അംഗമായിരുന്നു. ഐക്മാന്‍ 60 ലക്ഷം യഹൂദരെ കരുണയില്ലാതെ കൊ ല്ലാന്‍ കൂട്ടുനിന്നു. ക്രൂരതകണ്ട് ഷിംന്റ്‌ലര്‍ ആയിരക്കണക്കിനു യഹൂദരുടെ ജീവന്‍ സംരക്ഷിച്ചു. എന്തായിരുന്നു വ്യത്യാസം? ഒരാള്‍ ചിന്തിച്ചില്ല, സംഭാഷിച്ചില്ല. മറ്റെയാള്‍ ചിന്തിച്ചു, സംഭാഷിച്ചു. ''അധികാരം അനുസരണം അര്‍ത്ഥമാക്കുന്നു, മനുഷ്യരുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ട്'' ഹന്ന അറന്റ് എഴുതി. ഇവിടെ അധികാരം അനുസരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യം നശിപ്പിക്കുകയല്ലേ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org